ശാരീരികവളർച്ചയുടെ അനിവാര്യ തലങ്ങൾ

അശ്‌റഫ് എകരൂൽ

2022 നവംബർ 19, 1444 റബീഉൽ ആഖിർ 24

മനുഷ്യന്റെ ശാരീരികവളർച്ചയും മാനസികവളർച്ചപോലെ വളരെ പ്രധാനപ്പെട്ടതാണ്. മാത്രമല്ല; അതിലെ ഏറ്റവ്യത്യാസങ്ങൾ മാനസികവളർച്ചയിലെ ഏറ്റവ്യത്യാസങ്ങളെക്കാൾ കൂടുതൽ ദൃശ്യവുമാണ്. ആയതിനാൽ ശാരീരികവളർച്ചക്ക് അനിവാര്യമായ ഘടകങ്ങൾ കുട്ടികൾക്കു പരിഗണിച്ചുനൽകൽ മാതാപിതാക്കളുടെ നിർബന്ധ ബാധ്യതകളിൽ പെട്ടതാണ്. ആരോഗ്യവും ശാരീരികപുഷ്ടിയും കുട്ടികൾക്കു നേടിക്കൊടുക്കുംവിധം വളർച്ചക്ക് അനിവാര്യമായ എല്ലാ സൗകര്യങ്ങളും അവർക്ക് ലഭ്യമാക്കേണ്ടതുണ്ട്. അത് അവർക്ക് ഉറപ്പുവരുത്തുന്ന നിർദേശങ്ങൾ ഇസ്‌ലാം നൽകുന്നുണ്ട്.

അവരുടെ ആരോഗ്യകരമായ വളർച്ചക്ക് ഉതകുന്ന ഭക്ഷണവും വസ്ത്രവും പാർപ്പിടവും ലഭ്യമാക്കുകയെന്നതാണ് അതിൽ പ്രഥമമായത്. പോഷകാഹാരക്കുറവു നിമിത്തമോ കാലാവസ്ഥാവ്യതിയാനംമൂലമോ മോശമായ പരിസരം മുഖേനയോ രോഗബാധിതരാകാതിരിക്കാൻ അത് അത്യാവശ്യമാണ്. അതിനായി തന്റെ സമ്പത്ത് ആവശ്യാനുസരണം ചെലവഴിക്കേണ്ടവനാണ് കുടുംബനാഥൻ. അതിന് അല്ലാഹുവിന്റെ അടുക്കൽനിന്ന് മഹത്തായ പ്രതിഫലമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.

നബി ﷺ  പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്ന ഒരു ദീനാർ, അടിമമോചനത്തിനായി ചെലവിടുന്ന ഒരു ദീനാർ, അഗതിക്കുവേണ്ടി ചെലവിടുന്ന ഒരു ദീനാർ, കുടുംബത്തിന്നുവേണ്ടി ചെലവിടുന്ന ഒരു ദീനാർ, ഇതിൽ പ്രതിഫലത്തിൽ ഏറ്റവും മഹത്തരമായത് നിന്റെ കുടുംബത്തിനുവേണ്ടി ചെലവഴിച്ച ദീനാറാകുന്നു’’ (മുസ്‌ലിം)

മക്കൾക്ക് ആരോഗ്യദായകമായ ഭക്ഷണവും സുരക്ഷിതമായ വീടും അനുയോജ്യമായ വസ്ത്രങ്ങളും ഉറപ്പുവരുത്തുന്നതിലൂടെ അവരുടെ ശാരീരിക ആരോഗ്യവും വളർച്ചയും മെച്ചപ്പെടുത്താൻ സാധിക്കുന്നു. ആരോഗ്യരംഗത്തെ പ്രവാചക നിർദേശങ്ങൾ കണിശമായി ശീലിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ശാരീരികവളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് കുട്ടിക്കാലം. ഈ ഘട്ടത്തിൽ വരുന്ന വീഴ്ചയോ അവഗണനയോ ഭാവിയിൽ ഒരു വ്യക്തിക്ക് സ്വയം തിരുത്തൻ കഴിയാത്തതാവും.

