അന്നദാതാവിനെ സ്തുതിക്കുക

അബൂ മുഫീദ്

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2
അനസുബ്‌നു മാലിക്(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ''തീര്‍ച്ചയായും ഒരു ദാസനെക്കുറിച്ച് അല്ലാഹു സംതൃപ്തനാണ്- അവന്‍ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്താല്‍ അല്ലാഹുവിനെ സ്തുതിക്കും'' (ബുഖാരി)

മനുഷ്യന്‍ വിശപ്പും ദാഹവുമുള്ള ഒരു ജീവിയാണ്. നല്ല ഭക്ഷണം കഴിക്കുവാനും ഉത്തമ പാനീയങ്ങള്‍ കുടിക്കുവാനും ആഗ്രഹിക്കാത്തവരില്ല. പട്ടിണിപ്പാവങ്ങള്‍ പൈദാഹമകറ്റാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുമ്പോള്‍ സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ ഉത്തമമായവ കിട്ടുവാന്‍ തിടുക്കം കൂട്ടുന്നു.

ആരാണ് മനുഷ്യര്‍ക്ക് വിശപ്പടക്കുവാനും പോഷണം നേടാനും ആവശ്യമായ ധാന്യങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളുമെല്ലാം ഉദ്പാദിപ്പിക്കുന്നത്? ആരാണ് ഉപരിലോകത്തുനിന്ന് ശുദ്ധമായ വെള്ളം മഴയായി ഇറക്കിത്തരുന്നത്? സമുദ്രങ്ങളുടെയും നദികളുടെയും മറ്റും വിധാതാവ് ആരാണ്? കിണറുകള്‍ കുഴിക്കുമ്പോള്‍ വെള്ളം കിട്ടുന്ന തരത്തില്‍ ഭൂമിക്കുള്ളില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നത് ആരാണ്?

ഇതിലൊന്നും മനുഷ്യര്‍ക്ക് യാതൊരു പങ്കുമില്ല. സര്‍വശക്തനും കാരുണ്യവാനുമായ ദൈവമാണിതിന് പിന്നില്‍ എന്ന് ദൈവവിശ്വാസികള്‍ പറയുമ്പോള്‍ അതിനെ പുഛിച്ചുതള്ളിക്കൊണ്ട് യുക്തിവാദികളും നിരീശ്വരവാദികളും പറയുന്നത് അതെല്ലാം പ്രകൃതി നിയമങ്ങളാണ് എന്നാണ്! പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും നിയമങ്ങള്‍ ആവിഷ്‌കരിക്കുവാനും ബുദ്ധിയും ചിന്തയും ആവശ്യമാണ്. ്രപകൃതി അത്തരതിലുള്ളതാണോ? ഒരിക്കലുമല്ല.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരുകയും ചെയ്തവന്‍ ആരാണ്? എന്നിട്ട് അത് മുഖേന കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിക്കുകയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചുപോകുന്ന ഒരു ജനതയാകുന്നു'' (27:60).

''പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്ന് തരിക?'' (67:30).

''അല്ലെങ്കില്‍ അല്ലാഹു തന്റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം (അന്നം) നല്‍കുന്നവനായി ആരുണ്ട്?...'' (67:21).

പട്ടിണി കിടക്കുന്നവര്‍ക്കേ വിശപ്പിന്റെ കാഠിന്യവും അന്നത്തിന്റെ വിലയുമറിയൂ. ദാഹിച്ച് വലയുന്നവര്‍ക്കേ ദാഹത്തിന്റെ പരവശതയും വെള്ളത്തിന്റെ അമൂല്യതയുമറിയൂ. വിശപ്പും ദാഹവും അനുഭവിക്കുന്നവന് ആരെങ്കിലും ഭക്ഷണവും വെള്ളവും നല്‍കിയാല്‍ അത് നല്‍കിയവനോട് കിട്ടിയവന്‍ നന്ദി കാണിക്കുമെന്നതില്‍ സംശയമില്ല. പല അധോലോകനായകരും പാവപ്പെട്ടവരുടെ 'കണ്‍കണ്ട ദൈവമായി' വിലസുന്നത് അവരില്‍നിന്ന് പട്ടിണിയകറ്റാനുള്ള വക ലഭിക്കുന്നു എന്ന കാരണത്താലാണ്. ജീവന്‍ ത്യജിച്ചുകൊണ്ടാണെങ്കിലും തങ്ങള്‍ക്ക് അന്നം നല്‍കുന്നവരെ സംരക്ഷിക്കാന്‍ ആ പാവങ്ങള്‍ തയാറാവുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം ഒരുക്കിത്തരുന്ന സ്രഷ്ടാവിനെ ഓര്‍ക്കുവാനും അവനോട് നന്ദി കാണിക്കുവാനും സന്മനസ്സുള്ളവര്‍ വിരളമാണ്.

ആഹരിക്കുന്നതും പാനംചെയ്യുന്നതും അല്ലാഹുവിന്റെ നാമത്തിലായിരിക്കണമെന്നും അവസാനിക്കുമ്പോള്‍ ദൈവത്തെ സ്തുതിക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. ഭക്ഷണവും വെള്ളവും നല്‍കുന്നവന്‍ അല്ലാഹുവാണ്. അവ കിട്ടാതെ വലയുന്നവര്‍ ധാരാളമുണ്ട്. എല്ലാം ഉണ്ടായിട്ടും ഭക്ഷണം കഴിക്കാനും വെള്ളം കുടിച്ച് ദാഹമകറ്റാനും സാധിക്കാത്ത എത്രയോ രോഗികളുണ്ട്. ഇതൊക്കെ ഓര്‍ക്കുന്ന ഒരു മനുഷ്യന് അത്തരത്തിലുള്ള തടസ്സങ്ങള്‍ ഒന്നുമില്ലാത അവസ്ഥ നല്‍കിയ അല്ലാഹുവിനെ ഓര്‍ക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയും? വിശപ്പും ദാഹവുമകന്നാല്‍ എങ്ങനെ ദൈവത്തെ സ്തുതിക്കാതിരിക്കാന്‍ കഴിയും? ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍പോലും സത്യവിശ്വാസി സ്രഷ്ടാവിനെ സ്തുതിക്കും; കാരണം അവനാണത് നല്‍കിയത്. അങ്ങനെ നന്ദി സൂചകമായി സ്തുതിക്കുന്നവനെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുമെന്നാണ് നബി(സ്വ) പഠിപ്പിക്കുന്നത്.