ശാരീരിക വളർച്ചയും വിനോദത്തിന്റെ പ്രാധാന്യവും

അശ്‌റഫ് ഏകരൂൽ

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

കളികൾക്കും വിനോദങ്ങൾക്കും കുട്ടികളുടെ വളർച്ചയിൽ ചെറുതല്ലാത്ത പങ്കുണ്ട്. അവ കുട്ടികളിൽ ഊട്ടപ്പെട്ട നൈസർഗികമായ ഒരു ചോദനയാണ്. ആ ചോദനയെ ശമിപ്പിക്കുന്നതിലൂടെ ശരീരം പ്രകൃതിപരമായ രീതിയിൽ ബലവത്തായ വളർച്ചനേടുന്നു. ഇതര ജീവികളിൽനിന്ന് വ്യത്യസ്തമായി, മനുഷ്യന്നാണ് ഏറ്റവും നീണ്ട കുട്ടിക്കാലമുള്ളത്. ഈ കാലയളവിലാണ് പേശികളടക്കം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറ്റവും കൂടുതൽ വളർച്ച പ്രാപിക്കുന്നത്. ഇതിനുശേഷം ഇത്ര വേഗത്തിലും ശക്തമായും വളർച്ച പ്രാപിക്കാനോ ഉറപ്പ് നേടിയെടുക്കാനോ സാധ്യമല്ല. കുട്ടിക്കാലത്തു കായികവിനോദങ്ങളിലൊന്നും ഏർപ്പെടാത്ത ഒരാൾക്ക് മുതിർന്നതിനുശേഷം ഉറച്ച കായികബലമുള്ള ഒരു ശരീരമുണ്ടാക്കിയെടുക്കുക എളുപ്പമല്ല. അതുകൊണ്ട്തന്നെ കുട്ടിക്കാലത്തെ ശാരീരിക വളർച്ചക്ക് അനിവാര്യമായ അവസരങ്ങളും പരിശീലനങ്ങളും ലഭ്യമാക്കൽ വളരെ പ്രധാനപ്പെട്ടതാണ്.

ഇസ്‌ലാമിക പണ്ഡിതന്മാർ പണ്ടുമുതലേ കുട്ടികളുടെ വിനോദത്തിനും ശാരീരികക്ഷമതയ്ക്കും ഉതകുംവിധം സമുദായത്തെ പ്രോത്സാഹിപ്പിച്ചിരുന്നതായി കാണാം. ഇമാം ഗസ്സാലി(റഹി) പറയുന്നു: “ഓത്തു പള്ളിയിലെ/പള്ളിക്കൂടത്തിലെ പഠനത്തിൽനിന്ന് കുട്ടികൾ വിരമിച്ചാൽ രസകരമായ കളികളിൽ ഏർപ്പെടാൻ അവരെ അനുവദിക്കൽ അനിവാര്യമാണ്. അത് പഠനത്തിന്റെ ഭാരത്തിൽനിന്നും വിരക്തിയിൽനിന്നും അവരെ മുക്തമാക്കും. മറിച്ച്, കളിക്കാൻ അവരെ അനുവദിക്കാതിരിക്കുന്നതുമൂലം ക്ഷീണവും വിരസതയും നിമിത്തം അവരുടെ മനസ്സ് മരിക്കുകയും ബൗദ്ധിക വളർച്ച മുരടിക്കുകയും അവസാനം പാഠശാലയിൽനിന്ന് രക്ഷപ്പെടാൻ തന്ത്രം കണ്ടത്തുകയും ചെയ്യും’’ (ഇഹ്‌യാ ഉലൂമുദ്ദീൻ).

ശാരീരിക വളർച്ചയെയും ആന്തരിക കെട്ടുറപ്പിനെയും സഹായിക്കുംവിധമുള്ള കായികവിനോദങ്ങൾ അനുവദിക്കുകയും പങ്കാളികളാക്കുകയും ചെയ്യുന്നതിലൂടെ ശക്തവാനായ ഒരു വിശ്വാസിയായി വളരാൻ രക്ഷിതാക്കൾ മക്കൾക്ക് വഴിയൊരുക്കേണ്ടതുണ്ട്. ശക്തനും ബലവനുമായ ഒരു വിശ്വാസി അല്ലാഹുവിന്റെ അടുക്കൽ ദുർബലനായ വിശ്വാസിയെക്കാൾ പ്രിയപ്പെട്ടവനാണ്.

