കുട്ടികളുടെ മാനസിക വളർച്ച

അശ്‌റഫ് എകരൂൽ

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

സ്‌നേഹവാത്സല്യങ്ങളുടെ വൈകാരിക ഉദ്ദീപനം കുഞ്ഞുമനസ്സിൽ സാധ്യമാക്കുന്ന; പ്രവാചക അധ്യാപനങ്ങളുടെ വെള്ളിവെളിച്ചത്തിൽ തെളിഞ്ഞുകാണുന്ന ഒട്ടനവധി മാർഗങ്ങളുണ്ട്. അതിൽപെട്ട ചിലത് മനസ്സിലാക്കാം.

കുഞ്ഞുങ്ങളെ തലോടുക

കുട്ടികളുടെ മനസ്സിനെ വൈകാരികമായി ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന മനഃശാസ്ത്രപരമായ ഒരു നടപടിയാണ് അവരെ തലോടുക എന്നത്. അതിലൂടെ അവർ കാരുണ്യത്തിന്റെ നനവ് ആസ്വദിക്കുന്നു. അന്നേരം വാത്സല്യത്തിന്റെ ശീതളക്കാറ്റ് അവരുടെ ശരീരത്തിലും മനസ്സലും അടിച്ചുവീശും. പ്രവാചകന്റെ ജീവിതശീലങ്ങളിൽ ഒന്നായിരുന്നു അത്. അനസ്(റ) പറയുന്നു: “നബി ﷺ  അൻസ്വാറുകളെ സന്ദർശിക്കുകയും അവരുടെ കുട്ടികൾക്കു സലാം പറയുകയും അവരുടെ ശിരസ്സുകളിൽ തടവുകയും ചെയ്യും’’ (സഹീഹുൽ ജാമിഅ്, അന്നസാഇ).

കുട്ടികളുടെ തലയിൽ മാത്രമല്ല, തന്റെ വിശുദ്ധ കരങ്ങൾകൊണ്ട് അവരുടെ കവിളുകളിലും നബി  ﷺ  തടവുകയും അതിലൂടെ അവരോടുള്ള സ്‌നേഹവും വാത്സല്യവും സന്തോഷവും പ്രകടമാക്കുകയും ചെയ്യുമായിരുന്നു.

ജാബിർ ഇബ്‌നു സമുറ(റ) പറയുന്നു: “ഞാൻ നബി ﷺ യുടെ കൂടെ (കുട്ടിയായിരുന്ന കാലത്ത്) ഒന്നാമത്തെ നമസ്‌കാരം അഥവാ ദുഹ്ർ നമസ്‌കാരം നിർവഹിച്ചു. പിന്നീട് അദ്ദേഹം തന്റെ കുടുംബങ്ങളിലേക്ക് പുറപ്പെട്ടു പോയി. ഞാനും നബിയുടെ കൂടെ പോയി. അങ്ങനെ നബി ﷺ  വീട്ടിലേക്കു കയറുമ്പോൾ രണ്ടു കുട്ടികൾ അദ്ദേഹത്തിന്റെ മുന്നിലേക്ക് കടന്നുവന്നു. നബി അവരുടെ ഓരോരുത്തരുടെയും ഇരുകവിളുകളിലും തടവിക്കൊണ്ടിരുന്നു. അങ്ങനെ എന്റെ കവിളുലും തടവി. അപ്പോൾ എനിക്ക് തണുപ്പ് അനുഭവപ്പെട്ടു. അല്ലെങ്കിൽ നല്ല സുഗന്ധം. അത്തർ കുപ്പിയിൽനിന്നെടുത്ത കൈകൾപോലെയായിരുന്നു അദ്ദേഹത്തിന്റെ കൈകൾ’’ (ഇമാം മുസ്‌ലിം).

ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ എല്ലാവരെയും പരിഗണിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന സന്ദേശമാണ് നബി ﷺ  ഇതിലൂടെ നൽകുന്നത്.

