സസ്‌നേഹം സഹോദരിമാരോട്

സഹ്‌റ സുല്ലമിയ്യ

2023 നവംബർ 18 , 1445 ജു.ഊലാ 04

മാനവരാശിയുടെ ആദിപിതാവായ ആദം നബി(അ)യും മാതാവായ ഹവ്വയും സ്വർഗത്തിൽ പാർക്കുകയാണ്. എവിടെയും സഞ്ചരിക്കാം. എവിടെയും വിശ്രമിക്കാം. എന്തും തിന്നാം. എന്തും കുടിക്കാം. പക്ഷേ, ഒരു വിലക്കു മാത്രം; ഒരു മരത്തിൽനിന്നു മാത്രം കനി ഭക്ഷിക്കരുത്. ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ല. ഈ സമയം പിശാച് ഒരു ഉപദേശകന്റെ രൂപത്തിൽ വന്ന് ഈ മരത്തിലെ കനി ഭക്ഷിച്ചാൽ നിങ്ങൾക്ക് ഇവിടെ ശാശ്വതമായി താമസിക്കാം, അല്ലെങ്കിൽ ഇവിടെ നിന്നും പുറത്തു പോകേണ്ടിവരും എന്ന് പറയുന്നു. അവർ തൽക്കാലം അല്ലാഹുവിന്റെ കല്പന വിസ്മരിച്ചു. പിശാചിന്റെ ഉപദേശം സ്വീകരിച്ചു. അതോടെ അവ

രുടെ നഗ്‌നത വെളിവായി. നഗ്‌നത വെളിവായപ്പോൾ നാണം വന്നു. നഗ്നത മറക്കണമെന്ന് ബോധം വന്നു. പക്ഷേ, എന്തു ചെയ്യും? സ്വർഗത്തിലെ മരത്തിലെ ഇലയെടുത്ത് മറയ്ക്കാൻ തുടങ്ങി.

അന്നുമുതൽ വസ്ത്രം ധരിക്കേണ്ടതായിവന്നു. വസ്ത്രം എങ്ങനെ ധരിക്കണം? എന്തിനു ധരിക്കണം? സ്രഷ്ടാവായ അല്ലാഹു അക്കാര്യം പറഞ്ഞുതന്നിട്ടുണ്ട്:

“ആദം സന്തതികളേ, നിങ്ങൾക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നൽകിയിരിക്കുന്നു. ധർമനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതൽ ഉത്തമം’’ (ക്വുർആൻ 7:26).

അപ്പോൾ നാം വസ്ത്രം ധരിക്കണം. എന്തിന്? നഗ്‌നത മറയ്ക്കാൻ! അതോടൊപ്പം വസ്ത്രം അലങ്കാരമാണ,് ഭംഗിയാണ്. ഭംഗിയിൽ നമുക്ക് വസ്ത്രം ധരിക്കാം. അലങ്കാരമായി ധരിക്കാം. പക്ഷേ, എന്താണ് ആ ഭംഗിയും അലങ്കാരവും? നഗ്‌നത മറച്ചുകൊണ്ടുള്ള അലങ്കാരം. അപ്പോൾ വളരെ നേരിയത്? അത് നഗ്‌നത പ്രദർശിപ്പിക്കുന്നതാണ്, മറയ്ക്കുന്നതല്ല. അവ ധരിക്കാൻ പാടില്ല. അതുപോലെ ശരീരത്തിൽ ഒട്ടിക്കിടക്കുന്ന (ടൈറ്റായ) വസ്ത്രം; അതും നഗ്‌നത മറയ്ക്കില്ല, കൂടുതൽ മുഴച്ചുകാട്ടുകയാണ് ചെയ്യുക. വസ്ത്രം ധരിക്കുമ്പോൾ സൂക്ഷ്മത വേണം. അതായത് എന്റെ രക്ഷിതാവിന്റെ കൽപനയനുസരിച്ചാണ് ഞാൻ വസ്ത്രം ധരിക്കുന്നത് എന്ന ബോധം. അവൻ മറയ്ക്കാൻ കൽപിച്ച എല്ലാ ഭാഗവും മറയ്‌ക്കേണ്ടതുണ്ട് എന്ന ബോധം.

