ദൃഷ്ടാന്തങ്ങൾ

അബ്ദുൽ ജലീൽ

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

പറവകൾ പാട്ടുപാടിയുണർത്തുന്ന
പുലരിതൻ മുഗ്ധ ലാവണ്യത്തിലും
ചൂടും വെളിച്ചവുമേകി ജ്വലിക്കുന്നൊ-
രർക്കന്റെയനുസ്യൂതമാം പ്രയാണത്തിലും
ആകാശമേലാപ്പിലവർണനീയമാം നിറ-
ക്കൂട്ടുകളൊരുക്കും സന്ധ്യതൻ കലയിലും
പകലിനെ പതുക്കെ പിന്തുടർന്നണയുന്ന
രാത്രിതൻ ഭീതിയുണർത്തുമിരുട്ടിലും
മനസ്സിൽ വിസ്മയപ്പൂക്കൾ വിതറുന്ന
താരകക്കൂട്ടത്തിൻ മിന്നലാട്ടത്തിലും
ചക്രവാളത്തിൽ പീലിവിടർത്തുന്ന
മാരിവില്ലിൻ സൗകുമാര്യത്തിലും
തട്ടാതെ, മുട്ടാതെ പായും ഗ്രഹങ്ങളിലും
പാൽനിലാവൊഴുക്കും ചന്ദ്രപ്രഭയിലും
അലറിക്കുതിച്ചെത്തി കരയെ പുണരുന്ന
കടലലതന്നവിരാമമാം പ്രയാണത്തിലും
വരണ്ട മണ്ണിൽ മഴസ്പർശമേൽക്കവെ
പുതുനാമ്പ് നീട്ടുന്ന പുൽക്കൊടി തന്നിലും
ഇല്ലേ, മനുഷ്യാ ദൃഷ്ടാന്തമെത്രയോ,
ദൈവമുണ്ടെന്നുള്ള കാര്യം ഗ്രഹിക്കാൻ?
ഇല്ലല്ലൊ സൃഷ്ടികൾക്കാർക്കുമെ പങ്കിതിൽ
എന്നിട്ടുമെന്തേയഹന്ത കാട്ടുന്നു നീ?