പെൺമനസ്സിന്റെ ശാക്തീകരണം

അശ്‌റഫ് എകരൂൽ

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

പൗരാണികമെന്നോ ആധുനികമെന്നോ വ്യത്യാസമില്ലാതെ, ദൈവികമാർഗദർശനത്തിന്റെ കിരണങ്ങളേൽക്കാത്ത ഏതൊരു സമൂഹത്തിലും ദുർബലതപേറുന്ന ഒരു വിഭാഗമാണ് പെൺകുഞ്ഞുങ്ങൾ. പൊതുവെ നീതിപൂർവമായ സമീപനം ലഭ്യമാക്കുന്നതിൽ കുടുംബവും സമൂഹവും വരുത്തുന്ന വീഴ്ച പെൺകുട്ടികളുടെ മാനസിക വളർച്ചയിൽ അസന്തുലിതത്വം വരുത്തിവയ്ക്കുന്നു. തന്മൂലം ‘ഞാൻ അത്രയേ ഉള്ളൂ’ (I am not ok) എന്ന അധമചിന്ത അവളുടെ മനസ്സിനെ അടിമപ്പെടുത്തുന്നു. അതല്ലങ്കിൽ ചുറ്റുപാടിനോടുള്ള പ്രതികാരബോധം എല്ലാ ധാർമിക പരിമിതികളെയും ലംഘിക്കാനുള്ള നിഷേധാത്മക ത്വര (I don’t care) അവളെ ഭരിക്കുന്നു. ഇവ രണ്ടും സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും അപകടമാണ്. അതുകൊണ്ടുതന്നെ പ്രത്യേക പരിഗണനയർഹിക്കുന്ന ഇവരുടെ മാനസിക വളർച്ച സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്.

എന്നാൽ ‘പെണ്ണുടലി’ന്റെ (മാത്രം) വളർച്ചക്കും സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും വേണ്ടി ഒച്ചയുണ്ടാക്കുന്ന ഭൗതികന്മാരുടെ ബഹളത്തിനുള്ളിൽ സമൂഹം അവഗണിക്കുന്നതോ മറന്നുപോകുന്നതോ ആയ ഒരു തലമാണ് പെണ്ണിന്റെ മാനസിക വളർച്ചയും ശാക്തീകരണവും. പെൺപ്രശ്‌നങ്ങളെ പരിഗണിക്കുന്നവരുടെ കണ്ണിന്റെയും ക്യാമറയുടെയും ലെൻസുകൾ അധികവും പെണ്ണിന്റെ ഉടലിനപ്പുറത്തേക്ക് കടന്നു മനസ്സിലേക്ക് എത്തിനോക്കാൻ ഇഷ്ടപ്പെടാറില്ല. കാരണം അത് അവരുടെ കപട താൽപര്യങ്ങളുടെ മുഖമൂടി തകർക്കും എന്നതുതന്നെ. ഇവിടെയാണ് പെൺകുഞ്ഞുങ്ങളുടെ മാനസിക വളർച്ചയെ മറ്റു വളർച്ചയെപോലെ പരിഗണിക്കുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ വേറിട്ടുനിൽക്കുന്നതും അത് അവരുടെ സമ്പൂർണ വളർച്ചയെ സാധ്യമാക്കുന്നതും.

പെൺകുഞ്ഞുങ്ങളുടെ മാനസികവളർച്ചയോടു നീതിപൂർവം സമീപിക്കാൻ സമൂഹത്തിനെ പാകപ്പെടുത്തിയെടുക്കുകയെന്ന പ്രാഥമിക ദൗത്യമാണ് ഇസ്‌ലാം ഈ രംഗത്ത് ആദ്യമായി ചെയ്യുന്നത്. ഈ അർഥത്തിൽ പെൺവിഷയത്തിലെ ‘പൊതുബോധ’ത്തെ ചികിൽസിക്കുന്നതിനായി ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്ന മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ നമുക്ക് പരിശോധിക്കാം. അതാവട്ടെ പെണ്ണിന്റെ മാനസിക വളർച്ചയെ ത്വരിതപ്പെടുത്തുന്നത് കൂടിയാണ്