കുട്ടിക്കാലം കടന്നു പ്രായപൂർത്തിയും വിവേകവും എത്തുന്നതിലൂടെ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്തങ്ങളിലേക്ക് അവർ പ്രവേശിക്കുകയായി. അതോടെ അവരുടെ ചെറുതും വലുതമായ കർമങ്ങൾ രേഖപ്പെടുത്തപ്പെടുകയുമായി. നമുക്കറിയാവുന്നതുപോലെ മതപരവും ഭൗതികവുമായ ഈ ഉത്തരവാദിത്തങ്ങളെല്ലാം നിർവഹിക്കാൻ ആരോഗ്യമുള്ള, ബലിഷ്ഠമായ ശരീരം ഉണ്ടാവുകയെന്നത് ആശ്വാസകരമാണ്. നമസ്‌കാരവും നോമ്പും ഹജ്ജും പ്രബോധന മേഖലയിലും മറ്റുമുള്ള ധർമസമരവും അന്നത്തിനായുള്ള അധ്വാനവുമെല്ലാം ശരിയാംവിധം ഒരു വിശ്വാസിക്ക് അനായാസം നിർവഹിക്കാൻ കഴിയണമെങ്കിൽ ആരോഗ്യവും ശക്തിയും ആവശ്യമാണെന്നു നമ്മൾ ചിന്തിക്കാറുണ്ടോ? സത്യത്തിൽ അതിന്ന് അടിത്തറയിടുന്നവർ രക്ഷിതാക്കളായ നമ്മളല്ലാതെ മറ്റാരാണ്?

പ്രവാചക അധ്യാപനങ്ങളും ജീവിത ചരിത്രവും പരതിയാൽ ശാരീരിക വളർച്ചയിൽ ശ്രദ്ധയൂന്നാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ധാരാളം മാർഗദർശനങ്ങൾ കാണാൻ കഴിയും. ഒരു പക്ഷേ, ചിലതെല്ലാം റസൂലി ﷺ ന്റെ കാലവും പരിസരവും പരിഗണിച്ചുള്ള സൂചകങ്ങളാവാമെങ്കിലും അവ കാലാനുസൃത പുനർവായനയിലൂടെ എന്നും എവിടെയും സാധ്യമാക്കാവുന്നതാണ്. കുട്ടികളിൽ കായികതാൽപര്യം നിലനിർത്താനും തന്മൂലം ശാരീരിക വളർച്ചയും പുഷ്ടിയും നേടിയെടുക്കാനും സഹായിക്കുന്ന നാലു വഴികളെ നമുക്ക് പരിശോധിക്കാം.

1. നീന്തൽ, അമ്പെയ്ത്ത്, കുതിരസവാരി പോലുള്ളവയിൽ പരിശീലനം നൽകൽ

ചില പ്രത്യേക കായികവിനോദങ്ങൾ പരിശീലിക്കലും അതിൽ പ്രാവീണ്യം നേടലും ഹദീസുകളിൽ എടുത്തു പറഞ്ഞതിൽനിന്നും അവയിൽ കുട്ടികൾക്കു നേരത്തെ മുതൽ പരിശീലനം ലഭ്യമാക്കുന്നത് മാതാപിതാക്കളുടെ കടമയാണെന്ന് പല പണ്ഡിതമാരും പറഞ്ഞതായി കാണാം. ഇത്തരം കായികമായ കഴിവുകൾ നേടിയടുക്കുന്നതിലൂടെ ആത്മവിശ്വാസവും ധൈര്യവും കുട്ടികളിൽ സ്ഥിരപ്പെടുത്താൻ കഴിയും. മാത്രവുമല്ല കുട്ടിക്കാലത്താണ് കൂടുതൽ നിർഭയത്തോടെയും തന്മയത്തോടെയും ഇത് പരിശീലിക്കാൻ കഴിയുന്നത്. ഇത്തരത്തിൽ പെട്ട മൂന്നെണ്ണമാണ് മുകളിൽ ഉദ്ധരിച്ച കായിക മേഖലകൾ. ഇമാം അൽബാനി(റഹി) സ്വഹീഹാണെന്നു വിലയിരുത്തിയ ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിട്ടുണ്ട്: “നാലു കാര്യങ്ങളൊഴികെ ദൈവസ്മരണയില്ലാത്തതെല്ലാം (അനഭിലഷണീയമായ) വിനോദങ്ങളിൽ പെട്ടതാണ്: ഒരാൾ തന്റെ ഇണയുമായി കൊഞ്ചിക്കുഴയുന്നത്, ഒരാൾ തന്റെ കുതിരയെ പരിശീലിപ്പിക്കുന്നത്, രണ്ടു ലക്ഷ്യസ്ഥാനത്തിന് ഇടയിലുള്ള നടത്തം (അമ്പെയ്‌ത്ത് പരിശീലനം), നീന്തൽ ശീലിക്കുന്നത്’’ (ത്വബ്‌റാനി).

