കളിക്കളത്തിൽ ഉടയാത്ത മൂല്യങ്ങൾ

അശ്‌റഫ് ഏകരൂൽ

2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22

ശാരീരിക വളർച്ച, കായിക ശക്തി വർധിപ്പിക്കൽ, ധൈര്യം സംഭരിക്കൽ, മാനസികോല്ലാസം തുടങ്ങിയ അനിവാര്യ താൽപര്യങ്ങൾക്കുവേണ്ടി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ് കഴിഞ്ഞ ലക്കത്തിൽ നാം മനസ്സിലാക്കിയത്. എന്നാൽ, ഇന്ന് അതിരുകളില്ലാത്ത കായിക വിനോദങ്ങളുടെ ലോകത്ത് അഭിരമിക്കുന്ന വളരുന്ന തലമുറക്ക് മുമ്പിൽ സർവ സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്കു തുറന്നിട്ട അനുവാദത്തിന്റെ വാതായനമല്ല ഇതെന്ന് നമ്മളറിയണം. കളിക്കളത്തിലും മൂല്യങ്ങളുടെ സഹസഞ്ചാരിയാവണം മുസ്‌ലിം.

കളികളിലേക്കും വിനോദങ്ങളിലേക്കും മക്കളെ നാം പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ, അവ നേരിട്ടോ പൊതുവായോ ഇസ്‌ലാമിക ശരീഅത്തിൽ നിരോധനങ്ങൾ ഇല്ലാത്തവയാവണമെന്നതാണ് ഒന്നാമതായി നാം ശ്രദ്ധിക്കേണ്ടത്. ചൂതാട്ടംപോലെയുള്ള ചില വിനോദങ്ങൾ നബി ﷺ  നേരിട്ട് നിരോധിച്ചത് നമുക്ക് കാണാൻ കഴിയും.

നബി ﷺ  പറഞ്ഞു: “ആരെങ്കിലും പകിട കളിച്ചാൽ അവൻ പന്നിയുടെ രക്തത്തിലും മാംസത്തിലും കൈ മുക്കിയവനെ പോലെയാണ്’’ (മുസ്‌ലിം).

“ആരെങ്കിലും പകിടകളിയിലേർപെട്ടാൽ അവൻ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചു’’ (അബൂദാവൂദ്).

പക്ഷികളെയോ മറ്റു ജീവികളെയോ ഉപദ്രവമേൽപിച്ചു കളിക്കുന്നതും നബി ﷺ  വിരോധിച്ചിട്ടുണ്ട്. സഈദ് ഇബ്‌നു ജുബൈർ(റ) പറയുകയാണ്: “ഒരിക്കൽ ഞാൻ ഇബ്‌നു ഉമറിന്റെയും ഇബ്‌നു അബ്ബാസിന്റെയും കൂടെ പട്ടണത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെ കുട്ടികൾ ഒരു കോഴിയെ നാട്ടിവച്ചു അതിനുനേരെ അമ്പെയ്ത് കളിക്കുന്നത് കണ്ടു. അദ്ദേഹം അവരോടു കോപിച്ചു. ഇതാരാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ കുട്ടികൾ നാലുപാടും ഓടിപ്പോയി. അപ്പോൾ ഇബ്‌നു ഉമർ(റ) പറഞ്ഞു: ‘ജീവികളെ അംഗഛേദം വരുത്തുന്നവരെ നബി ﷺ  ശപിച്ചിരിക്കുന്നു’’ (അഹ്‌മദ്).

പൊതുവായ നിരോധനങ്ങളെ (ഹറാമുകളെ) ഉൾച്ചേർന്നതാവാതിരിക്കുക എന്നതും വിനോദത്തിൽ ശ്രദ്ധിക്കേണ്ടതുതന്നെയാണ്. ആൺ-പെൺ ഇടകലരൽ, ഇസ്‌ലാം നഗ്‌നതയായി നിജപ്പെടുത്തിയ ശരീര ഭാഗങ്ങൾ വെളിപ്പെടുന്ന വസ്ത്രം ധരിക്കൽ, തന്റെ സഹോദരന്/സഹോദരിക്ക് മുറിവേൽപിക്കുംവിധമുള്ള ആയുധം ഉപയോഗിച്ചുള്ള തമാശ ക്കളികൾ, പന്നി, നായ തുടങ്ങിയവയുമായുള്ള ഇടപെടലുകൾ, ശാപവാക്കുകൾ, നീചമായ പദപ്രയോഗങ്ങൾ, കള്ളസത്യം ചെയ്യൽ, കളവുപറയൽ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അകമ്പടിയോടു കൂടിയവ, ചതിപ്രയോഗങ്ങൾ, സ്വന്തത്തിനോ മറ്റുള്ളവർക്കോ ഉപദ്രവകരമാവൽ തുടങ്ങി നിഷിദ്ധങ്ങൾ ചേർന്നുവരുന്ന വിനോദങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ നമുക്ക് ബാധ്യതയുണ്ട്.