1) പെൺജനനത്തോടുള്ള കാഴ്ചപ്പാടിനെ ഇസ്‌ലാം മാറ്റിമറിച്ചു

അജ്ഞാനകാല സമൂഹങ്ങളിൽ പലരും പെൺജനനത്തെ ദുശ്ശകുനമായും അപമാനമായും സമൂഹത്തിലെ സ്ഥാനക്കുറവായും കണ്ടിരുന്ന അവസ്ഥയെ മാറ്റി, സന്തോഷവാർത്തയായി അതിനെ കാണാൻ അവരെ ഇസ്‌ലാം പഠിപ്പിച്ചെടുത്തു. പെൺജനനം വെറുക്കപ്പെട്ടതായി തോന്നുന്ന കാഴ്ചപ്പാടിനെ വിമർശിച്ചുകൊണ്ട് അല്ലാഹുവിന്റെ വെളിപാട് വന്നെത്തി. സ്ത്രീജീവിതത്തിന്റെ ഇരുണ്ടഭൂമികയിൽ പുതിയ സൂര്യോദയത്തിന്റെ തുടക്കമായിരുന്നു അത്.

അല്ലാഹു പറയുന്നു: “അവരിൽ ഒരാൾക്ക് ഒരു പെൺകുഞ്ഞുണ്ടായ സന്തോഷവാർത്ത നൽകപ്പെട്ടാൽ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാർത്ത നൽകപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താൽ ആളുകളിൽനിന്ന് അവൻ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണിൽ കുഴിച്ചുമൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക! അവർ എടുക്കുന്ന തീരുമാനം എത്ര മോശം! പരലോകത്തിൽ വിശ്വസിക്കാത്തവർക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവൻ പ്രതാപിയും യുക്തിമാനുമാകുന്നു’’ (ക്വുർആൻ 16:58-60).

അവളുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുകയും വിശാസികളുടെ മനസ്സിനെ വിറകൊള്ളിക്കുകയും ചെയ്യുംവിധം വിചാരണനാളിലെ രംഗം അല്ലാഹു ഓർമപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെൺകുട്ടിയോടു ചോദിക്കപ്പെടുമ്പോൾ, താൻ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്’’ (81:89).

പെൺജനനത്തോടുള്ള അജ്ഞാനകാലത്തെ കാഴ്ചപ്പാട് ഇസ്‌ലാമിൽ എത്തിയശേഷവും തുടരുന്നതിനെ നബി ﷺ  ശക്തമായി താക്കീത് ചെയ്തു. അവിടുന്ന് പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: “മൂന്നു കാര്ര്യങ്ങൾ നിഷിദ്ധമാണ്.: (ഒരു നിവേദനത്തിൽ അല്ലാഹു നിങ്ങൾക്ക് നിഷിദ്ധമാക്കിയെന്നും മറ്റൊരു നിവേദനത്തിൽ അല്ലാഹുവിന്റെ ദൂതൻ നിഷിദ്ധമാക്കി എന്നുമുണ്ട്) മാതാക്കളെ ധിക്കരിക്കൽ, പെൺകുഞ്ഞിനെ കുഴിച്ചുമൂടൽ, നൽകാനുള്ളത് കൊടുക്കാതിരിക്കലും അനർഹമായത് ചോദിക്കലും.’’

മറ്റൊരിക്കൽ നബി ﷺ  പറഞ്ഞു: “നിങ്ങൾ പെൺകുട്ടികളെ വെറുക്കരുത്. അവർ ഇടപെടുമ്പോൾ (മാതാപിതാക്കൾക്ക്) ആനന്ദമുണ്ടാക്കുന്നവരും (അല്ലാഹുവിന്റെ അടുക്കൽ) വിലയേറിയവരും (വിവാഹത്തിനായി) ഒരുക്കേണ്ടവരുമാണ്’’ (ത്വബ്‌റാനി).