മുഖവും മുൻകൈയും ഒഴികെയുള്ള എല്ലാ ഭാഗങ്ങളും മറയ്ക്കാൻ സ്രഷ്ടാവ് കൽപിച്ചു. അപ്പോൾ അതിൽ കാലും ഉൾപ്പെട്ടു. പക്ഷേ, മിക്ക സ്ത്രീകളും അത് ശ്രദ്ധിക്കാറില്ല. നബിﷺ പുരുഷന്മാരോട് വസ്ത്രം നെരിയാണിക്ക് മുകളിൽ ഉയർത്താൻ കൽപിച്ചപ്പോൾ സ്ത്രീകളോട് നെരിയാണിക്കു താഴെ നീട്ടിയിടാൻ കൽപിച്ചു. അപ്പോൾ, സ്ത്രീയുടെ വസ്ത്രം അത്രയും താഴ്ന്നിരിക്കണം. നമുക്ക് കാലിൽ സോക്‌സ് ധരിക്കാം. എന്നാൽ കാല് മറയും. നെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കുന്നവരിലേക്ക് അല്ലാഹു കാരുണ്യത്തിന്റെ നോട്ടം നോക്കില്ല എന്ന് വളരെ വ്യക്തമായി അറിയിച്ചിട്ടും പല പുരുഷന്മാരും അത് ഗൗരവത്തിലെടുക്കാതെ വസ്ത്രം വലിച്ചിഴച്ച് നടക്കുന്നതായി കാണാം. അത് അല്ലാഹുവിന്റെ തിരുനോട്ടം കിട്ടാത്ത കാര്യമാണെന്ന് അവർ മനസ്സിലാക്കണം. എന്നാൽ വസ്ത്രം താഴ്ത്തണം എന്ന് കൽപിക്കപ്പെട്ട സ്ത്രീകൾ വസ്ത്രം കയറ്റി ധരിക്കുന്നതായും നാം കാണുന്നു. വളരെ നീളം കുറഞ്ഞ പാന്റ്‌സും അതിന്റെ താഴ്ഭാഗത്ത് ഒരു കെട്ടും! എന്തൊരു ആഭാസം!

ക്വുർആൻ വളരെ വ്യക്തമായി പറഞ്ഞു; ‘അവർ അവരുടെ മുഖമക്കനകൾ മാറിലൂടെ താഴ്ത്തിയിടട്ടെ.’

അപ്പോൾ, തല മറയ്ക്കുന്ന വസ്ത്രം മാറിലൂടെ താഴ്ത്തിയിടണം. ഈ കൽപന വളരെ വ്യക്തമായിട്ടും പലരും തലയിൽ അണിയുന്ന മഫ്ത മാറിൽനിന്നും കയറ്റി കഴുത്തിലൂടെ ചുറ്റിവെക്കുന്നത് കാണാം. ഇത് അല്ലാഹുവിന്റെ കൽപനയെ ധിക്കരിക്കലാണ്. എന്നാൽ ചിലർ മഫ്ത കെട്ടി മാറിലൂടെ ഷാൾ ചുറ്റുന്നത് കാണാം. താൻ ഷാൾ മാറിലൂടെ ഇട്ടിട്ടുണ്ടല്ലോ എന്നാണ് ധാരണ. എന്നാൽ യഥാർഥത്തിൽ തലയിൽ ഇടുന്ന വസ്ത്രം തന്നെയാണ് മാറിലൂടെ താഴ്ത്തിയിടേണ്ടത്. അല്ലാതെ ധരിക്കുന്നതും ഇവയും തമ്മിലുള്ള വ്യത്യാസം ഒറ്റനോട്ടത്തിൽതന്നെ കാണാൻ സാധിക്കും. അതിനാൽ സഹോദരിമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

