സ്രഷ്ടാവിനോട് അടുക്കുക

അബൂ മുഫീദ് 

2017 ഏപ്രില്‍ 01 1438 റജബ് 04
അനസ്(റ) നിവേദനം: നബി(സ്വ) പ്രതാപശാലിയും മഹാനുമായ അവിടുത്തെ നാഥനില്‍നിന്ന് ഉദ്ധരിക്കുന്നു: ''അവന്‍ (അല്ലാഹു) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''അടിമ (മനുഷ്യന്‍) എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും. അവന്‍ എന്നോട് ഒരുമുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ് അടുക്കും. അവന്‍ എന്റടുത്തേക്ക് നടന്നുവന്നാല്‍ ഞാന്‍ അവന്റടുത്തേക്ക് ഓടിച്ചെല്ലും''.

മനുഷ്യരില്‍ മഹാഭൂരിഭാഗവും ദൈവവിശ്വാസികളാണ്. ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലും വിശ്വാസങ്ങളിലും വൈജാത്യമുണ്ടെങ്കിലും ദൈവസാമീപ്യം നേടുവാന്‍ കൊതിക്കാത്തവരില്ല. എന്നാല്‍ ദൈവവുമായി അടുക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും വിത്യസ്ത മതക്കാര്‍ക്കിടയില്‍ വിഭിന്നമായ കാഴ്ചപ്പാടുകളാണുള്ളത്.

ദൈവപ്രീതിക്കായി മനുഷ്യരെ ബലിയറുക്കുക, ശ്മശാനത്തിലേക്ക് കൂട്ടമായിച്ചെന്ന് എല്ലുകള്‍ മാന്തിയെടുത്ത് ഭക്ഷിക്കുകയും എല്ലുകൊണ്ട് മാലകോര്‍ത്ത് അണിയുകയും ചെയ്യുക... ഇങ്ങനെ ഹീനമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നവരുണ്ട്. വീട്, കുടുംബം, ഭാര്യ, മക്കള്‍ ഇങ്ങനെയുള്ളവയെല്ലാം ആത്മീയോത്കര്‍ഷത്തിന് തടസ്സമാണ്; അതുകൊണ്ട് അതൊന്നുമില്ലാതെ ജീവിക്കലാണ് ഉത്തമം എന്നു പറഞ്ഞ് ബ്രഹ്മചാരികളും സൂഫികളും സന്യാസികളുമായി കഴിയുന്നവരുണ്ട്.

എന്നാല്‍ ഇസ്‌ലാം ഇത്തരത്തിലുള്ള യാതൊരുവിധ ഹീനമായ മാര്‍ഗവും ദൈവസാമീപ്യം നേടിയെടുന്നതിനായി സ്വീകരിക്കുവാന്‍ ആവശ്യപ്പെടുന്നില്ല. മാനുഷികമായ വികാര-വിചാരങ്ങള്‍ അടിച്ചമര്‍ത്തിയും എല്ലാവിധ ബന്ധങ്ങളില്‍നിന്നും മോചനം നേടിയും ദൈവവുമായി അടുക്കുവാന്‍ പറയുന്നുമില്ല.

മുകളില്‍ ഉദ്ധരിച്ച, നബി(സ്വ)യോട് അല്ലാഹു അറിയിച്ച കാര്യത്തില്‍ അല്ലാഹുമായി അടുക്കുവാന്‍ പരിശ്രമിക്കുവാനുള്ള പ്രേരണ പ്രകടമാണ്. അല്ലാഹുവുമായി നമ്മള്‍ എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് അവന്‍ നമ്മോട് അടുക്കുമെന്ന് പ്രസ്തുത വചനം അറിയിക്കുന്നു.