ശാരീരികവളർച്ചയിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന മൂന്ന് കാര്യങ്ങളാണ് ഭക്ഷണം, പാനീയം, ഉറക്കം എന്നിവ. കുട്ടികളിൽ നല്ല ശീലങ്ങളും സ്വഭാവങ്ങളും ഉണ്ടായിത്തീരാൻ ഈ രംഗത്തെ മാർഗദർശനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.

അതിൽ ഒന്ന് ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിൽനിന്ന് മക്കളെ തടയുകയെന്നതാണ്. നല്ല ഭക്ഷണം ആവശ്യത്തിന് നൽകുകയെന്നതുപോലെ പ്രാധാന്യമുള്ളതാണ് അമിതഭോജനത്തെയും അനാരോഗ്യകരമായ ഭക്ഷണ പാനീയങ്ങളെയും തടയുകയെന്നതും.

നബി ﷺ  പറഞ്ഞു: “വയറിനെക്കാൾ മോശമായ ഒരു പാത്രവും മനുഷ്യൻ നിറയ്ക്കുന്നില്ല. മനുഷ്യപുത്രന് മുതുക് നിവർന്നുനിൽക്കാനുള്ള ഏതാനും പിടി ഭക്ഷണം മതിയാകുന്നതാണ്. അത്യാവശ്യമാണെങ്കിൽ വയറിന്റെ മൂന്നിൽ ഒന്ന് ഭക്ഷണത്തിനും മൂന്നിൽ ഒന്ന് പാനീയത്തിനും മൂന്നിൽ ഒന്ന് വായുവിനും (എന്ന രീതിയിൽ) മതിയാകുന്നതാണ്’’ (അഹ്‌മദ്).

അമിതഭോജനത്തെ കുറിച്ചുള്ള താക്കീത് ഉൾക്കൊള്ളുന്നതാണ് ഈ പ്രവാചകവചനം. ഇന്ന് ലോകത്ത് കുട്ടികൾക്കിടയിലെ ഏറ്റവും വലിയ വില്ലൻ ഭക്ഷണ പാനീയങ്ങളുടെ അമിതത്വം മൂലമുണ്ടാകുന്ന രോഗങ്ങളാണെന്നത് നമുക്ക് പാഠമാവേണ്ടതുണ്ട്. ഈ രംഗത്തുള്ള നബിപാഠങ്ങൾ നമ്മൾ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.

വെള്ളം കുടിക്കുമ്പോൾ രണ്ടുമൂന്നു ഇറക്കുകളായി കുടിക്കാൻ നബി ﷺ  പഠിപ്പിച്ചത് കാണാം. അതുപോലെ ഭക്ഷണ പാനീയങ്ങളിൽ ഊതുന്നതിനെ വിലക്കിയതും കാണാവുന്നതാണ്. ഇമാം തിർമിദി ഇബ്‌നുഅബ്ബാസി(റ)ൽനിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: നബി ﷺ  പറഞ്ഞു: “നിങ്ങൾ കഴുതകൾ കുടിക്കുന്നതുപോലെ (ഒറ്റവലിക്ക്) കുടിക്കരുത്. മറിച്ച്, രണ്ടോ മൂന്നോ പ്രാവശ്യമാക്കി കുടിക്കുക. കുടിക്കുമ്പോൾ നിങ്ങൾ ബിസ്മി ചൊല്ലുകയും വിരമിച്ചാൽ ഹംദ് ചൊല്ലുകയും ചെയ്യുക.’’

മറ്റൊരു വചനത്തിൽ ഇങ്ങനെ കാണാം: അബു ഖതാദ(റ) ഉദ്ധരിക്കുന്നു: “പാത്രത്തിൽ ശ്വാസംവിടുന്നത് നബി ﷺ  വിരോധിച്ചു’’ (ബുഖാരി, മുസ്‌ലിം). തിർമിദിയുടെ റിപ്പോർട്ടിൽ ‘ശ്വാസം വിടുന്നതോ ഊതുന്നതോ വിലക്കി’ എന്നു കാണാം.

