സത്യവിശ്വാസിനിയായ ഭാര്യ

ഉസ്മാൻ പാലക്കാഴി

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

നവാൽ ബിൻത് അബ്ദില്ല തന്റെ ‘സത്യവിശ്വാസിനി’ എന്ന പുസ്തകത്തിൽ എഴുതുന്നു: “ജീവിതായോധനത്തിന് പുറത്തിറങ്ങുന്ന കുടുംബനാഥനോട് ദൈവബോധം മുറുകെ പിടിക്കാനും നല്ല സമ്പാദ്യം മാത്രം ആർജിക്കാനും ഉപദേശിക്കുന്നത് സത്യവിശ്വാസിനിയല്ലാതെ മറ്റാരാണ്? സച്ചരിതകളായ മുൻകാല മുസ്‌ലിം വനിതകൾ തന്റെ ഭർത്താവോ, സഹോദരനോ, പിതാവോ ധനസമ്പാദനത്തിനായി വീടുവിട്ടിറങ്ങുമ്പോൾ ഉപദേശിക്കുമായിരുന്നു: “നോക്കൂ, ഹറാമായ സമ്പാദ്യത്തെ സൂക്ഷിക്കണേ, വിശപ്പും അതിന്റെ ക്ലേശങ്ങളും ഞങ്ങളെത്ര വേണമെങ്കിലും സഹിക്കാം. പക്ഷേ, നാളെ നരകാഗ്നിയുടെ ചൂടു താങ്ങാൻ ഞങ്ങൾക്കാവില്ല.’’

സദ്‌വൃത്തയായ ഒരു ഭാര്യ ഒരു പുരുഷന് ഇഹലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. കാരണം അവൾക്കാണ് പരലോകത്തിന്റെ വിഷയത്തിൽ തന്റെ ഭർത്താവിനെ ആത്മാർഥമായി സഹായിക്കുവാൻ കഴിയുക. എന്നാൽ അധിക സ്ത്രീകളും ഇതിനു വിപരീതമായാണ് ജീവിതം നയിക്കുന്നത്. അത് ഒരുപക്ഷേ, വിവരമില്ലായ്മകൊണ്ടാകാം. അല്ലെങ്കിൽ ഭൗതിക സുഖസൗകര്യങ്ങളോടും ആർഭാടങ്ങളോടുമുള്ള അമിതമായ ആർത്തികൊണ്ടാകാം.

അബൂസഈദിൽ ഖുദ്‌രിയ്യ്(റ) പറയുന്നു: “ഒരിക്കൽ അല്ലാഹുവിന്റെ ദൂതൻ ﷺ  പ്രസംഗപീഠത്തിൽ കയറിയിരുന്നു. ഞങ്ങൾ അതിന്റെ ചുറ്റുമിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു: ‘എന്റെ കാലശേഷം ആർഭാട പൂർണവും അലംകൃതവുമായ ജീവിതം നിങ്ങൾക്കു മുമ്പിൽ തുറക്കപ്പെടുന്നത് ഞാനേറ്റവും ഭയപ്പെടുന്നു’’(ബുഖാരി, മുസ്‌ലിം).

ഐഹികാഡംബരങ്ങളിൽ ഉൻമത്തരായ മനുഷ്യർ സ്രഷ്ടാവുമായുള്ള ബന്ധത്തിൽനിന്ന് അകലുമെന്നതിൽ സംശയമില്ല. പരമമായ ലക്ഷ്യം സമ്പത്ത് വാരിക്കൂട്ടലും ആർഭാട ജീവിതം നയിക്കലുമായി കാണുന്നവർക്ക് ദൈവത്തെക്കുറിച്ചുള്ള ചിന്തതന്നെ അരോചകമായിരിക്കും. ഭൗതിക സുഖസൗകര്യങ്ങൾ എത്രകണ്ട് വർധിക്കുന്നുവോ അത്രകണ്ട് ദൈവചിന്തയിൽനിന്ന് മനുഷ്യൻ അകന്നുപോകും എന്നർഥം. അതുകൊണ്ടാണ് “എന്റെ കാലശേഷം ആർഭാട പൂർണവും അലംകൃതവുമായ ജീവിതം നിങ്ങൾക്കു മുമ്പിൽ തുറക്കപ്പെടുന്നത് ഞാനേറ്റവും ഭയപ്പെടുന്നു’’ എന്ന് നബി ﷺ  പ്രസ്താവിച്ചത്. ഭൗതിക സുഖസൗകര്യങ്ങൾ ൈദവം തന്ന അനുഗ്രഹമാണെന്നു മനസ്സിലാക്കി നന്ദി കാണിച്ച് ജീവിക്കുവാൻ കഴിയുക എന്നത് പണത്തെ മാത്രം സ്‌നേഹിക്കുന്നവർക്ക് കഴിയുന്ന കാര്യമല്ല.

കുടുംബസമേതം സ്വർഗത്തിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവളാകണം ഒരു ഭാര്യ. എങ്കിൽ മതവിഷയത്തിൽ അലസത കാണിക്കുന്ന ഭർത്താവിനെ ഉപദേശിക്കുവാനും നന്നാക്കുവാനും അവൾ പരിശ്രമിക്കും. പട്ടിണി കിടന്നാലും അന്യായമായി പണം സമ്പാദിക്കുവാൻ അവൾ ഭർത്താവിനെ അനുവദിക്കില്ല. ഭർത്താവിന്റെ പക്കൽ കാശില്ലെങ്കിലും വസ്ത്രവും ആഭരണവും മറ്റും വാങ്ങുവാൻ അവൾ നിർബന്ധിക്കില്ല. ഭർത്താവിന്റെ വരുമാനമറിഞ്ഞ് ചെലവഴിക്കുവാനുള്ള പക്വത അവൾ കാണിക്കും. മക്കളെ മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ വളർത്തുന്നതിൽ അവൾ ശ്രദ്ധ പുലർത്തും.

എന്നാൽ പരലോകബോധമില്ലാത്ത, ഭൗതിക ലോകത്തെ ആസ്വാദനങ്ങളിൽ ഭ്രമിച്ചുവശായ ഒരു ഭാര്യ നിഷിദ്ധമായ വഴികളിലൂടെയാണെങ്കിലും പണം കണ്ടെത്തുവാൻ ഭർത്താവിനെ പ്രേരിപ്പിക്കും. കടമായിട്ടാണെങ്കിലും വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ വാങ്ങിക്കൂട്ടുവാൻ ഭർത്താവിൽ സമ്മർദം ചെലുത്തും. മക്കളെ മതബോധമുള്ളവരാക്കി വളർത്തുന്നതിൽ അവൾക്ക് യാതൊരു താൽപര്യവുമുണ്ടായിരികകില്ല.

ഐഹിക ജീവിതത്തിന്റെ ക്ഷണികതയും മനുഷ്യന്റെ നിസ്സാരതയും മനസ്സിലാക്കുന്നവർക്ക് ഭൗതികതയുടെ വർണശബളിമയിൽ മയങ്ങി ജീവിക്കുവാൻ കഴിയില്ല. അല്ലാഹു പറയുന്നു: “(നബിയേ) നീ അവർക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്തുനിന്ന് നാം വെള്ളമിറക്കി. അതുമൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്നു വളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളുയുന്ന തുരുമ്പായിത്തീർന്നു. (അതുപോലെയത്രെ ഐഹിക ജീവിതം). അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു’’ (ക്വുർആൻ 18:45).