ക്രിമിനൽ നടപടി ചട്ട പരിഷ്‌കരണ ബിൽ ലോക്സഭയിൽ

ടി.കെ അശ്‌റഫ്

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

സിവിൽ നിയമം ഏകീകരിക്കാൻ പുതിയ ബില്ല് കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച് ബഹളമുണ്ടാക്കിയവർ ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടി ചട്ടവും തെളിവുനിയമവും പൂർണമായി ഉടച്ചുവാർക്കാനുള്ള മൂന്ന് ബില്ലുകളാണ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബില്ല് അവതരിപ്പിച്ചതിനു ശേഷം പ്രതികരണങ്ങളും വിശകലനങ്ങളും പ്രതിപക്ഷ പാർട്ടികളിൽനിന്നോ രാഷ്ട്രീയ നിരീക്ഷകരിൽനിന്നോ എന്തിനധികം മാധ്യമങ്ങളിൽനിന്നുപോലും വേണ്ടത്ര ഉണ്ടായിട്ടില്ല! അപ്രതീക്ഷിതമായ അവതരണം തന്നെയാണ് എല്ലാവരെയും അമ്പരപ്പിച്ചിരി ക്കുന്നത്. കുറെ നാളുകളായി വ്യത്യസ്ത ഇടങ്ങളിൽ ചർച്ച നടന്നു എന്ന് പറയുന്നുണ്ടെങ്കിലും ആരും ഇത് അറിഞ്ഞിട്ടില്ല. അവതരിപ്പിച്ചതാകട്ടെ, പ്രതിപക്ഷം പ്രതിഷേധിച്ച് പുറത്തുപോയ വേളയിലും!

ബില്ലിലെ ‘ബയോളജിക്കൽ സാമ്പിൾസ് ആന്റ് അനാലിസിസ്’ എന്ന വ്യവസ്ഥ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് എന്നിവയ്ക്ക് അവസരമൊരുക്കുന്നുണ്ടെന്നും ഇത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സമരം ചെയ്യുന്നതിന് അറസ്റ്റിലാകുന്ന പൊതുപ്രവർത്തകർക്കെതിരെ വേറെ വകുപ്പുകൾ കൂട്ടിച്ചേർത്ത് ബയോളജിക്കൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനും ഡിഎൻഎ ടെസ്റ്റുകൾ നടത്താനും ഒരു പൊലീസ് കോൺസ്റ്റബിളിന് അധികാരം നൽകുന്ന നിയമം പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും പ്രതിപക്ഷത്തെ ചില എംപിമാർ ആരോപിച്ചത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

1860ൽ ബ്രിട്ടീഷുകാരുടെ കാലത്തുള്ള നിയമങ്ങൾ പരിഷ്‌കരിക്കുന്ന കാര്യത്തിൽ ആരും എതിര് നിൽക്കുകയില്ല എന്നിരിക്കെ, എന്തിനാണ് ഒളിച്ചുകടത്തൽ സ്വഭാവം സ്വീകരിക്കുന്നത്? തങ്ങൾ ലക്ഷ്യംവയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രം വരുന്നതിനു മുമ്പുതന്നെ അതിനിണങ്ങിയ പേരുകളെല്ലാം ബ്രാൻഡ് ചെയ്യുക എന്ന ലക്ഷ്യവും സർക്കാർ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്.

ഐപിസിയെ (1860) ‘ഭാരതീയ ന്യായ സംഹിത’ എന്നും സിആർപിസിയെ (1898-1973) ‘ഭാരതീയ നാഗരിക് സുരക്ഷാസംഹിത’ എന്നും ഇന്ത്യൻ തെളിവ് നിയമത്തെ (1872) ‘ഭാരതീയ സാക്ഷ്യ അധിനി നിയമം’ എന്നുമാണ് പുനർനാമകരണം ചെയ്തിട്ടുള്ളത്.

കേസുകൾ കെട്ടിക്കിടക്കുന്നതും വിചാരണ വൈകുന്നതും ഒഴിവാക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ പുതിയ നിയമത്തിൽ ശുപാർശ ചെയ്തതും എഫ്‌ഐആർ മുതൽ വിചാരണയുടെ എല്ലാ ഘട്ടങ്ങളും ഡിജിറ്റൽ റെക്കോർഡിങ്ങിന് വിധേയമാക്കണം എന്നതും സ്ത്രീപീഡനം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയവയ്ക്ക് വധശിക്ഷവരെയുള്ള കടുത്ത ശിക്ഷകൾ ശുപാർശ ചെയ്തതും പ്രത്യക്ഷത്തിൽ പ്രതീക്ഷക്ക് വക നൽകുന്നതാണ്.

എന്നാൽ ഇതിന്റെ മറവിൽ ഭരണകൂട വിമർശനം ഇനിമുതൽ ദേശദ്രോഹ കുറ്റമായി രജിസ്റ്റർ ചെയ്തുകൊണ്ട് കടുത്ത ശിക്ഷ വിധിക്കാൻ പാകത്തിൽ നിരവധി വകുപ്പുകൾ എഴുതിച്ചേർത്തത് രാജ്യം ഗൗരവപൂർവം ചർച്ച ചെയ്യണം. ദേശീയമാധ്യമങ്ങൾ 80 ശതമാനവും ഫാസിസ്റ്റ് ചട്ടുകമായി മാറിയെന്ന വിമർശനം ഇപ്പോൾത്തന്നെയുണ്ട്. അവശേഷിക്കുന്ന സംഘപരിവാർ വിരുദ്ധ മീഡിയകളിലെ മാധ്യമ പ്രവർത്തകരെ കൂടി പുതിയ നിയമം ഉപയോഗിച്ച് തുറുങ്കിലടക്കാൻ സാധിച്ചാൽ ജനാധിപത്യത്തിന്റെ നാലാം തൂൺ പൂർണമായും തകരുകയാകും ഫലം. ഒരു തൂണ് തകർന്നാൽ തന്നെ രാജ്യം തകരാൻ അധികസമയം വേണ്ടിവരില്ല.

മൂന്ന് ബില്ലുകളും ആഭ്യന്തര മന്ത്രാലയ സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ് ഇപ്പോൾ. അതിൽ അംഗങ്ങളായവർ മാത്രം ചർച്ച ചെയ്താൽ പോരാ; രാജ്യമൊട്ടുക്കും വലിയ ചർച്ചയും സംവാദവും ഉയർന്നു വരണം. പാർലമെന്റിന് അകത്തും പുറത്തും സുതാര്യമായ ചർച്ച നടക്കണം. ആവശ്യമായ ഭേദഗതികൾ വരുത്തണം. സദുദ്ദേശമാണെങ്കിൽ സർക്കാർ ഈ വിഷയത്തിൽ ധൃതി കാണിക്കില്ലന്നുറപ്പാണ്. അല്ലാത്തപക്ഷം, ഹിഡൻ അജണ്ടകൾ ഈ ബില്ലിലും ഉണ്ടെന്ന കാര്യത്തിൽ ഒട്ടും സംശയിക്കേണ്ടതില്ല.