കളിവിനോദങ്ങളിൽ ഏർപ്പെടുന്ന വിശ്വാസികളും അതിനായി മക്കൾക്കു പരിസരമൊരുക്കുന്ന രക്ഷിതാക്കളും ഓർത്തിരിക്കേണ്ട പ്രധാന മൂല്യങ്ങളിൽ ഒന്ന് അവ സമയം നിർണയിക്കപ്പെട്ട ആരാധനകൾക്ക് തടസ്സം വരുത്തുന്ന വിധത്തിലാവരുത് എന്നതാണ്. കായിക പരിശീലനത്തിന് കുട്ടികളെ ചേർക്കുമ്പോൾ ഇത് പ്രതേകം ശ്രദ്ധിക്കേണ്ടതാണ്. നിർബന്ധ നമസ്‌കാരം നഷ്ടപ്പെടുത്തുക, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും ഖുത്വുബ ശ്രവിക്കുന്നതിനും പള്ളിയിൽ എത്താതിരിക്കുക, റമദാനിലെ നോമ്പ് ഒഴിവാക്കേണ്ടിവരിക എന്നിവ പോലുള്ളത് വിനോദങ്ങളിൽ ഏർപ്പെടുന്നതുമൂലം വിശ്വാസിക്ക് സംഭവിച്ചു കൂടാത്തതാണ്. അനുവദനീയമായ കച്ചവടമോ അലങ്കാരമായി നൽകപ്പെട്ട സന്താനങ്ങളോ അല്ലാഹുവിന്റെ സ്മരണയിൽനിന്ന് വിശ്വാസികളെ തടയാവതല്ല. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെ പറ്റിയുള്ള സ്മരണയിൽനിന്നും നിങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർതന്നെയാകുന്നു നഷ്ടക്കാർ’’ (ക്വുർആൻ 63:9).

അനുവദനീയമായ വ്യാപാരവും മറ്റു വ്യവഹാരങ്ങൾപോലും വെള്ളിയാഴ്ച ജുമുഅ സമയത്തു നിർത്തിവയ്ക്കാനും പള്ളിയിലേക്കു പെട്ടെന്ന് പുറപ്പെടാനും കൽപിക്കപ്പെട്ടവരാണ് വിശ്വാസികൾ എന്നിരിക്കെ, ആ സമയത്തു വിനോദങ്ങളിൽ വ്യാപൃതരാകുന്നതോ കായിക പരിശീലനങ്ങൾ നേടുന്നതോ അനുവദനീയമല്ല.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം; നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ’’ (ക്വുർആൻ 62:9).

ടർഫിലെ കളി, കായിക മത്സരങ്ങൾ, ടൂർണമെന്റുകൾ, ക്യാമ്പസുകളിലെ കായികവിനോദാവസരങ്ങൾ, ഇവയിലെല്ലാം നമ്മുടെ മക്കൾക്കും അവസരങ്ങൾ അനുവദിക്കാവുന്നതാണ്. മേൽസൂചിപ്പിച്ചിട്ടുള്ള മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിർബന്ധബുദ്ധിയോടെ ആവണമെന്ന് മാത്രം. മൂല്യങ്ങളെ വിലമതിക്കുന്ന മുസ്‌ലിം കുട്ടികൾക്കുവേണ്ടി ഇത് ഉൾക്കൊള്ളാനും പരിഗണിക്കാനും രക്ഷിതാക്കളും മറ്റ് ഉത്തരവാദപ്പെട്ട അധികാരികളും തയ്യാറാവേണ്ടതുണ്ട്. വീടിന്റെ കളിമുറ്റം മുതൽ എവിടെയും ഇതെല്ലാം മുഖവിലക്കെടുത്തുകൊണ്ടാവണം വിശാസികളുടെ കളി വിനോദങ്ങളോടുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടത്.

