ഉമ്മയെന്ന തണൽമരം

ഹന്ന ഫസൽ

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

യൂട്യൂബ് ഷോർട്ട് വീഡിയോസ് സ്‌ക്രോൾ ചെയ്തുകൊണ്ടിരുന്ന ഒരു ഒഴിവുവേളയിലാണ് ആ വീഡിയോയിൽ വിരലമർന്നത്. ‘ഇസ്‌ലാമിലെ സ്ത്രീകളുടെ സുഖസൗകര്യങ്ങൾ’ എന്ന വ്യാജേന തട്ടമിട്ടൊരു സ്ത്രീ വാചാലമായി സംസാരിക്കുന്നു; ആക്ഷേപിക്കലാണ് ലക്ഷ്യം!

‘ഭർത്താവുള്ളതുകൊണ്ട് സ്ത്രീകൾക്ക് കുടുംബത്തിലെ മറ്റു ചെലവുകളെ കുറിച്ച് ആവലാതിപ്പെടേണ്ട കാര്യമില്ല. അയാളുടെ മക്കളെ പെറ്റുപോറ്റുന്ന ജോലി ചെയ്യുന്നതുകൊണ്ട് ജീവിതകാലം മുഴുവൻ താമസിക്കാൻ ഇടവും കഴിക്കാൻ ഭക്ഷണവും അയാൾ നൽകും. ഒരിക്കലും തീരാത്ത വീട്ടുജോലികൾ ഉള്ളതുകൊണ്ട് ബോറടി എന്തെന്ന് അറിയേണ്ട കാര്യമില്ല. ഒന്നിനെ കുറിച്ചും വ്യാകുലപ്പെടേണ്ടതുമില്ല. ഭാര്യയും ഉമ്മയുമായി കഴിയുന്നതോടെ ഒരു സ്ത്രീ അബലയാവുന്നു...’ തുടങ്ങി പല കണ്ടുപിടുത്തങ്ങളും പരിഹാസരൂപേണ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അവർ വിളമ്പുന്നുണ്ട്. അവർക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞ് അവർ പോയിട്ടും എന്റെ മനസ്സ് ആ വാക്കുകളിൽ കുരുങ്ങിക്കിടന്നു; കുറെനേരം.

ഓർമയുറച്ചു തുടങ്ങിയ കാലത്തേ ഉപ്പ ഇല്ലാതായതുകൊണ്ടാവാം ഉപ്പയുമൊത്തുള്ള ഓർമകൾ എന്നും എനിക്ക് വിലപ്പെട്ടതായിരുന്നു. ഉപ്പ പറഞ്ഞുതന്നിരുന്ന പല കാര്യങ്ങളും ജീവിതത്തിലെ പല സത്യങ്ങളായും സംഭവങ്ങളായും പുനർജനിക്കുമ്പോൾ നോവോടെയാണെങ്കിൽ പോലും ഞാൻ ചിരിച്ചിട്ടുണ്ട്; ചിന്തിച്ചിട്ടുമുണ്ട്.

ഒരിക്കൽ ഉപ്പയോടൊപ്പമുള്ള ഒരു യാത്രയിൽ ഉപ്പ പറഞ്ഞു: “ഒരു എത്തും പിടിയും ഇല്ലാതെ പകച്ചു നിൽക്കുന്ന, അല്ലെങ്കിൽ തളർന്നുപോയേക്കാവുന്ന ചില സാഹചര്യങ്ങളിൽ ചില കൈകൾ നമ്മുടെ നേരെ നീളും. അവർ നമ്മെ ചേർത്തുപിടിക്കും, ആശ്വസിപ്പിക്കും. മുന്നോട്ടുള്ള വഴി കാണിച്ചു തരും. നമ്മളൊന്ന് നിന്നുകൊടുത്താൽ മതിയാകും; എല്ലാം നേരെയാവും, കാരണം അവരുടെ ഒരു കൈ നമ്മുടെ നേരെയാണെങ്കിൽ മറുകൈ റബ്ബിന്റെ അടുത്താവും. റബ്ബിനോടുള്ള നമ്മുടെ പ്രാർഥനകൾക്കുള്ള ഉത്തരങ്ങളായേക്കാമത്.’’

ഒരു ഏഴു വയസ്സുകാരിക്ക് അന്നത് പൂർണമായും മനസ്സിലായില്ല. എങ്കിലും ‘ഉപ്പ അങ്ങനെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ’ എന്ന് ചോദിക്കാനാണ് എനിക്ക് തോന്നിയത്.

‘ഉണ്ട്, നിന്റെ ഉമ്മയെ’ എന്നായിരുന്നു മറുപടി.

ശേഷം മൂന്നു വർഷം തികയും മുമ്പേ ഉപ്പ മരിച്ചുപോയി.

