പ്രണയക്കുരുതിയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം

ടി.കെ.അശ്‌റഫ്

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

പ്രണയപ്പകയില്‍ കേരളത്തില്‍ വീണ്ടുമൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നു! പെട്രോളൊഴിച്ചും സ്‌ഫോടക വസ്തു ഉപയോഗിച്ചും കത്തികൊണ്ട് കുത്തിയും വെടിയുതിര്‍ത്തുമെല്ലാം പ്രണയ നൈരാശ്യത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

ഓരോ സംഭവം കഴിയുമ്പോഴും അതിന്റെ നീറുന്ന കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുമ്പോള്‍ ഇനിയാരും ഇത്തരം കൊടുംക്രൂരതയ്ക്ക് മുതിരില്ലെന്നാണ് സമൂഹം വിചാരിക്കാറുള്ളത്. എന്നാല്‍ അത്തരം പ്രതീക്ഷകളെയെല്ലാം തകര്‍ത്തുകൊണ്ട് വീണ്ടും അതിക്രൂരമായ വഴികളിലൂടെ കൊലകള്‍ ആവര്‍ത്തിക്കുന്നതായാണ് നാം കാണുന്നത്.

കൗമാരക്കാര്‍ ഇത്തരം ദുരന്തങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ മൗലിക കാരണം കണ്ടെത്താന്‍ ഇനിയും വൈകിക്കൂടാ. സിനിമകളും സീരിയലുകളും നല്‍കുന്ന വികലമായ വിവാഹ വീക്ഷണങ്ങള്‍ മുന്നില്‍ വെച്ചാണ് കൗമാരപ്രായക്കാര്‍ പ്രണയത്തിലേക്ക് എടുത്തുചാടുന്നത്. സങ്കല്‍പങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്ക് എത്തുമ്പോള്‍ പലരും കണ്ടെത്തിയ ജീവിതപങ്കാളി തനിക്ക് യോജിച്ചതല്ലെന്ന് തിരിച്ചറിയുന്നു. അതോടെ പിന്‍മാറാന്‍ ശ്രമിക്കുന്നു. മറ്റെയാള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. അതോടെ അവര്‍ പോലും വിചാരിക്കാത്ത അനര്‍ഥങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

വിവാഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത പ്രായത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ലിംഗ സമത്വത്തിന്റെയും പെരുമ്പറ മുഴക്കി പ്രണയത്തെ മഹത്ത്വവത്കരിക്കുന്ന പൊതുബോധത്തെയാണ് ആദ്യം ചികിത്സിക്കേണ്ടത്.

വിവാഹമെന്നത് കുട്ടികളോ രക്ഷിതാക്കളോ തനിച്ച് തീരുമാനിക്കേണ്ട ഒരു വിഷയമല്ല. മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യമായ പങ്കാളിത്തം അതിലുണ്ടാവണം. മക്കളുടെ അനുവാദമില്ലാതെ വിവാഹം ഉറപ്പിക്കുന്നത് പോലെ അന്യായമായ ഒന്നാണ് കുടുംബത്തിന്റെ ഇടപെടലും സമ്മതവുല്ലാതെ കുട്ടികള്‍ വൈകാരികമായി എത്തിച്ചേരുന്ന ബന്ധങ്ങള്‍.

പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ക്ക് തണലാകേണ്ട മക്കള്‍ വിവാഹത്തോടെ സ്വന്തം കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചു പോകേണ്ടി വരുന്ന സാഹചര്യം എത്രമാത്രം ക്രൂരമാണ്! മാതാപിതാക്കളും കുടുംബവും പുതുതലമുറയുടെ വികാരങ്ങളറിയാന്‍ സാധിക്കാത്ത പ്രാകൃത കാലത്തെ ഒരുതരം ജീവികളാണെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കും വിധമാണ് മീഡിയകളും സിനിമകളും പൊതുബോധം രൂപപ്പെടുത്തുന്നത്.

നൈമിഷികമായ വികാര ശമനത്തിനായി വലയൊരുക്കി കാത്തിരിക്കുന്നവരുടെ കെണിയിലകപ്പെട്ട മക്കള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് ഫലപ്രാപ്തിയില്ലാതെ പോകുന്നത് രക്ഷിതാക്കളെക്കുറിച്ച് നേരത്തെ രൂപപ്പെടുത്തിയ തെറ്റായ പൊതുബോധം കാരണത്താലാണ്.

പക്വതയെത്താത്ത പ്രായത്തില്‍ മുളപൊട്ടുന്ന പ്രണയത്തിന്റെ നാമ്പുകള്‍ തുടക്കത്തിലേ നുള്ളിക്കളയാന്‍ ആര്‍ജവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ നാം തയ്യാറായാലേ പ്രണയക്കുരുതികള്‍ അവസാനിപ്പിക്കാനാവൂ.

ക്യാമ്പസ് കാലം പഠനത്തിനുള്ളതാണ്. കുടുംബങ്ങള്‍ കൂടയാലോചിച്ച് എടുക്കുന്ന തീരുമാനത്തിലൂടെ മാത്രമെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയുള്ളൂവെന്ന തീരുമാനത്തിലേക്കും തിരിച്ചറിവിലേക്കും പുതുതലമുറയെ എത്തിക്കാന്‍ സാധിക്കണം. ഈ നിലപാടിനെ പിന്തിരിപ്പന്‍ കാഴ്ചപ്പാടായി മുദ്രകുത്താനാണ് ശ്രമമെങ്കില്‍ കഴുത്തറുത്തും കത്തിച്ചും പ്രണയപ്പക തീര്‍ക്കുന്ന കാഴ്ചകള്‍ ഇനിയും കാണേണ്ടി വരും.