വഴിതെറ്റുന്ന മക്കളും മിഴിതുറക്കാത്ത രക്ഷിതാക്കളും

ടി.കെ.അശ്റഫ്

2021 മാര്‍ച്ച് 06 1442 റജബ് 22

നമ്മുടെ വളര്‍ന്നുവരുന്ന തലമുറയുടെ വഴിവിട്ട ജീവിതത്തോടുള്ള ആസക്തിയുടെ കഥകള്‍ ഇന്ന് ഞെട്ടലുളവാക്കുന്ന ഒരു വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു. ദിനേന അത്തരത്തിലുള്ള എത്രയെത്ര വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്!

സാമൂഹിക മാധ്യമംവഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി എട്ട് മാസമായി കുട്ടിയുടെ വീട്ടില്‍ വെച്ചുതന്നെ പീഡിപ്പിച്ച് വരികയായിരുന്നു എന്ന ഹൃദയഭേദകമായ വാര്‍ത്തയാണ് ഇതെഴുതുമ്പോള്‍ മുന്നിലുള്ള പത്രത്തിലുള്ളത്.

പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. പിതാവിന്‍റെ, പ്രായമുള്ള മാതാപിതാക്കളും കുട്ടിയുടെ മാതാവും മാത്രമാണ് വീട്ടിലുള്ളത്. കുട്ടിയുമായുള്ള സൗഹൃദം മറയാക്കി മയക്ക് മരുന്നിന് അടിമയാക്കിക്കൊണ്ട് വീട്ടിലുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ ഇത്രയും നാള്‍ കുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത സത്യമാണെങ്കില്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്‍റെ അകത്തളങ്ങളില്‍ നടക്കുന്ന അത്യന്തം അപകടകരമായ അടിയൊഴുക്കുകളെ ഗൗരവത്തോടെ പഠന വിധേയമാക്കേണ്ടതുണ്ട്.

ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതെന്നു പറഞ്ഞ് തള്ളിക്കളയാനാകില്ല. പുറംലോകമറിയാതെപോകുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഇത് വായിക്കുന്ന ഓരോരുത്തരും സ്വന്തം കുടുംബത്തെയും അയല്‍വാസികളെയും നാട്ടുകാരെയും കുറിച്ച് ചിന്തിക്കുക. അതീവ ജാഗ്രതയില്ലെങ്കില്‍ ഇതുപോലെയും അതിലപ്പുറവും സംഭവിക്കാന്‍ പരുവപ്പെട്ട സാമൂഹ്യ പരിസരമാണ് നിലവിലുള്ളത്.

ചില ചോദ്യങ്ങള്‍ രക്ഷിതാക്കള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ യഥേഷ്ടം കുട്ടികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ? വിദ്യാലയത്തിലേക്കുള്ള പോക്കും വരവും സമയബന്ധിതമാണോ? മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണോ മക്കള്‍? കുട്ടിയുടെ കൂട്ടുകെട്ട് അല്‍പം പിശകാണെന്ന് അധ്യാപകരോ നാട്ടുകാരോ കുടുംബത്തില്‍ പെട്ടവരോ ആയി ആരെങ്കിലും നമ്മെ ഓര്‍മപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നാം അത് ഗൗരവത്തിലെടുത്തിട്ടുണ്ടോ? സംശയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മക്കള്‍ പറയുന്നതില്‍ മാത്രം വിശ്വസിച്ചിരിക്കുകയാണോ? കമ്പ്യൂട്ടറും ഫോണും പഠനാവശ്യങ്ങള്‍ക്കപ്പുറം ദീര്‍ഘസമയം ഉപയോഗിക്കുന്ന പ്രവണത കുട്ടികളിലുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക് നമ്മുടെ ഉത്തരം എന്താണ്?

വിദേശത്തുള്ള രക്ഷിതാക്കള്‍ കുട്ടികളുടെ ഭൗതികമായ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ധാര്‍മികവിശുദ്ധി പാലിച്ചുകൊണ്ടുള്ള ജീവിതത്തിന്‍റെ അനിവാര്യത കൂടി അവരെ ബോധ്യപ്പെടുത്തണം. അതിനെക്കുറിച്ച് ഇടയ്ക്കിടെ അവരോട് അന്വേഷിക്കണം. മക്കളുമായി കൂടുതല്‍സമയം ഇടപഴകാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. വീട്ടില്‍നിന്നു പഠനത്തിനും മറ്റുമായി പുറത്തുപോകുന്ന ഓരോ ദിവസത്തെ കാര്യങ്ങളും വിശദമായി ചോദിച്ചറിയണം; ഗുണകാംക്ഷയോടെ ഉള്ളുതുറന്ന് സംസാരിക്കണം. അപകടസൂചനകള്‍ ഓര്‍മിപ്പിക്കണം. ധാര്‍മിക ചിന്തയുണര്‍ത്തുന്ന ഉദ്ബോധനങ്ങള്‍ ശ്രവിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം. കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയാത്തവരില്‍ അവരെ ഏല്‍പിച്ചുകൊണ്ട് മാതാപിതാക്കള്‍ വിദേശത്തുപോകുന്നതിലെ അപകടം തിരിച്ചറിയണം.

മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം നാട്ടിന്‍ പ്രദേശങ്ങളില്‍ ശക്തിപ്പെടുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ അമാന്തിച്ചുകൂടാ. വിദ്യാലയങ്ങള്‍ക്ക് ചുറ്റും ലഹരി വസ്തുക്കള്‍ വില്‍ക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ അധികാരികളും മത, സാമൂഹിക സംഘടനകളും ഒന്നിച്ച് രംഗത്തിറങ്ങണം.

ചെറുപ്പത്തില്‍ ധാര്‍മിക ശിക്ഷണം നല്‍കുന്നതില്‍ വേണ്ടത്ര ശ്രദ്ധയില്ലാത്തവരും മതബോധം നാമമാത്രമായി മതിയെന്ന് ചിന്തിക്കുന്നവരും കുട്ടികളുടെ കാര്യത്തില്‍ ജാഗ്രതപുലര്‍ത്താത്തവരുമായ രക്ഷിതാക്കള്‍ കുട്ടികളുടെ അപഥസഞ്ചാരത്തിന്‍റെ ഉത്തരവാദികളാണെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.