കൗമാര കുറ്റവാസനയുടെ കാരണഘടകങ്ങൾ

ഡോ. മുനവ്വർ

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

ഒളിച്ചോട്ടം, മോഷണം, കൗമാര കുറ്റവാസന എന്നിവയുടെ കാരണങ്ങളെ വിശാലമായ അടിസ്ഥാനത്തിൽ നാലായി തരംതിരിക്കവുന്നതാണ്:

1. കുടുംബ ഘടകങ്ങൾ.

2. സാമൂഹിക-സാംസ്‌കാരിക ഘടകങ്ങൾ.

3. വ്യക്തിത്വ ഘടകങ്ങൾ.

4. സാമ്പത്തിക ഘടകങ്ങൾ.

1. കുടുംബ ഘടകങ്ങൾ:

കുടുംബബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട കുടുംബങ്ങളിലാണ് കൗമാര കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് എന്നാണ് കൗമാര കുറ്റവാസന സംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഒരു കുട്ടിയുടെ വ്യക്തിത്വവികാസം രക്ഷാകർത്താക്കളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും ആശ്രയിച്ചാണിരിക്കുന്നത്. രക്ഷാകർത്താക്കൾ സ്ഥിരമായി കള്ളം പറയുകയും മറ്റുള്ളവരെ പറ്റിക്കുകയും ആത്മവഞ്ചന നടത്തുകയും മറ്റു വ്യവഹാര അപസാമാന്യതകൾ പ്രകടിപ്പിക്കുകയും ചെയ്താൽ അത്തരം കുടുംബങ്ങളിൽ സാമൂഹികനീതിയും ധാർമികതയും അനുസരിച്ചു ജീവിക്കുന്ന വ്യക്തികളെ വാർത്തെടുക്കുക സാധ്യമല്ല.

2. സാമൂഹിക-സാംസ്‌കാരിക ഘടകങ്ങൾ:

കുടുംബം കഴിഞ്ഞാൽ കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സ്ഥാപനം വിദ്യാലയമാണ്. ഒരു കുട്ടിയുടെ വ്യക്തിത്വം വാർത്തെടുക്കുന്നതിൽ സ്‌കൂളിലെ ചുറ്റുപാടുകൾക്ക് നിർണായക പങ്കാണ് വഹിക്കുവാനുള്ളത്. മറ്റുള്ളവരുമായിട്ടുള്ള വ്യവഹാരഫലമായിട്ടാണ് കുട്ടികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. കൗമാരക്കാരുടെ വ്യക്തിത്വത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് കൂട്ടുകാരുടെ സ്വഭാവമാണ്. ‘ഒരാൾ അവന്റെ കൂട്ടുകാരന്റെ ആദർശത്തിലായിരിക്കും; അതിനാൽ ആരുമായി കൂട്ടുകൂടുന്നു എന്നു നോക്കട്ടെ’ എന്ന പ്രവാചകവചനം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. വിദ്യാലയങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ മിക്കപ്പോഴുംപ്രത്യേക കൂട്ടുകെട്ടിൽ (gangs) അകപ്പെട്ടിട്ടുള്ളവരാണെന്നുള്ള വസ്തു പ്രത്യേകം ഓർക്കേണ്ടതാണ്.

കൗമാര കുറ്റകൃത്യങ്ങൾ പെരുകുന്നതിനുള്ള ഒരു പ്രധാന കാരണം സിനിമയാണെന്ന പരക്കെയുള്ള ധാരണ കഴമ്പില്ലാത്തതല്ല. പ്രേമരംഗങ്ങളും സാഹസികതകളും ചിത്രീകരിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെയും ആക്രമണത്തന്റെയും പുതിയ മാതൃകകൾ ആവിഷ്‌കരിക്കാറുണ്ട്. കൗമാരക്കാരുടെ മനസ്സിൽ ഇവ ശക്തമായ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല. ഇതിനുള്ള എത്രയോ ഉദാഹരണങ്ങൾ നമ്മുടെ നാട്ടിൽ നമ്മുടെ നാട്ടിൽനടന്നതായിത്തന്നെ ചൂണ്ടിക്കാണിക്കാനുണ്ട്.

