ആ ദീപവും അണഞ്ഞു

ഇ.കെ മൗലവി

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08
(1964 സെപ്റ്റംബര്‍ 11ന് മരണപ്പെട്ട കെ.എം മൗലവിയെക്കുറിച്ച് 1966ല്‍ ഇ.കെ മൗലവി എഴുതിയ ലേഖനം)

1909ലാണ് ഞാനും എന്റെ അമ്മാവന്റെ പുത്രന്‍ മര്‍ഹൂം കുഞ്ഞഹമ്മദ് മൗലവിയും വാഴക്കാട് 'ദാറുല്‍ ഉലും' മദ്‌റസയിലെത്തിച്ചേര്‍ന്നത്. അന്നവിടുത്തെ പ്രധാനാധ്യാപകന്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മര്‍ഹൂം ആയിരുന്നു. ഞങ്ങള്‍ വൈകുന്നേരം 7 മണിക്കാണവിടെ എത്തിയത്. അന്ന് തന്നെ ഉച്ചക്ക് മറ്റൊരു വിദ്യാര്‍ഥിയും പുതുതായവിടെ വന്നെത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. അടുത്ത ദിവസം ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. അന്നു മുതല്‍ ഇതഃപര്യന്തം ഞങ്ങള്‍ തമ്മില്‍ വിട്ടുപിരിഞ്ഞിട്ടില്ലെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. ആ വിദ്യാര്‍ഥി ജ: കെ.എം. മൗലവി സാഹിബായിരുന്നു. 1964 സെപ്തംബര്‍ 11ന് വെള്ളിയാഴ്ച ജുമുഅക്കു ശേഷം അദ്ദേഹം തനിക്കായി കുഴിപ്പിച്ചുവെച്ചിരുന്ന ക്വബ്‌റില്‍ മറമാടപ്പെട്ടതോടെ ഞങ്ങള്‍ തമ്മില്‍ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞു. ''ഇന്നാലില്ലാഹി...''

1921 മുതല്‍ 32 വരെയുള്ള സംഭവബഹുലമായ 11 കൊല്ലത്തെ മൗലവി സാഹിബിന്റെ ജീവിതത്തിലെ ഒരു ചുരുക്കവിവരണം മാത്രമാണ് ഈ ലേഖനദ്വാരാ ഞാന്‍ വായനക്കാരെ അറിയിക്കുന്നത്.

1921ലെ മലബാര്‍ ലഹളയെപ്പറ്റി ഇന്നാരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിന്റെ തുടക്കം തിരൂരങ്ങാടിയില്‍ വെച്ചാണല്ലോ. വിവരമറിഞ്ഞു നാടാകെ അമ്പരന്നു. ലഹള ശമിപ്പിക്കാനായി കെ.എം മൗലവി, ഇ.മൊയ്തു മൗലവി, കെ.പി. കേശവമേനോന്‍, കെ. മാധവന്‍ നായര്‍ എന്നിവരെ അന്നത്തെ മലബാര്‍ കലക്ടര്‍ തിരൂരങ്ങാടിക്കയച്ചു. അവര്‍ തങ്ങളാല്‍ കഴിയുന്ന സകല ശ്രമങ്ങളും ചെയ്തുനോക്കി. മൗലവി സാഹിബ് ലഹളക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ടു. നമ്മുടെ പള്ളികളെ അപമാനിച്ചതിന്ന് പകരം ചോദിക്കാത്തതിനെക്കുറിച്ച് പരലോകത്തുവെച്ച് ചോദ്യം ചെയ്യുമ്പോള്‍ ആര്‍ ഉത്തരം പറയും എന്നായിരുന്നു ലഹളക്കാരുടെ പ്രതികരണം. കെ.എം. മൗലവി സാഹിബ് ഇങ്ങനെ പ്രതിവചിച്ചു: ''അല്ലാഹുവിനോട് ഈ തയ്യില്‍ മുഹമ്മദ് കുട്ടി ഉത്തരം പറയും. നിങ്ങള്‍ ഇപ്പോള്‍ തിരിച്ചു പോകണം.'' 