ഉറക്കത്തിന്റെ വിഷയത്തിലും നബിപാഠങ്ങൾ നാം കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്. ഉറക്കത്തിന്റെ കാര്യത്തിലുണ്ടാകുന്ന താളപ്പിഴവുകൾ കുട്ടികളുടെ ആരോഗ്യത്തെയും ദഹനവ്യവസ്ഥകളെയും ബൗദ്ധിക വ്യവഹാരങ്ങളെയും പ്രതികൂലമായി എത്രത്തോളം ബാധിക്കുമെന്നതിൽ രക്ഷിതാക്കൾ ബോധവാൻമാരാകേണ്ടതുണ്ട്. നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും നബി ﷺ  ഉണർത്തിയത് കുട്ടികൾക്കുകൂടി ബാധകമാണെന്നത് നാം മറന്നുകൂടാ. കൂടാതെ, ഉറങ്ങാൻ പോകുന്നതിനു മുമ്പ് വുദൂഅ്് ചെയ്യുക, വലതുഭാഗത്തേക്ക് ചരിഞ്ഞുകിടക്കുക, ദിക്‌റുകളും പ്രാർഥനകളും ചൊല്ലിക്കൊടുക്കുകയും ചൊ ല്ലാൻ ശീലിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം ആരോഗ്യകരമായതും ആശ്വാസകരവുമായ ഉറക്കം ലഭിക്കാൻ ആവശ്യമാണ്.

നബി ﷺ  പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ വിരിപ്പിലേക്ക് വരുമ്പോൾ നമസ്‌കാരത്തിന് എന്നപോലെ വുദൂഅ് ചെയ്യുക. പിന്നീട് വലതുഭാഗത്തേക്ക് ചരിഞ്ഞു കിടക്കുക. എന്നിട്ട് ‘അല്ലാഹുമ്മ അസ്‌ലംതു നഫ്‌സീ ഇലയ്ക....’ എന്ന പ്രാർഥന ചൊല്ലുക. അങ്ങനെ നീ മരിക്കുകയാണെങ്കിൽ ശുദ്ധപ്രകൃതിയിലായിക്കൊണ്ടാണ് നീ മരിക്കുക. അത് നിന്റെ അവസാനത്തെ വർത്തമാനമാക്കുക’’ (ബുഖാരി, മുസ്‌ലിം).

മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളുടെയും (ഭക്ഷണം, പാനീയം, ഉറക്ക്) താളാത്മകത ശാരീരിക സൗന്ദര്യത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉള്ളിലേക്കു തള്ളിയ കലങ്ങിയ കണ്ണുകൾ, പ്രസന്നത വറ്റിപ്പോയ മുഖം, കാൽസ്യത്തിന്റെ കുറവുകൊണ്ടോ അമിതമായ മധുരപലഹാരങ്ങളുടെ ഉപയോഗം നിമിത്തമോ നിരതെറ്റിയതോ കേടുപാടുകൾ നിറഞ്ഞതോ ആയ പല്ലുകൾ... ഇവയെല്ലാംമൂലം നഷ്ടപ്പെട്ടുപോയ സൗന്ദര്യത്തെ കുറിച്ച് ഭാവിയിൽ അവർ ആകുലപ്പെടുകയോ നിരാശ പിടിപെടുകയോ ചെയ്യുമ്പോൾ അവർ മനസ്സിലെങ്കിലും കുറ്റപ്പെടുത്തുന്നത് അശ്രദ്ധരായ രക്ഷിതാക്കളെയാകും.