അമ്പൈയ്ത്ത് പരിശീലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഹദീസുകൾ കാണാൻ കഴിയും. ഒരിക്കൽ നബി ﷺ  അമ്പെയ്ത്ത് പരിശീലിച്ചുകൊണ്ടിരിക്കുന്ന അസ്‌ലം ഗോത്രത്തിൽപെട്ട ഒരുപറ്റം ചെറുപ്പക്കാർക്കടുത്തുകൂടി കടന്നുപോയി. അപ്പോൾ നബി ﷺ  അവരോടു പറഞ്ഞു: “ഇസ്മാഈൽ സന്തതികളേ, നിങ്ങൾ നന്നായി അമ്പെയ്യൂ, നിങ്ങളുടെ പിതാവ് നല്ല ഒരു അമ്പെയ്ത്തുകാരനായിരുന്നു. അമ്പെയ്യൂ, ഞാൻ ഇന്നാലിന്നവരുടെ കൂടെയാണ്.’’ സൽമാൻ ഇബ്‌നു അക്വ്‌വാ(റ) പറഞ്ഞു: “അപ്പോൾ ഒരു ടീം അമ്പെയ്യുന്നത് നിർത്തിവച്ചു. അപ്പോൾ നബി ﷺ  ചോദിച്ചു: “എന്താണ് നിങ്ങൾ അമ്പെയ്യാത്തത്?’’ അവർ പറഞ്ഞു: “താങ്കൾ അവരോടപ്പമാണെങ്കിൽ ഞങ്ങൾ എങ്ങനെ അമ്പെയ്യും?’’ അപ്പോൾ നബി  ﷺ  പറഞ്ഞു: “അമ്പെയ്യൂ, ഞാൻ നിങ്ങളെല്ലാവരോടൊപ്പവുമാണ്’’ (ബുഖാരി).

സൂറതുൽ അൻഫാലിലെ ‘നിങ്ങൾ ശത്രുക്കൾക്കെതിരെ സാധ്യമായ എല്ലാത്തരം ശക്തിയിൽനിന്നും ഒരുക്കിവയ്ക്കുക’യെന്ന 60ാം വചനം പാരായണം ചെയ്തുകൊണ്ട് നബി ﷺ  പറഞ്ഞു: “തീർച്ചയായും ‘ശക്തി’ അമ്പെയ്ത്താണ്.’’ ഇത് പ്രവാചകൻ മൂന്നു പ്രാവശ്യം ആവർത്തിച്ചു (മുസ്‌ലിം). കാലാനുസൃതമായ ആയോധനകലകളിലും കായിക ഇനങ്ങളിലും വൈദഗ്ധ്യം നേടുന്നതിന്റെ പ്രാധാന്യമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

2. കുട്ടികൾക്കിടയിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക.

