വ്യക്തിത്വ വളർച്ചയിലേക്കുള്ള ചില ചുവടുവയ്പുകൾ

അഷ്‌റഫ് എകരൂൽ

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17

ഉയർച്ച തേടുന്നവരുടെ തേട്ടങ്ങളിൽ ഒന്ന് വക്തിത്വ വളർച്ചയാണ്. ഭൗതിക-പാരത്രിക നേട്ടങ്ങൾ തേടുന്ന മുസ്‌ലിമിന്നും അത് അനിവാര്യം തന്നെ. ഇസ്‌ലാമിക ചുവടുവയ്പിലൂടെയാണ് അത് ആർജിക്കേണ്ടതെന്നു മാത്രം. ചില അടിസഥാന ഘടകങ്ങളെ നിലനിർത്തുന്നതിലൂടെയാണ് ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ സൗഭാഗ്യവും സമാധാനവും വന്നുചേരുന്നത്. അതിൽ പ്രധാനമാണ് സ്വന്തത്തെ സംസ്‌കരിക്കാനാവശ്യമായ മര്യാദകൾ ശീലമാക്കുകയെന്നത്. മുമ്പിലുള്ളതിലേക്ക് മാത്രം തുറന്നിടാനുള്ളജാലകമല്ല മനുഷ്യനേത്രങ്ങൾ; ഇടയ്ക്കിടെ സ്വന്തത്തിലേക്കും അവ തുറന്നുവയ്ക്കണം.

സ്വന്തത്തെ വളർത്താനും വൃത്തിയാക്കാനും സഹായകമായതെല്ലാം സ്വാംശീകരിക്കാനും മലീമസമാക്കുന്നതിനെയല്ലാം മാറ്റിനിർത്താനും കഴിവുള്ളവനാകണം വിശ്വാസി. അല്ലാഹു പറയുന്നു: “തീർച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു’’ (ക്വുർആൻ 91:9,10).

ഇസ്‌ലാമിക ശരീഅത്ത്, സ്വന്തത്തെ സംസ്‌കരിക്കുന്നതിനെയും വളർത്തുന്നതിനെയും വളരെ പ്രാധാന്യത്തൊടെയാണു കാണുന്നതെന്ന് അതിന്റെ അധ്യാപനങ്ങളെ വിലയിരുത്തിയാൽ മനസ്സിലാകും. ഇവ ബോധ്യപ്പെടുത്താൻ ഇസ്‌ലാം സ്വീകരിച്ച വിവിധ മാർഗങ്ങളിൽ ചിലത് ഇവയാണ്:

ഒന്ന്) ആത്മസംസ്‌കരണത്തെ കുറിച്ച് വിശുദ്ധ ക്വുർആനിലും നബിവചനത്തിലും ആവർത്തിച്ചുള്ള ഒർമപ്പെടുത്തൽ:

“അപ്പോൾ ഏതൊരാൾ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ; (അവന്ന്) സ്വർഗംതന്നെയാണ് സങ്കേതം’’ (ക്വുർആൻ 79:40,41).

പ്രവാചകന്റെ പതിവായുള്ള ഒരു പ്രാർഥന: “അല്ലാഹുവേ, എന്റെ അത്മാവിന്ന് അതിന്റെ സൂക്ഷ്മതയും വിശുദ്ധിയും നീ നൽകേണമേ. നീയത്രെ അതിനെ സംസ്‌കരിക്കുന്നവരിൽ ഉത്തമൻ, നീയത്രെ അതിന്റെ രക്ഷാധികാരിയും ഉടമയും’’ (മുസ്‌ലിം).

രണ്ട്) പ്രവാചകനിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി ആത്മസംസ്‌കരണത്തെ ഉൾപ്പെടുത്തി:

“തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽനിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപിക്കുകയും അവരെ സംസ്‌കരിക്കുകയും അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു’’ (ക്വുർആൻ 3:164).

മൂന്ന്) ദൈവസമർപ്പണത്തിലൂടെയും മാലിന്യവിപാടനത്തിലൂടെയും ജീവിതശുദ്ധി വരുത്തുന്നവർക്ക് ഉന്നതമായ പ്രതിഫലം നൽകപ്പെടുമെന്നും അല്ലാത്തവർക്ക് കഠിനശിക്ഷയുണ്ടാകുമെന്നുമുള്ള വാഗ്ദാനം:

“തീർച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെ അടുത്ത് ചെല്ലുന്നപക്ഷം അവന്നുള്ളത് നരകമത്രെ. അതിലവൻ മരിക്കുകയില്ല, ജീവിക്കുകയുമില്ല. സത്യവിശ്വാസിയായിക്കൊണ്ട് സൽകർമങ്ങൾ പ്രവർത്തിച്ചിട്ടാണ് വല്ലവനും അവന്റെയടുത്ത് ചെല്ലുന്നതെങ്കിൽ അത്തരക്കാർക്കുള്ളതാകുന്നു ഉന്നതമായ പദവികൾ. അതായത് താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ’’ (ക്വുർആൻ 20:74-76).

