സമത്വത്തിന്റെ സന്ദേശം

അബൂ മുർശിദ

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

നബി(സ്വ) പറഞ്ഞു: `നിശ്ചയമായും നിങ്ങളുടെ ദൈവം ഒന്ന്‌. നിങ്ങളുടെയെല്ലാം പിതാവും ഒന്നുതന്നെ.

എല്ലാവരും ആദമിൽനിന്നുള്ളത്‌; ആദമോ മണ്ണിൽനിന്നും` (മുസ്ലിം, അബൂ ദാവൂദ്‌).

 

മനുഷ്യരെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തിൽ കഴിയുന്നവരുമാണ്‌ എന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. യജമാനനും അടിമയും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമെല്ലാം സമന്മാരാണെന്നുള്ള പ്രഖ്യാപനം ഇസ്ലാമിന്റെ സവിശേഷതയാണ്‌. വർഗത്തിന്റെയും വർണത്തിന്റെയും ദേശത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ അത്‌ മനുഷ്യർക്കിടയിൽ ഉച്ചനീചത്വം കൽപിക്കുന്നില്ല. വിശുദ്ധ ക്വുർആൻ പ്രഖ്യാപിക്കുന്നു:

`ഹേ മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു... തീർച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളിലേറ്റവും ശ്രേഷ്ഠൻ നിങ്ങളിലേറ്റവും ദൈവഭയമുള്ളവൻ മാത്രമാകുന്നു` (49:13).

നബി(സ്വ) പറഞ്ഞു: “മതനിഷ്ഠയും സൂക്ഷ്മതയുംകൊണ്ടല്ലാതെ ഒരാൾക്കും മറ്റൊരാളെക്കാൾ മഹത്ത്വമില്ല”(മിശ്കാത്ത്‌).

ഇസ്ലാമിന്റെ കണ്ണിൽ മനുഷ്യരെല്ലാം സമന്മാരാണെന്നും ഭയഭക്തിയുള്ളവന്‌ മാത്രമെ ദൈവത്തിങ്കൽ പ്രത്യേകം സ്ഥാനമുള്ളൂവെന്നും ഉപരിസൂചിത വചനങ്ങൾ നമ്മെ തെര്യപ്പെടുത്തുന്നു. സർവവിധ അസമത്വങ്ങളുടെയും കടയ്ക്കൽ ഇസ്ലാം കത്തിവെക്കുന്നു. എല്ലാവർക്കും നീതി ലഭിക്കണമെന്ന്‌ ഇസ്ലാം പ്രത്യാശിക്കുന്നു. `കറുത്തവന്റെ പുത്രാ` എന്ന്‌ ഒരാൾ മറ്റൊരാളെ വിളിക്കുന്നത്‌ കേട്ടപ്പോൾ നബി(സ്വ) അയാളെ താക്കീത്‌ ചെയ്തുകൊണ്ട്‌ പറഞ്ഞു: “അജ്ഞാതകാലത്തെ കിരാതത്വമുണ്ട്‌ നിങ്ങളിൽ.”

മഖ്സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷണം നടത്തിയതായി നബി(സ്വ)യുടെ സന്നിധിയിൽ തെളിയിക്കപ്പെട്ടപ്പോൾ ഉസാമ(റ) അവർക്കു വേണ്ടി നബി(സ്വ)യോട്‌ ശുപാർശ ചെയ്തു. അപ്പോൾ നബി(സ്വ) ജനങ്ങളെ വിളിച്ചുകൂട്ടി താക്കീത്‌ ചെയ്തു: `ഉത്തമൻ മോഷ്ടിച്ചാൽ വെറുതെ വിട്ടയക്കുകയും അധമൻ മോഷ്ടിച്ചാൽ നിയമനടപടികൾ എടുക്കുകയും ചെയ്തതു കാരണം നിങ്ങൾക്ക്‌ മുമ്പുള്ളവർ നാശമടഞ്ഞിട്ടുണ്ട്‌. എന്നാൽ അല്ലാഹുവെ സാക്ഷിനിർത്തി ഞാൻ പറയുന്നു: മുഹമ്മദിന്റെ മകൾ ഫാത്തിമ മോഷ്ടിച്ചാലും ഞാൻ അവളുടെ കരം ഛേദിക്കുകതന്നെ ചെയ്യും.`

ഒരിക്കൽ രണ്ടാം ഖലീഫ ഉമറും(റ) ഭൃത്യനും ഊഴംവെച്ച്‌ ഒട്ടകപ്പുറത്ത്‌ സവാരി ചെയ്ത കഥ പ്രസിദ്ധമാണ്‌. ഖലീഫയുടെ ആഗമനത്തെ സ്വാഗതം ചെയ്യുവാൻ ജനങ്ങൾ കാത്തിരിക്കുമ്പോൾ വേലക്കാരൻ ഒട്ടകപ്പുറത്ത്‌ സവാരി ചെയ്തും ഖലീഫ ഒട്ടകത്തിന്റെ കയറിൽ പിടിച്ചും കടന്നുവരുന്നതാണ്‌ അവർ കണ്ടത്‌!