മത്സരബുദ്ധിയോടെ ഇടപെടാൻ അവസരമുണ്ടാകുമ്പോഴാണ് കായിക താൽപര്യങ്ങൾ വർധിക്കുക. പ്രവാചകൻ ﷺ  തന്റെ പ്രിതൃവ്യൻ അബ്ബാസി(റ)ന്റെ മക്കൾക്കിടയിൽ ഓട്ടമത്സരം സംഘടിപ്പിക്കുകയും മുന്നിലെത്തുന്നവരെ തന്റെ മാറോടു ചേർക്കുകയും തുടർന്ന് വരുന്നവരെ പിന്നാലെ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇമാം അഹ്‌മദ് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം: നബി ﷺ  അവരോടു പറയും: ‘വിജയികൾക്ക് ഇന്നാലിന്നത് തരും.’ എന്നിട്ട് അവർ നബിക്കുനേരെ ഓടിവരും. നബിയുടെ മുതുകിലും നെഞ്ചിലും അവർ വന്നുപതിക്കും. നബി ﷺ  അവരെയെല്ലാം ഉമ്മ വയ്ക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യും. നബി ﷺ  ഇത്തരം മത്സരങ്ങളിൽ വിജയികളെ മാത്രമല്ല പരിഗണിച്ചതും ഉമ്മവച്ചതും. മറിച്ച്, അവർക്കിടയിൽ അസൂയയും പകയും കടന്നുവരാതിരിക്കുംവിധം എല്ലാവരെയും ചേർത്തുപിടിച്ചു; പ്രോത്സാഹിപ്പിച്ചു.

3. മുതിർന്നവർ ചെറിയവരോടൊപ്പവും കുഞ്ഞുങ്ങളോടൊപ്പവും കളികളിൽ ഏർപ്പെടുക.

പ്രവാചക ജീവിതത്തിലേക്കു നോക്കിയാൽ നമ്മെ അത്ഭുതപ്പെടുത്തും വിധം ഈ രംഗത്തുള്ള ചില ഏടുകൾ കാണാം. പ്രബോധന നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൊണ്ടുള്ള തിരക്കിനിടയിലും പ്രവാചകൻ ﷺ  കുട്ടികളോടൊപ്പം കളിക്കാൻ സമയം കണ്ടത്തിയിരുന്നു എന്നത്, ഇന്നത്തെ നമ്മുടെ (ജോലിത്തിരക്കുള്ള) മാതാപിതാക്കൾ ഓർക്കേണ്ടതാണ്.

നബി ﷺ  പേരമക്കളായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരുമായി അവരുടെ കുട്ടിക്കാലത്ത് കളിക്കുന്നതിന്റെ എത്രയോ നേരനുഭവങ്ങൾ സ്വഹാബികൾ വിവരിക്കുന്നത് നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. നബി ﷺ  അവർക്കു മുമ്പിൽ ഒട്ടകമാകും. കുട്ടികൾ ഒട്ടകത്തിനുമുകളിൽ കയറും. എന്നിട്ട് അവിടുന്ന് അവരെയുംകൊണ്ട് നടക്കും. വീഴാതിരിക്കാൻ മുറുകെ പിടിക്കാൻ നബി  ﷺ  അവരോട് ആശ്യപ്പെടും. ഇത് കാണുന്ന സ്വഹാബിമാർ ‘നിങ്ങളുടെ ഒട്ടകം എത്ര നല്ല ഒട്ടകം’ എന്നു നബിയെ ഉദ്ദേശിച്ചു പറയും. ചിലപ്പോൾ അവരെയും അബ്ബാസി(റ)ന്റെ മക്കളെയുമെല്ലാം തോളിലേറ്റി നടക്കും. ഇതൊക്കെ നമുക്ക് പാഠമാകേണ്ടതാണ്.

