ദാനത്തിന്റെ വിവിധ വഴികള്‍

അബൂഫായിദ  

2017 ഏപ്രില്‍ 08 1438 റജബ് 11
അബൂദര്‍റ്(റ)വില്‍നിന്ന് നിവേദനം: ''നബി(സ്വ)യുടെ അനുചരന്മാരില്‍പെട്ട ചിലര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, പ്രതിഫലങ്ങളെല്ലാം ധനികന്മാര്‍ കൊണ്ടുപോയി. അവരും ഞങ്ങള്‍ നമസ്‌കരിക്കുന്നതുപോലെ നമസ്‌കരിക്കുകയും ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നതുപോലെ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. (കൂടാതെ) അവര്‍ മിച്ച ധനത്തില്‍നിന്ന് ദാനം ചെയ്യുകയും ചെയ്യുന്നു.' നബി(സ്വ) പറഞ്ഞു: 'ദാനം ചെയ്യുന്നതൊന്നും അല്ലാഹു നിങ്ങള്‍ക്ക് ഉണ്ടാക്കിയിട്ടില്ലെന്നാണോ? നിശ്ചയമായും എല്ലാ തസ്ബീഹും (സുബ്ഹാനല്ലാഹ് എന്ന് പറയല്‍) ദാനമാണ്. എല്ലാ തക്ബീറും (അല്ലാഹു അക്ബര്‍) ദാനമാണ്. എല്ലാ തഹ്മീദും (അല്‍ഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്‌ലീലും (ലാഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. നന്മ കല്‍പിക്കല്‍ ദാനമാണ്. തിന്മ വിരോധിക്കല്‍ ദാനമാണ്. നിങ്ങളിലൊരുവന്റെ ലൈംഗിക ബന്ധത്തിലും ദാനമുണ്ട്.' അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാള്‍ തന്റെ ലൈംഗികാസക്തി ശമിപ്പിക്കുന്നതിലും പ്രതിഫലമുണ്ടോ?' അവിടുന്ന് പറഞ്ഞു: 'അയാളത് നിഷിദ്ധമായ മാര്‍ഗത്തിലാണ് ശമിപ്പിച്ചതെങ്കില്‍ അയാളുടെ മേല്‍ കുറ്റമില്ലേ? അതുപോലെ അനുവദനീയമായ മാര്‍ഗത്തില്‍ അയാളത് ശമിപ്പിച്ചാല്‍ അയാള്‍ക്കതിന് പ്രതിഫലവുമുണ്ട്'' (മുസ്‌ലിം).

അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് ഒരേ അവസ്ഥയിലായിക്കൊണ്ടല്ല. സമ്പന്നര്‍, ദരിദ്രര്‍, പണ്ഡിതര്‍, പാമരര്‍, ആരോഗ്യമുള്ളവര്‍-ഇല്ലാത്തവര്‍, വാചാലതയുള്ളവര്‍-ഇല്ലാത്തവര്‍... അങ്ങനെയങ്ങനെ വിഭിന്നമായ അവസ്ഥകളും ശേഷികളും നാം മനുഷ്യരില്‍ കാണുന്നു. എല്ലാവര്‍ക്കും എല്ലാം ലഭിച്ച് സംതൃപ്തിയടയാന്‍ കഴിയില്ല. അതിനാല്‍ ഉള്ളതില്‍ തൃപ്തിപ്പെട്ട് ജീവിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

