വിശ്വാസിയുടെ വ്യതിരിക്തത

ഉസ്മാന്‍ പാലക്കാഴി

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ)പറഞ്ഞു: ''നിങ്ങള്‍ അന്യോനം അസൂയ കാണിക്കരുത്. വ്യാപാരത്തില്‍ പരസ്പരം വില കൂട്ടിപ്പറയരുത്. പരസ്പരം പകവെക്കരുത്. അന്യോന്യം അവഗണിക്കരുത്. മറ്റുള്ളവര്‍ കച്ചവടം നടത്തിയതിനുമേല്‍ കച്ചവടം നടത്തരുത്. നിങ്ങള്‍ അല്ലാഹുവിന്റെ അടിമകള്‍ പരസ്പരം സഹോദരന്മാരായി വര്‍ത്തിക്കുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. ഒരാള്‍ മറ്റൊരാളെ അക്രമിക്കുകയോ വഞ്ചിക്കുകയോ ഇല്ല. സൂക്ഷ്മത ഇവിടെയാകുന്നു- അവിടുന്ന് നെഞ്ചിന്റെ നേരെ മൂന്നു പ്രാവശ്യം ആംഗ്യം കാണിച്ചു. തന്റെ മുസ്‌ലിം സഹോദരനെ നിന്ദിക്കുന്നതു തന്നെ മനുഷ്യന് മതിയായ കുറ്റമാണ്. മുസ്‌ലിമിന്റെ രക്തവും ധനവും അഭിമാനവും ഹനിക്കുന്നത് മറ്റുമുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണ്'' (മുസ്‌ലിം).

ഭൂമിയില്‍ മനുഷ്യെന അല്ലാഹു സൃഷ്ടിച്ചയച്ചത് ചില ഉത്തരവാദിതങ്ങള്‍ നിറവേറ്റുവാന്‍ മതിയായ പ്രകൃതത്തോടെയാണ്. ക്വുര്‍ആന്‍ പറയുന്നു:

''തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിത്തീര്‍ന്നു'' (33:72).

ഭൂമിയില്‍ അല്ലാഹുവിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ നിറവേറ്റുവാന്‍ വിശേഷ ബുദ്ധിയും വിവേചനശക്തിയും നല്‍കപ്പെട്ട ഏകജീവിയാണ് മനുഷ്യന്‍. അതുകൊണ്ട് തന്നെ മറ്റു ജീവജാലങ്ങള്‍ക്ക് നല്‍കപ്പെടാത്ത ഉത്തരവാദിത്തവും മനുഷ്യന് നല്‍കിയിട്ടുണ്ട്. ഇത്ര വമ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തിട്ട് മനുഷ്യന്‍ അര്‍ഹിക്കുന്ന ഗൗരവത്തോെട അത് പരിഗണിക്കാതിരിക്കുകയും അത് ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്നതിനാലാണ് 'അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിത്തീര്‍ന്നു' എന്ന് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നത്.

സ്രഷ്ടാവിനുള്ള സമ്പൂര്‍ണ സമര്‍പണമാണ് ഇസ്‌ലാം. ജീവിത പരിശുദ്ധി അതിന്റെ എല്ലാ അര്‍ഥത്തിലും മനുഷ്യന്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവും അവന്റെ തിരുദൂതനും കാണിച്ചുതന്ന പാതയില്‍ നിന്ന് വ്യതിചലിക്കാതെ ജീവിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്. വിശ്വാസ കാര്യങ്ങളും കര്‍മപരമായ കാര്യങ്ങളും വിധിവിലക്കുകളും പെരുമാറ്റ-സംസാര മര്യാദകളുമെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ മനുഷ്യന്‍ പാലിക്കേണ്ടതായി ഇസ്‌ലാം അനുശാസിക്കുന്ന ഓരോ കാര്യവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഗുണകരം മാത്രമാണ്.

മുകളിലുദ്ധരിച്ച നബിവചനം ശ്രദ്ധിക്കുക. അതില്‍ പറഞ്ഞ ഒന്നിനോടും ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല. ആ കാര്യങ്ങള്‍ അനുസരിക്കുന്നവരാണ് മുസ്‌ലിം സമൂഹമെങ്കില്‍ അത് ഒരു മാതൃകാസമൂഹമായിരിക്കുെമന്നതില്‍ സംശയമില്ല. ഇസ്‌ലാം സുഭദ്രമായ ഒരു സാമൂഹിക ജീവിതത്തിന് ആവ്യമായ മുഴുവന്‍ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണുവാന്‍ സാധിക്കും.

ഒരു യഥാര്‍ഥ മുസ്‌ലിം അസൂയയില്‍ നിന്നും മുക്തി നേടിയവനായിരിക്കും. ''നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകുതിന്നുന്നതു പോലെയോ പുല്ല് കരിച്ചു കളയുന്നതു പോലെയോ അസൂയ സല്‍കര്‍മങ്ങളെ നശിപ്പിച്ചു കളയും'' എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

കച്ചവടത്തില്‍ എന്തുമാകാം എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരുണ്ട്. കൃത്യമായി സമസ്‌കരിക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍. പക്ഷേ, കച്ചവടത്തില്‍ മാന്യത പുലര്‍ത്താറില്ല. കച്ചവടത്തില്‍ തനിക്ക് ഉന്നതിയിലെത്തണം എന്ന ചിന്തയില്‍ മറ്റുള്ളവരുടെ പരാജയത്തിനായി ഏതറ്റംവരെ പോകാനും തയാറാകുന്നവര്‍ ഏറെയുണ്ട്. 'അല്ലാഹു പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനുവദിക്കുകയും ചെയ്തിരിക്കുന്നു' എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട്. പലിശ ചൂഷണമാണ്. ദ്രോഹമാണ്. അതുകൊണ്ടുതന്നെ അത് നിഷിദ്ധമാക്കപ്പെട്ടു. എന്നാല്‍ അനുവദിക്കപ്പെട്ട കച്ചവടത്തെയും ചൂഷണവും ദ്രോഹവുമാക്കി മാറ്റുന്നത് ന്യായീകരണമര്‍ഹിക്കുന്നില്ല.

ഇതരരുടെ അഭിമാനത്തിന് ക്ഷതം വരുത്തുവാനും ധനം അപഹരിക്കുവാനും അന്യായമായി രക്തം ചിന്തുവാനും ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. സൂക്ഷ്മതയോടുകൂടി ജീവിക്കുന്ന ഒരു സത്യവിശ്വാസിയില്‍ നിന്നും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ ഉണ്ടാവുകയില്ല.