വൈകാരിക വളർച്ചയിലെ വിളകളും കളകളും

അശ്‌റഫ് എകരൂൽ

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

മനുഷ്യനിൽ നല്ലതും തിയ്യതുമായ വികാരങ്ങളുണ്ട്. തിയ്യതിനെ തളർത്തി നല്ലതിനെ വളർത്തുന്നതിലൂടെയാണു വ്യക്തിത്വം വികാസം കൊള്ളുന്നത്. മാനസിക-വൈകാരിക വളർച്ചയെ മരവിപ്പിക്കുന്ന ഇത്തിക്കണ്ണികളെ വളരാൻ അനുവദിക്കാതിരിക്കുകയെന്നത് കൂടിയാണ് പാരന്റിങ്. അവയുടെ വളർച്ചയെ നിയന്ത്രിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുകയെന്നതാണ് നല്ല വികാരങ്ങളുടെ ആരോഗ്യപൂർണ വളർച്ചക്കു വേണ്ടത്. കളകളെ അവഗണിക്കുന്ന കൃഷിക്കാരനു നല്ല വിള ലഭിക്കുക പ്രയാസം. രക്ഷിതാക്കളുടെ ശ്രദ്ധ പതിയേണ്ട അത്തരം ചില പ്രതിഭാസങ്ങൾ കൂടി നാം അറിയേണ്ടതുണ്ട്. അവയെ ഒന്നു പരിചയപ്പെടാം:

1) സങ്കോചവും പിന്മാറ്റവും

ഇത് കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ പ്രകടമാകുന്ന ഒന്നാണ്. കുഞ്ഞുനാളുമുതൽ അപരിചിതരോട് മുഖം തിരിക്കുന്നതിലും അന്യവീടുകളിൽ ചെന്നാൽ ഉമ്മയുടെ അരികുവിടാതെ ഒട്ടിനിൽക്കുന്നതിലുമെല്ലാം ഈ സങ്കോചത്തിന്റെ അടയാളങ്ങളുണ്ട്. എന്നാൽ മുതിർന്നു വരുമ്പോഴേക്കും ഇവ നീങ്ങിപ്പോ കാതിരിക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ട്. മറ്റു മനുഷ്യരുമായി ഇടപെടുത്തുന്ന അവസരങ്ങളെ വർധിപ്പിക്കുക മാത്രമാണ് ഇതിന്റെ പരിഹാരമാർഗം. നല്ല സുഹൃത്തുക്കൾ വീട്ടിലേക്ക് വരികയോ മാതാപിതാക്കളൊടൊപ്പം മറ്റ് കൂട്ടുകാരുടെ വീട്ടിലേക്ക് പോവുകയോ മറ്റുള്ളവരോട് മുഖം കൊടുത്തു സംസാരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്. ആക്ഷേപകരെ ഭയപ്പെടാതെ സത്യത്തിനു വേണ്ടി സംസാരിക്കാനുളള മനോദാർഢ്യം നേടാനും ഇതാണ് മാർഗം.

നമ്മുടെ മുൻഗാമികൾ അവരുടെ മക്കൾക്ക് ഈ മനോദാർഢ്യം നൽകും വിധമാണ് ശിക്ഷണം നൽകിയിരുന്നത്. അതിന്റെ പ്രകടനത്തിൽ അവർ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. അനിവാര്യവും അനുയോജ്യവുമായ ഇടങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നതിനും അനാവശ്യ സങ്കോചങ്ങളെ വെടിയുന്നതിനും അവർ ശീലിക്കപ്പെട്ടിരുന്നു. അതാവട്ടെ ശക്തമായ വ്യക്തിത്വം വികസിപ്പിക്കുന്നതിൽ സഹായകവുമാണ്.

