ആയുസ്സ്

നൂർജഹാൻ പൊക്കുന്ന്

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

നീ എന്നെ പിന്നിലാക്കി,
തിരിഞ്ഞൊന്നു നോക്കാതെ
ധൃതികൂട്ടിപ്പോകുന്നത്
എങ്ങോട്ടാണ്?
എന്റെ മോഹങ്ങൾ
സഫലീകരിക്കാനിടതരാതെ
നീ മുന്നോട്ടു പോവുകയാല്ലോ!
എന്റെ ശൈശവവും ബാല്യവും
കൗമാരവും യൗവനവും
നീ കവർന്നെടുത്തുകഴിഞ്ഞു!
ഇനി ശേഷിക്കുന്നത്
വാർധക്യത്തിലെ
അൽപം ദിനരാത്രങ്ങൾ മാത്രം!
കാലമേ, ആർക്കുവേണ്ടിയും
കാത്തുനിൽക്കാതെ
നീ പ്രയാണത്തിലാണ്.
തീരാത്ത ആർത്തിയുമായി
ആളുകൾ ഓട്ടത്തിലാണ്.
ഒടുവിൽ,
സഫലീകരിക്കപ്പെടാത്ത
ഒരായിരം കിനാക്കളുമായി
ആറടി മണ്ണിൽ
അലിഞ്ഞു ചേരുന്നു;
പണ്ഡിതനും പാമരനും
ധനികനും ദരിദ്രനും
രാജാവും പ്രജയും!
അതിൽ ആർക്കും ഇളവില്ല!
എന്റെ ആയുസ്സിനെ
പിടിച്ചുനിർത്താനായെങ്കിലെന്ന്
വെറുതെ ആശിക്കുന്നു ഞാൻ;
അതെ, ഒരിക്കലും
പൂവണിയാത്ത മോഹമാണിതും!