തല്‍ക്കാലം അവര്‍ പിരിഞ്ഞുപോയി. അപ്പോഴേക്കും ലഹള സര്‍വത്ര വ്യാപിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ലഹളക്കാരും ഗവര്‍മ്മെന്റും മൗലവി സാഹിബിന്റെ ശത്രുക്കളായി മാറി. തന്മൂലം അദ്ദേഹത്തിന്നു പരസ്യമായി പുറത്തിറങ്ങാന്‍ സാധിക്കാതെവന്നു. അങ്ങനെ അദ്ദേഹം രണ്ടു വിശ്വസ്ത കൂട്ടുകാരോടൊപ്പം കടപ്പുറത്തൂടെയും തോണിവഴിയാലും സഞ്ചരിച്ചു കൊടുങ്ങല്ലൂരിലെത്തിച്ചേര്‍ന്നു. ഈ സന്ദര്‍ഭത്തില്‍ നബിതിരുമേനിയുടെ ഹിജ്‌റാ വസ്തുത എന്റെ സ്മൃതിപഥത്തില്‍ പ്രതിബിംബിക്കുകയാണ്. ഈയുള്ളവനും കൂട്ടുകാരും ആ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവിടെ എത്തിപ്പെട്ടതോടെ അദ്ദേഹം സുരക്ഷിതനായി. കോട്ടപ്പുറത്ത് മര്‍ഹൂം സീതിമുഹമ്മദ് സാഹിബിന്റെയും മണപ്പാട്ട് ഹാജി പി. കുഞ്ഞുമുഹമ്മദ് സാഹിബിന്റെയും കുടുംബം അദ്ദേഹത്തിന്റെ രക്ഷാകേന്ദ്രങ്ങളായിത്തീര്‍ന്നു. അടുത്ത വെള്ളിയാഴ്ച അദ്ദേഹം അഴീക്കോട് ജുമുഅത്ത് പള്ളിയില്‍വെച്ചു ഒരു പ്രസംഗം ചെയ്തു. പ്രസംഗത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു: ''ചിലരൊക്കെ പറയുന്നത് കേള്‍ക്കാം, മരിക്കുവോളം നല്ലവണ്ണം കഴിഞ്ഞുകൂടണമെന്ന്. ഞാന്‍ പറയുന്നു മരിക്കുവോളം നല്ലവണ്ണം കഴിഞ്ഞുകൂടണം; മരിച്ചിട്ടും നല്ലവണ്ണം കഴിഞ്ഞുകൂടണമെന്ന്.'' ഈ പ്രസംഗത്തോടെ മൗലവി നാട്ടുകാരുടെ സമാദരണീയനായിത്തീര്‍ന്നു.

അനന്തരം കൊടുങ്ങല്ലൂരിലെ ഒരു മുസ്‌ലിം പൗരന്‍ എന്ന നിലയില്‍ സാമുദായികവും മതപരവും രാഷ്ട്രീയവുമായ എല്ലാതുറകളിലും അദ്ദേഹം പ്രവര്‍ത്തിച്ചുതുടങ്ങി. ഭാര്യയെ തിരൂരങ്ങാടിയില്‍ നിന്നും എറിയാട്ടെക്ക് കൊണ്ടുവന്നു കുടുംബജീവിതമാരംഭിച്ചു. നാട്ടുകാര്യങ്ങളോടൊപ്പം ലഹളപ്രദേശങ്ങളില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പ്രവഹിച്ചിരുന്നവരുടെ കാര്യത്തിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അഭയാര്‍ഥികളില്‍ തൊണ്ണൂറുശതമാനവും മണപ്പാടന്റെയും സീതിസാഹിബിന്റെയും വീടുകളിലായിരുന്നു അഭയം പ്രാപിച്ചിരുന്നത്. അവരുടെ കാര്യങ്ങളിലെല്ലാം മേല്‍നോട്ടം ചെയ്തുവന്നത് മൗലവി സാഹിബ് തന്നെയായിരുന്നു. ഇതിന്നിടക്ക് മൗലവി സാഹിബ് ഒരു മഹാപണ്ഡിതനും പ്രസിദ്ധ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയുണ്ടായി. തന്മൂലം മൗലവിയുടെ പ്രവര്‍ത്തന രംഗം കൊടുങ്ങല്ലൂര്‍ മുതല്‍ തിരുവനന്തപുരം വരെ വിശാലമായിത്തീര്‍ന്നു.