വിശുദ്ധ ക്വുർആനിലെ സുറതുശ്ശൂറയിലെ 49, 50 വചനങ്ങളിൽ മനുഷ്യർക്കു മക്കളെ നൽകുന്നതിനെ കുറിച്ചുള്ള പരാമർശം ശ്രദ്ധേയമാണ്. അല്ലാഹു പറഞ്ഞു: “അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആൺമക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക് അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തികൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു.’’

ഈ വചനങ്ങളെ വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) പറയുകയാണ്: “അല്ലാഹു അവൻ ഉദ്ദേശിക്കുംവിധം മക്കളെ നൽകുന്നുവെന്ന് പറഞ്ഞപ്പോൾ പെണ്ണിനെയാണ് മുന്തിച്ചത്, പിന്നെയാണ് ആണിനെ പരാമർശിക്കുന്നത്. അത് പെണ്ണിന്റെ ജനനത്തെ മോശമായിക്കണ്ട ഒരു സമൂഹത്തെ അതിന്റെ മഹത്ത്വം ബോധിപ്പിക്കാനാണ്. നാം പൊതുവെ ആണും പെണ്ണും എന്നാണ് പറയാറുള്ളത്!’’

2) പെൺകുട്ടികളെ പരിപാലിക്കുന്നതിന്റെ മഹത്ത്വം പ്രഖ്യാപിച്ചു

പെൺകുട്ടികളെ പരിപാലിക്കുന്നതിന്റെ മഹത്ത്വവും പ്രതിഫലവും പ്രത്യേകം എടുത്തുപറഞ്ഞു സമൂഹത്തിന്റെ മനംമാറ്റത്തിൽ ഒതുക്കിയില്ല പെണ്ണിന്റെ വളർച്ചയെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ; മറിച്ച് അവരെ വളർത്തുന്നതിനുള്ള ഉന്നത പ്രതിഫലവും മഹത്ത്വവും ദൈവദൂതൻ ഇസ്‌ലാമിക സമൂഹത്തെ പഠിപ്പിച്ചു. ഗൃഹസംസ്‌കരണത്തിന്റെ ഏറ്റവും നല്ല മാർഗം സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയെന്നതാണ്. അവരെ അറിവും സംസ്‌കാരവും ദൈവഭക്തിയും ഔന്നത്യബോധവും ഉള്ളവരാക്കി വളർത്തിയാൽ അതിന്റെ ഗുണഫലം അവരിലൂടെ സമൂഹത്തിനു ലഭിക്കുന്നത് നല്ല തലമുറകളുടെ ഉണ്മയാണ്. അതിന്ന് ഏറ്റവും ആവശ്യം അവരെ സ്‌നേഹവും ലാളനകളും സുരക്ഷിതബോധവും നൽകി വളർത്തുകയെന്നതാണ്. അവരുടെ മനസിക വളർച്ചയാണ് അവരെ ലക്ഷ്യപ്രാപ്തിയിലേക്ക് കൈപിടിക്കുന്നത്. ആൺകുട്ടികളെക്കാൾ കൂടുതൽ ശ്രദ്ധയും പരിഗണയും അവർക്ക് ലഭിക്കേണ്ടതുണ്ട്. അതിനാൽതന്നെ പെൺകുട്ടികളുടെ പരിപാലനം ശ്രമകരം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് അവർക്കുള്ള പരിപാലനത്തിന് പ്രത്യേകം പ്രതിഫലവും മഹത്ത്വവും എടുത്തുപറയുന്നത്.

