അവസാനിപ്പിക്കണം ഈ ധൂർത്തുകൾ

നബീൽ പയ്യോളി

2023 നവംബർ 18 , 1445 ജു.ഊലാ 04

ഭക്ഷണം ജീവിക്കാനുള്ള അടിസ്ഥാന ഘടകമാണ്. വിശക്കുന്ന വയറിന് ആശ്വാസമാകേണ്ട ഭക്ഷണം ഇന്ന് ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് ഇരുപതിനായിരത്തോളം പേർ ദിനേന പട്ടിണിമൂലം മരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരത്താൽ, തിന്നുന്നതിനെക്കാളും അതിന്റെ വലിപ്പവും വീമ്പും പറയുവാനാണ് പലരും മത്സരിക്കുന്നത്. അമിതാഹാരം ഉണ്ടാക്കുന്ന ശാരീരിക പ്രയാസങ്ങളും രോഗങ്ങളും മറുവശത്ത്. കോവിഡ് കാലത്തിനു ശേഷമാണ് പ്രകടനപരത ഇത്രമേൽ സമൂഹത്തെ ഗ്രസിച്ചത്. വിവാഹങ്ങളും സൽക്കാരങ്ങളും നാം സങ്കൽപിക്കുന്നതിനും എത്രയോ അപ്പുറം ധൂർത്തിന്റെയും ആഭാസങ്ങളുടെയും പ്രകടനമായി മാറിക്കഴിഞ്ഞിരിക്കുന്നു.

മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച് വിവാഹമെന്നത് പവിത്രമായ ചടങ്ങാണ്. അത് ആർഭാടങ്ങളിലേക്ക് വഴിമാറുന്ന കാഴ്ച ഖേദകരമാണ്. വിവാഹം ലളിതമാക്കാൻ ക്യാംപെയ്ൻ നടത്തി, നാടൊട്ടുക്കും ലളിതവിവാഹങ്ങൾക്ക് വേദിയൊരുക്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പുതുതലമുറ പുതിയ ക്യാംപെയ്ൻ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഫാസ്റ്റ് ഫുഡ് ഭ്രമംമൂലം നാട്ടിലെങ്ങും ഡയാലിലിസ് സെന്ററുകൾ ആരംഭിക്കേണ്ട അവസ്ഥയാ ണുള്ളത്. അമിതാഹാരവും ജീവിതശൈലീരോഗങ്ങളും സമൂഹത്തെ നശിപ്പിക്കുംവിധം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

തീൻമേശയിലെത്തുന്നത് ഡസൻ കണക്കിനു വിഭവങ്ങൾ. അതെല്ലാമൊന്ന് രുചിച്ചുനോക്കാൻ പോലും ഒരാൾക്ക് സാധിക്കില്ല. ലക്ഷങ്ങൾ ചെലവുവരുന്ന അലങ്കാരങ്ങൾ. എല്ലാം തീരുമാനിക്കുന്നത് ഇവന്റ്മാനേജ്‌മെന്റുകൾ. ചടങ്ങെല്ലാം കഴിയുമ്പോൾ എത്രയോ പേർക്ക് കഴിക്കാനുള്ള ഭക്ഷണം ബാക്കിയാകുന്നു. വിളമ്പിയ ഭക്ഷണം മുഴുവൻ തിന്നാനാകാതെ ബാക്കിയാക്കുമ്പോൾ വെയ്സ്റ്റാക്കി കളയുന്നത് വേറെ.

മഹല്ലുമായി ബന്ധപ്പെട്ടാണ് വിവാഹം നടക്കുന്നത്. അതുകൊണ്ട് തന്നെ മഹല്ലുകൾക്ക് ഈ കാര്യത്തിൽ നിയന്ത്രണമേർപ്പെടുത്താൻ കഴിയണം. വിവാഹം പോലുള്ള പവിത്രമായ ചടങ്ങിൽ ആളുകൾക്ക് നല്ല ഭക്ഷണം നല്ല സാഹചര്യത്തിൽ നൽകണം എന്നാഗ്രഹിക്കുന്നതിൽ തെറ്റില്ല. എല്ലാവരും ഒരേ രീതിയിൽ വിവാഹസദ്യയും സൽക്കാരങ്ങളുമെല്ലാം നടത്തണം എന്ന് പറയാവതല്ല. ഓരോരുത്തർക്കും അവരുടെ സാമ്പത്തിക സ്ഥിതിക്കും സാഹചര്യത്തിനുമനുസരിച്ച് വലുതാക്കാം, ചെറുതാക്കാം. എന്നാൽ അത് ധൂർത്തിനും പൊങ്ങച്ചത്തിനും ആഭാസങ്ങൾക്കും വഴിമാറരുത്. അതിനുള്ള ജാഗ്രതയാണ് മഹല്ലും സമുദായ നേതൃത്വവും പുലർത്തേണ്ടത്.

ധനം അനാവശ്യമായി ചെലവഴിക്കാനുള്ളതല്ല. ആവശ്യത്തിന് ചെലവഴിക്കണം. അർഹരായ സാധുക്കളെ സഹായിക്കണം.

ലോകത്തിന് ഉത്തമമായ മാതൃക കാണിച്ച പ്രവാചകന്റെ അനുയായികളിൽനിന്നും സമൂഹത്തെ നാണിപ്പിക്കും വിധമുള്ള ആർഭാടവും ധൂർത്തും ആഭാസങ്ങളും ഉണ്ടാവുന്നത് ലജ്ജാകരമാണ്. തലചായ്ക്കാൻ വീടും മാരകരോഗങ്ങളിൽനിന്ന് ആശ്വാസമേകാൻ ചികിത്സയും വിശപ്പകറ്റാൻ ഭക്ഷണവുമൊക്കെ ആവശ്യമായ നിരവധി സാധുക്കൾ നമുക്കു ചുറ്റുമുള്ള കാര്യം നാം മറന്നുകൂടാ. സമുദായത്തെ ഈ വിഷയത്തിൽ ബോധവൽകരിക്കാൻ നിരന്തരം പരിശ്രമിച്ചേ മതിയാവൂ. പള്ളിമിമ്പറുകളും പ്രഭാഷണ വേദികളും അതിനായി ഉപയോഗിക്കാൻ മഹല്ല് കമ്മിറ്റികളും സംഘടനകളും ഉൽസാഹിക്കേണ്ടതുണ്ട്.