ഉമ്മ എന്ന രണ്ടക്ഷരത്തിന്റെ ശക്തിയിലായിരുന്നു പിന്നീടുള്ള ജീവിതത്തിന്റെ പോക്ക്. പാഠപുസ്തകങ്ങൾ നൽകിയ അറിവ് ഏഴാം ക്ലാസ്സിൽ അവസാനിച്ചിട്ടും ജീവിതം ഉമ്മാക്ക് നൽകിയത് ഒരു യൂണിവേഴ്‌സിറ്റിയിലും ഇന്നില്ലാത്തത്ര ഡിഗ്രികൾ ആയിരുന്നു.

ഉപ്പയുടെ മറപറ്റി മാത്രം അടുത്തുള്ള ഹെൽത്ത് സെന്ററിൽ വരെ പോകാറുണ്ടായിരുന്ന ഉമ്മ, പിന്നീടുള്ള ജീവിതത്തിനുവേണ്ടി ഒരാണിന്റെയും പെണ്ണിന്റെയും കുപ്പായം ഒരുമിച്ചിടുന്നത് ഞാൻ കണ്ടു. പറക്കമുറ്റാത്ത നാല് മക്കളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരാണിനെക്കാൾ വേഗമായിരുന്നു ഉമ്മാക്ക്. ധനമന്ത്രിയെക്കാൾ കടുകട്ടിയാണ് ഉമ്മയുടെ ബഡ്ജറ്റ് എന്നുപറഞ്ഞു ഞങ്ങൾ കളിയാക്കുമ്പോഴും ഉമ്മ ചിരിക്കും. മാസാവസാനം വരവുചെലവ് കണക്കാക്കി മിച്ചം വരുന്നത് എത്ര കുറഞ്ഞ തുകയാണെങ്കിലും ഭദ്രമായി സൂക്ഷിച്ചുവയ്ക്കും. പഠനത്തിനായും കുടുംബജീവിതത്തിനായും ഞങ്ങൾ ഓരോരുത്തരും ഓരോ വഴിക്ക് ആയപ്പോഴും ഉമ്മയുടെ കൈകൾ എന്നും ഞങ്ങൾക്ക് കൈയെത്തും ദൂരത്തുണ്ടാവാറുണ്ട്.

ഏത് സാഹചര്യങ്ങളെയും അതിജീവിക്കാൻ സ്ത്രീക്ക് സ്രഷ്ടാവ് പ്രത്യേകം കഴിവ് തന്നിട്ടുണ്ട് എന്നും അത് നമ്മൾ മനസ്സിലാക്കുന്നിടത്താണ് നമ്മൾ നമ്മൾ ആകുന്നതെന്നുമുള്ള വലിയ പാഠമായിണ് എനിക്ക് എന്റെ ഉമ്മ. പലരും ജീവിതം തുടങ്ങുന്ന പ്രായത്തിൽ ഇണ നഷ്ടപ്പെട്ടിട്ടും, നാല് മക്കളുമായി ഒറ്റപ്പെട്ടിട്ടും ധൈര്യത്തോടെ, ആത്മസമർപ്പണത്തോടെ കുടുംബനാഥയായി എന്റെ ഉമ്മ സമൂഹത്തിന് മുന്നിൽ ജീവിക്കുന്നത് കാണുമ്പോൾ ഉപ്പ അന്ന് പറഞ്ഞതിന്റെ അർഥം എനിക്ക് മനസ്സിലാകുന്നുണ്ട്.

ഓരോന്ന് ഓർത്തുകൊണ്ട് ഞാൻ യുട്യൂബ് കമെന്റ്‌സ് ഓപ്പൺ ചെയ്തു. നെഗറ്റീവായും പോസിറ്റീവായുമുള്ള ഒരുപാട് കമെന്റുകളും ഫെമിനിസം ഒരു തൊഴിലാക്കിയവരുടെ കളിയാക്കലുകളും കണ്ട് എനിക്ക് ചിരിയാണു വന്നത്. എന്റെ ഉപ്പയുടെ ഭാര്യയായിരുന്ന, എന്റെ ഉമ്മയായ ഒരു ജീവിതസാക്ഷ്യം എന്റെ മുന്നിൽ ഉള്ളപ്പോൾ ഞാൻ ആരെ എന്ത് ബോധിപ്പിക്കാൻ? അല്ലെങ്കിലും ബോധ്യം ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെയെല്ലാം പുലമ്പുന്നത്? ബോധം ഇല്ലാഞ്ഞിട്ടല്ലേ?

മൊബൈൽ താഴെ വെച്ച് ഞാൻ പതിവിലും ഉച്ചത്തിൽ വിളിച്ചു: “ഉമ്മാ...!’’