കാരണം തേടുമ്പോള്‍

ടി.കെ അശ്‌റഫ്

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ആളുകള്‍ മണ്ണിനടിയിലായതും വീടുകള്‍ ഒലിച്ചുപോയതുമൊക്കെയാണിപ്പോള്‍ എല്ലാവരുടെയും സംസാര വിഷയം. തീര്‍ച്ചയായും സങ്കടകരമായ കാര്യങ്ങളാണ് ഇടുക്കിയിലും കോട്ടയത്തുമൊക്കെ സംഭവിച്ചിരിക്കുന്നത്.

ജാഗ്രതകൊണ്ട് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍, മുന്നോട്ട് പോകല്ലേ എന്ന് ആളുകള്‍ വിളിച്ചുപറഞ്ഞിട്ടും കാര്‍ മുന്നോട്ടെടുത്തതിനാല്‍ ജീവന്‍ നഷ്ടപ്പെട്ട യുവാവും യുവതിയും, നീണ്ട വര്‍ഷങ്ങള്‍ പാടുപെട്ട് പണിചെയ്ത് പടുത്തുയര്‍ത്തിയതെല്ലാം പ്രളയജലം നക്കിത്തുടച്ചത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നവര്‍. സമ്പത്തും സൗകര്യങ്ങളും വേണ്ടുവോളമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥയില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിയേണ്ടിവന്നവര്‍, വീടും പുരയിടവും മാത്രമല്ല നീണ്ടവര്‍ഷങ്ങളിലെഅധ്വാനഫലം മുഴുവനും വെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ടവര്‍, മണ്ണിനടിയില്‍ നിന്ന് ഇനിയും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലാത്ത സ്വന്തക്കാരെ ഓര്‍ത്ത് വിലപിക്കുന്നവര്‍...

അവരെ സഹായിക്കലും ആശ്വാസം പകരലും നമ്മുടെ ബാധ്യതയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയ ദുരന്തങ്ങളില്‍ മലയാളികള്‍ കാണിച്ച അതുല്യമായ സഹായമനസ്ഥിതിയും ത്യാഗവും ലോകം കണ്ടതാണ്. ഇത്തവണയും അതില്‍ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല.

എന്താണ് വെള്ളപ്പൊക്കത്തിന് കാരണം? ഉരുള്‍പൊട്ടല്‍! ഉരുള്‍പൊട്ടിയത് അതിതീവ്രമഴ കാരണം. അതിതീവ്രമഴയുണ്ടാകാന്‍ കാരണം ലഘു മേഘവിസ്‌ഫോടനം! അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമുണ്ടായ ന്യൂനമര്‍ദമാണ് അതിന്റെ പിന്നിലുള്ള കാരണമെന്ന് വാനനിരീക്ഷകര്‍ വിശദീകരിക്കുന്നു.

അപ്പോള്‍ ന്യൂനമര്‍ദത്തിന്റെ കാരണമോ? അതിനും ശാസ്ത്രീയമായ വിശദീകരണമുണ്ടാവാം. അങ്ങനെ കണ്ടെത്തിയ കാരണത്തിന്റെ കാരണക്കാരനോ? അങ്ങനെ ചോദിച്ചാല്‍ അത് അന്ധവിശ്വാസികളുടെ ചോദ്യമായാണ് പലരും ചിത്രീകരിക്കുക. ശാസ്ത്രത്തിനും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം ചില യാഥാര്‍ഥ്യങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഇത്തരം ഘട്ടത്തിലും മനുഷ്യന്‍ തയ്യാറായില്ലെങ്കില്‍ അതാണ് ഏറ്റവും വലിയ ദുരന്തം.

പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങള്‍ അവതരിച്ചതും. അതിലെ അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. മാനവതയുടെ മാര്‍ഗദര്‍ശിയാണത്. മനുഷ്യന്റെ ജീവിതലക്ഷ്യം എന്തായിരിക്കണമെന്ന് ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. നാം ജാഗ്രത കാണിച്ചാലും കാണിച്ചില്ലെങ്കിലും വരാനുള്ള ദുരന്തങ്ങളെ തട്ടിമാറ്റാനാകില്ല. അതിനര്‍ഥം വരുംപോലെ വരട്ടെ എന്നു കരുതി ഒന്നും ചെയ്യാതിരിക്കലല്ല. സാധ്യമാകുന്നതെല്ലാം നാം ചെയ്യണം. ദൈവത്തിന്റെ വിധിയെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല.

മനുഷ്യ ജീവിതം നശ്വരമാണ്. ശാശ്വത ജീവിതം പരലോകത്താണ്. ഇവിടെ നാം എത്ര ഉരുക്കുകോട്ടകള്‍ കൊണ്ട് പ്രതിരോധിച്ചാലും നിമിഷങ്ങള്‍കൊണ്ട് അതെല്ലാം തകര്‍ന്നടിയുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് നാം കാണുന്നത്. അനശ്വരമായ മരണാനന്തര ജീവിതത്തിലേക്കുള്ള പാഥേയമാണ് നാം ഈ കുറഞ്ഞ ആയുസ്സിനകം ഒരുക്കേണ്ടത്. അതില്‍നിന്ന് അശ്രദ്ധമാകുമ്പോള്‍ പല രീതിയിലുള്ള ഓര്‍മപ്പെടുത്തലുകള്‍ നമുക്ക് വന്നുകൊണ്ടിരിക്കും. അതില്‍നിന്ന് തിരിച്ചറിവുകള്‍ നേടി മുന്നോട്ടു പോകുന്നതാണ് ബുദ്ധിമാന്മാരുടെ ലക്ഷണം.