ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നിരീക്ഷണം രാജ്യം ചര്‍ച്ച ചെയ്യണം

ടി.കെ.അശ്‌റഫ്

2021 ആഗസ്ത് 21 1442 മുഹര്‍റം 12

പാര്‍ലമെന്റില്‍ നിയമനിര്‍മാണത്തിന് മുമ്പത്തേതുപോലെ വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ തുറന്നുപറച്ചില്‍ രാജ്യം വളരെ ഗൗരവത്തോടെ ചര്‍ച്ചയ്ക്കു വിധേയമാക്കണം. സുതാര്യമായ ചര്‍ച്ച നടക്കാത്തതിനാല്‍ നിയമങ്ങളില്‍ വ്യക്തതക്കുറവും വിടവുകളും ഉണ്ടാവുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും നിയമവ്യാഖ്യാനം കോടതികള്‍ക്ക് പ്രയാസമാകുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞുവെക്കുന്നുണ്ട്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചത്.

വേണ്ടത്ര ചര്‍ച്ചകളും സെലക്ട് കമ്മിറ്റിയുടെ പരിശോധനയും ഇല്ലാതെ ധൃതിപിടിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ബില്ലുകള്‍ പാസ്സാക്കുന്നതിനെതിരെ ഇരുസഭകളിലും ഉയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. മുമ്പെല്ലാം ബൗദ്ധികവും സൃഷ്ടിപരവുമായ സംവാദങ്ങള്‍ പാര്‍ലമെന്റില്‍ നടന്നിരുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമങ്ങളുടെ ലക്ഷ്യം മനസ്സിലാക്കാന്‍ ഇത് കോടതികളെ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റിലെ സ്ഥിതി പരിതാപകരമാണെന്നും എന്തുദ്ദേശിച്ചാണ് നിയമം ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

നിയമങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ വ്യവഹാരങ്ങളുടെ എണ്ണം കൂടുന്നതായും ചീഫ് ജസ്റ്റിസ്  പരിഭവിക്കുന്നുണ്ട്. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ തത്സമയം വീക്ഷിക്കുന്നവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യപ്പെടുന്നതാണ്. രാജ്യത്തിന്റെ 60 ശതമാനത്തിന്റെ ശബ്ദത്തിന് യാതൊരു വിലയും പാര്‍ലമെന്റില്‍ ഉണ്ടാകുന്നില്ല. ആരോഗ്യകരമായ ചര്‍ച്ചകള്‍ ഇല്ലാതെ ബില്ലുകള്‍ പാസ്സാക്കുന്നത് ഭാവിയില്‍ വന്‍ പ്രതിസന്ധികളാണ് രാജ്യത്ത് ഉണ്ടാക്കുക.

നിയമങ്ങളുടെ കാര്യക്ഷമത അവയുടെ നിര്‍മാണസമയത്തെ ആലോചനകളും ചര്‍ച്ചകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ത്തന്നെ പാര്‍ലമെന്ററി ചര്‍ച്ചകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. സമീപകാലത്തെ പ്രധാനപ്പെട്ട പല വിഷയങ്ങളിലും കാര്യമായ ചര്‍ച്ചകളൊന്നും കൂടാതെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ പാസ്സാക്കുകയാണ് ചെയ്തിട്ടുള്ളത്. ജമ്മു കാശ്മീര്‍ പുനഃസംഘടനാ ബില്ലുള്‍പ്പെടെ അതിപ്രധാനവും ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കേണ്ടതുമായ നിയമങ്ങള്‍ ചുരുങ്ങിയ സമയത്തിന്റെ  ദൈര്‍ഘ്യത്തിലാണ് പാസ്സാക്കിയത്. രാജ്യത്തെ നിലവിലുള്ള തൊഴില്‍നിയമങ്ങളെല്ലാം പൊളിച്ചെഴുതിക്കൊണ്ട്  അവതരിപ്പിച്ച മൂന്ന് ലേബര്‍ കോഡുകള്‍ പ്രതിപക്ഷത്തിന്റെ അഭാവത്തിലുമാണ് പാസ്സാക്കിയത്. കര്‍ഷക ബില്ലിന്റയും പൗരത്വനിയമ ഭേദഗതി ബില്ലിന്റെയും അവസ്ഥ ഇതുതന്നെയാണ്. ഇത്തരം പ്രവണതകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് അഭിലഷണീയമല്ല.

അതിനാല്‍ ഇക്കാര്യം രാജ്യത്തുള്ള ജനാധിപത്യസമൂഹം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ശക്തമായ ബോധവല്‍ക്കരണവും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകണം. മാധ്യമങ്ങള്‍ ആഴത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കണം. എഴുത്തുകാരും നിയമജ്ഞരും ബുദ്ധിജീവികളും രംഗത്തുവരണം.