മുഖപ്രസന്നതയോടെ സ്വീകരിക്കുക

കുട്ടികൾ കടന്നുവരുമ്പോഴും അവരെ കണ്ടുമുട്ടുമ്പോഴും മുഖപ്രസന്നതയോടെ സ്വീകരിക്കുക. പ്രഥമ സംഗമം പ്രസന്നവും മുഖം കൊടുത്തുകൊണ്ടുമാകുമ്പോൾ തുടർന്നുള്ള സംസാരത്തിന് ശ്രദ്ധയും ബഹുമാനവും കിട്ടും. മറിച്ചാണെങ്കിൽ അവർക്ക് മനസ്സ് തുറക്കാൻ കഴിയില്ല. അവരുടെ പ്രശ്‌നങ്ങൾ രക്ഷിതാക്കളുമായി പങ്കുവയ്ക്കുവാൻ അവർ സന്നദ്ധരാവില്ല. മറിച്ച് അതെല്ലാം പുറത്തുള്ളവരുമായിട്ടാവും അവർ പങ്കുവയ്ക്കുക. അവരാകട്ടെ നല്ല മനസ്സുള്ളവരാണോ ചൂഷണ താൽപര്യക്കാരാണോ എന്നൊന്നും വേർതിരിച്ചറിയാൻ കുട്ടികൾക്കു കഴിയില്ലതാനും. ഇത് പല അപകടങ്ങളിലേക്കും നയിക്കും.

അബ്ദുല്ലാഹിബ്‌നു ജഅ്ഫർ(റ) നിവേദനം: “നബി ﷺ  വല്ല യാത്രയും കഴിഞ്ഞു വന്നാൽ തന്റെ കുടുംബത്തിലുള്ള കുട്ടികളെ കാണും. നബി ﷺ  യാത്രകഴിഞ്ഞു വന്നാൽ ഞാൻ അവരെയെല്ലാവരെയും മുൻകടന്നു നബിയുടെ അടുത്തെത്തും. എന്നെ അദ്ദേഹം മുമ്പിൽ ഏറ്റും, എന്നിട്ട് ഫാത്വിമയുടെ മക്കളിൽനിന്ന് ഹസനോ ഹുസൈനോ എത്തും. അവരെ പിന്നിൽ കൂട്ടും. ഞങ്ങളെ മൂന്നാളുകളെയുമായി പട്ടണത്തിൽ പ്രവേശിക്കും’’ (മുസ്‌ലിം).

എപ്പോഴും ശ്രദ്ധിക്കുക

കുട്ടികളുടെ മനസ്സിന് സ്ഥൈര്യം നൽകുന്ന ഒന്നാണ് അവരെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും അവരെ കാണാതായാൽ അന്വേഷിക്കുകയും ചെയ്യൽ. അവർ ഒറ്റക്കാകുന്നത് ഒഴിവാക്കുക. അത് അവരിൽ ആത്മ വിശാസം വളർത്തും. എന്റെ കാര്യത്തിൽ ആശങ്കയുള്ളവരാണ് എന്റെ മാതാപിതാക്കൾ എന്ന തോന്നൽ അവരിൽ സുരക്ഷിതത്വബോധം വളർത്തും.

നബി ﷺ  എപ്പോഴും അവരുടെ കാര്യത്തിൽ ശ്രദ്ധ കൊടുത്തിരുന്നു. അവരെ കാണാതായാൽ ആശങ്കപ്പെടുകയും അന്വേഷിക്കുകയും ചെയ്യും. കാണുന്നില്ലെന്ന് വന്നാൽ അവരെ തേടിപ്പോകും. ചുറ്റുമുള്ളവരോട് കുഞ്ഞുങ്ങളെ അന്വേഷിക്കുവാൻ പറയും. നോക്കൂ; പ്രവാചകൻ ﷺ  എത്ര നല്ല രക്ഷിതാവ് കൂടിയാണ്!

