ഒരു കുഞ്ഞുവസ്വിയ്യത്ത്

ഹുസ്‌ന മലോറം

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

മരണം പടിവാതിൽക്കൽ

എത്തിയതിനാലാവാം

ആ കുഞ്ഞുമനസ്സ്

ഒടുവിലത്തെ വരി

കുറിച്ചിട്ടത്.

ഒരുക്കൂട്ടിവെച്ച

ചില്ലറക്കാശുകൾ

പേരെടുത്തു പറഞ്ഞ്

അവൾ വിഹിതം വെച്ചു.

കുഞ്ഞു കളിപ്പാട്ടങ്ങളും

മറ്റുള്ളവയും

കൂടെപ്പിറപ്പിനും

കൂടെ പിറക്കാത്ത

കൂടെപ്പിറപ്പുകൾക്കും.

വസ്ത്രങ്ങൾ

പ്രിയപ്പെട്ടവർക്ക്,

ബാക്കിയുണ്ടേൽ

ആവശ്യക്കാർക്കും.

കുഞ്ഞു ചെരുപ്പുകൾ

പാവപ്പെട്ടവർക്ക്

കൊടുത്തേക്കുക;

ചെളി കളഞ്ഞ്

ശുദ്ധിയാക്കിയിട്ട്...!

കുഞ്ഞേ...

നീ ഒരു തുണ്ടുകടലാസിൽ

കോറിയിട്ട

നിന്റെ വസ്വിയ്യത്ത്

വായിച്ചാൽ

കണ്ണുകൾ നിറയാത്ത

ആരുണ്ട്?

ചോരയുടെ മണമുള്ള

നാട്ടിൽ നിന്ന് നീ

യാത്രയായോ...?

എങ്കിൽ നീയെത്ര ഭാഗ്യവതി!