കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹം!

ടി.കെ.അശ്‌റഫ്

2021 ആഗസ്ത് 07 1442 ദുല്‍ഹിജ്ജ 27

കൗമാരക്കാരായ പെണ്‍കുട്ടികളും യുവതികളും വ്യത്യസ്തമായ രീതികളില്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമില്ലാതായിരിക്കുന്നു! ചിലര്‍ കഠാരക്ക് ഇരയാകുന്നു. മറ്റു ചിലര്‍ പെട്രോളൊഴിച്ച് കത്തിക്കപ്പെടുകയോ സ്‌ഫോടനത്തില്‍ ചിതറിത്തെറിക്കുകയോ ചെയ്യുന്നു. ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിക്കപ്പെടുന്നവരും ഓടുന്ന വാഹനത്തില്‍നിന്ന് പുറത്തേക്കെറിയപ്പെടുന്നവരും ആസിഡ്‌കൊണ്ടുള്ള ആക്രമണത്തിന് വിയേരാകുന്നവരും ഉണ്ട്. അവസാനം ഇതാ... വിദ്യാസമ്പന്നയായ ഒരു യുവതിയെ ഒരു യുവാവ് തോക്കുകൊണ്ട് അതിക്രൂരമായി വധിച്ചിരിക്കുന്നു! പ്രതിക്ക് എവിടെനിന്നാണ് തോക്ക് കിട്ടിയത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്.

ഇതിലും ചൂടേറിയ ഒരു വാര്‍ത്ത വരുന്നതുവരെ ചാനലുകളില്‍ ചര്‍ച്ചക്കും പത്രങ്ങളില്‍ ലേഖനത്തിനും ഇത് വിഷയമായേക്കാം. അതിനപ്പുറം, എന്തുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നുവെന്ന് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്ത് പരിഹാര നടപടികളിലേക്ക് കടക്കാന്‍ പലപ്പോഴും സമൂഹം തയ്യാറല്ല. എല്ലാത്തിനും കാരണക്കാരി സ്ത്രീയാണെന്ന ആക്ഷേപം ഒരു ഭാഗത്തും പുരുഷാധിപത്യ ഫ്യൂഡല്‍ കാഴ്ചപ്പാടാണ് അടിസ്ഥാന പ്രശ്‌നമെന്ന് മറുഭാഗത്തും ചര്‍ച്ചകള്‍ പൊടിപൊടിക്കും.

സ്ത്രീയായാലും പുരുഷനായാലും ദൈവത്തിന്റെ സൃഷ്ടിയാണ്. സ്രഷ്ടാവിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സ്ത്രീയും പുരുഷനും ജീവിത കാഴ്ചപ്പാട് രൂപപ്പെടുത്തല്‍ മാത്രമാണ് ശരിയായ പരിഹാരം. അതിലേക്കെത്താന്‍ എത്ര വൈകുന്നുവോ അത്രയും പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചു കൊണ്ടേയിരിക്കും.

പുരുഷനെ സ്ത്രീയാക്കുന്നതും സ്ത്രീയെ പുരുഷനാക്കുന്നതുമല്ല പ്രശ്‌നത്തിനുള്ള പരിഹാരം. പുരുഷനോ സ്ത്രീയോ എന്നതല്ല പ്രധാനം; മനസ്സിന്റെ നന്മയാണ് സ്രഷ്ടാവ് പരിഗണിക്കുന്നത്. സ്ത്രീപുരുഷബന്ധം വിവാഹത്തിലൂടെ മാത്രമാകണം. അതിനുമുമ്പുള്ളതെല്ലാം ഏതു പേരിട്ട് വിളിച്ചാലും അധര്‍മമാണ്.

മുഹമ്മദ് നബി ﷺ യുടെ ഒരു മുന്നറിയിപ്പ് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്: 'ഒരാളും അന്യ സ്ത്രീയുമായി ഒഴിഞ്ഞിരിക്കുകയില്ല തന്നെ; അവര്‍ രണ്ടുപേരോടൊപ്പം മൂന്നാമനായി പിശാച് ഉണ്ടാകാതെ.'

ഒരു മനുഷ്യന് തന്റെ ലൈംഗികത ഏറ്റവും നല്ലനിലയില്‍ ഉപയോഗിക്കുന്നതിനും മോശമായ മാര്‍ഗത്തില്‍ നിന്നും തടയുന്നതിനും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ചമാര്‍ഗവുമാകുന്നു''(ക്വുര്‍ആന്‍ 17:32). വ്യഭിചാരത്തിലേക്ക് അടുക്കുകപോലുമരുത് എന്നാണ് ക്വുര്‍ആനിന്റെ കല്‍പന. അതിലേക്ക് എത്തുന്നതായ എന്തൊക്കെ കാര്യങ്ങളുണ്ടോ അതെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് പ്രവാചകന്‍ ﷺ ലോകത്തെ പഠിപ്പിച്ചത.്

വിവാഹപൂര്‍വലൈംഗികബന്ധത്തെയും അതിലേക്ക് നയിക്കുന്ന രഹസ്യഇടപാടുകളെയും ആധുനികതയുടെയും യുക്തിചിന്തയുടെയും ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ന്യായീകരിക്കുന്ന കാലത്തോളം സമൂഹം ഈ പ്രശ്‌നത്തില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല.

വലവീശി പിടിക്കാന്‍ വരുന്ന കഴുകന്‍മാരില്‍നിന്ന് കുതറിമാറുന്ന യുവതികള്‍, അവര്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ നിഷ്‌കരുണം കൊല്ലപ്പെടുമ്പോള്‍ ഏതാനും ദിവസം മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയാവുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്യുന്നതാണ് പതിവ്. അക്രമങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കാത്തിടത്തോളം കാലം ഇതിനൊരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.