ഇതുപോലെ ശാരീരിക വളർച്ചയിലെ അനിവാര്യഘടകമാണ് മക്കളെ പകർച്ചവ്യാധികളിൽനിന്നും മറ്റു രോഗാതുര പരിസരത്തുനിന്നും അകറ്റിനിർത്തുകയും ഇടകലരാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നത്. രോഗമുള്ളതിനെ ആരോഗ്യമുള്ളതിനോടൊപ്പം കൂട്ടിച്ചേർക്കരുതെന്നു നബി ﷺ  നിർദേശിച്ചതിൽ നമുക്ക് പാഠമുണ്ട്. വീട്ടിൽ രോഗമുള്ള മക്കളോ മുതിർന്നവരോ ഉണ്ടാകുമ്പോൾ മറ്റു കുട്ടികളോട് അവരിൽനിന്ന് അകലം പാലിക്കാൻ നിർദേശിക്കുകയും അത് ശീലിപ്പിക്കുകയും ചെയ്യുകയെന്നത് രക്ഷിതാക്കളുടെ മതപരമായ ബാധ്യതകൂടിയാണെന്നർഥം. കൊറോണ പരന്നപ്പോളാണ് ഇത്തരം കാര്യങ്ങൾ നാം ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്നാൽ പ്രവാചകൻ ﷺ  കണിശമായി അക്കാലത്തുതന്നെ ഇത്തരം നിർദേശങ്ങളെല്ലാം തന്നിട്ടുണ്ട്!

രോഗബാധിതരായാൽ അനിവാര്യമായ ചികിത്സ നൽകുന്നതിൽ അലംഭാവമരുത് താനും. പല രക്ഷിതാക്കളും ഒന്നുകിൽ ചികിത്സയിൽ അമിതത്വം കാണിച്ച് ആശങ്കയിൽ അതിരുവിടുന്നവരോ, ആവശ്യമായ ചികിത്സ നൽകാതെ പ്രാർഥനയിൽ മാത്രം അഭയം തേടുന്നവരോ ആണ്. ചിലരാകട്ടെ നിഷിദ്ധമായ മാർഗങ്ങളും അതിനായി തേടും. മുതിർന്നവരുടെ കാര്യത്തിലെന്നപോലെ മക്കളുടെ കാര്യത്തിലും ഈ രംഗത്ത് ഇസ്‌ലാമിന്റെത് മധ്യമ നിലപാടാണ് എന്ന് കാണാൻ കഴിയും. രോഗവും ചികിത്സയും ദൈവികമായ വ്യത്യസ്ത വിധികളാണെന്നും മനുഷ്യൻ ഭൗതികമായ ചികിത്സാമാർഗങ്ങളിലൂടെ ശമന കാരണങ്ങൾ സ്വീകരിക്കുകയും രോഗശമനം പൂർണമായി നൽകാൻ കഴിവുള്ള അല്ലാഹുവിനോട് പ്രാർഥിക്കുകയുമാണ് ചെയ്യേണ്ടതെന്നും നാം തിരിച്ചറിയണം. അതുപോലെ ഈ രംഗത്ത് പഠിപ്പിക്കപ്പെട്ട ദുആകളും ദിക്‌റുകളും അവലംബിക്കുകയും വേണം. ഈ വിഷയത്തിൽ പ്രവാചകന്റെ നിർദേശങ്ങൾ നിരവധി നമുക്ക് കാണാൻ കഴിയും.

ഇമാം മുസ്‌ലിം ജാബിറി(റ)ൽനിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: നബി  ﷺ  പറഞ്ഞു: “എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്. മരുന്ന് രോഗത്തെ ബാധിച്ചാൽ (യോജിച്ചുവന്നാൽ) അല്ലാഹുവിന്റെ അനുമതിയോടുകൂടി അതിൽനിന്ന് മുക്തമാവും.’’

ഇമാം അഹ്‌മദ് തന്റെ മുസ്‌നദിൽ ഉസാമ ഇബ്‌നു ശരീക്(റ) എന്ന സ്വഹാബിയിൽനിന്ന് ഉദ്ധരിക്കുന്നു: “ഞാൻ ഒരിക്കൽ നബി ﷺ യുടെ അടുത്തുണ്ടായിരുന്നപ്പോൾ, ഏതാനും ഗ്രാമീണർ വന്നു നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ ചികിത്സിക്കണോ?’ നബി ﷺ  പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ ചികിത്സിക്കുവിൻ. തീർച്ചയായും അല്ലാഹു ഒരു രോഗത്തിനും ശമനം നിശ്ചയിക്കാതിരുന്നിട്ടില്ല; ഒരു രോഗത്തിനൊഴികെ.’ അവർ ചോദിച്ചു: ‘അത് ഏതാണ്?’ അദ്ദേഹം പറഞ്ഞു: ‘വാർധക്യം.’

