കരുതിയിരിക്കാം; രാത്രിയപകടങ്ങളെ

നബീൽ പയ്യോളി

2023 സെപ്തംബർ 02 , 1445 സ്വഫർ 17

പാതിരാവിനെ പകലാക്കുംവിധം പാതയോര കച്ചവടങ്ങൾ നാട്ടിലെങ്ങും സജീവമാണ്. ഭക്ഷണപ്രിയമെന്ന പേരിൽ ദൂരെദിക്കുകളിൽനിന്ന് പോലും ന്യുജെൻ ഒഴുകിവരുന്നു. ഭക്ഷണം ആഘോഷമോ, അതോ ആരോഗ്യത്തിനോ? ഇത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാലത്താണ് നാം ജീവിക്കുന്നത്. ലോകത്ത് വർത്തമാനകാലത്ത് മുന്നൂറ്റി നാൽപത്തിയഞ്ച് ദശലക്ഷം ജനങ്ങൾ പട്ടിണിയിലാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. 79 രാജ്യങ്ങളിലായി ഒരുനേരത്തെ ആഹാരത്തിന് വഴിയില്ലാത്ത ദശലക്ഷക്കണക്കിന് മനുഷ്യർ ജീവിതം തള്ളിനീക്കുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതല്ലേ?

സാമൂഹ്യമാധ്യമങ്ങളുടെ കാല ത്ത് എല്ലാം സ്റ്റാറ്റസ് ആക്കലാണ് സ്റ്റാറ്റസ് എന്ന് കരുതുന്നവരാണധികവും. ‘അശാഅ് ക്വബ്‌ലൽ ഇശാഅ്’ എന്നൊരു അറബിച്ചൊല്ലുണ്ട്. ‘രാത്രി ഭക്ഷണം ഇശാഅ് നമസ്‌കാരത്തിന് മുമ്പ്’ എന്നർഥം. ആരോഗ്യ രംഗത്തുള്ളവർ ജീവിത ശൈലി രോഗങ്ങളുടെ പരിഹാരമായി നിർദേശിക്കാറുള്ളതും രാത്രിഭക്ഷണം പരമാവധി നേരത്തെയാക്കാനാണ്. അനാരോഗ്യഭക്ഷണ ശീലങ്ങൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലാണെങ്കിലും ഹോട്ടലുകളിലും തട്ടുകടകളിലുമാണെങ്കിലും ശരി, രാത്രി ഭക്ഷണത്തിന്റെ കാര്യത്തിൽ ശരിയായ ശൈലി പിന്തുടരൽ നമ്മുടെ ജീവന് അനിവാര്യമാണ്.

പറഞ്ഞു വന്നത് ഭക്ഷണം ആഘോഷമാക്കുന്ന കാലത്തെക്കുറിച്ചാണ്. ഭക്ഷണം പാഴാക്കുന്നത് പോലെത്തന്നെ കരുതേണ്ടതാണ് അനാവശ്യമായും ആഘോഷമായും ഭക്ഷണത്തെ സമീപിക്കുന്നത്. ഭക്ഷണങ്ങളുടെ നിലവാരം പരിശോധിക്കാനും മറ്റും പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് നമ്മുടെ നാട്ടിലുള്ളത്. വല്ല ഭക്ഷ്യവിഷബാധയുമുണ്ടായാൽ അപ്പോൾ ഒരു പരിശോധനാപ്രഹസനം നടക്കും, അത്രമാത്രം. രാത്രിമാത്രം പ്രവർത്തിക്കുന്ന ഇടങ്ങളിൽ പരിശോധകർ എത്തുന്നുണ്ടോ എന്നതും സംശയമാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ഭക്ഷണ ശാലകൾ ഉണ്ടെന്നത് മറക്കുന്നില്ല; ഇത്തരം സ്ഥലങ്ങളിൽ അപകടം പതിയിരിക്കുന്നുണ്ടെന്ന് ഓർമിപ്പിച്ചതാണ്.

സാമൂഹ്യവിരുദ്ധരുടെ വിഹാരത്തിന് രാത്രിയുടെ ഇരുട്ടെന്നും മറയാണ്. ലഹരി മാഫിയകൾ രാത്രിയുടെ മറവിൽ കാണിക്കുന്ന കുറ്റകൃത്യങ്ങളും മറ്റും ലഹരി വിരുദ്ധ സ്‌കോഡിലെ ഉദ്യോഗസ്ഥർ നിരന്തരം ഓർമിപ്പിക്കാറുണ്ട്. വീട്ടിലുറങ്ങിക്കിടക്കുന്നു എന്ന് നാം കരുതുന്ന മക്കൾ രാത്രിയിൽ പുറത്തിറങ്ങി ചെയ്യുന്ന തോന്ന്യാസങ്ങളുടെ വാർത്തകൾ നാമെത്രയോ കേട്ടതാണ്. നമ്മുടെ മക്കളെ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്.

രാത്രിയാത്രയിൽ അപകടത്തിൽ പൊലിഞ്ഞുപോയ ജീവനുകളെത്ര! അപകട സാധ്യത കൂടുതലുള്ള രാത്രിയാത്ര ഒഴിവാക്കാൻ മനഃപൂർവം ശ്രമിക്കണം. മനുഷ്യന് വിശ്രമിക്കാനും ഉറങ്ങാനും നിശ്ചയിക്കപ്പെട്ടതാണ് രാത്രി. പകലിന്റെ ബഹളങ്ങളില്ലാത്ത, രാത്രിയുടെ ശാന്തമായ അന്തരീക്ഷത്തിൽ ഉറങ്ങി മനസ്സിനും ശരീരത്തിനും ആശ്വാസവും ലഭിക്കണം; അടുത്ത ദിവസത്തേക്കുള്ള ഊർജം സംഭരിക്കണം. എന്നാൽ രാത്രിയെ പകലാക്കി മാറ്റാൻ ശ്രമിക്കുന്നവർക്ക് അപകടങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമൊക്കെയാണ് ബാക്കിയാവുക. സാമൂഹിക പ്രശ്‌നങ്ങൾ വേറെയും. രാത്രിയുടെ പ്രത്യേകതയായി അല്ലാഹു പറയുന്നുത് അത് അവന്റെ ദൃഷ്ടാന്തമാണ് എന്നാണ്.

“അവനത്രെ നിങ്ങൾക്കുവേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധവും പകലിനെ വെളിച്ചമുള്ളതും ആക്കിത്തന്നത്. തീർച്ചയായും കേട്ട് മനസ്സിലാക്കുന്ന ആളുകൾക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 10: 67). അവനത്രെ നിങ്ങൾക്കുവേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവൻ. പകലിനെ അവൻ എഴുന്നേൽപ് സമയമാക്കുകയും ചെയ്തിരിക്കുന്നു’’(25: 67).