പുതുതലമുറ എങ്ങോട്ട്?

ടി.കെ അശ്‌റഫ്

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

അറുവഷളൻ തെറിവിളികളുമായി വളാഞ്ചേരി അങ്ങാടിയിൽ വന്നു ഒരു ചെറുപ്പക്കാരൻ ആർത്തു വിളിച്ചതിന് സാക്ഷികളായി നൂറുകണക്കിന് സ്‌കൂൾ വിദ്യാർഥികൾ വട്ടംകൂടിയ വീഡിയോ വൈറലായിരിക്കുകയാണ്! ഇതിനെ തുടർന്ന് ഈ ചെറുപ്പക്കാരന്റെ ഇന്നലെകളും തെറിയഭിഷേകം നിറഞ്ഞ ഭ്രാന്തൻ വീഡിയോകളും കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വൻനഗരങ്ങളിലെല്ലാം ഒരു സെലിബ്രേറ്റിയായി ഇവനെ യുവതലമുറ ആനയിച്ചുകൊണ്ടിരിക്കുകയാണ്.

അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നവരെല്ലാം മറ്റൊരർഥത്തിൽ ഇവന്റെ വീഡിയോയുടെ പ്രചാരകരായി മാറുന്ന ഖേദകരമായ സാഹചര്യമാണുള്ളത്. അനുനിമിഷം പതിനായിരങ്ങളിലേക്കാണ് റീച്ച് ചെയ്യുന്നത്; പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ.

അടിയന്തരമായി ഈ കുട്ടിയുടെ കാര്യത്തിൽ അവന്റെ കുടുംബവും നാട്ടുകാരും ഇടപെടണം. അധികാരികൾക്കും ഈ വിഷയത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. ആർക്കും വഴങ്ങാത്ത സ്വപ്‌നലോകത്ത് വിഹരിക്കുന്ന ഒരു തലമുറയായി നമ്മുടെ മക്കൾ മാറാതിരിക്കാൻ അതീവ ജാഗ്രത ഉണ്ടാവണം.

പ്രബുദ്ധ കേരളമെന്നാൽ തുണിയഴിച്ച് തലയിൽ കെട്ടലും മാറുതുറന്ന് മാടിവിളിക്കലും തെറിവിളിച്ച് ആക്രോശിക്കലുമാണോ? ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന പുതുതലമുറയും കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന സമൂഹവും പുതുതലമുറ തോന്നിയത് പോലെ വളർന്നോട്ടെ, അവരെ നിയന്ത്രിക്കരുത് എന്ന് ക്യാമ്പയിൻ ചെയ്യുന്ന വിദ്യാർഥി സംഘടനകളും ചേർന്ന് നമ്മുടെ നാടിനെ എവിടെയെത്തിക്കും എന്ന് ഇനിയും ചിന്തിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ:

  • ഇത്തരം കുട്ടികളെ നിയന്ത്രിക്കണം.
  • യൂട്യൂബിൽ ഈ വീഡിയോകൾ ബ്ലോക്ക് ചെയ്യണം.
  • ഭരണകൂടം ഇടപെടണം.
  • രക്ഷിതാക്കൾ കുട്ടികൾ എവിടെ പോകുന്നുവെന്നും എന്ത് കാണുന്നു എന്നും മനസ്സിലാക്കണം.
  • കുട്ടികൾ ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാൻ സൗഹാർദ മനസ്സോടെ മക്കളുമായി സഹവസിക്കാനും സംസാരിക്കാനും രക്ഷിതാക്കൾ സമയം കാണണം.
  • യുവതലമുറ സാമൂഹ്യ മാധ്യമങ്ങൾക്കും ഗൈയ്മിനും അഡിക്ടാവുന്ന സാഹചര്യത്തെ അപഗ്രഥിക്കണം.
  • ആധുനിക കൗമാരത്തെ വിവേകപൂർവം കൈകാര്യം ചെയ്യാൻ പഴയ പാഠങ്ങൾ മതിയാകാതെ വന്നിരിക്കുന്നു. രക്ഷിതാക്കൾക്കും കൗമാരക്കാർക്കും പ്രത്യേക ക്ലാസുകൾ നൽകണം.
  • കേട്ടാലറയ്ക്കുന്ന ഇത്തരം ചെയ്തികളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ന്യായീകരിക്കുന്നവരുടെ മുഖമൂടി വലിച്ചുകീറണം.
  • ഇത്തരം വീഡിയോകൾക്ക് വലിയ വാർത്താപ്രാധാന്യം നൽകുന്ന ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കണം.
  • ഇങ്ങനെയൊക്കെ നാട്ടിൽ നടക്കുന്നുണ്ട് എന്ന് പറയാൻ മാത്രമായി ചിലർ ഈ ചെറുപ്പക്കാരന്റെ ചീഞ്ഞളിഞ്ഞ വീഡിയോ കോപ്രായങ്ങൾ ഷെയർ ചെയ്യുന്നത് അവസാനിപ്പിക്കണം. വ്യാപക ഷെയറിംഗ് തിന്മയെ നിസ്സാരവത്കരിക്കാനും എന്ത് വൃത്തികേടിനെയും സാമാന്യവത്കരിക്കാനും ഇടയാക്കും.

ഇത്തരം അധാർമികതകളെ തടയാൻ വൈകുന്ന ഓരോ നിമിഷത്തിനും ഭാവിയിൽ വലിയ വില നൽകേണ്ടിവരുമെന്ന് രക്ഷിതാക്കളും സമൂഹവും അധികാരികളും തിരിച്ചറിയേണ്ടതുണ്ട്.