നബിﷺ ഒരു വിഭാഗം സ്ത്രീകളെ പരിചയപ്പെടുത്തി. അവർ വസ്ത്രം ധരിച്ചിട്ടുണ്ട്. പക്ഷേ, നഗ്‌നരാണ്. അവർ ചാഞ്ഞും ചെരിഞ്ഞുമാണ് നടക്കുന്നത്. അവരുടെ തല ഒട്ടകത്തിന്റെ പൂഞ്ഞപോലെയാണ്. അവർക്ക് സ്വർഗത്തിലേക്ക് പ്രവേശനമില്ല. അല്ല, അവർക്ക് സ്വർഗത്തിന്റെ മണം പോലും ലഭിക്കില്ല! ഞാൻ ആ വിഭാഗത്തെ കണ്ടിട്ടില്ല എന്നും നബിﷺ പറഞ്ഞു. എന്നാൽ നമുക്ക് ചുറ്റും അങ്ങനെയുള്ളവരെ നാം കാണുന്നു. വളരെ നേരിയ, ശരീരത്തോട് ഒട്ടിച്ചേർന്ന വസ്ത്രം ധരിക്കുന്നവർ. കാലിൽ കിലുങ്ങുന്ന പാദസരം ധരിച്ചു ശബ്ദമുണ്ടാക്കി നടക്കുന്നവർ. നശ്വരമായ ലോകത്തിൽ അല്ലാഹുവിന്റെ കൽപനകൾക്ക് എതിരു പ്രവർത്തിച്ച് നരകം വാങ്ങുന്നവർ...!

വസ്ത്രധാരണത്തിന്റെ ആയത്തിറങ്ങുന്നതിന് മുമ്പും ശരീര ഭാഗങ്ങൾ കൃത്യമായി മറച്ചുകൊണ്ടുതന്നെയാണ് സ്വഹാബ വനിതകൾ ജമാഅത്തിൽ പങ്കെടുക്കാൻ പള്ളിയിലെത്തിയിരുന്നത്. നബിﷺ തല മറയ്ക്കുന്ന വസ്ത്രം മാറിലൂടെ താഴ്ത്തിയിടണമെന്നു പറയുന്ന സൂക്തം ഓതിക്കേൾപിച്ചപ്പോൾ അവരുടെ അടുത്ത് അതിനു മാത്രം നീളമുള്ള തട്ടമില്ലായിരുന്നു. എന്നിട്ടും അവർ പല കഷ്ണങ്ങൾ ഏച്ചുകൂട്ടിയും മറ്റും ആ കൽപന പാലിക്കാൻ ഉടനടി തയ്യാറായതായി ചരിത്രം പറയുന്നു.

വസ്ത്രത്തിന് വളരെ ബുദ്ധിമുട്ടുള്ള കാലത്തും യാതൊരു പരാതിയുമില്ലാതെ മറയ്‌ക്കേണ്ട ഭാഗങ്ങൾ അവർ പരിപൂർണമായും മറച്ചു. ഇന്ന് വസ്ത്രത്തിന്റെ ആധിക്യമാണുള്ളത്. എത്ര കൂട്ടം അലമാരയിലിരിക്കുന്നുവെന്ന് പോലും അറിയില്ല. എന്നാലും മറയ്‌ക്കേണ്ട ഭാഗം പലരും മറയ്ക്കുന്നില്ല. ചില പെൺകുട്ടികൾ രണ്ടോ മൂന്നോ മീറ്ററുള്ള വലിയ ഷാൾ പല മടക്കുകളാക്കി തലയിൽ മാത്രം ചുറ്റി ഉയർത്തിക്കെട്ടുന്ന സമ്പ്രദായം ഇന്നു കാണാം. ടർബൻ എന്ന് അവർ അതിന് പേര് വിളിക്കുന്നു. ‘അവരുടെ തല ഒട്ടകത്തിന്റെ പൂഞ്ഞപോലെയാണ്’ എന്ന് നബിﷺ പറഞ്ഞത് ഇവരെക്കാണുമ്പോൾ ഓർമവരും.