3. വ്യക്തിത്വ ഘടകങ്ങൾ

വൈകാരിക അസ്ഥിരതയാണ് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഒരു പ്രധാന കാരണം. സ്‌നേഹത്തിന്റെ അഭാവം, വൈകാരിക സുരക്ഷിതത്വമില്ലായ്മ, കർശനമായ അച്ചടക്കം, ഇല്ലായ്മകൾ മൂലമുണ്ടാകുന്ന അസംതൃപ്തി, അപകർഷത, അവഗണന, ഒറ്റപ്പെടൽ, അധികാരികളെ എതിർക്കാനുള്ള പ്രവണത എന്നിവയൊക്കെ ഒരു കുട്ടിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കും. ഇത്തരം സാഹചര്യത്തിൽ വളർന്നുവരുന്ന കുട്ടികളുടെ മാനസികാവസ്ഥ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരകമായിട്ടുള്ളതായിരിക്കും. മസ്തിഷ്‌ക തകരാറുള്ളവരും മാനസിക വിമന്ദനം ബാധിച്ചവരും കുറ്റകൃത്യങ്ങൾ ധാരാളം ചെയ്യാറുള്ളതായി പഠനങ്ങൾ സൂചിപ്പക്കുന്നുണ്ട്. മസ്തിഷ്‌കത്തകരാറ് കേന്ദ്ര നാഡീവ്യൂഹത്തിന്റെ തടഞ്ഞുനിറുത്തൽ നിയന്ത്രണ സംവിധാനത്തെ ബലഹീനമാക്കും. ഇത് ഒരുതരം അസ്വാസ്ഥ്യത്തിനും അക്രമവ്യവഹാരത്തിനും കാരണമാകും.

4. സാമ്പത്തിക ഘടകങ്ങൾ

‌ദാരിദ്ര്യവും കുറ്റകൃത്യങ്ങളും തമ്മിൽ അഭേദ്യബന്ധമുള്ളതായി ധാരാളം ഗവേഷണപഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അതായത്, പല കുറ്റകൃത്യങ്ങൾക്കും അഭിപ്രേരണ ദാരിദ്ര്യമാണ്. ദരിദ്ര കുടുംബത്തിലെ കുട്ടികൾക്ക് മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാനായി വിദ്യാഭ്യാസം ഉപേക്ഷിച്ച് ഹോട്ടലുകളിലും ചായക്കടയിലും മറ്റും ജോലിക്ക് പോകേണ്ടതായിവരുന്നു. ഇവിടങ്ങളിൽ ഇവരെ പ്രലോഭിപ്പിച്ച് പലതരം കുറ്റകൃത്യങ്ങൾ ചെയ്യിപ്പിക്കാറുണ്ട്. ഹോട്ടലുകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ വളരെവേഗം കുറ്റകൃത്യങ്ങളിൽ വഴുതിവീഴാറുണ്ട്. തുച്ഛമായ വേതനവും വൃത്തിഹീനമായ ജീവിതാന്തരീക്ഷവും വിശ്രമമില്ലാത്ത ജോലിയുമാണ് ഇവരെ ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ ഒരിക്കലും പൂർത്തീകരിക്കാൻ കഴിയാതെവരുന്നതിനാൽ അവയുടെ പൂർത്തീകരണത്തിനായി അവർ തെറ്റായ മാർഗങ്ങൾ തെരഞ്ഞടുക്കും. എന്നാൽ, ദാരിദ്ര്യമാണ് കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നു പൂർണമായും പറയുക സാധ്യമല്ല. പല സമ്പന്ന കുടുംബങ്ങളിലെയും കുട്ടികൾ കുറ്റകൃത്യങ്ങൾ ധാരാളമായി ചെയ്യാറുള്ളപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ധാരാളം കുട്ടികൾ നല്ലവരായി വളർന്നുവരുന്നുണ്ട്.