ഇത്തരം സന്ദർഭങ്ങളിൽ നബി ﷺ  മറ്റുള്ളവർക്ക് മുമ്പിൽവച്ച് അവരെ അഭിനന്ദിക്കുകയും ചെയ്യും. അത് കുട്ടികൾക്ക് ആത്മസംതൃപ്തിയും ഉന്മേഷവും സമ്മാനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരിക്കൽ പേരക്കുട്ടികളെ പുറത്തേറ്റി നബി ﷺ  നടക്കുന്നത് കണ്ടപ്പോൾ ‘എത്ര നല്ല ഒട്ടകമാണ് നിങ്ങളുടെത്’ എന്ന് പ്രതികരിച്ച സ്വഹാബിയോട് നബി ﷺ  പ്രതികരിച്ചത് ‘ഒട്ടകത്തിന്റെ മുകളിലുള്ളവരും എത്ര നല്ല സവാരിക്കാരാണ്’ എന്നാണ്. ഇടക്കിടെ മുതിർന്നവർ കുട്ടികളോെടാപ്പം ചേർന്ന് കളിക്കുന്നതും മുതിർന്നവരുടെമേൽ അവർ വിജയം നേടുന്നതുമെല്ലാം ഉണ്ടാക്കുന്ന ആവേശവും മാനസിക ഔന്നത്യവുമെല്ലാം അവരുടെ ശാരീരിക-മാനസിക വളർച്ചയെ ത്വരിതപ്പെടുത്തും. മടി, ഏകാന്തത, മാനസിക സമ്മർദങ്ങൾ തുടങ്ങിയ നിരവധി പ്രതിസന്ധികളിൽ അകപ്പെടാതിരിക്കാൻ അവർക്ക് കഴിയും.

4. കുട്ടികളെ ഒന്നിച്ച് കളിക്കാൻ അനുവദിക്കുക.

എല്ലാ മാതാപിതാക്കൾക്കും കുട്ടികളോെടാപ്പം കായിക വിനോദങ്ങളിൽ ഏർപ്പെടാൻ കഴിയണമെന്നില്ല. സ്വന്തം സഹോദരങ്ങൾ, അയൽവാസികളായ കുട്ടികൾ എന്നിവരുമൊത്ത് കളിവിനോദങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കണം. എന്നാൽ സൽസ്വഭാവവും സംസ്‌കാരവുമുള്ളവരോടൊപ്പമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അശ്ലീലവാക്കുകളും മാന്യമല്ലാത്ത വൈകാരിക പ്രതികരണങ്ങളുമൊക്കെ കുട്ടികളിലേക്ക് കയറി വരുന്നത് തെരെഞ്ഞടുപ്പില്ലാത്ത കളിസ്ഥലങ്ങളിൽനിന്നും കൂട്ടുകെട്ടിൽ നിന്നുമാണ്.

നബി ﷺ യുടെ കാലത്ത് കുട്ടികൾ കൂട്ടംകൂടി കളിക്കാറുണ്ടായിരുന്നുവെന്നു മാത്രമല്ല, അവിടുന്ന് അവരുടെ അടുത്തുപോയി കളി വീക്ഷിക്കുകയും അവരെ പ്രോ ത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. നബി ﷺ  തന്റെ കുട്ടിക്കാലത്ത് മറ്റു കുട്ടികളോെടാപ്പം കളിക്കാറുണ്ടായിരുന്നു. ഒരിക്കൽ അത്തരം ഒരു സന്ദർഭത്തിലാണ് മലക്കുകൾ വന്നു നബിയുടെ ഹൃദയം പിളർത്തിയ സംഭവമുണ്ടാകുന്നത്. ഉഹുദ് യുദ്ധത്തിനുള്ള തെരഞ്ഞടുപ്പിൽ പ‌െങ്കടുക്കാനെത്തിയ രണ്ട് കൗമാരക്കാരിൽ ഒരാൾക്കു മാത്രം സെലക്ഷൻ കിട്ടിയപ്പോൾ മറ്റെ കൗമാരക്കാരൻ നബിയോട് പരാതി പറഞ്ഞതും എനിക്കാണ് അവനുമായി ഗുസ്തി പിടിച്ചാൽ വിജയമുണ്ടാവുകയെന്നതിനാൽ എങ്ങനെയാണ് എന്നെക്കൂടാതെ അവനെ സൈന്യത്തിൽ എടുത്തതെന്ന് ചോദിച്ച കൗമാരക്കാരനോട് കൂട്ടുകാരനുമായി ഗുസ്തിയിൽ എർപ്പെടാൻ നബി ആവശ്യപ്പെടുകയും അത് അവിടുന്ന് വീക്ഷിക്കുകയും അവസാനം രണ്ടു പേർക്കും അവസരം നൽകുകയും ചെയ്തതുമായ ചരിത്രം പ്രസിദ്ധമാണ്.

