രുചിച്ചുനോക്കരുത്; ഒരിക്കലും

സലാം സുറുമ എടത്തനാട്ടുകര

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

"ഈ സ്ഥാപനങ്ങളെയും ആളുകളെയും ഒന്ന് കാണിച്ചുതരാമോ?"

പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ കയറിവന്ന അപരിചിതന്‍ നീട്ടിയ പേപ്പറിലേക്ക് നോക്കിയ ഞങ്ങള്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല. അത് മനസ്സിലാക്കിയ ആഗതന്‍ സംഗതികള്‍ കൂടുതല്‍ വ്യക്തമാക്കി. ഞങ്ങളുടെ സീനിയര്‍ ആയിരുന്ന ഒരു വിദ്യാര്‍ഥിയുടെ ബന്ധുവാണ് ഇദ്ദേഹം. കക്ഷിയുടെ സഹോദരിയുടെ മകനായ സീനിയര്‍ വിദ്യാര്‍ഥി ഈ കോഴ്സിന്നുചേരുമ്പോള്‍ നല്ല കുട്ടിയായിരുന്നു. എന്നാല്‍ ചില കൂട്ടുകാരുടെയും നാട്ടുകാരുടെയും ഒപ്പംകൂടി പല ദുശ്ശീലങ്ങളും വശത്താക്കി. പുകവലിയും മദ്യപാനവും അവന് ഒഴിവാക്കാനാവാത്ത അവസ്ഥയിലായി.

കുടിക്കാനും വലിക്കാനും കാശ് തികയാതായപ്പോള്‍ സഹപാഠികളില്‍നിന്നും നാട്ടുകാരില്‍നിന്നുമൊക്കെ കടംവാങ്ങി. ദേഹത്ത് അണിഞ്ഞിരുന്ന സ്വര്‍ണമാലയും മോതിരങ്ങളുമൊക്കെ പണയംവെച്ച് മദ്യപിക്കാന്‍ പണം കണ്ടെത്തി. കോഴ്സ് കഴിഞ്ഞ് പോകുമ്പോള്‍ അയല്‍വാസികളോടും നാട്ടുകാരോടും പരിചയക്കാരോടുമൊക്കെ യാത്രപറഞ്ഞാണ് എല്ലാവരും പോകാറുള്ളത്. എന്നാല്‍ ഈ കക്ഷി ആരോടും പറയാതെയാണ് യാത്രയായത്.

വസ്ത്രങ്ങളും പുസ്തകങ്ങളുമൊന്നുമില്ലാതെ അവന്‍ കയറിച്ചെന്നത് വീട്ടുകാരില്‍ സംശയം ജനിപ്പിച്ചു. അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ദേഹത്തില്ലാത്തത് അവര്‍ ചോദ്യംചെയ്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പണയംവെച്ച സ്ഥാപനങ്ങളുടെയും പണം കടംവാങ്ങിയത് തിരികെ കൊടുക്കാനുള്ളവരുടെയും വിവരം വീട്ടുകാര്‍ക്ക് ലഭിച്ചു. അഭിമാനികളായ വീട്ടുകാരായതിനാല്‍ പണവുമായി ബന്ധുവിനെ  ഹോസ്റ്റലിലേക്ക് അയച്ചു. അദ്ദേഹം എല്ലാവരെയും നേരില്‍കണ്ട് എല്ലാവരുടെയും കടങ്ങള്‍ വീട്ടി. ബാങ്കുകളില്‍നിന്നും പണയ സാധനങ്ങള്‍ തിരിച്ചെടുത്തു.

കോഴ്സിന് ചേരുമ്പോള്‍ യാതൊരുരുദുശ്ശീലവുമില്ലാത്ത വിദ്യാര്‍ഥികള്‍ പോലും ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെട്ട് മദ്യത്തിനും മറ്റും അടിമകളായി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശല്യമായി മാറുന്നത് ഏറെ സങ്കടകരമാണ്. കൃത്യമായ ശ്രദ്ധയും നിയന്ത്രണവും ഈ വിദ്യാര്‍ഥിയുടെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥയില്‍ അവന്‍ എത്തുമായിരുന്നില്ല.

മദ്യത്തിന്‍റെയും മയക്കുമരുന്നുകളുടെയും ഉപയോഗം പുതുതലമുറ 'സ്റ്റാറ്റസ് സിമ്പലും' 'സോഷ്യല്‍ടൂളു'മായൊക്കെയാണ് കണക്കാക്കുന്നത്. ഇതൊക്കെ ഉപയോഗിക്കാത്തവര്‍ ഇക്കാലത്ത് 'ഒന്നിനുംകൊള്ളാത്ത'വരും 'ലോകംതിരിയാത്ത'വരും ഉപയോഗിക്കുന്നവര്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്നവരുമായി വിശേഷിപ്പിക്കപ്പെടുന്നു.

നവമാധ്യമങ്ങളും സിനിമകളും മറ്റും ലഹരി ഉപയോഗങ്ങളെ മഹത്ത്വവത്കരിക്കുന്ന പ്രവണത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാറുകളുടെ വരുമാനത്തിന്‍റെ മുഖ്യസ്രോതസ്സുകളില്‍ ഒന്നാണ് മദ്യം. അതുകൊണ്ടുതന്നെ സമ്പൂര്‍ണ മദ്യനിരോധനം എന്നത് ഒരിക്കലും ഒരു സര്‍ക്കാറും നടപ്പാക്കാനിടയില്ല.

വിദ്യാര്‍ഥി, യുവജനങ്ങള്‍ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെടാതിരിക്കാന്‍ മത, സാമൂഹിക, സാംസ്കാരിക സംഘടനകള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥി കൂട്ടായ്മകളും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ആരോഗ്യത്തെയും സമ്പത്തിനെയും ബന്ധങ്ങളെയും നശിപ്പിക്കുന്ന ലഹരിവസ്തുക്കളോട് 'നോ' പറയാനും 'ഒരിക്കലുംരുരുചിക്കില്ല' എന്ന് ദൃഢനിശ്ചയം ചെയ്യാനും നവതലമുറയെ നാം നന്നായി പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.