ഇത്തരുണത്തില്‍ കൊടുങ്ങല്ലൂര്‍ മുസ്‌ലിംകളെപ്പറ്റിയും രണ്ടുവാക്ക് പറഞ്ഞ് കൊള്ളട്ടെ. കൊടുങ്ങല്ലൂരില്‍പെട്ട അഴീക്കോട്, എറിയാട് എന്നീ രണ്ടു വില്ലേജുകളിലും മുസ്‌ലിംകളാണ് അധികം. അവരില്‍ അധികപേരും ധനികരും മതബോധമുള്ളവരും ഭൗതികമായി സാമാന്യജ്ഞാനം ലഭിച്ചിട്ടുള്ളവരുമായിരുന്നു. എന്നിരുന്നാലും കക്ഷിവഴക്കും വക്കാണവും അവരില്‍ ഒരു ശാപമെന്നോണം നിലനിന്നിരുന്നു. ഇതില്‍നിന്നും മുസ്‌ലിം സമുദായത്തെ രക്ഷിക്കാനായി മൗലവിസാഹിബ് ഉറ്റു ശ്രമിച്ചുവന്നു. തല്‍ഫലമായി 1922ല്‍ 'നിഷ്പക്ഷസംഘം' എന്ന പേരില്‍ ഒരു സംഘം സ്ഥാപിതമായി. ജനാബുമാര്‍ കോട്ടപ്പുറത്ത് സീതിമുഹമ്മദ് സാഹിബ്, മണപ്പാട്ടു പി. കുഞ്ഞിമുഹമ്മദ് സാഹിബ് മുതല്‍ പേരായിരുന്നു പ്രധാന പ്രവര്‍ത്തകര്‍. മൗലവിസാഹിബിന്റെയും പ്രവര്‍ത്തകരുടെയും അക്ഷീണ പരിശ്രമ ഫലമായി മിക്കവാറും മുസ്‌ലിംകള്‍ സംഘത്തില്‍ അംഗങ്ങളായി ചേര്‍ന്നു. ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്ത നാട്ടുകാരെയും ആകര്‍ഷിച്ചുതുടങ്ങി. അവിടങ്ങളിലും നിഷ്പക്ഷ സംഘത്തിന്റെ ശാഖകള്‍ സ്ഥാപിതമായി. തന്മൂലം സംഘത്തിന്റെ പേര് 'കേരള മുസ്‌ലിം ഐക്യ സംഘം' എന്നാക്കി മാറ്റി. മുസ്‌ലിംകളുടെ മതപരവും സാമുദായികവും സാമ്പത്തികവുമായ നില നന്നാക്കിത്തീര്‍ക്കുകയെന്നതും സംഘത്തിന്റെ ചുമതലയില്‍ പെടുത്തി. അങ്ങനെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും സമുദായത്തില്‍ നിന്ന് ദൂരികരിക്കുവാനും പരിശ്രമിച്ചു തുടങ്ങി. അതോടെ യാഥാസ്ഥിതിക കോമരങ്ങളുടെ ഇളകിയാട്ടവും അതിന്റെ മൂര്‍ധന്യത്തിലെത്തി. അതൊന്നും വിലവെക്കാതെ ദുരാചാര കോമരങ്ങളോട് ജിഹാദു ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു. അതിന്നുള്ള ആയുധങ്ങളും ശേഖരിച്ചു തുടങ്ങി. 