പെൺകുട്ടികളും കായികവിനോദങ്ങളും

ആൺകുട്ടികളി നിന്ന് പല നിലയ്ക്കും വ്യത്യസ്തമാണ് കളികളോടും വിനോദങ്ങളോടുമുള്ള പെൺകുട്ടികളുടെ താൽപര്യങ്ങൾ. കളിക്കോപ്പുകളുമായി ഇടപെട്ടു കളിക്കാനാണ് പലപ്പോഴും അവർ മുൻഗണന നൽകാറുള്ളത്. ചെറുപ്രായത്തിൽ നബി ﷺ യുടെ വീട്ടുകാരിയായി വന്ന ആഇശ(റ) കളിക്കോപ്പുകളുമായി കളിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു. ഇമാം അബുദാവൂദ് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്: ആഇശ(റ) പറയുന്നു: ‘ഒരിക്കൽ നബി ﷺ  ഹുനൈൻ യുദ്ധമോ അതോ തബൂക് യുദ്ധമോ കഴിഞ്ഞു വീട്ടിലേക്കു വന്നു. അവിടെ റൂമിൽ വിരിപ്പിട്ടു മറച്ച ഒരിടമുണ്ടായിരുന്നു. കാറ്റിൽ അത് നീങ്ങിപ്പോയി. അപ്പോൾ അവിടെ മറച്ചുവച്ചിരുന്ന പെൺകുട്ടികളുടെ രൂപത്തിലുള്ള, ആഇശ(റ)യുടെ കളിപ്പാട്ടങ്ങൾ വെളിപ്പെട്ടു. നബി ﷺ  ചോദിച്ചു: ‘എന്താണ് ആഇശാ ഇത്?’ ‘ഇത് എന്റെ പെണ്മക്കളാണ്.’ അവയ്ക്കിടയിൽ രണ്ടു ചിറകുള്ള ഒരു കുതിരയെ കണ്ടു. നബി ﷺ  ചോദിച്ചു: ‘അവയ്ക്കിടയിലെന്താണ് മറ്റൊന്ന് (പെൺമക്കളല്ലാത്തത്)?’ അവർ പറഞ്ഞു: ‘കുതിരയാണ്.’ അവിടുന്ന് വീണ്ടും ചോദിച്ചു: ‘അതിന്റെ മേലെന്താണ്?’ അവർ പറഞ്ഞു: ‘രണ്ടു ചിറകുകൾ.’ നബി ﷺ  ചോദിച്ചു: ‘കുതിരക്ക് ചിറകുകളോ?’ ആഇശ(റ) തിരിച്ചു ചോദിച്ചു: ‘നിങ്ങൾ കേട്ടിട്ടില്ലേ, സുലൈമാൻ നബിക്ക് ചിറകുകളുള്ള കുതിരയുണ്ടായിരുന്നെന്ന്?’ അപ്പോൾ നബി ﷺ  തന്റെ അണപ്പല്ല് വെളിപ്പെടുംവിധം ചിരിച്ചു

ഇമാം ബുഖാരിയും മുസ്‌ലമും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ആഇശ(റ) പറയുന്നു: ‘നബിയുടെ അടുത്തായിരിക്കുന്ന അവസ്ഥയിൽ ഞാൻ എന്റെ കൂട്ടുകാരികളുമായി കളികളിൽ ഏർപെടുമായിരുന്നു. അവർ എന്റെ വീട്ടിലേക്കു വരും. നബിയെ കണ്ടാൽ അവർ മുങ്ങാൻ ശ്രമിക്കും. അപ്പോൾ നബി ﷺ  അവരെ എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും. അങ്ങനെ ഞങ്ങൾ കളിക്കും.’

ആൺകുട്ടികളെ പോലെത്തന്നെ പെൺകുട്ടികൾക്കും ശാരീരികവളർച്ചയും കരുത്തും അനിവാര്യം തന്നെയാണ്. കായിക വിനോദങ്ങൾ അതിന് അവർക്കും സഹായകമാണ്. മാത്രവുമല്ല, ചെറുപ്രായത്തിൽ അവർക്ക് ശാരീരിക ആരോഗ്യവും വളർച്ചയുമെല്ലാം എത്രത്തോളം അനിവാര്യമാണെന്ന് തുടർന്നുള്ള അവരുടെ ജീവിത ഘട്ടങ്ങളെക്കുറിച്ചോർത്താൽ നമുക്ക് േബാധ്യമാകും.