കുറ്റകൃത്യങ്ങൾക്ക് പ്രേരകമായി നിരവധി ഘടകങ്ങൾ ഉള്ളതായി നാം മനസ്സിലാക്കിക്കഴിഞ്ഞു. സാമൂഹിക ചുറ്റുപാടുകളുമായി പ്രതികരിക്കുമ്പോൾ സാമൂഹിക അംഗീകാരമുള്ള മാർഗങ്ങളും ചിട്ടവട്ടങ്ങളും അനുസരിക്കുകയാണെങ്കിൽ അയാൾക്ക് ആരോഗ്യകരമായ വ്യക്തിത്വമുണ്ട് എന്നു പറയാവുന്നതാണ്. മറിച്ച്, ഒരു വ്യക്തി തന്റെ വ്യവഹാരത്തിൽ സാമൂഹികവിരുദ്ധ മാർഗങ്ങൾ അവലംബിക്കുകയും സാമൂഹിക ചട്ടവട്ടങ്ങൾ ലംഘിക്കുകയും ചെയ്യുകയാണെങ്കിൽ അയാളെ ഒരു ക്രിമിനൽ അഥവാ കുറ്റവാളി എന്നു പറയാവുന്നതാണ്. അതായത് ഒരു വ്യക്തി പല കാരണങ്ങൾകൊണ്ടും കുറ്റവാളിയായി മാറാവുന്നതാണ്; സാമൂഹികം, വ്യക്തിപരം, കുടുംബപരം, മാനസികം, സാമ്പത്തികം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. ഒരു കൗമാര കുറ്റവാളിയെ നല്ലവനാക്കിമാറ്റി പുനരധിവസിപ്പിക്കുന്നതിന് ഈവക കാരണങ്ങളൊക്കെ പരിശോധിച്ചു വ്യക്തമായ കാരണം കണ്ടെത്തി അതു പരിഹരിക്കേണ്ടതുണ്ട്.

കൗമാര കുറ്റവാളികളെ നിയന്ത്രിച്ചു പുനരധിവസിപ്പിക്കുന്നതിനു സ്വീകരിക്കാറുള്ള സമീപനങ്ങൾ താഴെ വിവരിക്കുന്നു:

1. പരീക്ഷണ കാലഘട്ടം

പ്രത്യേകം പരിശീലനം കിട്ടിയിട്ടുള്ള ഒരു വ്യക്തിയുടെ മേൽനോട്ടത്തിലും സംരക്ഷണയിലും കൗമാര കുറ്റവാളികളെ കുറെ കാലം പഠിപ്പിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്. കൗമാര കുറ്റവാളികളെ വേണ്ടവണ്ണം സംരക്ഷിച്ചു സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ പരിശ്രമിക്കുകയാണ് സംരക്ഷണ ചുമതലയുള്ള വ്യക്തിയുടെ ഉത്തരവാദിത്തം. ഇത്തരം സംവിധാനത്തിൽ കുറ്റവാളികൾക്ക് തങ്ങളുടെ കുറ്റകൃത്യങ്ങൾ തിരുത്തി വ്യക്തിത്വം പുനരാവിഷ്‌കരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

2. ദുർഗുണ പരിഹാരസ്ഥാപനങ്ങൾ

ദുർഗുണ പരിഹാര പാഠശാലകൾ, മറ്റു അംഗീകൃത സ്ഥാപനങ്ങൾ എന്നിവ കുറ്റവാളികളായ കൗമാരക്കാരെ നല്ലവരാക്കി മാറ്റി സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനു വേണ്ടി ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളവയാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഇവർക്കായി പ്രത്യേകതരം പാഠ്യപദ്ധതികളും തൊഴിൽ പരിശീലന സൗകര്യങ്ങളും ഏർപെടുത്തിയിരിക്കും. കൗമാര കുറ്റവാളികളുടെ മൊത്തത്തിലുള്ള കഴിവുകളുടെ വികാസമാണ് ഇത്തരം സ്ഥാപനങ്ങൾ ലക്ഷ്യമാക്കുന്നത്.