ഇമാം ബുഖാരി അബദുല്ലാഹിബ്‌നു ഉമറി(റ)ൽനിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: അദ്ദേഹം പറഞ്ഞു: “(അബ്ദുല്ലാഹ്(റ) കുട്ടിയായിരുന്ന സമയത്ത് ഒരു സദസ്സിൽ വെച്ച്) നബി ﷺ  പറഞ്ഞു: ‘മരങ്ങളുടെ കൂട്ടത്തിൽ ഇലപൊഴിക്കാത്ത ഒരു മരമുണ്ട്. അത് (ഉപമയിൽ) ഒരു മുസ്‌ലിമിനെ പൊലെയാണ്. ഏതാണ് അതെന്നു പറയൂ.’ ആളുകളുടെ മനസ്സിൽ താഴ്‌വരയിലെ വല്ല മരവുമാകുമെന്നു തോന്നി. അബ്ദുല്ലാഹ്(റ) പറഞ്ഞു: ‘എന്നാൽ എന്റെ മനസ്സിൽ അത് ഈത്തപ്പനയാണന്ന് ഉറപ്പിച്ചു. പക്ഷേ, പറയാൻ ഞാൻ ലജ്ജിച്ചു.’ പിന്നീട് അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അത് ഏതാണെന്നു ഞങ്ങൾക്ക് പറഞ്ഞുതരൂ.’ നബി  ﷺ  പറഞ്ഞു: ‘അത് ഈത്തപ്പനയാണ്.’ മറ്റൊരു നിവേദനത്തിൽ അബ്ദുല്ലാഹ്(റ) പറയുന്നു: ‘അബൂബക്‌റും ഉമറും സംസാരിക്കാതെയിരിക്കുന്ന സദസ്സിൽ സംസാരിക്കാൻ ഞാൻ ഇഷടപ്പെട്ടില്ല. പിരിഞ്ഞു പോകുമ്പോൾ ഞാൻ വിവരം പിതാവ് ഉമറിനോട് പറഞ്ഞു. അപ്പോൾ ഉമർ(റ) പറഞ്ഞു: ‘നീ അത് അവിടെനിന്നു പറഞ്ഞിരുന്നുവെങ്കിൽ എനിക്ക് ചുവന്ന ഒട്ടകം കിട്ടുന്നതിനെക്കാൾ ഏറ്റം ഇഷ്ടമാകുമായിരുന്നു.’’

നോക്കൂ! ഇവിടെ പ്രവാചക സദസ്സിൽ പോലും ഇടപെട്ടു സംസാരിക്കാൻ കിട്ടിയ അനുയോജ്യ അവസരം ഉപയോഗപ്പെടുത്താൻ പ്രോൽസാഹിപ്പിക്കുകയാണ് ഉമർ (റ) ചെയ്തത്.

പ്രശസ്ത സ്വഹാബിവര്യനായ അബ്ദുല്ലാഹിബ്‌നു സുബൈർ(റ) കുട്ടിയായിരുന്ന കാലത്തെ ധീരമായ സമീപനം ചരിത്രത്താളുകളിൽ പ്രസിദ്ധമാണ്. ഉമർ(റ) ഖലീഫയായിരുന്ന സമയത്ത്, ഒരിക്കൽ മദീനയിലെ വഴിയോരത്തുകൂടി നടന്നുപോവുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഉമറിന്റെ ഗാംഭീര്യം നിമിത്തം അദ്ദേഹത്തെ കണ്ടയുടനെ ഓടിമറഞ്ഞു. അവരുടെ കൂട്ടത്തിൽ കുട്ടിയായ അബ്ദുല്ലാഹിബ്‌നു സുബൈർ കളിച്ചുകൊണ്ടിരുന്നു. ആ കുട്ടി മാത്രം ഓടിയില്ല. അതു കണ്ട ഉമർ(റ) ആ കുട്ടിയോട് ചൊദിച്ചു: ‘നീ എന്തുകൊണ്ട് ആ കുട്ടികളോെടാപ്പം ഓടിയില്ല?’ പെെട്ടന്ന് ആ കുട്ടി മറുപടി പറഞ്ഞു: ‘താങ്കളിൽനിന്നു ഓടി മറയാൻ ഞാൻ കുറ്റവാളിയല്ല. വഴിമാറിത്തരാൻ വഴി ഇടുങ്ങിയതുമല്ല.’ ഈ ധൈര്യവും സ്ഥൈര്യവും മാനസിക ശാക്തീകരണത്ത്‌ന്റെ ചവിട്ടുപടിതന്നെയാണ്.