സൽമാൻ(റ) നിവേദനം: “ഒരിക്കൽ ഞങ്ങൾ നബി ﷺ യുടെ ചുറ്റുമായി ഉണ്ടായിരുന്നപ്പോൾ ഉമ്മു അയ്മൻ(റ) വന്നു പറഞ്ഞു: ‘നബിയേ! ഹസൻ, ഹുസൈൻ എന്നിവരെ കാണാനില്ല.’ ഉച്ചതിരിഞ്ഞ നേരമായിരുന്നു അത്. നബി ﷺ  പറഞ്ഞു: ‘എഴുന്നേൽക്കൂ, എന്നിട്ട് എന്റെ കുട്ടികളെ അന്വേഷിക്കുവിൻ.’ ഓരോരുത്തരും ഓരോ ഭാഗത്തേക്ക് പോയി. ഞാൻ നബി ﷺ  പോയ ദിക്കിലേക്ക് ചെന്നു. അങ്ങനെ ഒരു കുന്നിന്റെ ഉച്ചിയിൽ എത്തി. അപ്പോഴതാ അവർ പരസ്പരം കെട്ടിപ്പുണർന്നു നിൽക്കുന്നു. അവർക്കഭിമുഖമായി ഒരു സർപ്പം വാലുകുത്തി (ഫണമുയർത്തി) നിൽക്കുന്നു. നബി ﷺ  അതിന്റെ നേരെ തിരിഞ്ഞപ്പോൾ അത് നബിക്ക് അഭിമുഖമായി നിന്നു; ഉടനെ തല താഴ്ത്തി കല്ലുകൾക്കിടയിലേക്ക് പോയി മറഞ്ഞു. നബി ﷺ  പെട്ടെന്ന് രണ്ടു പേരുടെയും അടുത്തെത്തി. അവരെ വേർപെടുത്തി, അവരുടെ രണ്ടുപേരുടെയും മൂഖം തടവിക്കൊടുത്തു. അവരെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘നിങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ടവരാണ്. അല്ലാഹു നിങ്ങൾ ഇരുവരെയും അനുഗ്രഹിക്കട്ടെ.’ എന്നിട്ട് ഒരു കുട്ടിയെ വലത്തെ ചുമലിലും ഒരു കുട്ടിയെ ഇടത്തെ ചുമലിലും ചുമന്നു. അപ്പോൾ ഞാൻ പറഞ്ഞു: ‘നിങ്ങൾക്ക് രണ്ടു പേർക്കും മംഗളം! നിങ്ങളുടെ വാഹനം എത്ര നല്ല വാഹനം.’ നബി ﷺ  പറഞ്ഞു: ‘ഈ യാത്രക്കാരും എത്ര നല്ലവർ. ഇവരുടെ പിതാവ് അവരെക്കാളും ഉത്തമൻ’’ (ത്വബ്‌റാനി). (ഈ ഹദീസിന്റെ നിവേദകരിൽ അഹ്‌മദ് ഇബ്‌നു റാഷിദ് അൽഹിലാലി എന്ന ഒരാൾ ഉണ്ട്. അദ്ദേഹം ദുർബലനാണ്).

ഇവിടെ നബി ﷺ യുടെ ജാഗ്രതയും അവരെ ഭയത്തിൽനിന്ന് മോചിപ്പിക്കലും അവർക്കുവേണ്ടി പ്രാർഥിക്കലും അവരെ തോളിലേറ്റി കൊണ്ടുവരലുമെല്ലാം ആ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്ന സ്ഥൈര്യവും സുരക്ഷിതത്വബോധവും അവരെ ഉന്നത വിതാനത്തിലേക്കുയർത്തുമെന്നതിൽ സംശയമില്ല. എന്നാൽ ഇത്തരം അപൂർവ സാഹചര്യങ്ങളെ പല രക്ഷിതാക്കളും നെഗറ്റീവായി ഉപയോഗിക്കുന്നത് കാണാവുന്നതാണ്. അവരെ ഭയമുക്തമാക്കുന്നതിനു പകരം ‘നിനക്ക് ഇങ്ങനെ കിട്ടണം, എന്നോട് ചോദിക്കാതെ പോയതല്ലേ...പറയാതെ മുങ്ങിയതല്ലേ’ എന്നൊക്കെ പ്രതികരിച്ചുകളയും. ചിലപ്പോൾ പലരും ഇത്തരം സന്ദർഭങ്ങളിൽ പെടുന്നരെ പ്രഹരിക്കുന്നത് കാണാം. ഇതെല്ലാം അവരിലുണ്ടാക്കുന്ന നൈരാശ്യവും സങ്കടവും അവരുടെ മനസ്സിനെ വീണ്ടും ദുർബലതയിലേക്ക് നയിക്കും. (തുടരും)