നമ്മുടെ മുൻഗാമികൾ ആത്മസംസ്‌കരണത്തിലൂടെ ജീവിത വളർച്ചയും വിശുദ്ധിയും നേടുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വഭാവത്തിലും പെരുമാറ്റത്തിലും അവ നടപ്പിൽ വരുത്തുകയും ചെയ്തിരുന്നുവെന്നതിൽ സത്യവിശ്വാസികൾക്ക് മാതൃകയുണ്ട്. പ്രസ്തുത വിഷയത്തിൽ അവരിൽ പ്രമുഖരായ പലരും സ്വതന്ത്രമായ ഗ്രന്ഥരചനകൾതന്നെ നടത്തിയിട്ടുണ്ട്. അഹ്‌മദ് ഇബ്‌നു ഹംബലിന്റെ ‘വിരക്തി’ (അസ്സുഹ്ദ്) എന്ന ഗ്രന്ഥം അതിൽ പ്രധാനമാണ്.

മനുഷ്യമനസ്സിനെ സംസ്‌കരിച്ചു വളർത്തിയെടുക്കാൻ ആവശ്യമായതും അനിവാര്യമായതുമായ ഒട്ടനവധി മാർഗങ്ങൾ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് നമുക്കു പരിശോധിക്കാം:

1. പശ്ചാത്താപം: ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ പാപങ്ങളിൽനിന്നും അല്ലാഹുവിനോടുള്ള അനുസരണക്കേടിൽനിന്നും മുക്തമായി സംഭവിച്ചുപോയ പാപങ്ങൾ പൊറുത്തുതരുവാൻ അവനോട് പ്രാർഥിക്കുകയെന്നതാണ്. എല്ലാ മനുഷ്യരോടും പശ്ചാത്തപിച്ചു മടങ്ങാൻ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു: “...സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (ക്വുർആൻ 24:31).

2. ആത്മപരിശോധന: സ്വന്തത്തെ ഒരു സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും രോഗം കണ്ടറിഞ്ഞ് മരുന്ന് നിർണയിക്കുകയുമാണ് ഇതിന്റെ വിവക്ഷ. ജീവിതം നേർപഥത്തിലൂടെ തന്നെയാണോ അതോ പിഴവും മാർഗഭ്രംശവും സംഭവിച്ചിട്ടുണ്ടോ എന്നതാവണം പരിശോധന. ഒാരോ പരിശോധനക്ക് ശേഷവും പരിഹാര മാർഗങ്ങൾ പ്രയോഗത്തിൽ വരുത്തി കൂടുതൽ ഊർജസ്വലതയോടെ മുന്നേറുകെയന്നതാണു സത്യവിശ്വാസിയുടെ ബാധ്യത. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു’’ (ക്വുർആൻ 59:18).

3. പ്രതിജ്ഞ പുതുക്കൽ: ചെറുതും വലുതുമായ തെറ്റുകളിലൊന്നും ആപതിക്കുകയിെല്ലന്ന് ഒരു മുസ്‌ലിം അല്ലാഹുവുമായി ആവർത്തിച്ചു കരാർ ചെയ്തുകൊണ്ടിരിക്കുകയെന്നത് സംസ്‌കരണത്തിന്റെയും അതിലൂടെ നിലനിൽക്കുന്ന വളർച്ചയുടെയും ചുവടുവയ്പുകളിൽ പ്രധാനപ്പെട്ടതാണ്. ഒരു വിശ്വാസി എപ്പോഴും തന്റെ ചെറിയ പാളിച്ചകളെ പോലും കണ്ടെത്തി ശരിപ്പെടുത്തിക്കൊണ്ടിരിക്കും. ഇനി വല്ലപ്പോഴും ഇച്ഛകളുടെ മുമ്പിൽ ദുർബലത തോന്നുമ്പോൾ അവൻ അല്ലാഹുവുമായി ചെയ്ത കരാറിനെ ഓർക്കുകയും മനസ്സിന്റെ മാന്യതയെ കാത്തുസൂക്ഷിക്കുകയും ചെയ്യും.

അല്ലാഹു പറയുന്നു: “നിങ്ങൾ കരാർ നിറവേറ്റുക. തീർച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (ക്വുർആൻ 17: 34).

4. ദൈവിക നിരീക്ഷണത്തെ അറിയൽ: അല്ലാഹുവിന്റെ നിരീക്ഷണത്തെയും സാന്നിധ്യത്തെയും സദാ ഓർത്തുകൊണ്ടിരിക്കുകയും അവൻ എന്റെ എല്ലാ രഹസ്യങ്ങളും സൂക്ഷ്മമായി അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യവുമുള്ള ജീവിത രീതിയാണ് ഒരു മുസ്‌ലിമിന്ന് വേണ്ടത്.

അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു’’ (ക്വുർആൻ 4:1 ).

ഈയൊരു ഗുണത്തിലൂടെ അല്ലാഹുവിന്റെ കൽപനകളെ അതാത് സമയങ്ങളിൽ ജീവിതത്തിൽ കൊണ്ടുവരാനും മ്ലേഛതകളിൽനിന്നു മുക്തിനേടാനും ഒരു വിശ്വാസിക്കു കഴിയുന്നു.

5. നിതാന്ത പരിശ്രമം: കേവല പ്രാർഥനയോ ആഗ്രഹമോ ഉള്ളതുകൊണ്ട് മാത്രം ലക്ഷ്യത്തിലെത്തില്ല; മറിച്ച് ദേഹേച്ഛയോട് പൊരുതി ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയെന്നതാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. ദേഹേച്ഛ എപ്പോഴും വിശ്രമവും മടിയും തേടിക്കൊണ്ടീരിക്കും. അതിനോട് പൊരുതി അല്ലാഹുവിന്റെ ഇച്ഛയെ നടപ്പിൽ വരുത്താനുള്ള കഠിന പ്രയത്‌നം വലിയ ജിഹാദാണ്. അല്ലാഹു പറയുന്നു:

“അപ്പോൾ ഏതൊരാൾ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ; (അവന്ന്) സ്വർഗംതന്നെയാണ് സങ്കേതം’’ (ക്വുർആൻ 79:40,41).

“നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു’’ (29:69).

ആത്മസംസ്‌കരണത്തിന്റെ നേട്ടങ്ങൾ

1. സ്രഷ്ടാവുമായുള്ള നിരന്തര ബന്ധവും സമ്പർക്കവും ഉണ്ടാകുന്നതിലൂടെ അവന്റെയടുക്കൽ ഉന്നത പദവി നേടാൻ കഴിയുന്നു. അല്ലാഹു പറയുന്നു: “തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയിൽ ഭയപ്പെടുന്നവരാരോ അവർക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്’’ (ക്വുർആൻ 67:12).

2. ഭൗതിക ജീവിതത്തിൽ വിജയം വരിക്കുകയും പാരത്രിക ജീവിതത്തിൽ മോക്ഷം ലഭിക്കുകയും ചെയ്യും, ശുദ്ധിവരുത്തിയ, രോഗമുക്തമായ ഹൃദയമുള്ളവർക്കല്ലാതെ സ്വാർഗപ്രവേശനം സാധ്യമല്ല.

“അവർ (മനുഷ്യർ) ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ.(അന്ന്) സൂക്ഷ്മത പാലിക്കുന്നവർക്ക് സ്വർഗം അടുപ്പിക്കപ്പെടുന്നതാണ്. ദുർമാർഗികൾക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്’’ (26: 87-91).

3. ഹൃദയവിശാലതയും മനസ്സമാധാനവും ലഭിക്കുന്നു: അല്ലാഹു പറയുന്നു: “അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ ശാന്തി ഇറക്കിക്കൊടുത്തത.് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതൽ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി’’ (48:4).

4. മതത്തിൽ ഉറച്ചു നിൽക്കാനും ആരാധനാകർമങ്ങളിൽ നിരതനാവാനും കഴിയുന്നു. കാരണം അല്ലാഹുമായുളള ആത്മാർഥ ബന്ധം കാരണം അല്ലാഹു അവരുടെ ഹൃദയങ്ങളെ സന്മാർഗത്തിൽ ഉറപ്പിച്ചു നിർത്തും. അല്ലാഹു പറയുന്നു: “ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിർത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുർമാർഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താൻ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവർത്തിക്കുന്നു’’ (14:27).

5. പകയും വിദ്വേഷവും ഇല്ലാത്ത ഹൃദയത്തിന്റെ ഉടമകളാകുമ്പോൾ സ്രഷ്ടാവിനോെടന്നപോലെ സൃഷ്ടികളോടും നല്ല ബന്ധം സ്ഥാപിക്കുവാൻ കഴിയും. അതിലൂടെ അവർക്കിടയിൽ സ്‌നേഹവും ഐക്യവും വ്യാപിക്കുന്നു. പരസ്പരം സ്‌നേഹിക്കുകയും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവയ്ക്കൽ നിലനിൽക്കുകയും ചെയ്യുന്നതിലൂടെ ഒരു ശരീരം പോലെ സമൂഹം മാറി വരുന്നു. നബി ﷺ  പറഞ്ഞു: “സത്യവിശ്വാസികൾ; അവരുടെ പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉപമ ഒരു ശരീരം പോലെയാണ്. അതിൽ ഒരു അവയവത്തിന്നു വല്ലതും പറ്റിയാൽ മറ്റ് അവയവങ്ങൾ ഉറക്കമിളച്ചും പനി ബാധിച്ചും അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതു കാണാം’’ (മുസ്‌ലിം).

(തുടരും)