നന്മ കാണുക; അന്യരിലും

അബൂ ഹൈസ

2017 മെയ് 13 1438 ശഅബാന്‍ 16
നബി(സ്വ) പറഞ്ഞു: നാവു കൊണ്ട് മുസ്‌ലിമാണെന്ന് പറഞ്ഞുനടക്കു കയും എന്നാല്‍ വിശ്വാസം ഹൃദയത്തില്‍ തട്ടാതിരിക്കുകയും ചെയ്തവരേ! നിങ്ങള്‍ മുസ്‌ലിംകളെ ശല്യം ചെയ്യാതിരിക്കുക. അവരെ നിന്ദിക്കാതിരിക്കുക. അവരുടെ രഹസ്യങ്ങള്‍ ചികഞ്ഞു നോക്കാതിരിക്കുക. ആരെങ്കിലും തന്റെ മുസ്‌ലിം സഹോദരന്റെ രഹസ്യം ചികഞ്ഞു നടന്നാല്‍ അല്ലാഹു അവന്റെ രഹസ്യവും ചികഞ്ഞെടുക്കും. അല്ലാഹു ഒരാളുടെ രഹസ്യം ചികഞ്ഞെടുത്താല്‍ അവന്‍ നാണംകെടുക തന്നെ ചെയ്യും. അയാള്‍ തന്റെ രഹസ്യമുറിയില്‍ ഒളിച്ചിരുന്നാല്‍ പോലും. (തിര്‍മിദി)

അനുചരന്മാരെല്ലാം നബി(സ്വ)യുടെ ചുറ്റിനുമിരിക്കുകയാണ്. സംഭാഷണമധ്യേ നബി(സ്വ) വിഷയത്തില്‍ നിന്ന് സ്വല്‍പം വ്യതിചലിച്ച് ഇങ്ങനെ പറഞ്ഞു: ''ഒരു സ്വര്‍ഗാവകാശി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളിലേക്ക് കടന്നുവരും.'' ഏറെ വൈകാതെ വുദുവെടുത്ത വെള്ളം താടിരോമങ്ങളിലൂടെ ഉറ്റിക്കൊണ്ട് ഒരു അന്‍സാരി യുവാവ് അവര്‍ക്കിടയിലേക്ക് കടന്നുവന്നു. ഇടതുകയ്യില്‍ തന്റെ തുകല്‍ചെരിപ്പ് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ യാതൊരു പ്രത്യേകതയും സ്വഹാബിമാര്‍ അയാളില്‍ കണ്ടില്ല.