ആരാധനകൾ നിർവഹിക്കൽ അവർക്കും ബാധ്യതയാണ്. ആർത്തവം, പ്രസവം, മുലയൂട്ടൽ തുടങ്ങി ആരോഗ്യം അനിവാര്യമാകുന്ന തലങ്ങളിലൂടെ കടന്നുപോകേണ്ടവരാണ് പെണ്മക്കൾ. അതിനാൽ അവർക്ക് ആവശ്യത്തിന് കായികബലവും ശാരീരിക വളർച്ചയുമെല്ലാം കുട്ടിക്കാലത്തുതന്നെ കിട്ടേണ്ടതുണ്ട്.

എന്നാൽ ആൺകുട്ടികളെ അപേക്ഷിച്ച ധാർമികതയുടെ ചട്ടക്കൂടിനുള്ളിൽ പെൺസൗഹൃദ കായികാവസരങ്ങൾ തുലോം കുറവാണെന്നു കാണാം. വീടുകളിലും കലാലയങ്ങളിലും മറ്റ് സാമൂഹ്യ ഇടങ്ങളിലും ആൺകുട്ടികൾക്ക് നിരവധി അവസരങ്ങൾ തുറന്നു കിടക്കുമ്പോൾ മുസ്‌ലിം പെൺകുട്ടികളുടെ മുമ്പിൽ രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ ജെന്റർ ന്യൂട്രാലിറ്റിയുടെ ചൂഷണാത്മക ഇടങ്ങൾക്ക് വിധയരായി സ്വകാര്യതകളെയും ധാർമിക പരിധികളെയും ബലികൊടുക്കുക. അല്ലെങ്കിൽ ജീവിതത്തിൽനിന്ന് എല്ലാ കായിക താൽപര്യങ്ങളും കുഴിച്ചുമൂടുക.

ശാരീരിക വളർച്ചയും ബൗദ്ധിക മികവും മാനസികോല്ലാസവും ലക്ഷ്യംവച്ചുകൊണ്ട് പെൺകുട്ടികൾ കായിക വിനോദങ്ങളിൽ ഏർപെടുന്നതിൽ ഇസ്‌ലാമിക വിലക്കുകളൊന്നുമില്ല. പക്ഷേ, അവരുടെ സ്വകാര്യതകളും ധാർമിക ചട്ടക്കൂടും സംരക്ഷിച്ചുകൊണ്ടാവണം എന്നുമാത്രം. ഈ അർഥത്തിൽ മുസ്‌ലിം പെൺകുട്ടികൾക്ക് അനുയോജ്യമായ കളിയിടങ്ങളും കായിക പരിശീലനത്തിനുള്ള അവസരങ്ങളും തീർക്കുന്നതിൽ നമ്മൾ തീർത്തും പിന്നിലാണ്. മഹല്ലുകളും ഇസ്‌ലാമിക സംഘടനകളും അവരുടെ അജണ്ടകളിൽ പെൺകുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിനും ഉല്ലാസത്തിനും ഉതകുന്ന, അവരുടേത് മാത്രമായ കായിക വിനോദ ഇടങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

ചുരുക്കത്തിൽ, കായിക വിനോദങ്ങൾക്ക് ശാരീരിക വളർച്ചയിൽ ചെറുതല്ലാത്ത പങ്കുണ്ട്. നീണ്ട കുട്ടിക്കാലം അതിനുകൂടിയുള്ളതാണ്. സംസ്‌കാരവും ശാരീരികശക്തിയും ആർജിച്ചെടുക്കുമാറ് അതിനു മക്കൾക്ക് അവസരം ഉണ്ടാവേണ്ടതുണ്ട്. ഓരോ പ്രദേശങ്ങളിലും നിലനിൽക്കുന്ന ഇസ്‌ലാമിക സ്ഥാപനങ്ങൾ ധാർമികതയുടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് തന്നെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലുള്ള കുട്ടികളുടെ കായികവിനോദ താൽപര്യങ്ങളെ പരിഗണിക്കേണ്ടതുണ്ട്.

(തുടരും)