ഇമാം അഹ്‌മദ്(റ) അബൂഹുറയ്‌റ(റ)യിൽനിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്; ഞാൻ ചോദിച്ചു: “തിരുദൂതരേ, നമ്മൾ മന്ത്രിക്കുന്ന മന്ത്രങ്ങൾ, ചികിത്സിക്കുന്ന മരുന്നുകൾ, സ്വീകരിക്കുന്ന സുരക്ഷാകാര്യങ്ങൾ ഇവ അല്ലാഹുവിന്റെ ‘വിധി’യിൽനിന്ന് വല്ലതും തടുക്കുമോ?’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘അതും അല്ലാഹുവിന്റെ ‘വിധി’ക്കുള്ളിൽ തന്നെയുള്ളതാണ്.’’

കുട്ടികളുടെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ടു നല്ല ബോധവും ബോധ്യവും തിരിച്ചറിവും മാതാപിതാക്കൾക്ക് അനിവാര്യമാണ്. ചെറിയ ഒരു രോഗത്തിന്റെ അടയാളം പ്രകടമാകുമ്പോഴേക്കും വലിയ ഹോസ്പിറ്റലുകളിൽ, സ്‌പെഷ്യലിസ്റ്റുകളെത്തന്നെ കാണിക്കുകയും അനിവാര്യമല്ലായിട്ടും നിരവധി മരുന്നുകൾ കുട്ടികളെ തീറ്റിക്കുകയും അതിനായി അനാവശ്യമായി പണം ചെലവഴിക്കുകയും ചെയ്യുന്ന മാതാക്കളുണ്ട്. അടുത്തുള്ള ഗവൺമെന്റ് ഹെൽത്ത് സെന്ററിൽ പോകുന്നത് മോശമായി ഇവർ കാണുന്നു. മരുന്നിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഇവർ ചിന്തിക്കാറില്ല.

നല്ല ഭക്ഷണം, മതിയായ ഉറക്കം, കായികക്ഷമത വളർത്തുന്ന കളികൾ, മിതമായ രീതിയിൽ സൂര്യപ്രകാശം കൊള്ളൽ പോലുള്ളവയിലൂടെ കുട്ടികൾ നേടേണ്ട പലതും ഗുളികകളിലൂടെയും ടോണിക്കുകളിലൂടെയും നേടാൻ വെമ്പൽകൊള്ളുന്നത് പലപ്പോഴും അവരല്ല, രക്ഷിതാക്കളാണ്. വെറും വെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതിലൂടെ മാറാൻ സാധ്യതയുള്ള കഫക്കെട്ടും ജലദോഷവും മൂക്കടപ്പുമെല്ലാം ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കുന്ന സിറപ്പുകളിലൂടെത്തന്നെ മാറ്റണം എന്ന് വാശിപിടിക്കാതിരിക്കാനുള്ള മനസ്സ് രക്ഷിതാക്കൾക്ക് വേണം. രോഗമുക്തിലഭിക്കാനും പൈശാചിക ഉപദ്രവങ്ങൾക്ക് കുട്ടികൾ വിധേയരാവാതിരിക്കാനുമുള്ള ദിക്‌റുകളും ദുആകളും ക്വുർആൻ പാരായണവും പതിവാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും അനിവാര്യമാണ്. ചുരുക്കത്തിൽ രോഗം വന്നാൽ ചികിത്സിക്കുന്നതും രോഗം വരാതിരിക്കാനുള്ള ജാഗ്രത പാലിക്കുന്നതും ഇസ്‌ലാമിക മര്യാദകളിൽ പെടുന്നതാണ്.

(തുടരും)