സ്‌ക്രീനല്ല ജീവിതം

നബീൽ പയ്യോളി

2023 നവംബർ 25 , 1445 ജു.ഊലാ 11

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാൻ പ്രായഭേദമന്യെ ആണും പെണ്ണും മത്സരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ‘സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ’ അല്ലെങ്കിൽ ‘വ്‌ളോഗർ’ ആയി നടക്കുന്നവർ സമൂഹത്തിലെ ഏറ്റവും സന്തോഷവാന്മാരാണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് പലരും. സെലിബ്രിറ്റികളെ റോൾ മോഡലായി കാണാനും അവരെപ്പോലെയാകാനും ആഗ്രഹിക്കുന്നവരാണ് പുതുതലമുറയിലെ വലിയൊരു വിഭാഗം. ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെയുള്ള ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും സ്വകാര്യതകളുടെ അതിർവരമ്പുകൾ ഇല്ലാതാക്കി സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നവരാണ് അവരിൽ പലരും.

അതെല്ലാം സത്യസന്ധമാണ്, അവരെല്ലാം എത്രയോ സന്തോഷവാന്മാരാണ് എന്നൊക്കെ നിഷ്‌കളങ്കരായവൻ തെറ്റിദ്ധരിക്കുന്നുണ്ടാവാം. എന്നാൽ അതെല്ലാം കേവലം ലൈക്കിനും ഷെയറിനും അതിലൂടെ ലഭിക്കുന്ന പണത്തിനും വേണ്ടിയുള്ള അഭിനയങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാതെപോകരുത്. സിനിമകളിലും സീരിയലുകളിലും സാമൂഹ്യമാധ്യമങ്ങളിലും ആടിയും പാടിയും അഭിനയിച്ചും ജീവിക്കുന്നവരിൽ പലരും യാഥാർഥ ജീവിതത്തിൽ അങ്ങനെയല്ലെന്ന്, അവർ ഒരുമുഴം കയറിലോ ഒരുതുള്ളി വിഷത്തിലോ ജീവിതം അവസാനിപ്പിക്കുമ്പോഴോ മാത്രമാണ് മറ്റുള്ളവർ അറിയുന്നത്.

സന്തോഷം മാത്രമുള്ള ജീവിതം നയിക്കുന്നവരുണ്ട് എന്നു കരുതുന്നത് മൗഢ്യമാണ്. ദുഃഖഭാരം പേറാത്ത ഒരാളും ലോകത്തില്ല, ഇനി ഉണ്ടാവുകയുമില്ല. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. അതിൽനിന്ന് പാവപ്പെട്ടവനും പണക്കാരനും സാധാരണക്കാരനും ഭരണാധികാരിയുമൊന്നും ഒഴിവല്ല. തങ്ങളുടെ ദുഃഖങ്ങൾ മറ്റുള്ളവർ അറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും എന്നു മാത്രം. അഭിനയമല്ല ജീവിതയാഥാർഥ്യം എന്നും ജീവിതത്തിന്റെ കയ്പും മധുരവും നുകരൽ അനിവാര്യമാണെന്നും മറന്നുകൂടാ. മാരക രോഗങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ, അപകടങ്ങൾ, മാനസിക പ്രശ്‌നങ്ങൾ തുടങ്ങി പലവിധ പരീക്ഷണങ്ങൾക്ക് വിധേയമായവരെ കാണാനും അറിയാനും സാധിച്ചാൽ നമുക്ക് അല്ലാഹു നൽകിയ അനേകായിരം അനുഗ്രഹങ്ങളുടെ മധുരം ആസ്വദിക്കാനും അവന് നന്ദി ചെയ്യാനും സാധ്യമാവും. സന്തോഷം മാത്രമാണ് ജീവിതമെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം സ്‌ക്രീനിൽ ആടിത്തിമിർക്കുന്ന അഭിനേതാക്കളെ കണ്ട് ജീവിതത്തെ വിലയിരുത്തിയാൽ നിരാശ മാത്രമായിരിക്കും ഫലം.

ജീവിതമെന്നത് അവകാശങ്ങളും ബാധ്യതകളും ചേർന്ന ഒരു യാത്രയാണ്. സ്വന്തമായി നിലനിൽപ് അസാധ്യം. മറ്റുള്ളവരെ ആശ്രയിക്കാതെ ആർക്കാണിവിടെ ജീവിക്കാൻ കഴിയുക? പുതിയ തലമുറ പലപ്പോഴും അവകാശങ്ങളെയും സന്തോഷങ്ങളെയും കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതും സംസാരിക്കുന്നതും. ബാധ്യതകളെയും അതിജീവിക്കേണ്ട പ്രയാസങ്ങളെയും കുറിച്ച് ചിന്തിക്കാൻ കഴിയാത്തതുകൊണ്ടാവാം പലരും പ്രതിസന്ധികളിൽ വല്ലാതെ തകർന്നുപോകുന്നത്, വലിയ ദുരന്തങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നത്.

നമ്മൾ ജനിക്കുന്നതിന് മുമ്പും ലോകമുണ്ട്. നമ്മുടെ മരണത്തിനു ശേഷവും ലോകം നിലനിൽക്കും. അതിന്റെ പ്രയാണം നാമില്ലെങ്കിലും തുടരുകതന്നെ ചെയ്യും. ഈ ലോകത്തേക്ക് വന്നപ്പോൾ സൗജന്യമായി ലഭിച്ച ഒരായിരം അനുഗ്രഹങ്ങൾ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരല്ലേ നാം? അതുമാത്രം മതിയല്ലോ സ്രഷ്ടാവിനെ തിരിച്ചറിയാനും അവന്റെ വഴിയിൽ സഞ്ചരിക്കാനും.

ഇഹപര ജീവിതത്തെക്കുറിച്ച് അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ പോലും ഇല്ലാത്തവരുടെ ജീവിതത്തെയല്ല നാം മാതൃകയാക്കേണ്ടത്; ലോകർക്ക് മാതൃകയാകുംവിധം ജീവിതത്തെ വരച്ചുകാണിച്ച, ജീവിച്ചുകാണിച്ച മുഹമ്മദ് നബിﷺയെയാണ്. ജീവിച്ചുകാണിക്കുക മാത്രമല്ല നബിﷺ ചെയ്തത്; തന്റെ ജീവിതത്തെ അതുപോലെ പിന്തുടരുന്ന അനുയായി സമൂഹത്തെ ലോകത്തിന് സമ്മാനിക്കുക കൂടി ചെയ്തു. പ്രായോഗിക ജീവിതത്തിന്റെ ആ പാഠപുസ്തകത്തെയും ആ അനുയായിവൃന്ദത്തെയുമാണ് നാം മാതൃകയാക്കേണ്ടത്.