മാതാപിതാക്കളുടെ സൂക്ഷ്മമായ നിരീക്ഷണത്തിൽ മര്യാദകളുടെ അതിരുകളെ ഭേദിക്കാത്തവിധം കുട്ടികളിൽ ഇത്തരം ആത്മധൈര്യവും ദൃഢതയും നട്ടുവളർത്തേണ്ടതുണ്ട്. എന്നാൽ ലജ്ജയും സങ്കോചവും രണ്ടും രണ്ടായി മനസ്സിലാക്കപ്പെടെണ്ടതുണ്ട്. ലജ്ജ മനുഷ്യന് അനിവാര്യമായ ഒരു ഗുണമാണ്. ഇസ്‌ലാമിക മര്യാദകളും ശൈലികളും പുലർത്തുന്ന സ്വഭാവരീതിയാണു ലജ്ജ. എന്നാൽ പറയേണ്ടതും ചെയ്യേണ്ടതും തൽസ്ഥാനങ്ങളിൽ പറയുകയും ചെയ്യുകയും ചെയ്യുന്നതിൽനിന്നുള്ള അനാവശ്യ പിന്മാറ്റമാണു സങ്കോചം. അവ വ്യക്തിത്വ വളർച്ചയെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

വിലക്കപ്പെട്ടതു പ്രവർത്തിക്കുന്നതിലും മുതിർന്നവരോട് അപമര്യാദയോടെ ഇടപെടുന്നതിലും ഹറാമിലെക്കു നോക്കുന്നതിലും കട്ടുകേൾക്കുന്നതിലുമെല്ലാം മനുഷ്യനെ അകറ്റിനിർത്തുന്നത് ലജ്ജയാണ്. അത് സങ്കോചമല്ല. ഈ ലജ്ജ ഇസ്‌ലാമിക താൽപര്യമാണുതാനും.

നബി ﷺ  പറഞ്ഞു: “നിങ്ങൾ അല്ലാഹുവിൽനി്ന്ന് എല്ലാ അർഥത്തിലുമുള്ള യഥാർഥ ലജ്ജ ഉള്ളവരാകുക.’’ അപ്പോൾ ഞങ്ങൾ (സഹാബികൾ) പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളെല്ലാവരും അല്ലാഹുവിൽനിന്നു ലജ്ജയുള്ളവരാണല്ലോ, അല്ലാഹുവിന്നു സ്തുതി.’’ അപ്പോൾ നബി ﷺ  പറഞ്ഞു: “അതല്ല, അല്ലാഹുവിൽനിന്നു യഥാവിധി ലജ്ജയുള്ളവരാവുകയെന്നു പറഞ്ഞാൽ, തലയും അതിനോെടാപ്പമുള്ളതും, വയറും അതിനുചുറ്റുമുള്ളതും സൂക്ഷിക്കലും മരണത്തെയും ശേഷമുള്ള നാശത്തെയും കുറിച്ചോർക്കലും, പരലോകമോർത്ത് ജീവിതത്തിന്റെ അലങ്കാരങ്ങളെ വെടിയലും, ഇഹലോകത്തെക്കാൾ പരലോകത്തെ മുന്തിക്കലും ഉണ്ടാവുകയെന്നതാണ്. ഇപ്രകാരം ആരെങ്കിലും ചെയ്താൽ അവർ അല്ലാഹുവിൽനിന്നു യഥാവിധി ലജ്ജ പുലർത്തിയവരായി’’(തുർമുദി).

ഇവ്വിധമുള്ള ലജ്ജനിമിത്തം കണ്ണിനെയും കാതുകളെയും നാവിനെയും വയറിനെയും ലൈംഗികതയെയും നിഷിദ്ധങ്ങളിൽനിന്നു അകറ്റിനിർത്തുകയെന്നത് വിശ്വാസത്തിന്റെ തേട്ടവും സൽകർമത്തിന്റെ നേർപഥവുമാണ്.