അല്ലാഹുവിന്റെ തിരുദൂതർ  ﷺ  പറയുകയുണ്ടായി: “ആരെങ്കിലും രണ്ടു പെണ്മക്കളെ പ്രായപൂർത്തിയാകുന്നതുവരെ നല്ല ശിക്ഷണവും വിദ്യാഭ്യാസവും നൽകി (ക്ഷമാപൂർവം) വളർത്തിയാൽ, ഞാനും അവനും ഉയിർത്തെന്നേൽപിന്റെ നാളിൽ ഇതുപോലെയായിരിക്കും.’’ ഇങ്ങനെ പറഞ്ഞിട്ട് നബി ﷺ  തന്റെ വിരലുകൾ അടുപ്പിച്ചുപിടിച്ചു കാണിച്ചു’’(മുസ്‌ലിം).

ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസിൽ, മഹതി ആഇശ(റ); തന്റെ വീട്ടിൽ വല്ലതും കിട്ടാൻ വേണ്ടി രണ്ടു പെണ്മക്കളെയുമായി വന്ന സ്ത്രീ, തനിക്ക് കിട്ടിയ കാരക്കച്ചുളകൾ രണ്ടു മക്കൾക്ക് വീതിച്ചു കൊടുത്തതിനെ ആശ്ചര്യത്തോടെ നബിയോട് വിശദീകരിച്ചപ്പോൾ നബി ﷺ  അവരോടു പ്രതികരിച്ചത് ഇപ്രകാരമാണ്: ‘ഇത്തരം പെൺകുഞ്ഞുങ്ങളുടെ കാര്യത്തിൽ ആരെങ്കിലും പരീക്ഷിക്കപ്പെടുകയും എന്നാൽ ആ പെൺകുഞ്ഞുങ്ങളെ നന്നായി നോക്കുകയും ചെയ്താൽ അവർ അവൾക്ക്(മാതാവിന്) നരകത്തിൽനിന്നുള്ള മറയാവും.’’ മുസ്‌ലിമിന്റെ നിവേദനത്തിൽ ‘അവർ നിമിത്തം അവൾക്ക് സ്വർഗം നിർബന്ധമാകും അല്ലെങ്കിൽ നരകമോചനം നൽകും’ എന്നണുള്ളത്.

പെണ്മക്കളോ സഹോദരികളോ ആരാണെങ്കിലും ഈ ശ്രദ്ധയും പരിഗണയും നൽകി വളർത്തിയാൽ അതുമൂലം അവർക്ക് സ്വർഗം ലഭിക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അബുസഈദുൽ ഖുദ്‌രിയ്യ്(റ) നിവേദനം ചെയ്യുന്നു: “ആർക്കെങ്കിലും മൂന്നു പെണ്മക്കളോ അല്ലെങ്കിൽ മൂന്നു സഹോദരികളോ അല്ലെങ്കിൽ രണ്ടു പെണ്മക്കളോ, രണ്ടു സഹോദരികളോ ഉണ്ടാവുകയും എന്നിട്ട് അവർക്ക് നല്ല ശിക്ഷണം നൽകി വളർത്തുകയും അവരുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്താൽ അവന്നു തീർച്ചയായും സ്വർഗമുണ്ട്’’ (അബുദാവൂദ്, തിർമിദി).

നോക്കുക! എത്ര സൂക്ഷ്മമായാണ് ഇസ്‌ലാം ഈ കാര്യം പഠിപ്പുക്കുന്നത്! ഇന്നും ഭൂരിപക്ഷം മനസ്സുകളെയും ഭരിക്കുന്നത് പെൺകുഞ്ഞുങ്ങൾ ഭാരമാണെന്നാണ്. ‘അതും പെണ്ണാണ്’ എന്ന പ്രതികരണത്തിൽ ഈ നീരസമുണ്ട്. എന്നാൽ യഥാർഥ സത്യവിശാസികൾക്ക് പെൺകുഞ്ഞുങ്ങൾ എല്ലാ അർഥത്തിലും അല്ലാഹു പറഞ്ഞതുപോലെ സന്തോഷവാർത്തതന്നെയാണ്. കൂടുതൽ വാത്സല്യവും കാരുണ്യവും നൽകി രക്ഷിതാക്കളുടെ ചിറകിനുള്ളിൽ അവരെ കൊണ്ടുനടക്കണമെന്ന് മാത്രം.

