വിശ്വാസവും ശാസ്ത്രവും സൗദിയിലെ ബാങ്കുവിളിയും

ടി.കെ അശ്‌റഫ്

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

വിശ്വാസവും ശാസ്ത്രവും സജീവ ചർച്ചാവിഷയങ്ങളാണല്ലോ ഇപ്പോൾ കേരളത്തിൽ. ഈ ചർച്ച രണ്ട് ധ്രുവങ്ങളിലേക്ക് വലിഞ്ഞുപോകുന്നതിനെ നാം ഗൗരവതരമായി കാണണം. ഹിന്ദുവിശ്വാസങ്ങളെ ദുരുപയോഗം ചെയ്ത് മതരാഷ്ട്രവാദത്തിന് മണ്ണൊരുക്കുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. വിമർശനവും നിന്ദയും തമ്മിലുള്ള അതിരുകൾ ബോധപൂർവം മായ്ക്കുന്നതിലൂടെ വിവിധ മതങ്ങൾ തമ്മിൽ നടക്കുന്ന ആരോഗ്യകരമായ ഡയലോഗുകൾ പോലും കുറ്റകരമായി വ്യഖ്യാനിക്കപ്പെടുന്നു.

ഭൗതികവാദികൾ ഈ സന്ദർഭത്തിൽ സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നവരെയെല്ലാം ശാസ്ത്രബോധമാണ് എല്ലാത്തിനും മുകളിൽ എന്ന പൊതുബോധത്തിലേക്ക് എത്തിച്ച് മതരഹിത സമൂഹനിർമിതിക്ക് കളമൊരുക്കാനും ശ്രമിക്കുന്നു. ഇത് രണ്ടും അപകടമാണ്.

ഒരു മതത്തിന്റെ വിശ്വാസം ആ മതത്തിൽ വിശ്വസിക്കുന്നവർക്ക് പിൻപറ്റാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടാവണം. അതിനെ ആരും നിന്ദിക്കരുത്. ആർക്കും ആരോഗ്യകരമായ വിമർശനങ്ങൾ ഉന്നയിക്കാനും അവകാശമുണ്ടാവണം. ആശയസംവാദത്തിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെടരുത്. ശാസ്ത്രത്തിന്റെ പേരിൽ മതങ്ങളുടെമേൽ കുതിരകയറാനും പാടില്ല.

ഇന്ത്യ ഒരു മതരാഷ്ട്രമല്ല; മതേതര രാജ്യമാണ്. പൗരന്മാർക്ക് മതമാവാം. രാഷ്ട്രത്തിന് മതം പാടില്ല. ഇതാണ് നമ്മുടെ നയം. മറ്റു മതങ്ങൾക്കും മതമില്ലാത്തവർക്കും ജീവിക്കാൻ പറ്റാത്തവിധം ഹിന്ദുത്വ രാഷ്ട്രം ലക്ഷ്യംവച്ച് ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാർ രാഷ്ട്രീയത്തെയും ശാസ്ത്രമാണ് എല്ലാം എന്ന പൊതുബോധം ശക്തിപ്പെടുത്തുന്നതിലൂടെ മതരഹിത സമൂഹസൃഷ്ടിക്കായി പണിയെടുക്കുന്നവരെയും തിരിച്ചറിഞ്ഞുകൊണ്ട് മതനിരപേക്ഷ നിലപാടിൽ നിലകൊള്ളാൻ ഈ ഘട്ടത്തിൽ നമുക്കാവണം. വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന എല്ലാ ചർച്ചകളും അവസാനിപ്പിക്കണം.

ബഹു. സാംസ്കാരിക കാര്യ, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്ന് പറഞ്ഞത് ഒരിക്കലെങ്കിലും അവിടെ പോയവരെയെല്ലാം അമ്പരപ്പിക്കുന്നതാണ്. അവിടെ ബാങ്ക് പുറത്ത് കേട്ടാൽ വിവരമറിയുമെന്നും കൂടെയുള്ളയാൾ പറഞ്ഞതായും അദ്ദേഹം വിശദീകരിക്കുന്നുണ്ട്! സൗദിയിലെ പട്ടണങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് നമസ്‌കാര സമയമായാൽ മനോഹരമായ ബാങ്കുവിളി കേട്ടുകൊണ്ട് മാത്രമെ കടന്നുപോകാനാവൂ എന്നത് ഒരു വസ്തുതയാണ്. ഒരു ബാങ്കിന്റെ സമയത്തുതന്നെ യാത്രക്കിടയിൽ വ്യത്യസ്ത പള്ളികളിൽനിന്ന് ബാങ്കുവിളി കേൾക്കാനാകും. മന്ത്രി യാത്ര ചെയ്തത് ബാങ്കിന്റെ സമയത്താകിെല്ലന്ന് കരുതാനേ ന്യായമുള്ളൂ. ബാങ്ക് പുറത്ത് കേൾപിച്ചാൽ വിവരമറിയും എന്ന് മന്ത്രിയോട് പറഞ്ഞ വ്യക്തി ആരാണന്ന് അറിഞ്ഞാൽ സൗദിയുടെ ഏത് ഭാഗത്താണ് അങ്ങനെയൊരു നിയമമുള്ളതെന്ന് വിശദമായൊരന്വേഷണം നടത്താമായിരുന്നു.

