രക്ഷിതാക്കൾ മാതൃകയാവുക

ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 മെയ് 13 , 1444 ശവ്വാൽ 20

അടുത്തിടെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇടമുറിയാതെയുള്ള കാർട്ടൂൺ ശബ്ദം വരുന്ന ദിശയിലേക്ക് കണ്ണോടിച്ചു നോക്കിയപ്പോൾ, ഒരു കുരുന്നുബാലിക തന്റെ ചുറ്റിലുള്ളതൊന്നും ശ്രദ്ധിക്കാതെ തന്റെ വായിലേക്ക് വരുന്ന ഉരുളകളെ യാന്ത്രികമായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്...! അടുത്ത ഒരു ബന്ധുവിന്റെ വീടുകൂടൽ ചടങ്ങിൽ പങ്കെടുത്ത വേളയിൽ ഒരു കൗമാരക്കാരൻ താൻ മറ്റൊരു വീട്ടിലാണെന്നോ തന്റെ ചുറ്റും അനേകം അതിഥികൾ ഇരിക്കുന്നുണ്ടെന്നോ ഉള്ള ഭാവം പോലുമില്ലാതെ വീഡിയോ ഗെയിമിൽ മുഴുകിയിരിക്കുകയാണ്...!

ഈ പറഞ്ഞതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ദിനേനയെന്നോണം നമ്മുടെയെല്ലാം ശ്രദ്ധയിൽ പെടുന്ന കാഴ്ചകളാണ് ഇവ. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ മക്കളുടെ കൈകളിൽ മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കൾ എത്ര ലാഘവത്തോടെയാണ് ഇതെല്ലാം നോക്കിക്കാണുന്നത്! മറ്റുള്ളവരുമായി, വിശിഷ്യാ രക്ഷിതാക്കളും കുട്ടികളും പരസ്പരം ഇടപഴകുന്ന സമയമാണ് മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

മൊബൈൽ ഫോൺ വ്യാപകമാകുന്നതിനു മുമ്പുള്ള അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കുക. മുറ്റത്തിറങ്ങി കാക്കയെയും പൂച്ചയെയും പൂമ്പാറ്റയെയും അമ്പിളിമാമനെയും കാണിച്ചു കഥപറഞ്ഞ് മക്കൾക്ക് ഭക്ഷണം കൊടുത്തിരുന്ന ഉമ്മമാരെ അന്ന് കാണാമായിരുന്നു. ഇന്ന് ഭക്ഷണം കഴിക്കണമെങ്കിൽ കുട്ടികൾക്ക് ഫോൺ കൈയിൽ കിട്ടണം. ആ ഉമ്മമാരോട് മക്കൾക്ക് ഒരുപാടൊരുപാട് സംശയങ്ങൾ ചോദിക്കാനുണ്ടായിരുന്നു. ഉമ്മമാർ അവരുടെ ചോദ്യങ്ങൾ കൗതുകത്തോടെ കേൾക്കുകയും താൽപര്യത്തോടെ മറുപടി നൽകുകയും ചെയ്തിരുന്നു. ഇന്ന് അത്തരം സംശയങ്ങളില്ല, മറുപടികളുമില്ല. അവധി ദിവസങ്ങളിൽ അയൽപക്കത്തെ കുട്ടികളുമായി ഒത്തുകൂടുകയും പലവിധ കളികളിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. പരാതികളും പിണക്കങ്ങളും ഇണക്കങ്ങളും കാണാമായിരുന്നു.

പഠന വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും തനിക്കുണ്ടാകുന്ന സംശയങ്ങൾ വീട്ടുകാരോടും അധ്യാപകരോടും പങ്കുവെക്കുന്നത് കാണാമായിരുന്നു. യഥാർഥത്തിൽ ഇത്തരം സഹവാസങ്ങൾ കുട്ടികളുടെ ശരിയായ മാനസിക വളർച്ചയെ വളരെയധികം സ്വാധീനിക്കുന്നവയാണ്. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ആധിക്യം ഇത്തരം സാഹചര്യങ്ങളിൽനിന്നെല്ലാം കുട്ടികളെ അകറ്റിനിർ ത്തുകയും അത് സാമൂഹികമായ അടുപ്പം ഇല്ലാതാക്കുകയും ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിക്കു കയും ചെയ്യുന്നു എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.

കൂട്ടുകാരുമായോ അധ്യാപകരുമായോ വീട്ടുകാരുമായോ ഒക്കെ ഉണ്ടാകുന്ന ചെറിയ വഴക്കുകൾ പോലും പുതുതലമുറയെ വളരെയധികം അസ്വസ്ഥരാക്കുന്നതും അവഗണിക്കപ്പെടുന്ന വൃദ്ധമാതാപിതാ ക്കളുമെല്ലാം ഇതിന്റെ അനന്തര ഫലങ്ങളിൽ ചിലത് മാത്രമാണ്. വീട്ടിലുള്ള പ്രായം ചെന്ന തന്റെ മാതാപിതാക്കളെ വേണ്ടവിധം പരിഗണിച്ച് മക്കൾക്ക് മാതൃക കാണിക്കാൻ രക്ഷിതാക്കൾക്ക് പോലും ഇന്ന് സമയം കണ്ടെത്താൻ കഴിയുന്നില്ല എന്നത് മറ്റൊരു വാസ്തവമാണ്.

മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുവാൻ ആദ്യം രക്ഷിതാക്കൾ ശീലിക്കണം. വീട്ടിലെ എല്ലാ അംഗങ്ങളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥയുണ്ടാകണം. പരസ്പരം ആശയവിനിമയം നടത്തണം. കുട്ടികൾക്ക് മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നതിനെക്കാൾ ഇഷ്ടം മാതാപിതാക്കളുമായുള്ള സഹവാസത്തോടും കൊച്ചുവർത്തമാനത്തോടുമായിരിക്കണം. അതിനുള്ള അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കു തന്നെയാണ്.