ജെൻഡർ ന്യൂട്രാലിറ്റി

സുലൈമാൻ

2023 ഏപ്രിൽ 15, 1444 റമദാൻ 24

ഇന്നലത്തെ
ഇടിവെട്ടിൽ
കൂൺപോലെ
പൊട്ടിമുളച്ചതല്ല,
പണ്ടു പണ്ടേ
തുണിയുടുക്കാത്ത
ചിന്തയിലെ
പടുമുളയാണ്!
എന്നും
കന്നിമാസമായെങ്കിലെന്ന
വ്യാമോഹദാഹികൾക്ക്
മുക്കുമൂലകളിലെ
പടുമുളകളെ
ഒന്നിച്ചു നട്ടുനനച്ച്
കുത്തഴിഞ്ഞ
കൊയ്ത്തുത്സവം
കൊണ്ടാടാനാണ് പൂതി.!
മൂല്യങ്ങളെ
മുക്കാലിയിൽ കെട്ടിയിട്ട്
അറപ്പ്, വെറുപ്പ്, നാണം
പോലുള്ളതിനെ
ആറ്റിലെറിയാനാണ്
പുതിയ പഠിപ്പ്!
അതെ,
ജെൻഡർ ന്യൂട്രാലിറ്റി
മാടിവിളിക്കുന്നത്
കാട്ടിലേക്കാണ്.
ചിന്തിച്ചു
നടക്കാനറിയുന്നവർക്ക്
മുറ്റത്തുള്ള
തൊഴുത്തിൽ
കണ്ണയച്ചാൽ കാണാം!
ബന്ധങ്ങളുടെ
വേരറുത്ത്
ചവച്ചുതുപ്പിക്കൊണ്ട്
അവരൊക്കെ
എന്നോ അതിരുകളില്ലാത്ത
സ്വാതന്ത്ര്യത്തിന്റെ
ലോകത്തെത്തി!
അക്കരപ്പച്ച തേടി
കൂട്ടയോട്ടം നടത്തിയവർ
മരീചികയെ ശപിച്ച്
ഒറ്റയ്‌ക്കൊറ്റയ്ക്കു
മടങ്ങിവരുന്നത്
പൊട്ടിപ്പൊളിഞ്ഞ
മൗനവാഹാനത്തിലാണ്.
ഒരേ റേഷനരിയാണ്
തിന്നുന്നതെങ്കിലും
ചിലർ കണ്ടറിയുമ്പോൾ
ചിലർ കൊണ്ടേ
അറിയുന്നുള്ളു!