ബാങ്ക് വിളിക്കുന്നതിനെ പ്രശ്‌നവത്കരിക്കാൻ പഴുതന്വേഷിക്കുന്നവരുള്ള നമ്മുടെ നാട്ടിൽ അവർക്ക് മരുന്നിട്ട് കൊടുക്കാൻ മന്ത്രി തുനിയരുതായിരുന്നു. ഒരു കുഴി മൂടുമ്പോഴേക്കും അടുത്ത കുഴി എടുക്കുന്ന രൂപത്തിൽ സെൻസിറ്റീവായ വിഷയങ്ങൾ തെരഞ്ഞുപിടിച്ച് പറയുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് യോജിച്ചതല്ല.

ഉത്തരേന്ത്യയിൽ മസിൽ പവറുകൊണ്ട് ആരാധനകളും ആരാധനാ കേന്ദ്രങ്ങളും നിയന്ത്രിക്കപ്പെടുമ്പോൾ, കേരളത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ചാനൽ ചർച്ചയിൽ വേവിച്ച് വർഗീയ വാദികൾക്ക് വിളമ്പാൻ പാകത്തിൽ ഒന്നിനു പിറകെ മറ്റൊന്നായി ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർ തന്നെ വിഷയങ്ങളെ എറിഞ്ഞ് കൊടുക്കുന്ന പ്രവണത ഈയിടെയായി വർധിച്ചുവരികയാണ്. എത്രയും പെട്ടെന്ന് ഈ രീതി ബന്ധപ്പെട്ടവർ അവസാനിപ്പിക്കേണ്ടതുണ്ട്.

സൗദിയിൽ ചെന്നപ്പോൾ ഭയങ്കര തീവ്രവാദികളാകും അവിടെയെന്ന് കരുതിയെന്നും അദ്ദേഹം വിശദീകരിക്കുന്നതിലൂടെ കേരളത്തിലെ ഒരു മന്ത്രിയുടെ പോലും മനസ്സ് എത്രമാത്രം ഇസ്‌ലാമോഫോബിക്കാെണന്ന് വ്യക്തമാക്കുന്നു. വിഷയം വിവാദമായപ്പോൾ തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ച പരാമർശമാണെന്നും തെറ്റിദ്ധാരണ മാറ്റണമെന്നുള്ള മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. സംഘ്പരിവാറിന് നല്ലൊരു ആയുധം നൽകിയശേഷം തെറ്റുപറ്റി എന്നു പറഞ്ഞിട്ട് എന്തു കാര്യമാണുള്ളത്?

ബാങ്കുവിളിയുമായി ബന്ധപ്പെട്ട തന്റെ പരാമർശത്തിനാണ് മന്ത്രി തിരുത്തൽ പറഞ്ഞിട്ടുള്ളത്. സൗദി ഭയങ്കര തീവ്രവാദികളായ മുസ്‌ലിംകളുടെ ഇടമാണ് എന്നായിരുന്നു തന്റെ ധാരണ എന്നു പറഞ്ഞ സജി ചെറിയാൻ ഇന്ത്യയിലെ ഒരു സാധാരണ പൗരനല്ല; കേരളം എന്ന സംസ്ഥാനത്തിലെ മന്ത്രികൂടിയാണ്. കാലങ്ങളായി സൗദിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നിട്ടും ഇവിടുത്തെ ഒരു മന്ത്രിയുടെ ധാരണ ആ രാജ്യത്തെക്കുറിച്ച് ഇങ്ങനെയൊക്കെയാണ് എന്നത് എന്താണ് സൂചിപ്പിക്കുന്നത്? അദ്ദേഹം തീരെ ലോകവിവരമില്ലാത്ത വ്യക്തിയാണ് എന്നാണോ നാം ധരിക്കേണ്ടത്? ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ ഒരു മന്ത്രിയിൽനിന്ന് ഉണ്ടാകാമോ?

അവിടെ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ജനാധിപത്യ രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം പ്രത്യേകം എടുത്ത് പറയുന്നുണ്ട്. പക്ഷേ, അത് ഇസ്‌ലാമിന്റെ ഗുണമായി കാണാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്നതും നമ്മെ ആശ്ചര്യപ്പെടുത്തുന്നു. ഇന്ത്യയാണ് അവർക്ക് ആ സംസ്‌കാരം പഠിപ്പിച്ചതെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഇന്ത്യയിലാകട്ടെ, നിലവിലുള്ള സൗഹാർദം ദിനംപ്രതി അസ്തമിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നതും!