2. അന്യായമായ ഭയം

ഇതുപോലെ നുള്ളിക്കളയേണ്ട മറ്റോരു ഇത്തിക്കണ്ണിയാണ് അനാവശ്യമായ ഭയം. എല്ലാ ഭയവും എതിർക്കപ്പെടേണ്ടതല്ല. സാമാന്യമായ അളവിൽ ഭയം മനുഷ്യനിൽ അനിവര്യമാണ്; കുട്ടികളിൽ പ്രത്യേകിച്ചും. തീ തൊടാതിരിക്കാൻ, ഷോക്കടിക്കാതിരിക്കാൻ... അങ്ങനെ പ്രകൃതിപരമായ പരിധിയിലുള്ള ഭയം കുട്ടിയുടെ സുരക്ഷയെ ഉറപ്പുവരുത്തും. എന്നാൽ അതിനപ്പുറം ഭയം കുട്ടികളിൽ വളർന്നുവരികയെന്നത് മാനസിക വളർച്ചയും വ്യക്തിത്വ വികാസവും തടഞ്ഞുനിർത്തും. കുട്ടികളുടെ വളർച്ചാപരിസരങ്ങൾ സമ്മാനികുന്ന ചില നുറുങ്ങൂകളാണ് ഈ അനിവാര്യമല്ലാത്ത ഭയം മനസ്സിൽ നട്ടുവളർത്തുന്നത്. പെണ്ണിൽ ആണിനെക്കാൾ ഇതിന്റെ അളവു കുടുതൽ ഉണ്ടാകാം. ഭാവനാകഴിവിന്റെ ഏറ്റവ്യത്യാസത്തിനനുസരിച്ചു ഭയത്തിന്റെ അളവ് കൂടുകയും കുറയുകയും ചെയ്‌തേക്കും. ഫലരഹിതഭയം കുട്ടിമനസ്സിൽ വളർത്തുന്ന ചില കാരണങ്ങൾ ഇവയാണ്:

1. മാതാവ് അവ്യക്തമായതോ അപരിചിതമായതോ ആയ വസ്തുക്കളെ പറഞ്ഞോ ഇരുട്ടിനെ കാണിച്ചോ കുട്ടികളെ പേടിപ്പെടുത്തുക.

2. കുട്ടിയുടെ കാര്യത്തിൽ മാതാവിന്റെ അതിരുകടന്ന ഉത്കണ്ഠ.

3. മറ്റുളളവരിൽനിന്നു മാറി ഏകനായി വിടിന്റെ ചുമരിനുള്ളിൽ ഒറ്റക്കിട്ടു വളർത്തുക.

4. ജിന്ന്, പിശാച് തുടങ്ങിയ അദൃശ്യമായ സൃഷ്ടികളുടെ ഭാവനാ കഥകൾ മെനഞ്ഞടുത്തു കുട്ടികൾക്ക് കഥനം ചെയ്തു കൊടുക്കുക.

താഴെ പറയുന്ന കാര്യങ്ങളെ അവലംബിച്ചുകൊണ്ട് ഈ പ്രതിഭാസത്തെ മറികടക്കവുന്നതാണ്:

1) കുഞ്ഞൂപ്രായം മുതൽതന്നെ അല്ലാഹുവിലുള്ള വിശ്വാസത്തിലും ആരാധനയിലും കുട്ടികൾക്ക് വളരാൻ അവസരമുണ്ടാക്കുക. ശാരീരികവും മാനസികവുമായ ആരാധനകൾ പുലർത്തിവരുന്ന കുട്ടികൾ പരീക്ഷണത്തിൽ പെെട്ടന്നു ആശങ്കയും അക്ഷമയും കാണിക്കുന്ന പ്രകൃതക്കാരവുകയില്ല. പ്രത്യേകിച്ചു നമസ്‌കാരവും തവക്കുലും ഉള്ള കുട്ടികൾ. അല്ലാഹു പറയുന്നു: “തീർച്ചയായും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്. അതായത് തിന്മ ബാധിച്ചാൽ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും നന്മ കൈവന്നാൽ തടഞ്ഞുവെക്കുന്നവനായിക്കൊണ്ടും; നമസ്‌കരിക്കുന്നവരൊഴികെ അതായത് തങ്ങളുടെ നമസ്‌കാരത്തിൽ സ്ഥിരമായി നിഷ്ഠയുള്ളവർ’’ (അൽമആരിജ്:19-23).

