മറ്റുള്ളവർക്കുവേണ്ടിയും പ്രാർഥിക്കുക

ഹുസ്‌ന മലോറം

2023 നവംബർ 11 , 1445 റ.ആഖിർ 27

വർഷങ്ങൾക്കു ശേഷം സുഹൃത്തിന്റെ ഒരു മെസ്സേജ് കണ്ടു: “നാളെ എന്റെ നിക്കാഹാണ്, ദുആ ചെയ്യണേ...’’ ഇത് വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ഒരുമിച്ചു പഠിച്ച സുഹൃത്താണ്. വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല. എന്റെ വിവാഹം കഴിഞ്ഞു, നാലു മക്കളായി. കൂടെപഠിച്ച എല്ലാവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ഒന്നും അതിലധികവും മക്കളുമായി അവരെല്ലാം കുടുംബ ജീവിതം നയിക്കുന്നു.

വിവാഹം കഴിഞ്ഞു പന്ത്രണ്ടു കൊല്ലമായിട്ടും മക്കളില്ലാത്ത മറ്റൊരു സുഹൃത്തും പലപ്പോഴും മനസ്സിന് സങ്കടം തന്നിരുന്നു. ‘ഒരു കുഞ്ഞുണ്ടാകാൻ പ്രാർഥിക്കണേ’ എന്ന് അവൾ സങ്കടത്തോടെ ആവശ്യപ്പെടാറുണ്ടായിരുന്നു. ഒരിക്കൽ വാട്‌സാപ്പിലൂടെ ‘നിന്റെ വിശേഷങ്ങൾ പറയെടോ’ എന്ന് പറഞ്ഞപ്പോൾ ‘എനിക്കെന്ത് വിശേഷം, നിങ്ങൾക്കല്ലേ വിശേഷങ്ങൾ’ എന്ന, അവളുടെ സങ്കടം നിറഞ്ഞ വാക്കുകൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു. പിന്നെ കൂടുതലൊന്നും പറയാൻ സാധിച്ചില്ല. നിനക്കുവേണ്ടി എന്നും പ്രാർഥിക്കുന്നുണ്ട് എന്നു പറഞ്ഞ് അവസാനിപ്പിച്ചു.

ഏതായാലും സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹത്താൽ അവൾക്കും കുഞ്ഞുണ്ടായി. ഒന്നല്ല; ഒരു പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങൾ, ഇരട്ടി മധുരം! ഒരു വർഷത്തിന് ശേഷം മൂന്നാമതൊരു വിശേഷം കൂടി പറയാൻ അവൾ വിളിച്ചപ്പോൾ മനസ്സ് നിറഞ്ഞു.

മറ്റുള്ളവരുടെ അഭാവത്തിൽ അവർക്കുവേണ്ടിയുള്ള പ്രാർഥനക്ക് വലിയ പ്രാധാന്യമുണ്ട്, പ്രതിഫലമുണ്ട്. വിദൂരത്തിലുള്ള അവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ വല്ലാത്തൊരു ആത്മനിർവൃതി യാണ് ലഭിക്കുക.

ഇഷ്ടമുള്ളവരുടെ കൂടെ നിന്ന് സെൽഫിയെടുത്ത് അത് വാട്‌സാപ്പ് സ്റ്റാറ്റസാക്കുന്നതിൽ സന്തോഷം കാണുന്നവരുണ്ട്. സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുന്നവരുണ്ട്. എന്നാൽ പ്രാർഥനയിൽ അവരെ നമ്മൾ ഉൾപെടുത്താറുണ്ടോ? അവർ എന്തെങ്കിലും പ്രയാസമനുഭവിക്കുന്നതായി അറിഞ്ഞാൽ നാം അവർക്കു വേണ്ടി പ്രാർഥിക്കാറുണ്ടോ? സഹോദരിമാരേ, മനസ്സറിഞ്ഞ് നാം പ്രാർഥിക്കുക, നമുക്കു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും.

പ്രവാചകൻﷺ പറഞ്ഞു: “മുസ്‌ലിമായ ഒരു വ്യക്തി, തന്റെ സഹോദരനുവേണ്ടി അവന്റെ അസാന്നിധ്യത്തിൽ പ്രാർഥിക്കുന്നത് സ്വീകരിക്കപ്പെടുന്നതാണ്. അവന്റെ തലയുടെ ഭാഗത്ത് (കാര്യങ്ങൾ) ഏൽപിക്കപ്പെട്ട ഒരു മലക്കുണ്ട്, തന്റെ സഹോദരന് നന്മക്ക് വേണ്ടിയുള്ള ഓരോ പ്രാർഥനാവേളയിലും മലക്ക് പറയും: ‘ആമീൻ, നിനക്കും അതുപോലെയുണ്ടാവട്ടെ’’ (മുസ്‌ലിം)

ഞാൻ എത്ര പ്രാർഥിച്ചിട്ടും എനിക്ക് ഉത്തരം ലഭിക്കുന്നില്ല എന്നു പറയുന്ന ചില സഹോദരിമാരുണ്ട്. സഹോദരിമാരേ, പ്രാർഥന നമുക്ക് നന്മയല്ലാതെ വരുത്തുകയില്ല. അതിനാൽ നിരാശപ്പെട്ട് പ്രാർഥന ഉപേക്ഷിക്കാതിരിക്കുക. പ്രാർഥന ഇഹലോകത്തും പരലോകത്തും ഗുണം മാത്രമെ വരുത്തുകയുള്ളൂ.

പ്രാർഥന സ്രഷ്ടാവിനോടു മാത്രമെ പാടുള്ളൂ എന്ന യാഥാർഥ്യം മറന്നുപോകരുത്. സൃഷ്ടികളോട് പ്രാർഥിക്കുന്നത് ഏറ്റവും വലിയ അക്രമമാണ്. അല്ലാഹു അത് ഒരിക്കലും പൊറുക്കുകയില്ല: “അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീർച്ചയായും നീ അക്രമകാരികളുടെ കൂട്ടത്തിലായിരിക്കും’’(ക്വുർആൻ 10:106).