റോമിലേക്ക്‌ നയതന്ത്രപ്രതിനിധിയായി പോയ മുആദുബ്നു ജബൽ(റ)വിനോട്‌ ചക്രവർത്തിയായ ഖൈസറിന്റെ പ്രതാപവും മഹത്ത്വവും ഒരു ഉന്നത ഉദ്യോഗസ്ഥൻ വിവരിച്ചുകൊടുത്തപ്പോൾ തന്റെ രാജ്യത്തെ ഭരണാധികാരിയെപ്പറ്റി മുആദ്‌ ഇപ്രകാരം വിവരിച്ചുകൊടുത്തു: `ഞങ്ങളുടെ ഭരണാധികാരി ഞങ്ങളിൽപെട്ട ഒരാളാണ്‌. ഞങ്ങളുടെ വേദഗ്രന്ഥത്തെയും പ്രവാചകചര്യയെയും അദ്ദേഹം അനുസരിക്കുന്ന പക്ഷം ഞങ്ങൾ അദ്ദേഹത്തെ ഖലീഫയായി നിശ്ചയിക്കും. അത്‌ അംഗീകരിക്കുന്നില്ലെങ്കിൽ അധികാരസ്ഥാനത്തു നിന്ന്‌ ഞങ്ങൾ അദ്ദേഹത്തെ നീക്കം ചെയ്യും. അദ്ദേഹം മോഷണം നടത്തുകയാണെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന്റെ കൈ മുറിക്കും. വ്യഭിചരിക്കുകയാണെങ്കിൽ എറിഞ്ഞ്‌ കൊല്ലും. ആർക്കെങ്കിലും മുറിവേൽപിച്ചാൽ അതിന്‌ പ്രതികാരം ചെയ്യും. ഞങ്ങൾക്ക്‌ പ്രവേശനം തടഞ്ഞുകൊണ്ട്‌ അദ്ദേഹത്തിന്‌ അധികാരത്തിലിരിക്കുക സാധ്യമല്ല. ഞങ്ങളുടെയിടയിൽ അഹംഭാവം നടിക്കുകയോ അഹങ്കാരത്തോടു കൂടി ഞങ്ങളുടെമേൽ വാഴ്ച നടത്തുകയോ ചെയ്യുകയില്ല. യുദ്ധത്തിൽ കൈവന്ന സ്വത്തിൽ ഞങ്ങളെക്കാൾ കൂടുതലായി യാതൊരു അവകാശവും അദ്ദേഹത്തിനില്ല. ഞങ്ങളെപോലൊരു മനുഷ്യൻ മാത്രമാണ്‌ അദ്ദേഹവും` (ഫുതൂഹുശ്ശാം).

ആറാം നൂറ്റാണ്ടിന്റെ അന്ധകാരത്തിൽ യഥാർഥ മനുഷ്യസമത്വത്തിന്റെ വെളിച്ചംപരത്തിയ മതമാണ്‌ ഇസ്ലാം എന്ന്‌ മനസ്സിലാക്കിത്തരുന്ന ക്വുർആൻ സൂക്തങ്ങളും നബി വചനങ്ങളും ഇസ്ലാമിക ചരിത്രത്തിൽ നിന്നുള്ള ഉദ്ധരണികളും നിരത്തിവെക്കാൻ എമ്പാടുമുണ്ട്‌.

നബി(സ്വ) അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പ്രഖ്യാപിച്ചു: “സമ്പത്തിന്റെയും വർഗ പാരമ്പര്യത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ വെച്ചുപുലർത്തുന്ന എല്ലാ അനാചാരങ്ങളും ഇന്ന്‌ എന്റെ രണ്ട്‌ പാദങ്ങൾക്ക്‌ താഴെ ദുർബലപ്പെട്ടിരിക്കുന്നു. നിങ്ങളെല്ലാം ആദമിൽനിന്നും ആദം മണ്ണിൽനിന്നുമാണ്‌ ഉണ്ടായത്‌.”