അര്‍ണാബുമാരുടെ സൈ്വര്യവിഹാരം

ടി.കെ.അശ്‌റഫ്

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

സംഘ്പരിവാര്‍ അനുകൂല മാധ്യമമായ റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ചീഫ് അര്‍ണാബ് ഗോസ്വാമിയും റേറ്റിങ് ഏജന്‍സിയായ ബാര്‍കിന്റെ മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നതിലൂടെ രാജ്യസുരക്ഷയ്ക്കാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം രഹസ്യമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുന്‍കൂട്ടി അറിയാമായിരുന്നെന്നും മോദി സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത് നടത്തിയതെന്നുമുള്ള ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റ് നമ്മുടെ രാജ്യത്ത് അര്‍ഹിക്കുന്നവിധം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.

'മറ്റൊരു വലിയകാര്യം ഉടന്‍ സംഭവിക്കും' എന്നും അര്‍ണാബ് ചാറ്റില്‍ പറയുന്നുണ്ട്. അതിന് അര്‍ണാബിന് ബാര്‍ക് സിഇഒ ആശംസ അറിയിക്കുന്നുമുണ്ട്. പുല്‍വാമാ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളെക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണാബ് പറയുന്നത്.

ഇക്കാര്യങ്ങളെല്ലാം പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല! വിവരം ചോര്‍ന്നതില്‍ അര്‍ണബിനെ പോലെത്തന്നെ കുറ്റവാളിയാണ് കേന്ദ്രസര്‍ക്കാറും. വിവരം ചോര്‍ത്തിയെടുത്തത് പുറത്ത് വരുമ്പോള്‍ ചോര്‍ത്തിക്കൊടുത്തവരും കുറ്റക്കാരാണല്ലോ!

ഇത്തരമൊരു സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പക്ഷത്തുള്ളവരായിരുന്നു ആരോപണവിധേയരെങ്കില്‍ എന്താകുമായിരുന്നു ഇവിടെ ഉയരുന്ന ചര്‍ച്ചകളെന്ന് ഊഹിക്കാവുന്നതേയുള്ളൂ! സംഘ്പരിവാറിന്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ ദേശീയ നേതാക്കള്‍ വരെയുള്ളവര്‍ രാജ്യസ്‌നേഹത്തിന്റെയും തീവ്രവാദവിരുദ്ധതയുടെയും മാലപ്പടക്കത്തിന് തീകൊടുത്ത് പ്രസ്താവനകളുമായി രംഗത്തുവരുമായിരുന്നു. രാജ്യത്തെ അന്വേഷണ ഏജന്‍സികളെല്ലാം കുതിച്ചെത്തുകയും ആരോപണ വിധേയരായവരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് തെളിവെടുപ്പിനായി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞുനില്‍ക്കുമായിരുന്നു. അന്തിച്ചര്‍ച്ചകള്‍ പൊടിപൊടിക്കുമായിരുന്നു... പാക്കിസ്ഥാനിലേക്ക് പോകാന്‍ ഉത്തരവിടുമായിരുന്നു.അര്‍ണാബ് ആയതിനാല്‍ അതൊന്നും ഉണ്ടായില്ല! വര്‍ഗീയ വിദ്വേഷത്തിനായി ബോധപൂര്‍വം പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളില്‍ വിശ്വസിക്കുന്ന സാധാരണക്കാര്‍ ഇനിയെങ്കിലും ഇവരുടെ ഇരട്ടത്താപ്പ് തിരിച്ചറിയുക.

കേരളത്തെ വര്‍ഗീയമായി വെട്ടിമുറിക്കാനായി ഹലാല്‍ ഫുഡിന്റെയും ബാങ്കുവിളിയുടെയും ലൗ ജിഹാദിന്റെയുമെല്ലാം പേരില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളെയും കരുതിയിരിക്കുക. ചിലരുടെ താല്‍പര്യ സംരക്ഷണത്തിനായി നമ്മള്‍ ഭിന്നിക്കരുത്.

ഒരുഭാഗത്ത്, കര്‍ഷകരെ കണ്ണുനീര്‍ കുടിപ്പിച്ച് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴൂതിക്കൊടുക്കുകയും മറുഭാഗത്ത് രാജ്യത്തിന്റെ ജവാന്മാരുടെ വീരമൃത്യുവിനെ ചാനല്‍റേറ്റിംഗിനും തെരഞ്ഞെടുപ്പ് വിജയത്തിനുമായി ദുരുപയോഗം ചെയ്യുകയും സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുക! ഇതാണോ രാജ്യസ്‌നേഹം? ചിലര്‍ എത്രവലിയ രാജ്യദ്രോഹം ചെയ്താലും യാതൊരു പ്രശ്‌നവുമില്ല, മറ്റു ചിലരുടെ ചില വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും വ്യാഖ്യാനിച്ചൊപ്പിച്ച് രാജ്യദ്രോഹമെന്ന് മുദ്രകുത്തുക! ഇതെന്തു ന്യായം? ഇതെന്തു നീതി?

യഥാര്‍ഥ രാജ്യസ്‌നേഹികള്‍ ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഒറ്റകെട്ടായി നിന്നില്ലെങ്കില്‍ വരാന്‍ പോകുന്ന ഭവിഷത്ത് അതിഭീകരമായിരിക്കും. അത് ചിലരെ മാത്രമായിരിക്കില്ല ബാധിക്കുക.