മലയാളത്തില്‍ 'മുസ്‌ലിം ഐക്യം' എന്ന ഒരു മാസികയും 'അല്‍ഇര്‍ശാദ്' എന്നപേരില്‍ അറബിമലയാളത്തില്‍ മറ്റൊരു മാസികയും ആരംഭിച്ചു. ഇതിന്നും പുറമെ അനേകം ലഘുലേഖകളും കൊച്ചു ഗ്രന്ഥങ്ങളും പ്രസിദ്ധം ചെയ്യുകയും ചെയ്തു. ഇതിന്റെയെല്ലാം പിന്നില്‍നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് കെ.എം. മൗലവി സാഹിബല്ലാതെ മറ്റാരുമായിരുന്നില്ല. ഖുറാഫികള്‍ അവസാനത്തെ അടവെന്നൊണം ഞങ്ങളുടെ നാട്ടുകാരന്‍ ഏനുക്കുട്ടി മുസ്‌ല്യാരെ കൊണ്ട് വന്നു. ഈ മഹാനായ ആലിം നിങ്ങളുടെ വാദം സമ്മതിക്കുന്നതായാല്‍ ഞങ്ങളും അതൊക്കെ സമ്മതിക്കാമെന്ന് വീരവാദം ചെയ്തു. അങ്ങനെ കെ.എം. മൗലവിയുമായി ഏനുക്കുട്ടി മുസ്‌ലിയാര്‍ എല്ലാ വിഷയങ്ങളെ പറ്റിയും വിശദമായി ചര്‍ച്ച ചെയ്തു. അനന്തരം അടുത്തദിവസം അഴീക്കോട് വെച്ച് ഒരു യോഗം കൂടുവാനും ആ യോഗത്തില്‍വെച്ചു ഏനുക്കുട്ടി മുസ്‌ലിയാരുടെ തീരുമാനം പ്രഖ്യാപിക്കുവാനും നിശ്ചയിച്ചു. അന്ന് ഒരു മഹായോഗം തന്നെ ഏനുക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍കൂടി. ജനങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനം പ്രതീക്ഷിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: ''പരിശുദ്ധമായ ആദര്‍ശങ്ങളോട് കൂടി നടത്തപ്പെടുന്ന ഈ സംഘത്തില്‍ എന്നെയും ഒരംഗമായി ചേര്‍ക്കേണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.'' ഇതോടെ ഖുറാഫികളുടെ ആകാശക്കോട്ട തകര്‍ന്നു തരിപ്പണമായി. ഇത്‌കൊണ്ടു പറയത്തക്ക ഫലമൊന്നുമുണ്ടായില്ല. കൊല്ലങ്ങളോളമായി പഴക്കംചെന്ന അനാചാരങ്ങള്‍ രുപാന്തരേണ അവരില്‍ നിലനിന്നു പോരുകതന്നെ ചെയ്തു.

ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷികയോഗം വക്കം മുഹമ്മദ് അബ്ദുല്‍ഖാദര്‍ മൗലവിയുടെ അധ്യക്ഷതയില്‍ നടന്നു. ഈ യോഗത്തില്‍ കേരളത്തിലെ മിക്കഭാഗങ്ങളില്‍നിന്നും യോഗ്യന്മാരായ പലരും പങ്കെടുക്കുകയുണ്ടായി. അതോടെ സംഘത്തിന്നു ഒരന്തസ്സും നിലയും വിലയും ലഭിച്ചുകഴിഞ്ഞു. അത്‌കൊണ്ടൊന്നും മുസ്‌ലിയാവര്‍ഗത്തിന്റെ ആക്ഷേപങ്ങള്‍ക്കും ഹാലിളക്കത്തിന്നും കുറവൊന്നും ഉണ്ടായില്ല. വക്കം മൗലവിയെയും അവര്‍ വിമര്‍ശിക്കുവാന്‍ തുടങ്ങി. ഇതിന്നൊരു പരിഹാരം കണ്ടുപിടിക്കണമെന്ന ഉദ്ദേശത്തോടുകൂടി അടുത്ത വര്‍ഷം ഐക്യസംഘത്തിന്റെ വാര്‍ഷികയോഗം ആലുവായില്‍ വെച്ചു കൂടുവാനും വെല്ലൂര്‍ 'ബാഖിയാത്തുസ്സാലിഹാത്ത്' മദ്‌റസയിലെ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ അധ്യക്ഷനായി ക്ഷണിക്കുവാനും തീരുമാനിച്ചു. ഐക്യസംഘത്തിന്റെ ആദര്‍ശങ്ങളും ഉദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടു കെ.എം. മൗലവി സാഹിബ് ഒരു കത്ത് അറബിയില്‍ അദ്ദേഹത്തിന്നയച്ചു. മാത്രമല്ല, അതേസ്ഥലത്തുവെച്ച് തന്നെ കേരളത്തിലെ ഉലമാക്കളുടെ ഒരു യോഗം കൂടുന്നതാണെന്നും അതിലും അദ്ദേഹം തന്നെ അധ്യക്ഷതവഹിക്കണമെന്നും അഭ്യര്‍ഥിക്കുകയുണ്ടായി. ആ മഹാ പണ്ഡിതനാവട്ടെ, മുടക്കമൊന്നും പറയാതെ ക്ഷണം സ്വീകരിക്കുകയാണുണ്ടായത്.

