അങ്ങനെയിരിക്കെ...!

ഹിബ ശബീബ് ടി.പി, എളയൂർ

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

അങ്ങനെയിരിക്കെ...
ഞാൻ കേട്ടു നിൻ കാലൊച്ച!
എൻ സ്വപ്നങ്ങൾ പൂവണിയും മുമ്പേ
എന്നിലേക്ക് വരരുതേ എന്നാഗ്രഹിച്ചുപോയി;
എന്നെയുംകൊണ്ടേ പോകൂ എന്നറിഞ്ഞിട്ടും!
ഞാൻ ഒരുങ്ങിയിട്ടില്ല; എനിക്കായ്.
അൽപസമയമെങ്കിലും പിന്തിച്ചു തരാൻ
ഞാൻ കേണുപറഞ്ഞെങ്കിലും
കേട്ടില്ല എൻ നൊമ്പരപ്പിടച്ചിൽ.
പലരുടെയും നിലവിളികൾക്ക് മുമ്പിൽ
ഒരുക്കിക്കിടത്തിയെന്നെ എന്റെയുറ്റവർ.
പുതുലോകത്തേക്ക് പരുക്കൻ തുണിയിൽ
പൊതിഞ്ഞെന്നെ വഹിച്ചു കൊണ്ടുപോകാൻ
പുത്തൻ വാഹനമില്ലായിരുന്നു;
ഉള്ളത് ആറു കാലുള്ള കട്ടിൽ.
പണിതീരാത്ത വലിയ വീട്ടിൽ
കിടന്നുറങ്ങിയിരുന്ന എന്നെ
പരക്കം പാഞ്ഞ് പണിതീർത്ത
കുടുസ്സായ ഒറ്റമുറി വീട്ടിൽ
ഇറക്കിവെച്ച് മണ്ണോടു ചേർത്തു.
മണ്ണാൽ പുതച്ചുമൂടിത്തന്ന്
പിരിഞ്ഞെന്റെയുറ്റവർ, കൂട്ടുകാർ!
അങ്ങനെയിരിക്കെ.....