മനസ്സിനെ നിയന്ത്രിക്കുക 

ഉസ്മാന്‍ പാലക്കാഴി  

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: 'ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍. മറിച്ച്, കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍'' (ബുഖാരി, മുസ്‌ലിം)

കോപം! ഒരുപാട് ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ബധിരനുമാക്കുന്ന, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുംവരെ നശിപ്പിക്കാന്‍ കാരണമായേക്കാവുന്ന ഒരു ദുഃസ്വഭാവം. കോപിക്കുവാനും കഴിവനുസരിച്ച് അക്രമം കാണിക്കുവാനും ആര്‍ക്കും കഴിയും. എന്നാല്‍ കോപത്തെ അടക്കിനിര്‍ത്തുവാനും മാപ്പ് നല്‍കാനും കഴിവുള്ളവര്‍ വളരെ വിരളമാണ്. 

എതിരാളിയെ എന്ത് ചെയ്യുവാനും ശേഷിയുണ്ടായിരിക്കെ കോപം അടക്കിനിര്‍ത്താനും മാപ്പ് നല്‍കാനും കഴിയുന്നവനാണ് യഥാര്‍ഥത്തില്‍ ശക്തന്‍ എന്നാണ് നബി(സ്വ) പഠിപ്പിക്കുന്നത്. അവന് ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയും. വേഗം കോപത്തിന് അടിമപ്പെടുകയും അക്രമാസക്തനാവുകയും ചെയ്യുന്നവന്‍ ദുഃഖിക്കേണ്ടിവരും. അവന്റെ ജീവിതം ദുരന്തമയമായിരിക്കും.

വിശുദ്ധ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: 

''വന്‍പാപങ്ങളും നീചകൃത്യങ്ങളും വിട്ടകന്ന് നില്‍ക്കുന്നവരും കോപംവന്നാല്‍ മാപ്പ് നല്‍കുന്നവരും (പ്രതിഫലാര്‍ഹരാണ്)'' (അശ്ശൂറാ: 37).

യൂനുസ് നബി(അ) തന്റെ പ്രബോധനംകൊണ്ട് ഫലം കാണാതെവന്നപ്പോള്‍ ജനങ്ങളോട് ദേഷ്യപ്പെട്ടുകൊണ്ട് നാടുവിട്ടുപോയ സംഭവം വിവരിക്കെ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം:

''അദ്ദേഹം കോപിഷ്ഠനായി പോയ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു....'' (21:87).

അല്ലാഹുവിന്റെ അനുവാദം കിട്ടാതെ ജനങ്ങളെ വിട്ടേച്ചുകൊണ്ടു പോയത് ഒരു പ്രവാചകന് യോജിച്ചതായിരുന്നില്ല. അതിനാല്‍ അല്ലാഹു അദ്ദേഹത്തെ പരീക്ഷണത്തിന് വിധേയനാക്കി. കപ്പലില്‍ കയറിയ അദ്ദേഹത്തിന് കടലില്‍ ചാടേണ്ടിവന്നു. ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും  ഏതാനും ദിവസങ്ങള്‍ക്കുശേഷം അത് അദ്ദേഹത്തെ കരയിലെത്തിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു ഞെരുക്കത്തിലും പരീക്ഷണത്തിലും അദ്ദേഹം അകപ്പെടാന്‍ ഹേതു അദ്ദേഹം ദേഷ്യപ്പെട്ടുപോയതാണ്.

ഒരിക്കല്‍ ഒരാള്‍ നബി(സ്വ)യുടെ അടുക്കല്‍ വന്നുകൊണ്ട് എനിക്ക് ഒരു ഉപദേശം നല്‍കിയാലും എന്ന് പറഞ്ഞപ്പോള്‍ 'നീ കോപിഷ്ഠനാകരുത്' എന്നായിരുന്നു അദ്ദേഹത്തിന് നല്‍കിയ ഉപദേശം. അതേ അപേക്ഷ പലതവണ ആവര്‍ത്തിച്ചപ്പോഴും 'നീ കോപിഷ്ഠനാകരുത്' എന്നായിരുന്നു നബി(സ്വ) നല്‍കിയ ഉപദേശം.

ഒരു സായാഹ്നത്തില്‍ ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവാചകന്‍(സ്വ) പറഞ്ഞു:

''ആദം സന്തതികള്‍ വിവിധ തരക്കാരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അറിയുക, സാവധാനം മാത്രം കോപം വരുന്നവരും വേഗം അത് ശമിക്കുന്നവരും അവരിലുണ്ട്. വേഗം ദേഷ്യം വരികയും ശമിക്കുകയും ചെയ്യുന്നവരുമുണ്ട്. സാവകാശം കോപിക്കുന്നവരും സാവധാനം അത് ശമിക്കുന്നവരുമുണ്ട്. അത് രണ്ടും അങ്ങനെ ഒത്തുപോകും. എന്നാല്‍ അറിയുക; വേഗം കോപിക്കുന്നവരും സാവകാശം ശമിക്കുന്നവരും മനുഷ്യരിലുണ്ട്. അതിനാല്‍ അവരിലേറ്റവും നല്ലവര്‍ സാവധാനം കോപം വരികയും വേഗം ശമിക്കുകയും ചെയ്യുന്നവരാണ്. എളുപ്പം കോപിക്കുകയും മെല്ലെ മാത്രം ശമിക്കുന്നവരുമാണ് ഏറ്റവുംകൊള്ളരുതാത്തവര്‍.''

ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് ഇടവരുത്തുന്ന ഒരു ദുഃസ്വഭാവമാണ് അനിയന്ത്രിതമായ കോപം. അതിനാല്‍ കോപത്തെ അടക്കിനിര്‍ത്താന്‍ ശ്രമിക്കുക. ശ്രദ്ധിക്കുക. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളില്‍നിന്ന് രക്ഷനേടുക.