സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവും തെരഞ്ഞെടുപ്പു കമ്മീഷന്‍റെ മുന്നറിയിപ്പും

ടി.കെ.അശ്റഫ്

2021 മാര്‍ച്ച് 13 1442 റജബ് 29

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ അതിന്‍റെ സാഹചര്യം വോട്ടെടുപ്പുകഴിഞ്ഞ് മുപ്പതു ദിവസത്തിനകം വിശദീകരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് ജനാധിപത്യ പ്രക്രിയയിലെ നല്ലൊരു കാല്‍വയ്പാണ്. 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദേശത്തിന്‍റെ ചുവടുപിടിച്ചാണ് കമ്മീഷന്‍റെ പുതിയ നീക്കം. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നിയമനിര്‍മാണ സഭയില്‍ എത്താതിരിക്കാനുള്ള സുപ്രധാന തീരുമാനമായി ഇത് മാറട്ടെയെന്ന് പ്രത്യാശിക്കുകയാണ്.

സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്നും ഇത് മൂന്നുതവണ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിലവില്‍ വ്യവസ്ഥയുണ്ടായിട്ടും പല കേസുകളിലും ശിക്ഷിക്കപ്പെട്ട നേതാക്കള്‍ ജയിലില്‍നിന്ന് ആഘോഷപൂര്‍വം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരികയും മത്സരിക്കുകയും ചെയ്യുന്ന അവസ്ഥ ആശാസ്യകരമല്ല.ഇതിനെല്ലാം അറുതിവരാന്‍ പുതിയ നീക്കത്തിലൂടെ സാധിച്ചാല്‍ നല്ല കാര്യം.

കേരളത്തിലെ കഴിഞ്ഞ ഇലക്ഷന്‍ കാലത്തെ കണക്കു പരിശോധിച്ചാല്‍തന്നെ ഒട്ടേറെ കേസുകളാണ് ചില പ്രധാനപ്പെട്ട നേതാക്കളുടെ പേരിലുള്ളത് എന്നു കാണാം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് സമൂഹത്തില്‍ പരക്കെ അറിയപ്പെട്ടവരെത്തന്നെ മത്സരിപ്പിക്കുന്നതിലൂടെ ഓരോ പാര്‍ട്ടിയും സമൂഹത്തിന് നല്‍കുന്ന സന്ദേശം ജനാധിപത്യ സമ്പ്രദായത്തെ അപമാനിക്കുന്നതാണെന്ന് ഓര്‍ക്കണം.

താന്‍ ചെയ്യുന്ന അരുതായ്മകള്‍ മൂടിവെക്കാനും മറ്റുള്ളവരോട് പ്രതികാരം ചോദിക്കാനുമുള്ളതല്ല ജനങ്ങള്‍ നല്‍കുന്ന അംഗീകാരം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിപ്പിച്ചാലും അന്ധമായ പക്ഷപാതിത്വത്തിന്‍റെ പേരില്‍ അവരെ ജയിപ്പിക്കുന്ന അണികളുള്ളിടത്തോളം കാലം ഈ ദുഷ്പ്രവണതയ്ക്ക് അറുതിയുണ്ടാകില്ല.

രാഷ്ട്രീയ രംഗത്ത് സജീവമായി നിലനില്‍ക്കുന്നവര്‍ സമരങ്ങളിലും മറ്റുമായി ധാരാളം കേസുകളില്‍ അകപ്പെടുന്നതും അറസ്റ്റു ചെയ്യപ്പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ തെറ്റ് ചെയ്യാത്തവരെ അധിക്ഷേപിക്കാനായോ രാഷ്ട്രീയ വൈരം തീര്‍ക്കുവാനോ മറ്റോ വ്യാജ കേസുകള്‍ ചുമത്തി വേട്ടയാടുന്ന സാഹചര്യവും നാം കാണാതിരുന്നുകൂടാ. നിരപരാധികളും നീതിപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമായ നേതാക്കളുടെ അവസരം നഷ്ടപ്പെടാന്‍ കമ്മീഷന്‍റെ പുതിയ ചുവടുവയ്പ്പുകള്‍ കാരണമാവുകയുമരുത്.

എന്നാല്‍ തികഞ്ഞ ക്രിമിനലുകളും ഗുണ്ടകളും അധികാരത്തിന്‍റെ സോപാനങ്ങളില്‍ കയറിപ്പറ്റുന്നസാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാ. ക്രിമിനല്‍ കുറ്റത്തിന് ജയിലിലടക്കപ്പെടുകയും ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തുവരികയും ചെയ്യുന്നവരെ താരപരിവേഷത്തോടെ പൂമാലയിട്ടു സ്വീകരിക്കുന്നത് സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നതില്‍ സംശയമില്ല. പാര്‍ട്ടിയെ നിലനിര്‍ത്താനും വളര്‍ത്താനുമായി ഗുണ്ടകളെ പാലൂട്ടി വളര്‍ത്തുന്ന നെറികേടിന്‍റെ രാഷ്ട്രീയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.

കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നേതാക്കളുടെ ദൗര്‍ലഭ്യമില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മാറ്റി നിര്‍ത്തിയാലും സ്ഥാനാര്‍ഥികളാകാന്‍ അര്‍ഹതയും യോഗ്യതയുമുള്ളവര്‍ എമ്പാടുമുണ്ട്. രാഷ്ട്രീയവും രാഷ്ട്രീയ പ്രവര്‍ത്തനവും മോശപ്പെട്ട ഒന്നാണെന്ന ചിന്താഗതി പുതുതലമുറയില്‍ വളര്‍ന്നുവരാനും അരാഷ്ട്രീയവാദികളാക്കി അവരെ മാറ്റാനുമുള്ള പ്രധാനപ്പെട്ട ഒരു കാരണം രാഷ്ട്രീയരംഗത്തെ അരുതായ്മകള്‍ തന്നെയാണ്. അതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ക്രിമിനലുകള്‍ അധികാരത്തിലെത്തുന്ന സാഹചര്യം ഒഴിവാക്കലാണ്.