ഗസ്സ ഒരു കനൽവര

നജീബ് കെ.സി

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

ഭൂപടത്തിളക്കത്തിൽ
ഗസ്സ തിരഞ്ഞപ്പോൾ
കണ്ണിൽപ്പതിഞ്ഞത്
ഒരു കനൽവര.

ചെകുത്താനും കടലിനുമിടയിൽ
ചീന്തിവിരിക്കപ്പെട്ട,
സഹനഗാഥകളുടെ
സ്വേദമൊപ്പിയ കൈലേസ്.

അറ്റമില്ലാത്തൊരനീതിയോട്
പതിറ്റാണ്ടുകൾ പൊരുതിയ,
ചെറുത്തുനിൽപിന്റെ
സമരപതാക.

വംശവെറിക്കും വഞ്ചനകൾക്കും
തകർക്കാനാവാത്ത,
പോരാട്ടവീര്യത്തിന്റെ
അരികുമുറിഞ്ഞ പരിച.

തീപെയ്യുന്നൊരാകാശച്ചുവട്ടിൽ
തിളച്ചിട്ടും വറ്റാത്ത,
പ്രതീക്ഷയുടെ കടലിരമ്പുന്ന
കണ്ണീർത്തടാകം.

തോക്കുചൂണ്ടുന്ന വേട്ടക്കാരോട്
വിരൽചൂണ്ടാൻ ചങ്കുറപ്പുള്ള
വീരരാം ചെറുബാല്യങ്ങളുടെ
ഉള്ളുരുക്കത്തിൻ കളിമുറ്റം.

ചെഞ്ചോരയണിഞ്ഞിട്ടും
പുഞ്ചിരി മായാത്ത
പിഞ്ചോമനകളുടെ
ഓർമപ്പൂങ്കാവനം.

അന്യായപ്പെരുമഴയുടെ
അന്ധകാരത്തിൽനിന്ന്
ആകാശത്തേക്കുനീളുന്ന
പ്രാർഥനയുടെ കൈക്കുമ്പിൾ.

ഗസ്സയുടെ നിശ്വാസത്തിൽ
ഫലസ്തീനിന്റെ ഹൃദയമർമരം;
‘ലൻ നർഹൽ...’
(വിട്ടുപോവില്ല ഞങ്ങൾ)!
സലാം ഗസ്സ, സലാം!