ലൈംഗിക വളർച്ചയും സംസ്‌കരണ വഴികളും

അശ്‌റഫ് ഏകരൂൽ

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

ശാരീരിക വളർച്ചയോടൊപ്പം കുട്ടികളിൽ സമാന്തരമായി സംഭവിക്കുന്ന മറ്റൊരു വളർച്ചയാണ് ലൈംഗിക വളർച്ച. വളർച്ചയോടൊപ്പം സുരക്ഷയും സംസ്‌കരണവും അനിവാര്യമായി ചേർത്തുവെക്കേണ്ട ഒന്നാണ് കുട്ടികളിലെ ലൈംഗിക വളർച്ച. ഈ വളർച്ചയിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങൾ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

മനുഷ്യ വളർച്ചയിൽ എല്ലാ തലങ്ങളിലും അതിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായകമാവും വിധമാണ് ഇസ്‌ലാം അതിന്റെ എല്ലാ അധ്യാപനങ്ങളും മനുഷ്യന് സമർപ്പിക്കുന്നത്. അതിനെ എല്ലാ അർഥത്തിലും ജീവിതമാർഗമായി സ്വീകരിക്കുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. എന്ന് മാത്രമല്ല അല്ലാഹു ഏതൊരു പ്രകൃതിയിൽ മനുഷ്യനെ സൃഷ്ടിച്ചുവോ ആ ശുദ്ധപ്രകൃതി നിലനിൽക്കാൻ അല്ലാഹുവിന്റെ മാർഗദർശനത്തോളം അനുയോജ്യമായ മറ്റൊരു അധ്യാപനവും മാനവകുലത്തിന്റെ മുമ്പിൽ ഇല്ലതാനും.

കുട്ടികളുടെ വൈവിധ്യമാർന്ന വളർച്ചകളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതുമായ പ്രവാചകാധ്യാപനങ്ങളെ കുറിച്ചുള്ള പഠനത്തിൽ ഏറെ പ്രധാനപ്പെട്ടതും എന്നാൽ രക്ഷിതാക്കൾക്ക് വലിയ ഭാഗധേയമൊന്നുമില്ലെന്ന് നമ്മളിലധികപേരും ധരിച്ചുവെച്ചതുമായ മേഖലയാണ് കുട്ടികളിലെ ലൈംഗിക വളർച്ചയും അതിന്റെ സംസ്‌കരണ വഴിയിൽ ഇസ്‌ലാം നൽകുന്ന വെളിച്ചവും. അതിരുകളോ വിലക്കുകളോ വേണ്ടാത്ത ‘സുരക്ഷിത രതി’യിലേക്കു കേരളമടക്കം കുഞ്ഞുങ്ങളെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പുകമറയിൽ ആട്ടിത്തെളിക്കുമ്പോൾ ലൈംഗിക വളർച്ചയും അത് പൂർണമാകുമ്പോൾ മാത്രം ലഭ്യമാക്കേണ്ട ‘ഹലാൽ രതി’യും മനുഷ്യന് എത്ര പ്രധാനപ്പെട്ടതും സുരക്ഷിതവുമാണെന്നു ദൈവിക മാർഗദർശനത്തിന്റെ വെളിച്ചത്തിൽ നമ്മുടെ മക്കൾക്ക് ഗ്രാഹ്യമാവേണ്ടതുണ്ട്. അതോടൊപ്പം അനുവദനീയതയ്ക്കപ്പുറത്തുള്ള ലൈംഗികതയും ലൈംഗിക വൈകൃതങ്ങളും സ്വജീവിതത്തിലും സമൂഹത്തിലും എത്രവലിയ അപകടമാണ് വരുത്തിവെക്കുന്നതെന്നും ഈ വിഷയത്തിൽ അല്ലാഹുവിന്റെ ശിക്ഷ എത്ര ഭയാനകമാണെന്നും കുട്ടികൾ അറിഞ്ഞു വളരേണ്ടതുണ്ട്. അതിന്നു സഹായകമാവുന്ന ഇസ്‌ലാമിക അധ്യാപനങ്ങളിൽ ചിലതാണ് ഇവിടെ നാം അന്വേഷിക്കുന്നത്.

