ലഹരി പുകയുന്ന കലാലയങ്ങൾ

ശാകിറ ടി.കെ, കൊല്ലം

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

കലാലയങ്ങൾക്കിപ്പോൾ
ലഹരിയുടെ മണമാണ്
നനുത്ത സൗഹൃദങ്ങളുടെ
ചുവരെഴുത്തുകളിന്ന്
അശ്ലീലതക്ക്
വഴിമാറിയിരിക്കുന്നു
നടവഴികളിലെ
തണൽ മരങ്ങൾ
കരിഞ്ഞുണങ്ങിയിരിക്കുന്നു
കരം പിടിച്ച് വഴികാട്ടിയോർ
ഭയപ്പാടോടെ ഉൾവലിയുന്നു.
നിഷ്‌കളങ്കത തളംകെട്ടിനിന്ന
നടുമുറ്റങ്ങളിലിന്ന്
ചോരയുടെ മണമാണ്
ഒഴിവുനേരങ്ങൾ ചെലവിട്ട
മരത്തണലുകളിൽ
നുരഞ്ഞുപൊന്തുന്ന
ഉൻമാദ നൃത്തങ്ങളാണ്
കിളികളുടെ കുറുകലും
മരച്ചില്ലകളുടെ സംഗീതവും
മനപ്പൂർവം മറന്നുവെച്ച്
പുകച്ചുരുളുകളാൽ
ചീട്ടുകൊട്ടാരം പണിയുന്നവർ
സ്വന്തം നാശത്തിന്റെ
പടുകുഴി തോണ്ടുകയാണ്.
ജീവിതത്തിൽ ചുവടിടറി
പുകച്ചുരുളുകളിലാപതിച്ചവർക്ക്
പിഴച്ചുപോയതെവിടെയാണ്?
കാതോർക്കാം
ലോക നിയന്താവിന്നാജ്ഞകൾ
കാതോർക്കാം
നേർവഴി കാട്ടും തിരുവചനങ്ങൾ
മത്തുപിടിപ്പിക്കുന്നതെന്തും
ലഹരിയെന്നും
അവയെല്ലാം പാടെ
വർജിക്കണമെന്നും
പഠിപ്പിച്ച പ്രവാചകൻ!
തിന്മകൾക്കെതിരെ പോരാടുവാൻ
വഴികാട്ടിയ ഗുരുശ്രേഷ്ഠൻ!
ആ തിരുവചനങ്ങളിൽ
വെളിച്ചം കണ്ടെത്തി
ലഹരിയെ തുരത്താൻ
കൈകോർക്കാം നമുക്കിനി
നന്മതൻ വഴിയിൽ ചരിച്ച്
വരുംതലമുറകളിലേക്കായി
ദിവ്യസന്ദേശത്തിൻ
പ്രഭ പകരാം നമുക്കിനി