വിനോദങ്ങളോടുളള ഇസ്‌ലാമിന്റെ ക്രിയാത്മകസമീപനം കുട്ടികൾക്കു സമയക്രമമില്ലാത്ത ഒരു ജീവിതത്തിനുള്ള അനുവാദമല്ല. മറിച്ച് ഒരു നിക്ഷിതസമയം അതിന്നു നീക്കിവയ്ക്കാവുന്നതാണെന്ന് മാത്രം. സൂര്യാസ്തമയത്തിനു മുമ്പ് വീടണയാൻ മക്കളെ നാം ശീലിപ്പിക്കേണ്ടതുണ്ട്.

ചുരുക്കത്തിൽ, കുട്ടികളുടെ ശാരീരിക വളർച്ചയിൽ കളികൾക്കും കായിക മേഖലക്കും ചെറുതല്ലാത്ത സ്വാധീനവും പങ്കാളിത്തവുമുണ്ട്. അതിന്റെ ഒട്ടനവധി ഗുണങ്ങളെ സ്വാംശീകരിക്കാൻ ഉതകുംവിധം നീണ്ട കുട്ടിക്കാലം അല്ലാഹു നൽകി അനുഗ്രഹിച്ചിട്ടുണ്ട് താനും. അതിനാൽ തന്നെ വിനോദങ്ങളുടെ ക്രിയാത്മക നേട്ടങ്ങൾ നേടാൻ കുട്ടികൾക്കു രക്ഷിതാക്കളുടെ നിരീക്ഷണത്തിൽ അവസരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിദ്യാലയ പാഠപുസ്തകങ്ങളിൽനിന്ന് ലഭ്യമല്ലാത്ത ഒട്ടനവധി അധ്യാപനങ്ങൾ ഒറ്റക്കും കൂട്ടായുമുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഒരു കുഞ്ഞിന് ലഭിക്കുന്നുവെന്നതാണ് അതിലെ ശ്രദ്ധിക്കാതെ പോകുന്ന ഒരു നേട്ടം. കളിക്കോപ്പുമായി കളിക്കുന്ന കൊച്ചുകുട്ടി, അതിലൂടെ രൂപങ്ങൾ, നിറങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി പലതും തിരിച്ചറിയാൻ ശീലിക്കുന്നു. കൂട്ടായി കളിക്കുമ്പോൾ, മറ്റുള്ളവരുമായുള്ള സാമൂഹ്യബന്ധങ്ങളെ നിർമിച്ചെടുക്കുന്നതെങ്ങനെ എന്ന് അവർക്ക് ബോധ്യപ്പെടുകയും വിജയകരമായി ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. കൂടാതെ പരസ്പര സഹകരണം, പങ്കുവയ്ക്കൽ, തന്റെ അവസരത്തിനായി കാത്തിരിക്കാനുള്ള മൂല്യബോധവും ക്ഷമയും നേടൽ, തെറ്റും ശരിയും വേർതിരിച്ചു മനസ്സിലാക്കൽ, നീതി, സത്യസന്ധത, സ്വയം നിയന്ത്രിക്കൽ, മത്സരബുദ്ധി, വിജയം മുന്നിൽ കണ്ടു പ്രവർത്തിക്കൽ, സ്വന്തം കഴിവുകളെ കണ്ടെത്തൽ, മറ്റുള്ളവരുമായി തന്റെ കഴിവുകളെ തുലനം ചെയ്യാൻ ശ്രമിക്കൽ, തന്റെ വൈയക്തിക കഴിവുകേടുകളും പോരായ്മകളും തിരിച്ചറിഞ്ഞ് അതിനെ അതിജയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവൽ തുടങ്ങി നിരവധി പാഠങ്ങളും പരിശീലങ്ങളും വിനോദങ്ങളിൽ നിന്നും കായിക ശീലങ്ങളിൽനിന്നും വളർന്നുകൊണ്ടിരിക്കുന്ന കുട്ടി ആർജിച്ചെടുക്കുന്നു. ആയതിനാൽ നിർമാണാത്മകമായ കായിക വിനോദാവസരങ്ങൾ നൽകി മക്കളുടെ ശാരീരിക-മാനസിക വളർച്ച ശക്തിപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയെന്നതും പാരന്റിംഗിന്റെ അനിവാര്യ ഘടകങ്ങളിൽ പെട്ടതാണ്.

(തുടരും)