പിറ്റെ ദിവസവും തൊട്ടടുത്ത ദിവസവും ആ അന്‍സാരി യുവാവ് കടന്നുവരുന്നതിന് മുമ്പ് നബി(സ്വ) ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രത്യക്ഷത്തില്‍ യാതൊരു പ്രത്യേകതയും കാണാത്ത ഈ സ്വര്‍ഗാവകാശിയുടെ ജീവിതരീതിയെക്കുറിച്ച് പഠിക്കുക തന്നെ. സ്വഹാബിമാര്‍ തീരുമാനിച്ചു. സ്വഹാബിമാരുടെ പ്രതിനിധിയായി അവര്‍ അബ്ദുല്ലാഹിബ്‌നു ആമിറിനെ മൂന്നു ദിവസം അദ്ദേഹത്തിന്റെ കൂടെ താമസിപ്പിച്ചു. ബാക്കി അബ്ദുല്ല തന്നെ പറയട്ടെ: ''മൂന്ന് ദിവസം അദ്ദേഹത്തിന്റെ കൂടെ അന്തിയുറങ്ങിയിട്ടും, ഞങ്ങളില്‍ നിന്ന് വിഭിന്നമായി എന്തെങ്കിലും അനുഷ്ഠാന കര്‍മങ്ങളോ ആരാധനാരീതികളോ ഞാന്‍ അയാളില്‍ കണ്ടില്ല. പക്ഷേ, സംസാരത്തിനിടക്ക് മറ്റുള്ളവരെക്കുറിച്ച് അയാളില്‍ നിന്ന് നല്ലതല്ലാത്ത ഒന്നും ഇക്കാലയളവില്‍ ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ടായിരുന്നില്ല. ഒടുവില്‍ എന്റെ സന്ദര്‍ശനോദ്ദേശ്യം തുറന്നുപറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നബി(സ്വ) അയാളെ പുകഴ്ത്തിപ്പറഞ്ഞിട്ടുള്ളതും, അനുചരന്മാര്‍ അയാളെ പഠിക്കാന്‍ തീരുമാനിച്ചതും, തന്നെ അതിഥിയായി നിശ്ചയിച്ചതുമെല്ലാം ഞാന്‍ തുറന്നു പറഞ്ഞു; കൂടെ മൂന്ന് ദിവസം താമസിച്ചിട്ടും അസാധാരണമായ യാതൊരു ജീവിതശൈലിയും കണ്ടെത്താത്തതിലുള്ള വിഷമവും. ''നിങ്ങള്‍ ഈ കണ്ടതല്ലാതെ ഒന്നും എന്റെ ജീവിതത്തിലില്ലല്ലോ?'' എന്ന അയാളുടെ മറുപടിയില്‍ അത്ഭുതപ്പെട്ട് മടങ്ങിപ്പോരുമ്പോള്‍ ആ അന്‍സാരി യുവാവെന്നെ തിരികെ വിളിച്ചു. എന്നിട്ട് പറഞ്ഞു: ''ഇക്കണ്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ എന്നിലുള്ളുവെങ്കിലും ഞാനൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മുസ്‌ലിംകളില്‍ ആരോടും കുനുഷ്ടും, കുശുമ്പും ഞാന്‍ വെച്ചു പുലര്‍ത്താറില്ല.'' അബ്ദുല്ലാഹിബ്‌നു ആമിര്‍(റ) പറയുകയാണ്: ''എങ്കില്‍ അതല്ലാതെ മറ്റൊന്നുമായിരിക്കില്ല. അല്ലാഹുവിന്റെ റസൂലിന് നിങ്ങളെപ്പറ്റി സ്വര്‍ഗം വാഗ്ദാനം ചെയ്യാന്‍ നിമിത്തമാക്കിയത്.''

നബി(സ്വ) പറഞ്ഞുവല്ലോ, ''മതം; ഗുണകാംക്ഷയാണ്, അല്ലാഹുവോടും അവന്റെ ദൂതനോടും മുസ്‌ലിം നേതൃത്വത്തിനോടും പൊതുജനങ്ങളോടും'' എന്ന് താന്‍ മനസ്സിലാക്കുന്നത് വിശ്വസിക്കുന്നില്ല എന്നതിന്റെ പേരിലും തന്റെ ഇഷ്ടത്തെ പരിഗണിക്കുന്നില്ല എന്നതിന്റെ പേരിലും പരസ്പരം കുത്തുവാക്കുകള്‍ പറയുകയും അവരുടെ പൂര്‍വകാല നന്മകളെ അവഗണിക്കുകയും ചെയ്യുന്നത് ഗുണകാംക്ഷ നഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും സഹജീവികളോടുള്ള ഗുണകാംക്ഷാനിര്‍ഭരമായ സ്‌നേഹവുമാണ് മതത്തിന്റെ കാതല്‍. മറ്റുള്ളവരുടെ നന്മയില്‍ ദുഃഖിക്കുകയും തിന്മയില്‍ സന്തോഷിക്കുകയും ചെയ്യുന്നത് ഇഹലോകത്ത് മനസ്സിനെ കുടുസ്സാക്കുവാനും പരലോകത്ത് സ്വശരീരത്തിനെ നിന്ദ്യമായ ശിക്ഷക്ക് പാത്രമാക്കാനും മാത്രമേ ഇടയാക്കൂ.

കര്‍മങ്ങളില്‍ മുന്നേറി, ഒടുക്കം കുന്നായ്മകളില്‍ കാലിടറി സ്വര്‍ഗം നഷ്ടപ്പെടുന്നവരില്‍ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. (ആമീന്‍)