മൊബൈൽ അഡിക്ഷൻ; ചില കാണാപ്പുറങ്ങൾ

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ഫെബ്രുവരി 11, 1444 റജബ് 19

ഏതൊരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളവും മക്കൾ അവരുടെ ഭാവിയുടെ സ്വപ്നമാണ്. വിശ്വാസികൾക്ക് ഇരുലോകത്തേക്കുമുള്ള മുതൽക്കൂട്ടാണ് മക്കൾ. സമൂഹത്തിന് വളർന്നുവരുന്ന തലമുറ പ്രതീക്ഷയാണ്. അവരുടെ നല്ല ഭാവിക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ നാം അതീവ ശ്രദ്ധാലുക്കളാണ്, എന്നാൽ പുതുതലമുറയുടെ സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ചും അത് അവരുടെ കാഴ്ചപ്പാടുകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പല രക്ഷിതാക്കളും അശ്രദ്ധരാണ്.

ലോക്ക്്ഡൗൺ നമ്മുടെയെല്ലാം ദൈനംദിന ജീവിതക്രമത്തെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോൾ നാമെല്ലാവരും പഴയജീവിതത്തിലേക്കുതന്നെ മടങ്ങിക്കഴിഞ്ഞു. എന്നാൽ ഓൺലൈൻ ലോകത്തുനിന്നും നമ്മുടെ മക്കൾ ഇതുവരെ തിരിച്ചു പോന്നിട്ടില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്. വളരെ ചെറിയ കുട്ടികളെ സംബന്ധിച്ച് മാതാക്കൾ സാധാരണമായി ആവലാതിപ്പെടാറുള്ള ഒരു കാര്യം കാർട്ടൂൺ കണ്ടുകൊണ്ടല്ലാതെ അവർ ഭക്ഷണം കഴിക്കുന്നില്ല എന്നതാണ്. കുറച്ചുകൂടി വലുതാവുമ്പോൾ ഗെയിം അഡിക്ഷൻ ആണ് പ്രശ്‌നം. കൗമാരത്തിൽ എത്തുമ്പോഴേക്കും അത് വെബ് സീരീസുകളും റീൽസുകളും സ്റ്റാറ്റസ് വീഡിയോകളും ഒക്കെയായി മാറും.

മക്കൾ പഠനത്തിൽ പുറകോട്ട് പോകുന്നു എന്നുള്ളത് മാത്രമാണ് ഈ അഡിക്ഷൻകൊണ്ട് പല രക്ഷിതാക്കളും കാണുന്ന കോട്ടം. എന്നാൽ അവർക്ക് നഷ്ടപ്പെടുന്നത് അവരുടെ ബാല്യകാല അനുഭവങ്ങൾ കൂടിയാണ്. മൊബൈൽ ഫോൺ സ്‌ക്രീനിന്റെ വെളിച്ചമാണ് അവരുടെ ലോകം. ഒന്നു മുറ്റത്തിറങ്ങി ചോറും കറിയും ഉണ്ടാക്കി കളിക്കാൻ, ഒളിച്ചുകളിക്കാൻ, മരം കേറി മാങ്ങ പറിക്കാൻ, കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ, അയൽക്കാരോട് കുശലം പറയാൻ, വീട്ടിൽ അതിഥികൾ വന്നാൽ അവരോട് ഒന്നു വിശേഷം ചോദിക്കാൻ...ഒന്നിനും അവർക്ക് സമയമില്ല. മനസ്സും താൽപര്യവുമില്ല. കാരണം അവർ മൊബൈലിനു മുന്നിൽ തളച്ചിടപ്പെട്ടവരാണ്. എ.ഡി.എച്ച.്ഡി പോലുള്ള സ്വഭാവ വൈകല്യങ്ങളും ഇത്തരക്കാരിൽ കണ്ടുവരുന്നുണ്ട്.

ഇവയൊക്കെ പ്രത്യക്ഷത്തിൽ നമുക്ക് കാണാനാവും. എന്നാൽ നേരിട്ട് നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത വലിയൊരു കെണി അതിനുമപ്പുറമുണ്ട്. അതാണ് നമ്മുടെ കുട്ടികളുടെ കാഴ്ചപ്പാടുകൾ മാറ്റി മറിക്കപ്പെടുന്നു എന്നുള്ളത്. അതായത്, സോഷ്യൽ മീഡിയകളിലൂടെ നമ്മുടെ മക്കൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഷോർട്ട് വീഡിയോകളിലും സ്‌റ്റോറികളിലുമൊക്കെയായി ലിബറലിസം, ജെൻഡർ ന്യൂട്രാലിട്ടി, LGBTQ, യുക്തിവാദം, ഫാസിസം തുടങ്ങിയ അനേകം ചിന്താഗതികൾ അവരിൽ അവരോ നമ്മളോ പോലും അറിയാതെ കുത്തിനിറക്കപ്പെടുന്നു എന്നുള്ളത് ഗൗരവമേറിയ ഒരു വാസ്തവമാണ്.

പുതുതലമുറയിൽ മതത്തിനോടും വൈവാഹിക ജീവിതത്തോടും കുടുംബ ബന്ധങ്ങളോടുമൊക്കെ തെറ്റായ കാഴ്ചപ്പാടുകൾ വളർന്നുവരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. ഇത് വരുംസമൂഹത്തിന്റെ സാംസ്‌കാരിക, സാമൂഹിക, ആത്മീയ കെട്ടുറപ്പുകളെ തകർക്കുന്നതും ആരോഗ്യകരമായ നിലനിൽപ് അസാധ്യമാക്കുന്നതുമായ വലിയൊരു ഭവിഷ്യത്ത് തന്നെയാണ്. അതുകൊണ്ട് തന്നെ കേവലം പഠനത്തെ മാത്രം അളവുകോലായി എടുത്ത് നമ്മൾ മക്കളുടെ ഫോൺ ഉപയോഗത്തെ വിലയിരുത്തരുത്. മറിച്ച് കുട്ടികൾ ഫോൺ എന്തിന്, എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് നാം അറിഞ്ഞിരിക്കണം. നമ്മുടെ കൃത്യമായ ഇടപെടലുകൾ അതിൽ ഉണ്ടാകേണ്ടതുണ്ട്. ഒപ്പം വർത്തമാനകാല വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകൾ കുട്ടികൾക്ക് ലഭിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള വേദികളിൽ അവരെ പങ്കെടുപ്പിക്കുകയും ചെയ്യുക.