എങ്ങനെയൊക്കെയാണ് ഒരു സത്യവിശ്വാസിക്ക് തന്റെ സ്രഷ്ടാവുമായി അടുക്കുവാന്‍ സാധിക്കുക? അല്ലാഹു പറഞ്ഞതായി നബി(സ്വ) പറയുന്നു:

''...എന്റെ അടിമക്ക് ഞാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കര്‍മങ്ങളെക്കാള്‍ എനിക്കിഷ്ടമുള്ള യാതൊന്നും അവന്ന് എന്റെ സാമീപ്യം നേടാന്‍ ഉപയുക്തമായതായിട്ടില്ല. ഐഛികമായ ആരാധനകള്‍ മുഖേന എന്റെ അടിമ എന്നോട് അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ ഞാനവനെ സ്‌നേഹിക്കും. ഞാന്‍ സ്‌നേഹിച്ചു കഴിഞ്ഞാല്‍ പിന്നെ, അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനായിരിക്കും. എന്നോടവന്‍ ചോദിച്ചാല്‍ ഞാനവന്ന് ഉത്തരം നല്‍കും. അഭയം തേടിയവല്‍ ഞാനവന്ന് അഭയം നല്‍കും'' (ബുഖാരി).

സ്രഷ്ടാവ് തന്റെ ദാസര്‍ക്ക് നിര്‍ബന്ധമാക്കിയ കുറെ ആരാധനാകര്‍മങ്ങളുണ്ട്. ഐഛികമായി ചെയ്യാവുന്ന കര്‍മങ്ങളുമുണ്ട്. മുഹമ്മദ് നബി(സ്വ) അവയെല്ലാം തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കി കാണിച്ചുതന്നിട്ടുണ്ട്. ഏകനായ സ്രഷ്ടാവിലും മറ്റു വിശ്വാസ കാര്യങ്ങളിലും അചഞ്ചലമായി വിശ്വസിക്കുകയും ആ സ്രഷ്ടാവിന്റെ മഹത്തായ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് സല്‍കര്‍മ നിരതരാവുകയും ചെയ്യുക എന്നതാണ് ഒരു വിശ്വാസിയുടെ ബാധ്യത. അല്ലാഹുവുമായി അടുക്കുവാനുള്ള മാര്‍ഗവും അതുതന്നെ. അക്കൂട്ടരെയത്രെ അല്ലാഹു സ്‌നേഹിക്കുന്നത്. അങ്ങനെ അവന്റെ പ്രീതിക്ക് പാത്രീഭൂതരായവര്‍ നിഷിദ്ധമായ യാതൊരു കാര്യത്തിലും ഏര്‍പെടുകയില്ല. കണ്ണുകൊണ്ടും കാതുകൊണ്ടും മറ്റു അവയവങ്ങള്‍ കൊണ്ടും അല്ലാഹുവിന് ഇഷ്ടമില്ലാത്തത് ചെയ്യുകയില്ല എന്നാണ് 'അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയും നടക്കുന്ന കാലും ഞാനായിരിക്കും' എന്നു പറഞ്ഞതിന്റെ വിവക്ഷ.

ജീവിതത്തിന്റ എല്ലാ മേഖലകളിലും ഒരു വിശ്വാസി ഇസ്‌ലാമികമൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്. പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ്, പുത്രന്‍, അയല്‍വാസി... ഒാരോ വ്യക്തിയും ഇങ്ങനെ പലതുമാണ്. സ്രഷ്ടാവിനോടുള്ള കടമ നിര്‍വഹിക്കുന്നതിനോടൊപ്പം സൃഷ്ടികളില്‍ ഓരോരുത്തരോടുമുള്ള കടമയും നിര്‍വഹിക്കേണ്ടതുണ്ട്. തിന്മകളുടെ മലവെള്ളപ്പാച്ചിലില്‍ ആ ഒഴുക്കിനെതിരെ നീന്തുന്നവനാണ് യഥാര്‍ഥ ഭക്തന്‍ അഥവാ ദൈവസാമീപ്യം അര്‍ഹിക്കുന്നവന്‍.