ഇന്ന് കൊടുക്കുക; നാളേക്കുവേണ്ടി

അബൂ മുഫീദ്

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ''രണ്ട് മലക്കുകള്‍ ഇറങ്ങിവന്ന് ഒരാള്‍, 'അല്ലാഹുവേ, ധനം ചെലവഴിക്കുന്നവന് നീ പിന്തുടര്‍ച്ച നല്‍കേണമേ'യെന്നും ഇതരന്‍ 'അല്ലാഹുവേ, ധനം ചെലവഴിക്കാതെ സൂക്ഷിക്കുന്നവന് നീ നാശം നല്‍കേണമേ'യെന്നും പ്രാര്‍ഥിക്കാതെ അടിമകളിലാരും പ്രഭാതം പ്രാപിക്കുന്നില്ല.'' (ബുഖാരി, മുസ്‌ലിം).  

പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവരാണ് മനുഷ്യര്‍. ധനികരും ദരിദ്രരുമെല്ലാം പരാശ്രയം ആവശ്യമില്ലാത്ത, എല്ലാവര്‍ക്കും ആശ്രയമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യരുടെ നിലനില്‍പും പരസ്പരാശ്രയത്തിലൂടെയാണ്. ധനികന്‍ ധനവാനായിത്തീര്‍ന്നതിനു പിന്നില്‍ ഒരുപാട് പാവങ്ങളുടെ അധ്വാനമുണ്ടാകും. ദരിദ്രര്‍ക്ക് തങ്ങളുടെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കഴിയുന്നത് ധനികരുള്ളതുകൊണ്ടാണ്.

ദാരിദ്ര്യവും സമ്പന്നതയും ദൈവിക പരീക്ഷണങ്ങളാണ്. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആ വിഷമാവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ധനികന്‍ തന്റെ സമ്പന്നതയില്‍ മതിമറന്ന് സ്രഷ്ടാവിനെ ധിക്കരിക്കാതിരിക്കുകയും അവനോട് നന്ദി കാണിക്കുകയും ചെയ്യേണ്ടതുണ്ട്. തന്റെ ധനംകൊണ്ട് നരകത്തിലെത്തിച്ചേരാനും സ്വര്‍ഗത്തിലെത്തിച്ചേരാനും കഴിയുമെന്ന് അവന്‍ ഗ്രഹിക്കണം. അന്യായമായി സമ്പാദിക്കുകയും അധാര്‍മികതയുടെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെലവഴിക്കേണ്ട മാര്‍ഗങ്ങളെ അവഗണിക്കുകയും ചെയ്താല്‍ ധനം കൊണ്ടുള്ള പരീക്ഷണത്തില്‍ അവന്‍ പരാജിതനാണെന്ന് വരുന്നു.

അഗതികളും അശരണരും അനാഥരുമായവരോട് അങ്ങേയറ്റം അനുഭാവം പുലര്‍ത്തുന്ന മതമാണ് ഇസ്‌ലാം. അവര്‍ക്കുവേണ്ടി ചെലവഴിക്കുന്നതിനെ 'അല്ലാഹുവിന്റെ മാര്‍ഗ'ത്തിലുള്ള ചെലവഴിക്കലാണ് ഇസ്‌ലാം പരിഗണിക്കുന്നത്. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവന്റെ മാര്‍ഗത്തില്‍ ചെലവ് ചെയ്യുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ധനം നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വരൂപിച്ചു വെക്കുന്നതിന്റെ ഗൗരവവും ചെലവഴിക്കുന്നതിന്റെ മഹത്ത്വവും മനസ്സിലാക്കിത്തരുന്നതാണ് മുകളില്‍ കൊടുത്ത നബിവചനം. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയിരട്ടിയായി നല്‍കുന്നു...''(2:261)

സത്യമതത്തിനു വേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും ചെലവഴിക്കുമ്പോള്‍ അത് തങ്ങള്‍ക്കുവേണ്ടിയുള്ള ചെലവഴിക്കല്‍ തന്നെയാണ് അഥവാ അതിന്റെ പ്രതിഫലം ചെലവഴിക്കുന്നവര്‍ക്കു തന്നെയാണ് എന്നും ക്വുര്‍ആന്‍ ഉണര്‍ത്തുന്നു:

''നിങ്ങള്‍ ധനം ചെലവഴിക്കുന്നുവെങ്കില്‍ അത് സ്വന്തം നന്മക്ക് തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചല്ലാതെ നിങ്ങള്‍ ചെലവഴിക്കുന്നില്ലല്ലോ. നിങ്ങളെന്ത് ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും നല്‍കപ്പെടുന്നതാണ്. നിങ്ങളോട് അല്‍പം പോലും അനീതി കാണിക്കുകയില്ല''(2:272).

ഉദാരമതികള്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ''രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല''(2:274).

എന്നാല്‍ ചെലവഴിക്കുന്നത് ലോകമാന്യത്തിനു വേണ്ടിയാകുന്നതും ആര്‍ക്കുവേണ്ടി ചെലവഴിച്ചുവോ അവരെ അതിന്റെ പേരില്‍ ശല്യപ്പെടുത്തുന്നതും ശിക്ഷാര്‍ഹവും കൊടുത്തതിന്റെ പ്രതിഫലം ഇല്ലാതാക്കുന്നതുമാണ്.

നബി(സ്വ) പറഞ്ഞു: ''മനുഷ്യാ! മിച്ചമുള്ളത് ചെലവഴിക്കുന്നത് നിനക്ക് ഗുണകരവും ചെലവഴിക്കാതിരിക്കുന്നത് ദോഷകരവുമാണ്. അത്യാവശ്യത്തിന് കരുതിവെക്കുന്നത് ആക്ഷേപാര്‍ഹമല്ല. അടുത്ത ബന്ധുക്കളില്‍നിന്ന് തുടങ്ങുക. താഴെയുള്ള കയ്യിനെക്കാള്‍ ഉത്തമം ഉയര്‍ന്നുനില്‍ക്കുന്ന കയ്യാണ്''(മുസ്‌ലിം).