സമ്പത്തുണ്ടാക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവര്‍

ടി.കെ.അശ്റഫ്

2021 ഫെബ്രുവരി 20 1442 റജബ് 08

"തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ. തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു" (ക്വുര്‍ആന്‍ 100:6-8).

ഈ ക്വുര്‍ആന്‍ വചനത്തില്‍ മനുഷ്യനെ കുറിച്ച്മൂന്നു കാര്യങ്ങള്‍ പറയുന്നു: ഒന്ന്) മനുഷ്യന്‍ തന്‍റെ രക്ഷിതാവായ അല്ലാഹുവിനോട് നന്ദികെട്ടവനാണ്. രണ്ട്) അതിന് അവന്‍ തന്നെ അഥവാ അവന്‍റെ പ്രവൃത്തികള്‍തന്നെ സാക്ഷിയാണ്. മൂന്ന്) അവന്‍ സമ്പത്തിനോട് അങ്ങേയറ്റം സ്നേഹമുള്ളവനാണ്.

ധനത്തോട് അത്യാര്‍ത്തിയുണ്ടാകുമ്പോള്‍ മനുഷ്യന്‍ സ്രഷ്ടാവിനെയും സൃഷ്ടികളെയും വിസ്മരിക്കും എന്നതാണ് വസ്തുത. എങ്ങനെയെങ്കിലും സമ്പന്നനായിത്തീരുക, സുഖിച്ച് ജീവിക്കുക എന്നതു മാത്രമായിരിക്കും അവന്‍റെ ചിന്ത. അതോടെ മതത്തിന്‍റെ വിധികളും വിലക്കുകളും അവന്‍ അവഗണിക്കും.

ഈ ധനമോഹത്തിന്‍റെ അടയാളമാണ് പലിശ, ചൂതാട്ടം, ലോട്ടറി, മോഷണം... തുടങ്ങിയ എല്ലാവിധ അധാര്‍മിക മാര്‍ഗങ്ങളിലൂടെയും പണമുണ്ടാക്കാനുള്ള ശ്രമം. ഇത് ഇന്‍റര്‍നെറ്റിന്‍റെയും ഓണ്‍ലൈനിന്‍റെയും കാലമാണല്ലോ. ഇപ്പോള്‍ ഈ വഴിക്കുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ധാരാളമായി നടക്കുന്നുണ്ട്.  

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായി തമിഴ്നാട്ടില്‍ 17 പേരാണ് ഇതിനകം ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇതോടെ തമിഴ്നാട് സര്‍ക്കാര്‍ ഉണര്‍ന്നു. ഓണ്‍ലൈനിലുള്ള സാമ്പത്തിക തട്ടിപ്പിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ പുതിയ ബില്‍ നിയമസഭയില്‍ പാസാക്കുകയും ചെയ്തു. കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ സിസ്റ്റം, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് എന്നിവയില്‍ സൈബര്‍ സ്പേസ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പന്തയമോ ഗെയിമോ കളിക്കുന്നത് അവിടെ വിലക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ എന്നിവയും പണം വെച്ച് കളിക്കുന്ന മറ്റു ഓണ്‍ലൈന്‍ മത്സരങ്ങളും വിലക്കിയവയില്‍ ഉള്‍പ്പെടും. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കും. ഓണ്‍ലൈന്‍ ഗെയിം വരുമാനത്തിനായി കമ്പനികള്‍ നടത്തുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. വളരെ നല്ല കാര്യം.

എല്ലാ വിഷയങ്ങളിലും ഒരുപടി മുന്നിലാണെന്ന് അഭിമാനിക്കുന്ന കേരളം ഇക്കാര്യത്തില്‍ തമിഴ്നാടിന്‍റെ പിറകിലാണ്. 1930ലെ തമിഴ്നാട് ഗെയിമിംഗ് ആക്ടില്‍ ഭദഗതി വരുത്തിക്കൊണ്ടാണ് തമിഴ്നാട് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കേരളമാകട്ടെ, ഓണ്‍ലൈന്‍ ഇത്ര വ്യാപകമാകുന്നതിന് മുമ്പ് (1960ല്‍) പാസാക്കിയ നിയമമനുസരിച്ചാണ് ഇപ്പോഴും ഓണ്‍ലൈന്‍ ഗെയിം കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നത്!

ഓണ്‍ലൈന്‍ റമ്മിയെ പ്രമോട്ട് ചെയ്തുകൊണ്ടുള്ള ഫുള്‍ പേജ് പരസ്യം പ്രസിദ്ധീകരിക്കാന്‍ മലയാള പത്രങ്ങള്‍ക്ക് യാതൊരു മടിയുമില്ല. അതോടൊപ്പം സാമ്പത്തിക തട്ടിപ്പിനിരയായി ആത്മഹത്യകള്‍ സംഭവിക്കുമ്പോള്‍ അവര്‍ കണ്ണുനീരൊഴുക്കി ലേഖന പരമ്പര തന്നെ പ്രസിദ്ധീകരിക്കും!

കേരളം സാമ്പത്തിക ചൂഷണത്തിന്‍റെ അലമാലയില്‍ പെട്ട് ഇനിയും ആടിയുലയരുത്. തട്ടിപ്പിലേക്ക് വഴിവെക്കുന്ന പരസ്യങ്ങളെ തിരസ്കരിക്കാന്‍ ആര്‍ജവം കാണിക്കുന്ന പത്രങ്ങളും ചൂഷണത്തിന്‍റെ വേരറുക്കുന്ന വിധം നിയമനിര്‍മാണം നടത്താനും കുറ്റവാളികളെ പിടികൂടി അര്‍ഹിക്കുന്ന ശിക്ഷവാങ്ങിക്കൊടുക്കാനും ഇഛാശക്തി കാണിക്കുന്ന ഭരണകൂടവുമാണ് നമുക്കാവശ്യം. ഓണ്‍ലൈന്‍ തട്ടിപ്പിന് തടയിടാന്‍ നിയമം കൊണ്ടുവരാനുള്ള ആലോചന സര്‍ക്കാര്‍തലത്തില്‍ നടക്കുന്നതായാണ് വിവരം. എത്രയും പെട്ടെന്നുതന്നെ നടപ്പാകുമെന്നു പ്രതീക്ഷിക്കാം.