ഒറ്റമരം

അൻവർ സാദത്ത് കാപ്പ്

2023 ജൂലൈ 22 , 1444 മുഹറം 04

സ്‌നേഹത്തിന്റെയും
സന്തോഷത്തിന്റെയും
മാനുഷിക മൂല്യങ്ങൾ
നിറഞ്ഞു നിൽക്കുന്ന
പച്ചമരമാണ് മനുഷ്യനെങ്കിൽ,
അത്തരം കൊടുംവനത്തിലെ
ഒറ്റ മരമാണ് ‘ലഹരിയാൻ’
അഥവാ ലഹരിക്കടിമപ്പെട്ടയാൾ!
ചെറു കാറ്റുപോലും
തലോടാൻ മടിക്കുന്ന മരം!
കിളികളൊരിക്കലും
കൂടു കൂട്ടാത്ത മരം!
എന്തിന് ചിരിക്കുന്നു
എന്നറിയാത്ത ചിരികളിൽ
ഉറ്റവരുടെ ജീവിതം
കരഞ്ഞുതീരുന്നു!
സ്വപ്‌നങ്ങളുടെ
ആകാശത്തേക്ക്
ഉയരേണ്ട ജീവിതവും
സന്തോഷം നിലനിൽക്കേണ്ട
വീടുമിന്ന് ദുഃഖത്തിന്റെ
പേമാരിയിൽ
വേറിട്ടുനിൽക്കുന്നു!
ലഹരിവള്ളിയുടെ
പിടിയിലമർന്നു
ജീവിതത്തിന്റെ
എല്ലാ പച്ചപ്പും കൗതുകവും
നശിപ്പിച്ചു കളയുന്നു
സിര തുളച്ചൊഴുകുന്ന
പ്രാകൃത രാസക്കൂട്ട്!
നിലാവ് സ്വർണച്ചീളുകൾ
വിരിച്ച രാത്രിയിൽ
മിന്നാമിന്നിക്കൂട്ടങ്ങൾ പോലും
അടുത്ത് വരാൻ മടിക്കുന്ന
ആ ഒറ്റ മരം
ഏത് ചെറുകാറ്റിലും മഴയിലും
നിലം പതിച്ചേക്കാം!