‘അറ്റുപോകരുത് പൗരാന്തസ്സ്’ സക്കറിയയുടെ ജൽപനങ്ങൾ

വി.വി. ബഷീർ, വടകര

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

മലയാള മനോരമ ദിനപത്രത്തിൽ വന്ന, എഴുത്തുകാരൻ സക്കറിയയുടെ ഒരു ലേഖനം വായിക്കുകയുണ്ടായി. കോളേജ് അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈപ്പത്തി അവിവേകികളായ ചിലർ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം. ‘അറ്റുപോകാത്ത പൗരാന്തസ്സ്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ജോസഫ് മാഷിനെ ന്യായീകരിക്കുന്നതോടൊപ്പം ഇസ്‌ലാംമത നിയമങ്ങളെ വിമർശിക്കാനും സക്കറിയ മറന്നില്ല. വിധി വന്നതിന് ശേഷം ജോസഫ് മാഷ് നടത്തിയ പ്രതികരണത്തിലെ വിഷം പുരട്ടിയ വാക്കുകൾ മനഃപൂർവം ലേഖകൻ വിസ്മരിച്ചിരിക്കുന്നു.

1400 വർഷം മുമ്പുള്ള പ്രാകൃത നിയമമാണ് തിരുത്തേണ്ടത് എന്നും വെല്ലുവിളിയായി നിൽക്കുന്നത് ഈ കാടൻ നിയമമാണെന്നുമാണ് മാഷിന്റെ ഭാഷ്യം. ഇതിൽ മതനിന്ദയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സക്കറിയയാണ്. വീണ്ടും മതത്തെ കടന്നാക്രമിക്കാൻ ശ്രമിച്ച മാഷിന്റെ വാക്കിൽ സക്കറിയ അഭിമാനം കൊള്ളുന്നു എന്നെഴുതിയതിൽ അതിശയോക്തി തോന്നിയില്ല. കാരണം ജോസഫ് മാഷെ സഹപ്രവർത്തകർ തിരുത്തിയിട്ടും ഒരു മതത്തെ കടന്നാക്രമിക്കുന്നതിൽ മാഷ് കാണിച്ച വിവേകം അറ്റുപോകാത്ത പൗരാന്തസ്സായിരുന്നല്ലോ! ഇത്തരക്കാരുടെ വർഗീയ ചിന്തകൾക്ക് പിന്തുണയുമായി സക്കറിയയെ പ്പോലുള്ള സാഹിത്യകാരൻമാർ പേന ചലിപ്പിക്കുന്നതിൽ അതിശയോക്തി തോന്നിയില്ല. അദ്ദേഹം ആദ്യമായല്ല ഇസ്‌ലാമിനെതിരിൽ തൂലികയേന്തുന്നത്.

ഇസ്‌ലാം ഒരുവിധ അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. കൈ വെട്ടിയവരുടെ നീചപ്രവൃത്തിയിൽ ഇസ്‌ലാമിന് ബന്ധമില്ല. വർഷങ്ങളോളം മുഹമ്മദ് നബി ﷺ യെ ഉപദ്രവിച്ച സുഹൈലുബിൻ അംറ് യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടപ്പോൾ മാപ്പുനൽകി വിട്ടയച്ച പാരമ്പര്യമാണ് ഇസ്‌ലാമിന്നുള്ളത്. ഏറെ ക്രൂരത ചെയ്ത സുഹൈലിന്റെ മുൻപല്ലുകളെങ്കിലും തെറിപ്പിച്ചുകളയാമായിരുന്നുവെന്ന ഉമറുബ്‌നുൽ ഖത്ത്വാബി(റ)ന്റെ അഭിപ്രായം കേട്ടപ്പോൾ നാളെ പരലോകത്ത് അംഗഭംഗം ചെയ്യപ്പെട്ടവനായി ഹാജറാക്കപ്പെടുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ ഉമറേ എന്നാണ് പ്രവാചകൻ ﷺ ചോദിച്ചത്. പിന്നീട് അതേ സുഹൈൽ പ്രവാചകന്റെ അനുചരനായി!

ഹൃദയ വിശാലതയും വിട്ടുവീഴ്ചയും റസൂലിന്റെ ജീവിതത്തിൽ മാത്രം പരിമിതമല്ല. അവസാന നാൾവരെയുള്ള വിശ്വാസികൾക്കെല്ലാം അവിടുന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന സദ്ഗുണങ്ങൾ ബാധകമാണ്.

‘‘തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തു വരുന്നവർക്ക്’’(ക്വുർആൻ 33:21).

വർഗീയ വാദികളെയും ഭീകരവാദികളെയും സൃഷ്ടിക്കാനല്ല പേ നയും നാവും ചലിപ്പിക്കേണ്ടത്! സ്വന്തം ആളുകളെ അന്യായത്തിൽ പിന്തുണക്കുന്നതാണ് വർഗീയത എന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്. ഇസ്‌ലാമിക ശരീഅത്തിൽ മാനവികതയ്‌ക്കെതിരായ പ്രാകൃത നിയമമുണ്ടെങ്കിൽ അത് സോദാഹരണം മാലോകർക്ക് കാണിച്ചുകൊടുക്കൽ ജോസഫ് മാഷിന്റെ ബാധ്യതയാണ്; അതേപോലെ സക്കറിയയുടെയും. പരിശുദ്ധ ക്വുർആനോ തിരുസുന്നത്തോ നീചവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തെളിയിക്കാൻ ലേഖകനോ ജോസഫ് മാഷിനോ സാധ്യമല്ല.

ജോസഫ് മാഷ് അനുഭവിച്ച വേദനയിൽ ദുഃഖമുണ്ട്. ഇസ്‌ലാമിനെ അധിക്ഷേപിച്ചതിൽ ഞങ്ങൾക്ക് വേദനയുണ്ട്. അക്രമികൾ ശിക്ഷിക്കപ്പെടട്ടെ. ഒപ്പം വിദ്വേഷമില്ലാത്ത മനസ്സുകൾ പാകപ്പെടുത്താൻ ലേഖകനും ജോസഫ് മാഷിനും കഴിയട്ടെ.