ചില സ്ത്രീകൾ ഷാൾ ചുറ്റിക്കെട്ടുമെങ്കിലും നല്ല രൂപത്തിൽ പിൻചെയ്യാതെ അത് അങ്ങോട്ടുമിങ്ങോട്ടും മാറ്റി മാറ്റി; മറച്ചു, എന്നാൽ മറച്ചില്ല എന്നമട്ടിൽ നടക്കുന്നതു കാണാം. ഇതും നാം ശ്രദ്ധിക്കണം. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? അല്ലാഹു നമ്മോട് നമ്മുടെ വേഷം എങ്ങനെയാകണം എന്നു കൽപിച്ചത് നമ്മുടെ സംരക്ഷണത്തിനും നാം തിരിച്ചറിയപ്പെടാനുമാണ്. പിന്നെ, നാം എന്തിന് മറ്റുള്ളവരെ അനുകരിക്കണം? ചീത്തനോട്ടത്തിൽനിന്നും കാമകണ്ണുകളിൽനിന്നും ഈ വേഷം നമ്മെ സംരക്ഷിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിട്ടും നാം എന്തിന് അതിനോട് വെറുപ്പ് കാണിക്കണം? ഏത് സദസ്സിലും ഏത് അവസരത്തിലും ധരിക്കാൻ പറ്റിയ മാന്യമായവേഷം നാമെന്തിന് കൈവെടിയണം.

ചില സ്ഥാപനങ്ങളിൽ ഈ വേഷത്തിന് വിലക്കു പറയുമ്പോൾ നാം അതിനെതിരെ ശബ്ദിക്കണം. അതിനുള്ള അവകാശം നമുക്ക് രാജ്യം തന്നെ നൽകുന്നുണ്ട്. ഇത് എന്റെ നിർബന്ധ വേഷമാണ്, എനിക്കിത് ധരിച്ചേ മതിയാവൂ എന്ന് ഒന്നാം ദിവസം തന്നെ തുറന്നു പ്രഖ്യാപിക്കണം. എന്നാൽ നമുക്ക് നമ്മുടെ വേഷം ധരിക്കാൻ സാധിക്കും. വല്ല അയവും നാം കാണിച്ചാൽ പിന്നെ നമുക്ക് ഒരിക്കലും ആ വസ്ത്രം ധരിക്കാൻ സാധിക്കാത്ത അവസ്ഥ വരും. അതിന് തീരെ സമ്മതിക്കാത്ത സ്ഥാപനമാണെങ്കിൽ, ജോലിയാണെങ്കിൽ നമ്മുടെ പരലോകം കളഞ്ഞ് നാം എന്തിന് അവിടെ പഠിക്കണം? എന്തിന് ആ ജോലി മുന്നോട്ടു കൊണ്ടുപോകണം?

മറ്റൊരു വിരോധഭാസം കൂടി ഇവിടെ കുറിക്കട്ടെ. നല്ല രൂപത്തിൽ വസ്ത്രം ധരിച്ചു നടക്കുന്ന ചിലർ കല്യാണദിവസം ആ വേഷം ഒഴിവാക്കുന്നതായി കാണാം. ആ ദിവസം എല്ലാറ്റിനും ലൈസൻസ് ഉള്ളതുപോലെയാണ്! അതിനെപ്പറ്റി പറഞ്ഞാൽ അവർ പറയും; ഇന്നൊരു ദിവസമല്ലേ, ഇത് ജീവിതത്തിൽ ഒന്നല്ലേ ഉണ്ടാവുകയുള്ളൂ എന്ന്! കൂടുതൽ ആളുകൾ കാണുന്ന ദിവസത്തിൽ കുറച്ചു മറയ്ക്കാൻ ആരാണ് അനുമതി നൽകിയത്? നാം നമ്മുടെ ഐഡന്റിറ്റി കാത്തുസൂക്ഷിച്ചാൽ നമുക്ക് ഒരിക്കലും എവിടെയും കോട്ടം തട്ടില്ല. ഈമാനിൽ ഉറച്ചുനിന്ന് അതിനനുസരിച്ച് പ്രവർത്തിച്ചാൽ നമ്മുടെ അന്തസ്സ് വർധിക്കുകയേയുള്ളൂ.