പ്രവാചകാനുചരന്മാരില്‍ ചിലരുടെ ആശങ്ക തങ്ങള്‍ സമ്പന്നരെക്കാള്‍ പുണ്യം ചെയ്ത് സ്വര്‍ഗം കരസ്ഥമാക്കുന്നതില്‍ പിന്നിലായിപ്പോകുമോ എന്നതായിരുന്നു. കാരണം തങ്ങള്‍ ചെയ്യുന്ന എല്ലാ ഐഛികവും നിര്‍ബന്ധവുമായ കര്‍മങ്ങള്‍ സമ്പന്നരും ചെയ്യുന്നു. കൂടാതെ ധര്‍മം ചെയ്യുക എന്ന പുണ്യം അവര്‍ കൂടുതലായി ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ സ്വര്‍ഗം നേടുന്നതിന് ഭൗതിക സൗകര്യങ്ങളുടെ അഭാവം തടസ്സമല്ലെന്ന് നബി(സ്വ) അവരെ ബോധ്യപ്പെടുത്തുകയാണ്. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്.... തുടങ്ങിയ പ്രകീര്‍ത്തനങ്ങള്‍ ദാനമാണെന്ന് മനസ്സിലാക്കുന്നവര്‍ ഉള്ളവന്റെ സൗകര്യങ്ങള്‍ നോക്കി നെടുവീര്‍പ്പിടുകയില്ല. സമ്പന്നര്‍ ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും ദാനം ചെയ്യുമ്പോള്‍ അതിന് കഴിയാത്ത ദരിദ്രര്‍ക്ക് ദാനത്തിന്റെ പ്രതിഫലം ലഭിക്കാന്‍ അവരുടെ ചുണ്ടുകള്‍ ചലിപ്പിച്ചാല്‍ മതി! സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നതിന്റെ അപാരമായ പ്രതിഫലം ഈ പ്രവാചക വചനം നമുക്ക് മനസ്സിലാക്കിത്തരുന്നു.

സമ്പത്തില്ലാത്തവര്‍ക്ക് ധനംകൊണ്ടുള്ള ധര്‍മം ചെയ്യാന്‍ സാധിക്കില്ലെന്നത് ശരിയാണ്. എന്നാല്‍ കഴിവില്‍ പെട്ട ധാരാളം ധര്‍മങ്ങള്‍ അവരുടെ മുമ്പിലുണ്ട്. ദരിദ്രര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ചില ധര്‍മങ്ങള്‍ ചെയ്യാന്‍ സമ്പന്നര്‍ക്ക് സാധിച്ചുകൊള്ളണമെന്നുമില്ല. എന്തെങ്കിലും ചില സൗകര്യക്കുറവുകളൊക്കെ എല്ലാവര്‍ക്കുമുണ്ടാകുമെന്നര്‍ഥം.

സ്രഷ്ടാവ് തനിക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ ഏതൊക്കെയാണോ അതുകൊണ്ടെല്ലാം നന്ദി കാണിച്ച് പ്രതിഫലാര്‍ഹനാകാന്‍ ശ്രമിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്; നല്‍കപ്പെടാത്തതില്‍ നിരാശപ്പെട്ട് കര്‍മവിമുഖനായി ഇരിക്കുകയല്ല. പണമില്ലാത്തവന്‍ ദാനം ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശനാകേണ്ടതില്ല. കാരണം ദാനം അയാളുടെ മേല്‍ ബാധ്യതയാകുന്നില്ല. അയാള്‍ അറിവുള്ളവനാണെങ്കില്‍ ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കലാണ് അയാളുടെ ധര്‍മം. അയാള്‍ ആരോഗ്യമുള്ളവനാണെങ്കില്‍ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ആ അനുഗ്രഹം വിനിയോഗിക്കണം. നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും ദാനമാണെന്ന് പഠിപ്പിക്കുന്ന പ്രവാചകന്‍(സ്വ) അനുവദനീയമായ മാര്‍ഗത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പെടുന്നത് പോലും പ്രതിഫലാര്‍ഹമാണെന്ന് മനസ്സിലാക്കിത്തരുന്നു.

സൂക്ഷ്മതാബോധവും അനുസരണവുമാണ് പ്രധാനം. ചുറ്റുപാടുകള്‍ തെറ്റിലേക്ക് മാടിവിളിക്കുമ്പോള്‍ സ്രഷ്ടാവിനെ ഭയന്ന് തെറ്റിലേക്ക് ചാഞ്ഞുപോകാതിരിക്കണം. ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന തിന്മകളില്‍ ഒന്ന് ലൈംഗിക രംഗവുമായി ബന്ധപ്പെട്ടതാണ്. ദിനേന മാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന പീഡനവാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. ലൈംഗിക വികാരം അനുവദനീയ മാര്‍ഗത്തിലല്ലാതെ ശമിപ്പിച്ചാല്‍ കഠിനമായ ശിക്ഷയുണ്ടെന്നും അനുവദനീയ മാര്‍ഗത്തിലൂടെയാണെങ്കില്‍ പ്രതിഫലമുണ്ടെന്നുമുള്ള അധ്യാപനം ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാല്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നതില്‍ സംശയമില്ല.