വിദ്യാര്‍ഥികള്‍ വീണ്ടും ക്യാമ്പസുകളിലേക്ക്

ഷഹ്ബാസ് കെ. അബ്ബാസ്

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്യാമ്പസുകള്‍, മൊബൈല്‍ സ്‌ക്രീനുകളില്‍നിന്നും നേരിട്ടുള്ള അധ്യാപനത്തിലേക്ക് ചുവടുവച്ചിരിക്കുന്നു. സെമിനാര്‍ ഹാളുകളില്‍നിന്നും വെബിനാര്‍ ലിങ്കുകളിലേക്ക് ഉണ്ടായ മാറ്റം, ഒരുകണക്കിന് ലോകം മുഴുവനുമുള്ള വിജ്ഞാനത്തെയും അവസരങ്ങളെയും വിരല്‍ത്തുമ്പുകളില്‍ എത്തിക്കാനും സാങ്കേതികവിദ്യയുടെയും അറിവിന്റെയും പ്രവിശാലമായ ലോകം വിദ്യാര്‍ഥികള്‍ക്ക് തുറന്നു നല്‍കാനും സഹായിച്ചിട്ടുണ്ട്.

എന്നാല്‍ മറുവശത്ത്, ഏകാന്തതയും അപ്രതീക്ഷിതമായ അരക്ഷിതാവസ്ഥയുമെല്ലാം ഒരുപാട് വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലുമാക്കിയിട്ടുണ്ട് . ഇനി നമുക്ക് വേണ്ടത്, സക്രിയമായ ഒരു മാറ്റം ലക്ഷ്യം വെച്ചുകൊണ്ടുള്ള മൂല്യവത്തായ കലാലയ ജീവിതത്തിന്റെ വീണ്ടെടുപ്പിനായുള്ള പരിശ്രമങ്ങള്‍ തന്നെയാണ്.

യഥാര്‍ഥത്തില്‍, എന്തെല്ലാം പ്രതീക്ഷകളും പ്രത്യാശകളുമായിട്ടാണ് ഓരോ വിദ്യാര്‍ഥിയും തന്റെ ക്യാമ്പസില്‍ പ്രവേശിക്കുന്നത്! കെജി മുതല്‍ പ്ലസ് ടു വരെയുള്ള നീണ്ട സ്‌കൂള്‍ ജീവിതത്തിനു ശേഷം, ചിലര്‍ അതിനും ശേഷമുള്ള വിവിധങ്ങളായ എന്‍ട്രന്‍സ് പരിശീലനങ്ങള്‍ക്കുമെല്ലാമൊടുവി ലാണ് തങ്ങള്‍ ഒരുപാട് സ്വപ്‌നം കണ്ട ക്യാമ്പസുകളില്‍ എത്തിച്ചേരുന്നത്. അവനെ നന്മയിലേക്ക് വഴിനടത്തുന്ന, തിന്മകളോട് നോ പറയാന്‍ പഠിപ്പിക്കുന്ന, അവന്റെ സ്വഭാവരൂപീകരണത്തിനും സംസ്‌കാരവികാസത്തിനുമെല്ലാം അടിത്തറപാകേണ്ട 'ഇടമാണ്' ക്യാമ്പസ്.

എന്നാല്‍, ഈയിടെയായി ക്യാമ്പസുകളില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പുരോഗമനത്തിന്റെയും ഉദാരതയുടെയും ബാനറില്‍ തങ്ങള്‍ക്ക് തോന്നിയതെന്തും ചെയ്യാനും ചെയ്യിക്കാനും മുന്നില്‍ നില്‍ക്കുന്ന നേതാക്കളും വിദ്യാര്‍ഥി കൂട്ടായ്മകളുമാണ് ഇന്ന് ക്യാമ്പസിന്റെ മുഖമുദ്ര. ജാതിയുടെയും വംശത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ വിവേചനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്ന, പാര്‍ട്ടിയുടെ കൊടിയുടെ നിറത്തിന്റെ വ്യത്യാസംകൊണ്ട് മാത്രം ശത്രുവിനെയും മിത്രത്തെയും വേര്‍തിരിക്കുന്ന ലോകമായി ഇന്നത്തെ ക്യാമ്പസുകള്‍ മാറിയിരിക്കുന്നു.

പരിഹാരങ്ങള്‍ കാണേണ്ടവര്‍ നമ്മള്‍ തന്നെയാണ്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിലെ ഓരോ പൗരനും തങ്ങളുടെതായ ഭാഗധേയം ഇതില്‍ നിര്‍വഹിക്കാനുണ്ട്. നന്മയിലധിഷ്ഠിതമായ ഗാര്‍ഹികാന്തരീക്ഷം സൃഷ്ടിക്കുന്നതിലും ചെറുപ്പത്തില്‍തന്നെ കൃത്യമായ മതവിദ്യാഭ്യാസം നല്‍കുന്നതിലും മാതാപിതാക്കളും, ഒന്നാംവര്‍ഷം മുതല്‍ തന്നെ അവരെ പാഠ്യവിഷയങ്ങളോടൊപ്പം ഓരോ സന്ദര്‍ഭത്തിലും മാര്‍ഗദര്‍ശിയായി കൂടെയുണ്ടാവാന്‍ അധ്യാപകരും, തെറ്റായ ദിശയിലാണ് ക്യാമ്പസുകളുടെ സഞ്ചാരമെങ്കില്‍ അവര്‍ക്ക് നേര്‍വഴി കാണിക്കുവാന്‍ സമൂഹത്തിലെ ഓരോ വ്യക്തിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

മാറേണ്ടത് ഓരോ വിദ്യാര്‍ഥിയുംതന്നെയാണ്. കോവിഡ് കാലം അത്തരം ചില തിരിച്ചറിവുകളും ഉള്‍ക്കാഴ്ചകളുമാണ് നമുക്ക് നല്‍കിയിട്ടുള്ളത്. നല്ല കൂട്ടുകെട്ടുകള്‍ മാത്രം തിരഞ്ഞെടുക്കുവാനും ക്യാമ്പസിലെ ഓരോ നിമിഷത്തെയും കൂടുതല്‍ ക്രിയാത്മകമാക്കുവാനും ഇഹപര വിജയത്തിന് അനുഗുണമാകുന്ന രൂപത്തില്‍ ഈ നാലോ അഞ്ചോ വര്‍ഷത്തെ, നമ്മുടെ ജീവിതത്തിന്റെ ചുവരെഴുത്തുകളില്‍ ആലേഖനം ചെയ്തുവെക്കുവാനും നമുക്ക് കഴിയേണ്ടതുണ്ട്. നാഥന്‍ അനുഗ്രഹിക്കട്ടെ.