2) സാധ്യമായ മേഖലകളിൽ സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാനും ഉത്തരവാദിത്തങ്ങൾ ഏെറ്റടുക്കാനും വളർച്ചക്കൊത്ത് കാര്യങ്ങൾ നടപ്പാക്കാനും അവർക്ക് സ്വാതന്ത്ര്യവും പ്രോൽസാഹനവും നൽകി ക്കൊണ്ടിരിക്കുക.

3) കുട്ടികളെ വറുതെ പേടിപ്പിക്കാതിരിക്കുക. പ്രത്യേകിച്ച് കരയുന്ന നേരത്ത് വന്യജീവികളെയും മറ്റും പറഞ്ഞ് കരച്ചിൽ നിർത്താൻ കുറുക്കുവഴികൾ തേടാതിരിക്കുക.

4) മറ്റുളളവരുമായി ഇടപെടാനും അഭിപ്രായങ്ങൾ തുറന്നുപറയാനും മറ്റുള്ളവരെ പരിചയപ്പെടാനും അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുക. തന്മൂലം മാനസിക സ്ഥൈര്യം നേടാനും ചുറ്റുപാടുകളുടെ സ്‌നേഹവും പ്രശംസയും കരഗതമാക്കാനും കഴിയും. അത് അവർക്ക് കൂടുതൽ ധൈര്യവും മുന്നോട്ടുളള ഗമനത്തിന്ന് ശക്തിയും നൽകും.

നബി ﷺ  പറഞ്ഞു: “സത്യവിശ്വാസി ഇണങ്ങുന്നവനും ഇണക്കുന്നവനുമാണ്. ഇണങ്ങുകയും ഇണക്കുകയും ചെയ്യാത്തവരിൽ നന്മയില്ല. മനുഷ്യരിൽ ഏറ്റവും നല്ലവർ മനുഷ്യർക്ക് ഏറ്റവും ഉപകാരപ്പെടുന്നവരാണ്’’ (സഹീഹ് അൽജാമിഅ്).

5) നബി ﷺ യുടെയും സ്വഹാബികളുടെയും സത്യപാതയിലുള്ള പോരാട്ടത്തിന്റെ കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയോ ചരിത്രം വായിക്കാൻ നൽകുകയോ ചെയ്യൂക.

6) മനഃശാസ്ത്ര വിദഗ്ധധരുടെ അഭിപ്രായത്തിൽ കുട്ടികളിൽ ചില പ്രത്യേക വസ്തുക്കളോടോ കാര്യങ്ങളോടോ അന്യായമായ ഭയം നില നിൽക്കുന്നുവെങ്കിൽ അതിനെ കൂടുതൽ അടുത്തറിയാൻ അവസരമുണ്ടാക്കുകയെന്നതാണ്. ഒഴുകുന്ന വെള്ളത്തെ ഭയമാണെങ്കിൽ കൂടുതൽ തവണ ഒഴുക്കുവെള്ളത്തിൽ ഇറങ്ങാനും കളിക്കാനും വഴിയൊരുക്കുക. ഇതുപോലെ മറ്റു കാര്യങ്ങളും. സ്വാഭാവികമായും ആ ഭയം നീങ്ങിക്കൊള്ളും; ഇൻ ശാ അല്ലാഹ്.

ചുരുക്കത്തിൽ, വിശ്വാസിയുടെ പ്രകൃതം തന്നെ ധൈര്യം നിറഞ്ഞതാണ്. അവൻ പ്രപഞ്ച സ്രഷ്ടാവിന്റെ അടിമയാണ്. വിധിയിൽ വിശ്വസിക്കുന്നവനും ക്ഷമയോടെ ജീവിതത്തെ നേരിടേണ്ടവനുമാണ്. അതിനു പാകത്തിൽ വളർന്നു വലുതാകേണ്ടവരാണ് വിശ്വാസികളുടെ മക്കൾ. ആ വളർച്ചക്ക് സാധ്യത നൽകുന്ന എല്ലാ അനുവദനീയ മാർഗങ്ങളും സ്വീകരിച്ചാവണം ഈ പ്രായത്തിലെ പാരന്റിഗ്.

(തുടരും)