അന്നത്തെ ചുറ്റുപാടില്‍ ഉലമാക്കളെ ഒരുമിച്ചുകൂട്ടുന്നതിലാണ് വിഷമമെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ പരേതനായ മണപ്പാട്ടു പി.കുഞ്ഞുമുഹമ്മദ് സാഹിബും (അന്നദ്ദേഹം ഹാജിയായിട്ടില്ല) ടി.കെ മൗലവി മര്‍ഹൂമും ഈ ലേഖകനുംകൂടി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരു പര്യടനം നടത്തുകയും ആലിമുകളെ നേരിട്ടുകണ്ട് യോഗത്തിന്നു ക്ഷണിക്കുകയും യാത്രാചിലവ് യോഗഭാരവാഹികള്‍ വഹിക്കുന്നതാണെന്നറിയിക്കുകയും ചെയ്തു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യോഗങ്ങള്‍ രണ്ടും ആലുവായില്‍വെച്ചുതന്നെ നടക്കുകയുണ്ടായി. അവിടെവെച്ചു ''കേരള ജം ഇയ്യത്തുല്‍ ഉലമാ'' രൂപീകരിക്കപ്പെടുകയും ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപകന്‍ കെ.എം. മൗലവി സാഹിബായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

മൗലവി സാഹിബ് തന്റെ മൂര്‍ച്ചയേറിയ നാക്കുകൊണ്ടും തൂലികകൊണ്ടും ഒരേ അവസരത്തില്‍ ശത്രുക്കളോട് ധീരധീരം പോരാടിവന്നു. ഇതിന്നിടക്ക് മലബാറില്‍നിന്നുള്ള പോലീസും പോലീസുകാരുടെ ഏജന്റുമാരും അദ്ദേഹത്തെ കെണിയില്‍ പെടുത്തുവാന്‍ തക്കംപാര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അവരെല്ലാം പരാജിതരാവുകയാണുണ്ടായത്. കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ മാത്രമല്ല, അമുസ്‌ലിംകളും മൗലവിയുടെ രക്ഷക്കുവേണ്ടി ജീവന്‍ ബലിയര്‍പിക്കാന്‍ പോലും തയ്യാറായിരുന്നു. ഒരു ഉദാഹരണം പറയാം. മലബാറില്‍നിന്നു ഒരു സബ്ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും കൊടുങ്ങല്ലൂരില്‍ വന്നിട്ടുണ്ടെന്നും അവരുടെ ഉന്നം കെ.എം. മൗലവിയാണെന്നും വിവരം കിട്ടിയതനുസരിച്ചു പലരും പോലീസ് സ്റ്റേഷന്റെ പരിസരത്തിലെത്തി. മലബാറില്‍നിന്നു വന്ന സബ്ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും അമ്പല നടക്കല്‍ നില്‍ക്കുന്നതായി കണ്ടു. ഉടനെ കെ.സി. കൃഷ്ണന്‍കുട്ടിമേനോന്‍ എന്നൊരാള്‍ ഇന്‍സ്പക്ടറുടെഅടുത്തുചെന്ന് 'നിങ്ങള്‍ ഇവിടെ എന്തു ഉദ്ദേശത്തോടുകൂടിയാണ് വന്നിട്ടുള്ളതെ'ന്നുചോദിച്ചു. ഞങ്ങള്‍ക്ക് ഇവിടെ ഒരാളെ പിടികിട്ടേണ്ടതുണ്ടായിരുന്നു. അത് സാധിക്കുകയും ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മേനോന്‍ പറഞ്ഞു: 'നിങ്ങള്‍ തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാരെ പിടിക്കുവാന്‍ വന്നതാണെന്നു കരുതിയാണ് ഞാന്‍ ചോദിച്ചത്. അദ്ദേഹം ഇവിടെയുണ്ട്. ഇവിടുത്തെ മുസ്‌ലിംകളെപറ്റി ഞാനൊന്നും അറിയുകയില്ല. എന്നാല്‍ ഇവിടുത്തെ ഹിന്ദുക്കളുടെ ശവശരീരത്തില്‍ ചവിട്ടിക്കൊണ്ടല്ലാതെ നിങ്ങള്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാന്‍ സാധിക്കുകയില്ലെന്നു ഞാന്‍ തീര്‍ത്തു പറയുന്നു.'