3) ആൺ-പെൺ മക്കൾക്കിടയിൽ തുല്യത കാണിക്കാൻ പറഞ്ഞു

പെണ്മക്കളുടെ മാനസിക ഉയർച്ചയും വളച്ചയും സാധ്യമാക്കാൻ ഇസ്‌ലാം നൽകുന്ന മറ്റൊരു മനഃശാസ്ത്രപരമായ നിർദേശമാണ് അവർക്കിടയിൽ തുല്യത കാണിക്കുകയും ആൺമക്കളെ പെണ്മക്കളെക്കാൾ ഉയർത്തിവെക്കാതിരിക്കുകയും ചെയ്യുകയെന്നത്. സ്‌നേഹത്തിലും വാത്സല്യത്തിലും സൗകര്യങ്ങളും സമ്മാനങ്ങളും മറ്റും നൽകുന്നതിലും അവർക്കിടയിൽ വിവേചനമരുത് എന്നാണ് ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിക്കുന്നത്. സാധാരണ നമ്മുടെ വീടകങ്ങളിൽ കേൾക്കുന്ന ഒരു പ്രതികരണമാണ് ‘നീ പെണ്ണല്ലേ,’ ‘അവനൊരു ആണല്ലേ,’ ‘നീനക്ക് താണുകൊടുത്തുകൂടേ’ എന്നൊക്കെ. ഇതെല്ലാം പെണ്ണിന്റെ മാനസിക വളർച്ചയിൽ മരവിപ്പ് ഉണ്ടാക്കുന്നതാണ്. ഇതിനെ ഇസ്‌ലാം നിരാകരിക്കുന്നു. റസൂൽ  ﷺ  പറയുന്നു: “ആർക്കെങ്കിലും ഒരു പെൺകുഞ്ഞ് ഉണ്ടാവുകയും അവളെ കുഴിച്ചുമൂടാതെയും നിന്ദിക്കാതെയും ആൺകുഞ്ഞിനെ അവളെക്കാൾ മുന്തിക്കാതെയും വളർത്തിയാൽ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്’’ (അബുദാവൂദ്).

ഏതൊരു മനഃശാസ്ത്ര വിദഗ്ധനെയും അതിശയിപ്പിക്കുംവിധത്തിൽ അതിസൂക്ഷ്മായ അധ്യാപനങ്ങളാണ് അല്ലാഹുവിന്റെ പ്രവാചകൻ മനുഷ്യന്റെ മുന്നിൽ വയ്ക്കുന്നത്. ശാസ്ത്രീയവും പ്രായോഗികവുമായ ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട് മക്കളെ വളർത്തുന്ന ഏതൊരു രക്ഷിതാവും സമൂഹത്തിനു സമ്മാനിക്കുന്നത്, സ്‌നേഹനിധിയായ ഭാര്യയെയും വാത്സല്യത്തിന്റെ നിറകുടമാവാൻ പ്രാപ്തമായ മാതാവിനെയും പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടുനീങ്ങാൻ ധൈര്യം പകരുന്ന അധ്യാപികയെയും ഒക്കെയാണ്.

സത്യത്തെ പ്രണയിക്കുന്ന അലിയ്യുബിനു അബീതാലിബിനെയും വിവേകത്തെ ചുമക്കുന്ന മുആവിയയെയും, ധൈര്യശാലിയായ അബ്ദുല്ലാഹിബ്‌നു സുബൈറിനെയും പ്രസവിച്ചത് സത്യവിശ്വാസവും ഔന്നത്യബോധവും മനസ്സിലുറച്ച ഇത്തരം സ്ത്രീകളാണ്. നമ്മുടെ പെണ്മക്കളിലും ഈ നിലവാരത്തിലുള്ള മാനസിക ശാക്തീകരണം ഉണ്ടാക്കുന്നതാവണം ഇസ്‌ലാമിക് പാരന്റിങ്.