കാരുണ്യവാനായ അല്ലാഹു ഒരു മനുഷ്യക്കുഞ്ഞിന് ജീവൻ നൽകി മാതാവിന്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്കയക്കുമ്പോൾ ശരീരത്തിലെ ചിലതിനെ അല്ലാഹു വൈകിപ്പിച്ചത് കാണാൻ കഴിയും. പല്ലുകളും ലൈംഗിക വളർച്ചയുമെല്ലാം അതിൽ പെട്ടതാണ്. അതിന്റെ ഉപയോഗത്തിന് പാകപ്പെടുന്നതു വരെ കരുണാമയനായ റബ്ബ് അത് വൈകിപ്പിക്കുകയാണ്. അതിനാൽത്തന്നെ സമയമെടുത്തു സാവധാനം വളർച്ച പ്രാപിക്കുന്ന ഒരു ശാരീരിക പക്രിയയാണ് മനുഷ്യനിലെ ലൈംഗികത. കുഞ്ഞുങ്ങളിൽ ശാരീരിക വളർച്ചയുടെ ഏറ്റവ്യത്യാസത്തിനനുസരിച്ച് കൗമാരത്തോടുകൂടി ശക്തിയായോ ദുർബലമായോ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതാണ് ലൈംഗിക വളർച്ചയും അതിന്റെ തൃഷ്ണയും. ശാരീരിക പുഷ്ടിക്കും പ്രകൃതിക്കുമനുസരിച്ച് ആന്തരികമായി അവ നിർമിക്കപ്പെടുകയും പരിസരത്തിന്റെ പ്രചോദനകൾ അതിനെ ത്രസിപ്പിക്കുകയും ചെയ്യുന്നു. ആന്തരിക വളർച്ചയോടൊപ്പം വിമലീകരിക്കപ്പെട്ട ബാഹ്യമായ പരിസരത്തെ സൃഷ്ടിക്കുന്നതിലൂടെ മാത്രമെ സുരക്ഷിതമായ ലൈംഗിക വളർച്ച മക്കളിൽ സാധ്യമാവുകയുള്ളൂ. ഇവിടെ മാതാപിതാക്കൾക്കും അധ്യാപകർക്കും വലിയ ഭാഗധേയം നിർവഹിക്കാനുണ്ട്. ഇസ്‌ലാമിന്റെ ഈ രംഗത്തുള്ള അധ്യാപനങ്ങളെ ശീലിപ്പിക്കുക എന്നതാണ് വിമലീകരിക്കപ്പെട്ട ലൈംഗിക വളർച്ചയുടെ ഏക വഴി. അതിന്റെ ചുവടുവയ്പുകൾ കുഞ്ഞുകാലം മുതൽ തുടങ്ങേണ്ടതുണ്ടെന്നാണ് ക്വുർആൻ നൽകുന്ന വെളിച്ചം. ശാസ്ത്രീയവും പ്രായോഗികവും അതോടൊപ്പം പുണ്യകരവുമായ ആ ചുവടുവയ്പുകൾ നമുക്ക് പരിശോധിക്കാം.

ഒന്ന്). വകതിരിവ് എത്തിയ കുഞ്ഞുങ്ങൾ പ്രവേശനാനുമതി തേടൽ

കുട്ടികൾ ഏറ്റവും കൂടുതൽ സമയം കഴിച്ചുകൂട്ടുന്നത് സ്വന്തം വീടുകളിലാണ്. വീടിന്റെ നാനാ ഭാഗങ്ങളിലും സദാ വിഹരിച്ചുകൊണ്ടേയിരിക്കും അവർ. എല്ലാ സമയത്തും എല്ലായിടത്തും അനുവാദം തേടി പ്രവേശിക്കുക പ്രയാസമാണ്. അതിനാൽ കുട്ടികൾക്കു വിശുദ്ധ ക്വുർആൻ ഏറ്റവും അനിവാര്യമായ മൂന്നു സമയങ്ങൾ നിജപ്പെടുത്തി നൽകുകയും ആ സമയങ്ങളിൽ മാത്രം മാതാപിതാക്കളുടെയോ മറ്റു മുതിർന്നവരുടെയോ കിടപ്പറകളിലേക്ക് പ്രവേശിക്കുമ്പോൾ അനുവാദം തേടണമെന്ന് നിർദേശിച്ചു. അതിരാവിലെ, പ്രഭാത നമസ്‌കാരത്തിന് മുമ്പുള്ള സമയം, ഉച്ചമയക്കത്തിനായി കിടപ്പറകളിൽ ചെല്ലുന്ന നേരം, രാത്രി ഇശാഅ് നമസ്‌കാരാനന്തരം ഉറങ്ങാൻ പ്രവേശിക്കുന്ന നേരം- ഇത് മൂന്നും മാതാപിതാക്കളും വീട്ടിലെ മറ്റു ദമ്പതികളും കിടപ്പറയിൽ ചെല്ലുന്നതും അവരുടെ സ്വകാര്യതകളിൽ ഏർപ്പെടാൻ സാധ്യത കൂടുതലുള്ളതുമായ സമയങ്ങളാണ്.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവ (അടിമകൾ)രും നിങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദർഭങ്ങളിൽ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്‌കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാൻ) നിങ്ങളുടെ വസ്ത്രങ്ങൾ മാറ്റിവയ്ക്കുന്ന സമയത്തും, ഇശാഅ് നമസ്‌കാരത്തിനുുശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദർഭങ്ങളത്രെ ഇത്. ഈ സന്ദർഭങ്ങൾക്ക് ശേഷം നിങ്ങൾക്കോ അവർക്കോ (കൂടിക്കലർന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവർ നിങ്ങളുടെ അടുത്ത് ചുറ്റിനടക്കുന്നവരത്രെ. നിങ്ങൾ അന്യോന്യം ഇടകലർന്ന് വർത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങൾക്ക് തെളിവുകൾ വിവരിച്ചുതരുന്നു. അല്ലാഹു സർവജ്ഞനും യുക്തിമാനുമാകുന്നു’’ (അന്നൂർ 58,59).