ഇന്‍സ്പക്ടര്‍: 'അദ്ദേഹം ഇവിടെയുണ്ടെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ അദ്ദേഹത്തെ പിടിക്കുവാന്‍ ഞങ്ങള്‍ക്കുദ്ദേശമില്ല. അതിന്ന് ഞങ്ങള്‍ വന്നിട്ടുമില്ല.'

ഇതില്‍നിന്നു മനസ്സിലാക്കാം; കൊടുങ്ങല്ലൂരിലെ മുസ്‌ലിംകളും അമുസ്‌ലിംകളും മൗലവി സാഹിബിനെ എത്രമാത്രം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്ന്. കൊടുങ്ങല്ലൂരില്‍ മാത്രമല്ല കൊച്ചിസ്റ്റേറ്റിലും തിരുവിതാംകൂറിലും മുസ്‌ലിംകളും അമുസ്‌ലിംകളുമായി അനേകം സുഹൃത്തുക്കളദ്ദേഹത്തിന്നുണ്ടായിരുന്നു. തിരുവിതാംകൂറിലെ സമുദായികവും മതപരവുമായ പ്രവര്‍ത്തനങ്ങളിലെല്ലാം കെ.എം. മൗലവി സാഹിബിന്നും ഗണ്യമായ പങ്കുണ്ടായിരുന്നു. അത്തരം സംഭവങ്ങള്‍ വിസ്തരിച്ചെഴുതുകയാണെങ്കില്‍ ഒന്നിലധികം വാല്യങ്ങള്‍തന്നെ വേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് തിരുവിതാംകൂറിലെ ആദ്യത്തെ മുസ്‌ലിം ഇന്‍സ്‌പെക്ടറായ സുലൈമാന്‍ സാഹിബ് മൗലവിയുടെ അടുക്കല്‍നിന്നും അറബിഭാഷ പഠിച്ചിരുന്നത്.

മൗലവി സാഹിബിന്റെ ഒന്നാമത്തെ ഹജ്ജ് യാത്രയും കൊടുങ്ങല്ലൂരില്‍നിന്നു തന്നെയായിരുന്നു. ജനാബുമാര്‍ കോട്ടപ്പുറത്ത് സീതിമുഹമ്മദ് സാഹിബ്, മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ് സാഹിബ്, പി.എ. കുഞ്ഞിക്കോമു സാഹിബ് എന്നീ നാലുപേരാണ് മൗലവിസാഹിബൊന്നിച്ചുണ്ടായിരുന്നത്. 1927ലാണ് ഈ ഹജ്ജ് യാത്ര. അന്ന് ഹിജാസിലെ ഭരണാധികാരി ജലാലത്തുല്‍ മലിക് ഇബ്‌നുസുഊദായിരുന്നു. മേല്‍പറഞ്ഞ അഞ്ചുപേരും സുല്‍ത്താന്‍ ഇബ്‌നുസുഊദിനെ നേരിട്ടുകാണുകയും ഹിജാസില്‍ വരുത്തേണ്ടതായി അവര്‍ക്കു തോന്നിയ പരിഷ്‌കരണങ്ങളടങ്ങിയ ഒരു മെമ്മോറാണ്ടം സുല്‍ത്താന്‍ തിരുമനസ്സിലേക്ക് സമര്‍പിക്കുകയും ചെയ്തു. സുല്‍ത്താന്‍ തിരുമനസ്സുകൊണ്ട് അവരെ സബഹുമാനം സ്വീകരിക്കുകയും കഴിയുന്ന വേഗത്തില്‍ മെമ്മോറാണ്ടത്തില്‍ നിര്‍ദേശിച്ച പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുത്തിക്കൊള്ളാമെന്നു ഉറക്കുകയും ചെയ്തു. പിന്നീട് അവയില്‍ പലതും നടപ്പില്‍വരുത്തുകയുണ്ടായി.

