അനുഗ്രഹങ്ങൾ

നിയാല സുബൈർ (അറബിക് അക്കാദമി, പെരിന്തൽമണ്ണ)

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

അനുഗ്രഹമൊട്ടേറെയാസ്വദിച്ച്
ജീവിതം തള്ളിനീക്കുന്ന നേരം,
കവിതയൊന്നെഴുതുവാൻ തീർച്ചയാക്കി
വിഷയം ‘അനുഗ്രഹം’ തന്നെയാവാം.
എവിടെ തുടങ്ങണം എന്നു ശങ്ക,
ഒടുവിൽ കുറിച്ചു ഞാൻ ‘പേന’യെന്ന്.
മഷിയില്ലയെങ്കിൽ പേനയെന്ത്?
അതുകൊണ്ട് ‘മഷി’യെന്നെഴുതി പിന്നെ.
നിറമില്ലയെങ്കിൽ മഷിയതുണ്ടോ,
‘നിറ’മെന്നെഴുതി അതിനു താഴെ.
പേന പിടിക്കുവാൻ വേണമല്ലോ
കൈയും അതിലെ വിരലുകളും.
എഴുതണമെങ്കിലോ ഭാഷ വേണം
ഭാഷയ്ക്ക് അക്ഷരമാല വേണം
അക്ഷരവിദ്യ പഠിച്ചിടേണം
പഠിക്കണമെങ്കിലോ ബുദ്ധിവേണം
പരിശ്രമമതിനായി ഏറെ വേണം.
ഇവ്വിധം ചിന്തയിലാണ്ടിരിക്കെ
ജാലകവാതിലിലൂടെ മെല്ലെ
തെന്നലൊന്നെത്തി തഴുകിപ്പോയി
ജാലകക്കാഴ്ചയിൽ കണ്ണുടക്കി
പ്രകൃതിതൻ സൗന്ദര്യം കാൺകയായി.
ഇങ്ങനെ ഭൂമിയിൽ മർത്യർക്കായി
എണ്ണിയാൽ തീരാത്തനുഗ്രഹങ്ങൾ
ഏകിയതേകനാം നാഥനല്ലോ
ഒന്നുമേ താനെ ഭവിച്ചതല്ല.
ഒക്കെയും റബ്ബിന്റെ സൃഷ്ടിയല്ലോ
സർവ സ്തുതിയും അവന്നു മാത്രം.