ഈ സമയങ്ങൾ നിർണയിച്ചു നൽകിയത് കുട്ടികളുടെ ദൃഷ്ടികളിൽ കുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങൾ അപ്രതീക്ഷിതമായി പതിയാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ്. മനുഷ്യന്റെ ഉള്ളും പുറവും അറിയുന്ന അല്ലാഹു നിർദേശിച്ചുതരുന്നതെല്ലാം മുഖവിലക്കെടുക്കുമ്പോൾ, അപരിഹാര്യമായ അപകടങ്ങളിൽ ചെന്ന് ചാടുന്നതിൽനിന്ന് നാം രക്ഷെപ്പെടുന്നു. പക്ഷേ, അധിക രക്ഷിതാക്കളും ‘കുട്ടികളല്ലേ’ എന്ന രീതിയിൽ ഇതെല്ലാം അവഗണിക്കുന്നു. കുട്ടികൾ വേണ്ടത്ര വളർച്ചയും പക്വതയും പ്രാപിക്കും മുമ്പ് നഗ്‌നതകൾ കാണുന്നതും ലൈംഗിക ലീലകൾ ദൃഷ്ടിയിൽ പെടുന്നതും ഒട്ടനവധി മാനസിക, ശാരീരിക പ്രതിസന്ധികളിലേക്ക് അവരെ തള്ളിവിടും. എളുപ്പത്തിൽ ശമനം നേടാൻ സാധിക്കാത്ത മാനസിക രോഗത്തിലേക്കുവരെ ഇത്തരം കാഴ്ചകൾ അവരെ എത്തിച്ചേക്കും. പ്രായ പൂർത്തിയാവാത്തവർക്കാണ് ഈ സമയ നിർണയം. എന്നാൽ വകതിരിവും പ്രായപൂർത്തിയും എത്തിയവർ എപ്പോഴും അനുവാദം തേടി മാത്രമെ അകത്ത് പ്രവേശിക്കുവാൻ പാടുള്ളു.

കുട്ടികൾ എവ്വിധമാണ് അനുവാദം ചോദിക്കേണ്ടതെന്ന് നബി ﷺ  തന്റെ, കുട്ടിയായ ഭൃത്യന് പഠിപ്പിച്ചു കൊടുത്തുകൊണ്ട് നമുക്ക് വെളിച്ചം നൽകുന്നുണ്ട്. ഇമാം ബുഖാരി തന്റെ അദബുൽ മുഫ്‌റദ് എന്ന ഹദീസ് സമാഹാരത്തിൽ അനസി(റ)ൽനിന്ന് ഉദ്ധരിക്കുന്നു: “ഞാൻ നബി ﷺ യുടെ സേവകനായിരുന്നു. ഞാൻ അനുവാദമില്ലാതെതന്നെ നബിയുടെ അടുത്ത് പ്രവേശിക്കാറുണ്ടായിരുന്നു. ഒരുദിനം ഞാൻ അവ്വിധംതന്നെ ചെന്നു. അപ്പോൾ നബി ﷺ  ചോദിച്ചു: ‘ഇപ്പോഴും നീ ഇങ്ങനെയാണോ? നിനക്കു ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. അതിനാൽ അനുവാദം ചോദിക്കാതെ പ്രവേശിക്കരുത്.’’

എന്നാൽ നഗ്‌നതയും സൗന്ദര്യവും വൈരൂപ്യവും ഒന്നും വേറിട്ടു മനസ്സിലാക്കാൻ വളർച്ച എത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങൾക്ക് ഈ വിധി ബാധകമല്ലെന്ന് അല്ലാഹു ഉണർത്തുന്നു. അല്ലാഹു പറയുന്നു: “സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയിൽനിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭർത്താക്കൻമാർ, അവരുടെ പിതാക്കൾ, അവരുടെ ഭർതൃപിതാക്കൾ, അവരുടെ പുത്രൻമാർ, അവരുടെ ഭർതൃപുത്രൻമാർ, അവരുടെ സഹോദരൻമാർ, അവരുടെ സഹോദര പുത്രൻമാർ, അവരുടെ സഹോദരീപുത്രൻമാർ, മുസ്‌ലിംകളിൽനിന്നുള്ള സ്ത്രീകൾ, അവരുടെ വലംകൈകൾ ഉടമപ്പെടുത്തിയവർ (അടിമകൾ), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷൻമാരായ പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച് മറ്റാർക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്. തങ്ങൾ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (അന്നൂർ 31).

കുട്ടികളുടെ ലൈംഗിക വളർച്ചയോടൊപ്പം സംസ്‌കരണവും സാധ്യമാക്കുന്ന ഇതുപോലുള്ള ഒട്ടനവധി മാർഗദർശനങ്ങൾ വിശുദ്ധ ക്വുർആനിലും ഹദീസിലും കാണാവുന്നതാണ്. അവയെക്കുറിച്ച് തുടർ ലക്കങ്ങളിൽ വായിക്കം, ഇൻ ശാ അല്ലാഹ്.

(തുടരും)