ഹജ്ജ് യാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോഴുണ്ടായ ഒരു സംഭവം പ്രത്യേകം പ്രസ്താവ്യമാണ്. ജിദ്ദയില്‍ നിന്നും ബോംബെക്കു കപ്പല്‍ കയറിയ ഉടനെ ബോംബെയിലെ പോലീസ് സുപ്രണ്ടിന്നു ഒരു ഊമക്കത്ത് കിട്ടുകയുണ്ടായി. 'ബ്രിട്ടീഷ് ഗവര്‍മ്മെന്റിന്നു പിടികിട്ടേണ്ട ഒരു പുള്ളി -തയ്യില്‍ മുഹമ്മദുകുട്ടി മുസ്‌ലിയാര്‍ - ഇന്നിന്നവരൊന്നിച്ച് ഇന്ന തിയ്യതിക്ക് ബോംബെയിലെത്തുന്ന കപ്പലിലുണ്ട്; അദ്ദേഹത്തെ അവിടെവെച്ചു അറസ്റ്റ് ചെയ്യേണ്ടതാണ്.' പക്ഷേ, ഭക്തജനങ്ങളെ താന്‍ എന്ത് ചെയ്യുന്നുവെന്ന് അല്ലാഹു ഊമക്കത്തുകാര്‍ക്ക് കാണിച്ചുകൊടുത്തു. എങ്ങിനെയെന്നാല്‍, ബോംബെയിലെ പോലീസ് സൂപ്രണ്ട് തലശ്ശേരി സ്വദേശിയായ ടി.സി. മാഹിന്‍സാഹിബായിരുന്നു. കപ്പല്‍ തുറമുഖത്തെത്തിയപ്പോള്‍ മാഹിന്‍ സാഹിബ് കൊടുങ്ങല്ലൂരിലെ ഹാജിമാരെയും കാത്ത് നില്‍പുണ്ടായിരുന്നു. അദ്ദേഹം ഹാജിമാരെ സബഹുമാനം സ്വീകരിച്ചു. തന്റെ വസതിയിലേക്കാനയിച്ചു. രണ്ടുദിവസം അദ്ദേഹമൊന്നിച്ചു താമസിച്ച ശേഷം അവരെ അഞ്ചുപേരെയും തീവണ്ടിയില്‍ കയറ്റി യാത്രയയച്ചു. വണ്ടി ഇളകാറായപ്പോള്‍ മാഹിന്‍ സാഹിബ് മൗലവിയുടെ പുറം തടവിക്കൊണ്ട് 'ഒന്നും ഭയപ്പെടേണ്ട; അല്ലാഹു രക്ഷിച്ചുകൊള്ളും' എന്നു പറഞ്ഞുകൊണ്ടാണ് യാത്രപറഞ്ഞു പിരിഞ്ഞത്. നാട്ടിലെത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഊമക്കത്തിന്റെ വിവരം ഹാജിമാര്‍ അറിഞ്ഞത്.

ഹജ്ജ് കര്‍മം കഴിഞ്ഞു തിരിച്ചുവന്നിതിനു ശേഷവും കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ തന്നെയാണ് മൗലവിസാഹിബ് മുഴുകിയിരുന്നത്. മൗലവി സാഹിബോ സഹപ്രവര്‍ത്തകരോ ഉത്സാഹക്കുറവു കാണിച്ചുപോയാല്‍ അപ്പോഴേക്കും അതിന്റെ വിരോധികള്‍ നൂറുകണക്കായ ആക്ഷേപങ്ങള്‍ അതിന്റെ നേരെ വാരിയെറിയും. സമാധാനം പറയാതെ കഴിയുമോ! ചുരുക്കിപ്പറയാം: ഐക്യസംഘത്തിന്റെ വിരോധികള്‍ തന്നെയാണ് അതിനെ അടിക്കടി വളര്‍ത്തിക്കൊണ്ടുവന്നത്. 1930ല്‍ കെ.എം. മൗലവിയെപ്പോലെ തന്നെ തമിഴ് രാജ്യങ്ങളില്‍ അഭയാര്‍ഥിയായി താമസിച്ചുവന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിസാഹിബും കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നു. അതോടെ മൗലവി സാഹിബിന്റെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓജസ്സൂം തേജസ്സുംവര്‍ധിച്ചു.

1932-ല്‍ ഐക്യസംഘത്തിന്റെ 10-ാം വാര്‍ഷികയോഗം അതിന്റെ ജന്മദേശമായ എറിയാടുവെച്ചു കൂടി. ആ യോഗത്തിന്റെ അധ്യക്ഷന്‍ ജനാബ് ബി. പോക്കര്‍ സാഹിബായിരുന്നു. മലബാര്‍ ലഹളയില്‍ പെട്ടവരെന്നു പറയപ്പെടുന്നവരുടെ പേരിലുള്ള ചാര്‍ജ് പിന്‍വലിക്കുവാനായി അന്ന് ബി. പോക്കര്‍ സാഹിബ് അക്ഷീണപരിശ്രമം ചെയ്തുവരികയായിരുന്നു. യോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കെ.എം. മൗലവി മുതലായവരുടെ പേരിലുള്ള ചാര്‍ജ് ഗവര്‍മെന്റ് പിന്‍വലിച്ച വിവരം ഞങ്ങള്‍ക്ക് കിട്ടിയത്. അന്നൊരു പെരുന്നാളിന്റെ പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക്. ഇതിന്നുവേണ്ടി പരിശ്രമിച്ച പോക്കര്‍ സാഹിബിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു പ്രമേയം അവിടെ വെച്ചുതന്നെ പാസ്സാക്കി. തുടര്‍ന്നു എം.സി.സി അബ്ദുറഹ്മാന്‍ സാഹിബിന്റെ ഒരഭ്യര്‍ഥനയും യോഗംമുമ്പാകെ വന്നു. അളിയങ്കയെ (കെ.എം. മൗലവി) മലബാറിലേക്ക് വിട്ടുതരണമെന്നും മേലില്‍ അളിയങ്കാന്റെ പ്രവര്‍ത്തനകേന്ദ്രം മലബാറായിരിക്കണമെന്നുമായിരുന്നു ആ അഭ്യര്‍ഥന. മനമില്ലാമനസ്സോടെയാണെങ്കിലും ആ അഭ്യര്‍ഥന യോഗം സ്വീകരിക്കുകയും ചെയ്തു.

മൗലവിയുടെ പിന്നത്തെ ശ്രമം സ്വദേശത്തേക്കുള്ള മടക്കത്തിന്ന് വേണ്ടിയായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തോടുകൂടി മൗലവി സാഹിബിനെയും ഭാര്യയെയും മാത്രമല്ല, സീമന്തപുത്രന്‍ കുഞ്ഞഹമ്മദിനെയും (ഇപ്പോള്‍ മദിരാശി ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍) അനുജന്‍ അബ്ദുല്ലയെയും (ഇപ്പോള്‍ നാട്ടില്‍തന്നെ സ്വന്തം കാര്യം നോക്കിവരുന്നു) തൃതീയ പുത്രന്‍ അബ്ദുസ്സമദിനെയും (ഇപ്പോള്‍ മദീനാ മുനവ്വറായിലെ അധ്യാപകന്‍) സന്തോഷപൂര്‍വം നാട്ടിലേക്കയച്ചു. ഈ ചടങ്ങുകളിലെല്ലാം പ്രധാന പങ്കുവഹിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് ഈ ഉള്ളവന്ന് തന്നെയായിരുന്നു. അനന്തര ജീവിതത്തെപ്പറ്റി ഞാനൊന്നും വിവരിക്കേണ്ട ആവശ്യമില്ല.1947 മുതല്‍ 1959 നവംബര്‍ വരെ തിരൂരങ്ങാടിയില്‍ ഞങ്ങള്‍ ഒന്നിച്ചു താമസിച്ചു. പിന്നീട് എന്റെ താമസം തലശ്ശേരിയിലായിരുന്നുവെങ്കിലും കൂടെക്കൂടെ കാണാറുണ്ടായിരുന്നു. സ്വര്‍ഗലോകത്തും അല്ലാഹു ഞങ്ങളെ ഒരുമിച്ചുകൂട്ടിത്തരട്ടെ, ആമീന്‍. 

(1966ല്‍ പുറത്തിറക്കിയ 'കെ.എം മൗലവി സ്മാരകഗ്രന്ഥ'ത്തില്‍ നിന്ന്. സമ്പാ: ഉസ്മാന്‍ പാലക്കാഴി).